Around us

അച്ഛനോട് കലിമ ചൊല്ലാൻ പറഞ്ഞു,അറിയില്ലെന്ന് പറഞ്ഞപ്പോൾ ഷൂട്ട് ചെയ്തു, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി. തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണത്. മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടത്. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറയുന്നു.

ആരതിയുടെ വാക്കുകൾ

അവിടെ നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്നു. പെട്ടെന്ന് ​ഗൺഷോട്ടാണോന്ന് പോലും വ്യക്തമല്ലാത്ത ഒരു ഒച്ച കേട്ടു. അടുത്തതായി ഒരു ശബ്ദം കൂടി കേട്ടപ്പോൾ വെടിവെയ്ക്കുന്നത് ഞാൻ കണ്ടു. ഭീകരാക്രമണമാണെന്ന് അപ്പോൾ മനസിലായി. എന്‍റെ അച്ഛനും മക്കളും എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ എല്ലാവരെയും നിലത്തേക്ക് കിടത്തി. ഞങ്ങൾ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ചുറ്റും കാടാണ്. പലരും പല ഡയറക്ഷനിലേക്കാണ് ഓടുന്നത്. പെട്ടെന്ന് ടെററിസ്റ്റുകളിലൊരാൾ പുറത്തേക്ക് വന്നു. ഓടുന്ന ആൾക്കാരുടെ അടുത്തേക്ക് വന്നിട്ട് നിലത്ത് കിടക്കാൻ പറഞ്ഞു. ഓരോരുത്തരോടും എന്തോ ചോദിക്കുന്നു, ഷൂട്ട് ചെയ്യുന്നു. അങ്ങനെ എന്റെയും അച്ഛന്റെയും അടുത്തേക്ക് വന്നു.

അവര്‍ ഒരൊറ്റ വാക്കേ ചോദിക്കുന്നുള്ളൂ. കലിമ എന്ന് മാത്രം. മനസിലായില്ലെന്ന് ഹിന്ദിയിൽ മറുപടി പറഞ്ഞു. അഞ്ച് സെക്കന്റിനുള്ളിൽ അച്ഛനെ അവരെന്റെ മുന്നിൽ വെച്ച് ഷൂട്ട് ചെയ്തു. എന്റെ മക്കളാണ് എന്റെ കൂടെയുണ്ടായിരുന്നത്. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മാ പോകാമെന്ന് മക്കള്‍ പറഞ്ഞു. പിന്നെ എന്റെയുള്ളിലെ അമ്മയായിരുന്നു. അച്ഛനെ രക്ഷിക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായി. അച്ഛൻ തത്ക്ഷണം മരിച്ചെന്നും ഉറപ്പായിക്കഴിഞ്ഞിരുന്നു. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ അവര്‍ എന്റെ തലയിലൊന്ന് കുത്തി. അത് വെടിവെക്കാനാണോ പേടിപ്പിക്കാനാണോ എന്നറിയില്ല. എന്റെ മക്കൾ കരഞ്ഞത് കൊണ്ട് അവര്‍ എന്നെ വിട്ടിട്ടു പോയതാകാം. എന്റെ അടുത്ത് വന്നത് പൊലീസ് യൂണിഫോമിലൊന്നുമല്ലായിരുന്നു. ഞാനെന്റെ മക്കളെയും കൂട്ടി ആ കാട്ടിലൂടെ ഏതൊക്കെയോ വഴിയിലൂടെ ഓടി. തുടർന്ന് പലയിടത്ത് വന്ന ആളുകളെല്ലാം കൂടി ഒരു ​ഗ്രൂപ്പായി. എല്ലാവരും കൂടി മുക്കാൽ മണിക്കൂറോളം നടന്നിട്ടാണ് മൊബൈലിന് റേഞ്ച് കിട്ടിയത്. പിന്നീട് അവിടെയുള്ള എന്റെ ഡ്രൈവർ മുസാഫിറിനെ വിളിച്ചു. അദ്ദേഹമാണ് മറ്റുള്ളവരെ അറിയിച്ചത്. പിന്നീട് സൈന്യമെത്തി മുകളിലേക്ക് കയറിപ്പോകുന്നത് കണ്ടു.

എന്റെ കൂടെയുണ്ടായിരുന്നത് മുസാഫിർ, സമീർ എന്നീ രണ്ട് ഡ്രൈവർമാരായിരുന്നു. അവർ കശ്മീരികളാണ്. എന്റെ അനിയനെയും ചേട്ടനെയും പോലയാണ് അവർ കൂടെ നിന്നത്. രാത്രി 3 മണിവരെ ഞാൻ മോർച്ചറിയുടെ മുന്നിലായിരുന്നു. ഐഡന്റിഫിക്കേഷനും മോർച്ചറിയിലേക്ക് കൊണ്ടുപോകാനും ഒക്കെ അവർ എന്റെ കൂടെയുണ്ടായിരുന്നു. എന്നെ അനിയത്തിയെ പോലെയാണ് അവർ കൊണ്ടുനടന്നത്. കശ്മീരിൽ എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടി എന്നാണ് എയർപോർട്ടിൽ വെച്ച് അവരോട് ബൈ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെ എന്നും പറഞ്ഞു.

എന്റെ അമ്മ സംഭവസമയം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല. അമ്മയോട് ഈ വിവരങ്ങൾ അറിയിച്ചില്ല. അപകടശേഷം താമസിച്ച മുറിയിൽ നിന്നും ശ്രീനഗറിലെ എയർപോർട്ടിൽ നിന്നും ടിവി കണക്ഷൻ ഒഴിവാക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. ഞാൻ സംസാരിക്കുന്ന എല്ലാ ഓഫീസർമാരോടും എന്റെ അമ്മയെ ഇക്കാര്യം അറിയിക്കരുതെന്ന് പറഞ്ഞിരുന്നു. എല്ലാ നടപടികളും പൂർത്തിയാക്കി കൊച്ചിയിൽക്ക് തിരിക്കാനായപ്പോളാണ് അമ്മയെ കാര്യങ്ങൾ അറിയിച്ചത്.

രാമചന്ദ്രൻ കുടുംബത്തോടൊപ്പം

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT