Global

‘ഭീരുവായാണ് അയാള്‍ മരിച്ചത്’; ബാഗ്ദാദി മരിക്കുന്നതിന് മുമ്പ് നിലവിളിച്ചോടിയെന്ന് ട്രംപ്

THE CUE

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്ക. വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ തങ്ങള്‍ നടത്തിയ സൈനിക നടപടിക്കിടെ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു. മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു. 11 കുട്ടികളെ സുരക്ഷിതരാക്കാന്‍ സാധിച്ചു. ബാഗ്ദാദിയുടെ മൃതശരീരം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയാണ് മരണം സ്ഥിരീകരിച്ചതെന്നും ട്രംപ് വ്യക്തമാക്കി.

ഞങ്ങളുടെ നായ്ക്കള്‍ ഓടിച്ചപ്പോള്‍ അയാള്‍ തുരങ്കത്തിന്റെ അറ്റത്തെത്തി നിന്നു. ബാഗ്ദാദി തന്റെ ദേഹത്തുണ്ടായിരുന്ന വെസ്റ്റിലെ ബോംബില്‍ അമര്‍ത്തി തന്റേയും മൂന്ന് കുട്ടികളുടേയും ജീവിതം അവസാനിപ്പിച്ചു.
ഡൊണാള്‍ഡ് ട്രംപ്

ഓട്ടത്തിനിടയില്‍ അയാള്‍ അലറിക്കരഞ്ഞു. ഒരു നായയേപ്പോലെ, ഭീരുവിനേപ്പോലെയാണ് അബൂബക്കര്‍ ബാഗ്ദാദി മരിച്ചത്. സ്‌ഫോടനത്തില്‍ ബാഗ്ദാദിയുടെ ശരീരം ചിന്നിച്ചിതറിയെന്നും ട്രംപ് പറഞ്ഞു. രണ്ടാഴ്ച്ച മുമ്പ് തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു റെയ്ഡ്. വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ നടത്തിയ സൈനിക നീക്കത്തില്‍ യുഎസ് സൈനികര്‍ക്ക് ആര്‍ക്കും പരിക്കില്ല. കുര്‍ദിഷ് ഇന്റലിജന്‍സും കുര്‍ദിഷ് സൈന്യമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും (എസ്ഡിഎഫ്) അമേരിക്കയെ സഹായിച്ചെന്നും ട്രംപ് വ്യക്തമാക്കി.

അബൂബക്കര്‍ അല്‍ ബാഗ്ദാദി
വൈസ് പ്രസിഡന്റ് മൈക് പെന്‍സിനോടൊപ്പം വൈറ്റ് ഹൗസിലിരുന്ന് സൈനിക നീക്കങ്ങള്‍ കണ്ട ട്രംപ് ദൃശ്യങ്ങള്‍ സിനിമ പോലെയായിരുന്നെന്ന് പ്രതികരിച്ചു.

ലോകത്തിലെ ഏറ്റവും വാണ്ടഡ് ഭീകരനായാണ് ബാഗ്ദാദി വിശേഷിക്കപ്പെട്ടിരുന്നത്. അമ്പതിനോടടുത്ത് പ്രായമുള്ള ബാഗ്ദാദി ഇറാഖ് സ്വദേശിയാണ്. ഇബ്രാഹിം അവാദ് ഇബ്രാഹിം അല്‍-ബാദ്രി എന്നാണ് ബാഗ്ദാദിയുടെ യഥാര്‍ത്ഥ പേര്. അനുയായികള്‍ ഖലീഫ ഇബ്രാഹിം എന്നാണ് ബാഗ്ദാദിയെ വിളിച്ചിരുന്നത്. ഐഎസിന്റെ ശക്തി ക്ഷയിച്ച ശേഷം സിറിയന്‍ അതിര്‍ത്തിയിലെ കേന്ദ്രത്തില്‍ ഒളിച്ചു താമസിക്കുന്നതിനിടെയാണ് യുഎസ് ആക്രമണം. കുടുംബാംഗങ്ങളും അടുത്ത അനുയായികളും അംഗരക്ഷകരുമാണ് ഒപ്പമുണ്ടായിരുന്നത്. ബാഗ്ദാദി തന്റെ കുടുംബാംഗങ്ങളെ തുര്‍ക്കി അതിര്‍ത്തിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് യുഎസ് സൈനിക നീക്കമുണ്ടായതെന്ന് ഇറാഖ് വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT