Around us

‘ഹിന്ദു വീടുകള്‍ക്ക് കാവിക്കൊടി, കല്ലുകള്‍ എത്തിച്ചത് ലോറിയില്‍, പേരും മതവും ചോദിച്ച് ആക്രമണം’; ഡല്‍ഹിയില്‍ നടന്നത് 

THE CUE

പൗരത്വ നിയമത്തെ ചൊല്ലി ആരംഭിച്ച അക്രമം വടക്കുകിഴക്കന്‍ ഡല്‍ഹിയെ നടുക്കിയിരിക്കുകയാണ്. ജാഫ്രാബാദിലും, ചാന്ദ്ബാഗിലും സമാധാനപരമായി നടന്ന സമരത്തെ സംഘര്‍ഷഭരിതമാക്കിയത് ഞായറാഴ്ച (ഫെബ്രുവരി 23) ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രസ്താവനയായിരുന്നു. മൗജ്പൂരില്‍ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് നടത്തിയ റാലിക്കിടെയായിരുന്നു കപില്‍ ശര്‍മയുടെ ഭീഷണി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ട്രംപ് ഇന്ത്യയില്‍ നിന്ന് പോകുന്നത് വരെ മാത്രമേ തങ്ങള്‍ സമാധാനം തുടരൂ എന്നും, അതുകഴിഞ്ഞാല്‍ ആരെയും കേള്‍ക്കില്ലെന്നുമായിരുന്നു പൊലീസിനോടായി കപില്‍ മിശ്ര പറഞ്ഞത്. പ്രതിഷേധം അവസാനിപ്പിക്കാന്‍ മൂന്നു ദിവസം സമയം തരുന്നു, അതു കഴിഞ്ഞാല്‍ കാര്യങ്ങള്‍ വഷളാകുമെന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു. ഡിസിപിയെ ഉള്‍പ്പടെ സാക്ഷിനിര്‍ത്തിയായിരുന്നു കപില്‍മിശ്രയുടെ ഭീഷണി. ഇതിന് ശേഷം മണിക്കൂറുകള്‍ക്കകം തന്നെ ജാഫ്രാബാദിലടക്കം പ്രശ്‌നങ്ങള്‍ ആരംഭിച്ചു.

ജയ്ശ്രീരാം വിളിച്ചുകൊണ്ട് ചിലര്‍ കല്ലുകള്‍ ശേഖരിക്കുന്നതിന്റെയും അവ ട്രക്കില്‍ കയറ്റുന്നതിന്റെയും വീഡിയോ ഞായറാഴ്ച രാത്രി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വീഡിയോ സംബന്ധിച്ച സ്ഥിരീകരണം പൊലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായിട്ടില്ലെന്നാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട. ഹിന്ദു വീടുകളിലും കടകളിലുമുള്‍പ്പടെ തിരിച്ചറിയുന്നതിനായി കാവിക്കൊടി കെട്ടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പുറത്തുനിന്നെത്തിയവര്‍ മുസ്ലീങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണമായിരുന്നു നടന്നതെന്ന ആരോപണവും ഇതോടെ ശക്തമായി. എന്തുകൊണ്ടാണ് ഹിന്ദുവീടുകളില്‍ കാവിക്കൊടി കെട്ടിയിരിക്കുന്നത്, ഈ സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്നും ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനത്തിന്റെ ഫലമായിരുന്നു ആക്രമണമെന്നും ജാഫ്രാബാദ് സ്‌കൂള്‍ ടീച്ചര്‍ അമിന്‍ സുബാന്‍ പറഞ്ഞു.

മുസ്ലീമുകള്‍ കൂടുതലായി താമസിക്കുന്ന ജാഫ്രാബാദിലാണ് ആദ്യം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പീന്നീട് മൗജ്പൂരിലേക്കുള്‍പ്പടെ അക്രമം വ്യാപിച്ചു. കല്ലേറില്‍ തുടങ്ങിയ സംഘര്‍ഷം വെടിവെയ്പ്പിലേക്ക് വളര്‍ന്നു. പേരും മതവും ചോദിച്ചു കൊണ്ടായിരുന്നു അക്രമമെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്. സ്ഥലത്ത് നിരവധി പൊലീസുകാരുണ്ടായിട്ടും അക്രമം നടക്കുമ്പോള്‍ അവര്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കടകള്‍ക്കും, വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടക്കുമ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്താണ് ചിലര്‍ പെട്രോള്‍ ബോംബുകള്‍ നിര്‍മ്മിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാര്‍ക്കു നേരെ കല്ലുകളെറിയുകയും, വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം വര്‍ധിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍ ഈ വാദം പൗരത്വ നിയമ അനുകൂലികള്‍ നിഷേധിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഘര്‍ഷം വര്‍ധിച്ചത്. തുടര്‍ന്ന് പൊലീസ് ടിയര്‍ ഗ്യാസുള്‍പ്പടെ പ്രയോഗിച്ചു. പൊലീസുകാര്‍ അക്രമികള്‍ക്കു നേരെ കല്ലെറിയുന്നതിന്റെയുള്‍പ്പടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അക്രമം വര്‍ധിച്ചതോടെ പൊലീസ് പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ നഗരങ്ങളിലെ തെരുവുകളിലും ഇടവഴികളിലും അക്രമ സംഭവങ്ങള്‍ തുടരുകയായിരുന്നു. ഹിന്ദു വിഭാഗത്തെ രക്ഷിക്കാനും, അവകാശങ്ങള്‍ സംരക്ഷിക്കാനും തയ്യാറെടുക്കണമെന്ന്, മൗജ്പൂരിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് മൈക്രോഫോണിലൂടെ വിളിച്ചുപറഞ്ഞതായ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി തിങ്കളാഴ്ച രാത്രിയും മാധ്യമങ്ങളോട് പറഞ്ഞത്.

അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ചൊവ്വാഴ്ച രാവിലെയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു. ഡല്‍ഹി സംഘര്‍ഷത്തിന്റെ പേരില്‍ 24 മണിക്കൂറിനിടെ രണ്ടു തവണയാണ് അമിത്ഷാ ഉന്നതതല യോഗം വിളിച്ചത്. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയതെന്നും, ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടച്ചിടണമെന്നുമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്.

സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം ഏഴായെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നൂറിലേറെപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പ്രതിഷേധം തുടരുന്ന പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചു. പ്രദേശങ്ങളിലെ മെട്രോ സ്‌റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണ്.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT