Explainer

എന്താണ് പിഎം ശ്രീ, എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു; കേരളത്തില്‍ വിവാദം എന്തിന്?

പിഎം ശ്രീയില്‍ ചേരുന്നതില്‍ സംസ്ഥാനത്ത് ഉയരുന്ന ആശങ്കകള്‍ക്ക് കാരണം എന്താണ്? ബിജെപി സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ദേശീയ വിദ്യാഭ്യാസ നയവുമായി ഇതിനുള്ള ബന്ധം എന്താണ്?

കേരളത്തില്‍ ഭരണ മുന്നണിയായ എല്‍ഡിഎഫിനുള്ളില്‍ ആശയക്കുഴപ്പത്തിന് കാരണമായിരിക്കുകയാണ് പിഎം ശ്രീ പദ്ധതിയില്‍ ചേരുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന. കേന്ദ്ര ഫണ്ടുകള്‍ വേണ്ടെന്ന് വെക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പിഎം ശ്രീയിലേക്ക് കേരളവും കാലെടുത്തു വെക്കാന്‍ പോകുകയാണെന്ന പ്രഖ്യാപനം നടത്തിയത്. പദ്ധതിയില്‍ ചേരുന്നതിന് എതിരെ ആദ്യം തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയത് എല്‍ഡിഎഫിലെ ഏറ്റവും പ്രധാന ഘടകകക്ഷിയായ സിപിഐ ആയിരുന്നു. പിഎം ശ്രീയില്‍ ചേരില്ലെന്ന് മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാരും വിദ്യാഭ്യാസമന്ത്രിയും അതില്‍ നിന്ന് പിന്നോട്ടു പോയതില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്താണ് കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ? അതില്‍ ചേരുന്നതില്‍ സംസ്ഥാനത്ത് ഉയരുന്ന ആശങ്കകള്‍ക്ക് കാരണം എന്താണ്? ബിജെപി സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ദേശീയ വിദ്യാഭ്യാസ നയവുമായി ഇതിനുള്ള ബന്ധം എന്താണ്?

തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളുടെ പേരിന് മുന്‍പായി പിഎം ശ്രീ എന്ന് ചേര്‍ക്കണം എന്ന നിബന്ധന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടു വെച്ചിരുന്നു. പദ്ധതി അവതരിപ്പിച്ചപ്പോള്‍ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വിയോജിപ്പ് അറിയിച്ചു

എന്താണ് പിഎം ശ്രീ പദ്ധതി

2020ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ PM SHRI. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 27,000 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയത്. ഈ പദ്ധതിയില്‍ പ്രവേശിക്കുന്നതിനായി സ്‌കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂളുകളാണ് തെരഞ്ഞെടുക്കുന്നത്. സ്‌കൂള്‍ കെട്ടിടത്തിന്റെ ആരോഗ്യം, ടോയ്‌ലെറ്റ് സൗകര്യം തുടങ്ങി വിവിധ മാനദണ്ഡങ്ങളായിരുന്നു ഇതിനായി നല്‍കിയത്. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, കുട്ടികളുടെ പഠന നിലവാരം, അധ്യാപകര്‍ തുടങ്ങിയ അടക്കമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്‌കോറുകള്‍ ഏര്‍പ്പെടുത്തി. നഗര പ്രദേശങ്ങളില്‍ 70 ശതമാനവും ഗ്രാമ പ്രദേശങ്ങളില്‍ 60 ശതമാനവും സ്‌കോര്‍ ലഭിച്ചാല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാകും.

പദ്ധതിയില്‍ ചേരണമെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പു വെക്കേണ്ടതായുണ്ട്. സംസ്ഥാനം, കേന്ദ്രഭരണപ്രദേശം, കേന്ദ്രീയ വിദ്യാലയ സംഗതന്‍, നവോദയ വിദ്യാലയ സമിതി എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പ് വെക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളുടെ പേരിന് മുന്‍പായി പിഎം ശ്രീ എന്ന് ചേര്‍ക്കണം എന്ന നിബന്ധന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടു വെച്ചിരുന്നു. പദ്ധതി അവതരിപ്പിച്ചപ്പോള്‍ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വിയോജിപ്പ് അറിയിച്ചു. ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സമാനമായ പദ്ധതികള്‍ അന്നത്തെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരുകള്‍ നടപ്പിലാക്കിയിരുന്നതിനാല്‍ അവര്‍ പദ്ധതിയില്‍ ചേരാനില്ലെന്ന് അറിയിച്ചു. പിഎം ശ്രീ എന്ന് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പശ്ചിമ ബംഗാള്‍ അറിയിച്ചു. പിന്നീട് പഞ്ചാബ് പദ്ധതിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളും തമിഴ്‌നാടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

എതിര്‍പ്പ് എന്തുകൊണ്ട്?

എന്‍ഡിഎ സര്‍ക്കാര്‍ 2020ല്‍ അവതരിപ്പിക്കുകയും 2023-24 വര്‍ഷം മുതല്‍ നടപ്പിലാക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. കാവിവല്‍ക്കരണ നയങ്ങളാണ് എന്‍ഇപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ നയത്തിന്റെ ഉള്ളടക്കമെന്ന വിമര്‍നമാണ് ഉയര്‍ന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നയം ഏറെക്കുറെ നടപ്പാക്കിയിരുന്നു. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവല്‍ക്കരിക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന വിമര്‍ശനം ഇടതു പാര്‍ട്ടികളാണ് പ്രധാനമായും ഉയര്‍ത്തിയത്. വിദ്യാഭ്യാസത്തില്‍ സ്വകാര്യവത്കരണവും വര്‍ഗ്ഗീയവത്കരണവും പ്രോസ്താഹിപ്പിക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും ഇടതുപക്ഷം നിലപാടെടുത്തു. കേരളത്തില്‍ പിഎം ശ്രീ പദ്ധതിക്കെതിരെ ശക്തമായ നിലപാടെടുത്തത് സിപിഐ ആയിരുന്നു. 1986ലെ വിദ്യാഭ്യാസ നയം പൊളിച്ചുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ 2020ല്‍ എന്‍ഇപി അവതരിപ്പിച്ചത്. പുതിയ നയത്തിലെ ഹിന്ദിക്കും സംസ്‌കൃതത്തിനും പ്രാധാന്യം നല്‍കുന്ന ത്രിഭാഷാ നയത്തിനെതിരെയാണ് തമിഴ്‌നാട് രംഗത്തെത്തിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഹിന്ദുത്വ നയമാണ് ഇതിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് ആരോപിച്ചു. പദ്ധതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് തമിഴ്‌നാട്.

സിപിഐ മന്ത്രിമാര്‍ എതിര്‍ത്തതോടെ 2024 ഡിസംബറിലും പിന്നീട് 2025 ജൂണിലും പിഎം ശ്രീയില്‍ ചേരുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പല ഫണ്ടുകളും ലഭിക്കാതായി തുടങ്ങി. സമഗ്ര ശിക്ഷാ കേരളം (എസ്എസ്‌കെ) എന്ന വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രം നടപ്പാക്കുന്ന പദ്ധതികള്‍ക്കായുള്ള പ്രോഗ്രാം നിലക്കുന്ന അവസ്ഥയുണ്ടായി. കേന്ദ്ര ഫണ്ടുകള്‍ സ്ഥിരമായി മുടങ്ങിയത് മറ്റ് വകുപ്പുകളിലെന്നതുപോലെ വിദ്യാഭ്യാസ വകുപ്പിനെയും ബാധിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ സ്‌കീമുകളിലായി തടഞ്ഞു വെച്ചിരിക്കുന്ന 1500 കോടി രൂപയോളം സംസ്ഥാനത്തിന് നല്‍കണമെന്ന് മന്ത്രി ശിവന്‍കുട്ടി ഈ കൂടിക്കാഴ്ചയില്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പിഎം ശ്രീ നടപ്പാക്കുന്നതിനായി കൂടുതല്‍ സമയം ആവശ്യമാണെന്നും മന്ത്രി അന്ന് അറിയിച്ചിരുന്നു. സ്‌കൂളുകളുടെ പേരിന് മുന്‍പായി പിഎം ശ്രീ എന്ന് ചേര്‍ക്കുന്നതില്‍ കേരളം നേരത്തേ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഫണ്ടുകള്‍ തടഞ്ഞു വെച്ചത്. ഇത് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്നും മന്ത്രി അന്ന് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ഇപ്പോള്‍ സംഭവിക്കുന്നത്

കേന്ദ്ര ഫണ്ടുകള്‍ വെറുതെ കളയാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിഎം ശ്രീയില്‍ ചേരുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചതോടെയാണ് വിഷയം വീണ്ടും സജീവമായത്. ആരോഗ്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും അടക്കമുള്ളവ കേന്ദ്ര നിബന്ധനകള്‍ പാലിച്ചുകൊണ്ട് പദ്ധതികള്‍ നടത്തുന്നുണ്ട്. കേന്ദ്രഫണ്ട് രാജ്യത്ത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. 1466 കോടി രൂപയാണ് കുടിശികയടക്കം കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത്. നിസാര കാര്യങ്ങള്‍ പറഞ്ഞ് ഫണ്ടുകള്‍ വെട്ടിക്കുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് വെറുതെ കളയുന്നത് കുട്ടികളോട് ചെയ്യുന്ന തെറ്റാകും. പിഎം ശ്രീക്കായി ഫണ്ട് വാങ്ങിയാലും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ടേ മുന്നോട്ടു പോകുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ സിപിഐ തന്നെ എതിര്‍പ്പുമായി ആദ്യം രംഗത്തെത്തി. സംസ്ഥാനം പദ്ധതിയുടെ ഭാഗമാകരുത് എന്ന നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിച്ച നിലപാട്. വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസ് കാര്യപരിപാടി നടപ്പിലാക്കുന്നതിന്റെ പേരാണ് എന്‍ഇപി. പാഠ്യപദ്ധതിയെ അപ്പാടെ ആര്‍എസ്എസ് കാഴ്ചപ്പാടിലേക്ക് മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേരളം കൂടി ഇതിലേക്ക് ചേരരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്

പിഎം ശ്രീയില്‍ ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ സിപിഎം കേന്ദ്ര നേതൃത്വം വ്യത്യസ്തമായ നിലപാടിലാണ്. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് പാര്‍ട്ടി നിലപാടെന്ന് ജനറല്‍ സെക്രട്ടറി എം.എ.ബേബി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇടതുമുന്നണി യോഗത്തില്‍ വ്യക്തത വരുത്തുമെന്നും കേരളത്തില്‍ സമവായം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര നേതൃത്വം ഇടപെടുമെന്നുമാണ് ബേബി പറഞ്ഞത്. മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പാര്‍ട്ടി നിലപാട് ആവര്‍ത്തിക്കുക കൂടി ചെയ്തതോടെ മുന്നണി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട നിലയിലേക്ക് വിഷയം എത്തിയിരിക്കുകയാണ്. പദ്ധതി നടപ്പാക്കില്ലെന്ന് ആത്മവിശ്വാസത്തോടെ സിപിഐ നേതൃത്വവും ഇതോടെ പ്രതികരിച്ചു.

പ്രതിപക്ഷ നിലപാട്

പദ്ധതിയില്‍ പ്രതിപക്ഷ നിലപാട് വ്യത്യസ്തമായിരുന്നു. കേന്ദ്രഫണ്ട് വാങ്ങുന്നതിന് പ്രതിപക്ഷം എതിരല്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞപ്പോള്‍ അത് നടപ്പാക്കാനുള്ള നീക്കം സിപിഎം-ബിജെപി ഡീലിന്റെ ഭാഗമാണെന്നായിരുന്നു കെ.സി.വേണുഗോപാല്‍ പറഞ്ഞത്. ഫണ്ട് നല്‍കുന്നത് മോദിയുടെ വീട്ടില്‍ നിന്നല്ല, നികുതിപ്പണമാണ്. പണം നല്‍കുന്നതിനൊപ്പം വര്‍ഗ്ഗീയ രാഷ്ട്രീയം അടിച്ചേല്‍പിക്കുന്ന നിബന്ധനകള്‍ സര്‍ക്കാര്‍ സ്വീകരിക്കരുതെന്നും സതീശന്‍ പറഞ്ഞപ്പോള്‍ സിപിഎം-ബിജെപി ബന്ധമെന്ന നറേറ്റീവില്‍ നിന്നുകൊണ്ട് പ്രതികരിക്കുകയായിരുന്നു വേണുഗോപാല്‍.

ഒരിക്കല്‍ ശക്തിയായി എതിര്‍ക്കുകയും പിന്നീട് യുടേണ്‍ എടുക്കുകയും ചെയ്ത സര്‍ക്കാര്‍ നിലപാടാണ് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന വിമര്‍ശനത്തെ ഖണ്ഡിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നുമുണ്ട്. മുന്‍ ബിജെപി സര്‍ക്കാരുകളാണ് അത് നടപ്പാക്കിയതെന്ന് നേതാക്കള്‍ മാധ്യമപ്രതികരണങ്ങളില്‍ വ്യക്തമാക്കുന്നു.

'അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചു';'ഡ്യൂഡി'നെതിരെ പരാതിയുമായി ഇളയരാജ

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും 'ഇത്തിരി നേരം' കിട്ടിയിരുന്നെങ്കിൽ.. വേറിട്ട പ്രമോഷനുമായി 'ഇത്തിരിനേരം' ടീം

വാലിബൻ ഒറ്റ ഭാഗമായി ഇറക്കാൻ തീരുമാനിച്ചിരുന്ന സിനിമ, ഷൂട്ട് തുടങ്ങിയ ശേഷം കഥയിൽ മാറ്റങ്ങൾ വന്നു: ഷിബു ബേബി ജോൺ

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലേത് ഹ്യൂമർ ടച്ചുള്ള കഥാപാത്രം'; വിഷ്ണു അഗസ്ത്യ

സന്ദേശത്തെ ഇപ്പോഴും കല്ല് എറിയുന്നവരില്ലേ? ആ ചിത്രത്തെ ഇന്നും അരാഷ്ട്രീയ സിനിമ എന്ന് പലരും വിളിക്കുന്നു: സത്യൻ അന്തിക്കാട്

SCROLL FOR NEXT