കവിത ചിലപ്പാേൾ മുറിവും മുറിപ്പാടും ചിലപ്പോൾ ലേപനവും ചിലർക്ക് അഭയവും ആത്മയുദ്ധവും ചിലർക്ക് പ്രതിരോധവുമെല്ലാമാകുന്നു. ഇവിടെ ഉരുൾപൊട്ടൽ ഇല്ലാതാക്കിയ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യർക്കും അവരുടെ ദുരന്തത്തിൽ വേദനിക്കുന്നവർക്കും അതിജീവനത്തിൻ്റെ ജീവവായുവാണ് സുബീഷ് തെക്കൂട്ടിൻ്റെ 'വെള്ളാർമല ജി വി എച്ച് എസ് എസ്' എന്ന കവിതാപുസ്തകം. സ്വന്തം വിരലുകളാൽ അതിനെയുയർത്തി 'ഇതെൻ്റെ രക്തമിതെൻ്റെ മാംസം, എടുത്തു കൊൾക..!' എന്നു പറയുന്ന കവി, ശബ്ദവും മുഖവും നഷ്ടപ്പെട്ട ജനതയ്ക്ക് കവിതകൊണ്ട് തിരുവോസ്തിയൊരുക്കുകയാണ്.
'വെള്ളാർമല ജി വി എച്ച് എസ് എസ്' ഒരു കവിതയുടെ പേര് മാത്രമല്ല. ഒരുകൂട്ടം മനുഷ്യരുടെ ദുരന്തസ്മരണകളുടെ മായാത്ത അടയാളങ്ങൾ കൂടിയാണ്. പ്രകൃതി മായ്ച്ചുകളഞ്ഞ ഒരു ഭൂവിഭാഗത്തെ ലോകത്തിനു മുന്നിൽ പുനഃസൃഷ്ടിക്കുകയാണ് സുബീഷ് തെക്കൂട്ട് എന്ന കവി തൻ്റെ കവിതയിലൂടെ.
"എഴുതാനുള്ളതൊക്കെയും എഴുതിവെച്ച്
ഉറങ്ങാൻ കിടന്ന ഗ്രാമം
എണീറ്റില്ല.'' എന്നു പറഞ്ഞുകൊണ്ടാണ് 'വെള്ളാർമല ജി വി എച്ച് എസ് എസ്' എന്ന കവിത തുടങ്ങുന്നത്. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ സ്കൂളിൽ ടീച്ചർ ഇപ്പോഴും ഹാജർ വിളിച്ചുകൊണ്ടിരിക്കുകയാണ്, ആരും മിണ്ടിയില്ല. ''ഹോം വർക്ക് ചെയ്യാത്തതിന് ചെവിക്ക് പിടിച്ചപ്പോൾ എന്നപോലെ ഗ്രാമം ഉറക്കെ കരഞ്ഞു" പ്രകൃതിദുരന്തത്തെ ഇത്രമേൽ ഹൃദയഭേദകമായി വരഞ്ഞിട്ട വരികൾ സമീപകാലത്തൊന്നും അനുവാചകൻ്റെ ഉള്ളുലച്ചിട്ടുള്ളതായി തോന്നുന്നില്ല.
മാനത്തെ മറ്റൊരു പള്ളിക്കൂടത്തിൽ മണിയടിച്ചപ്പാേൾ, മുറ്റത്ത് മലവെള്ളമിറങ്ങുമ്പോൾ വായനക്കാരനും ശ്വാസം മുട്ടുന്നതുപോലെ ഒരനുഭവമാണ്. ആമിനാൻ്റെ കൈ വിടീച്ച് എണീറ്റു നിന്ന അലവി 'ഹാജർ' പറയുമ്പോൾ വായനക്കാരനും ചങ്കു പിടയ്ക്കും. അവൻ്റെ കൺമുന്നിൽ ടീച്ചർ ഹാജർ വിളിച്ചു കൊണ്ടേയിരുന്നു. ആരും മിണ്ടുന്നില്ല. മരിച്ചവരെ പുനർജീവിപ്പിക്കുന്നതുപോലെ കഠിനതരമായ ഒരു പ്രവൃത്തിയാണ് ഇവിടെ കവി നിയോഗമായി ഏറ്റെടുക്കുന്നത്.
പുസ്തകം പുറത്തിറങ്ങിയതിന് ശേഷം കവിത വായിച്ച് വെള്ളാർമല സ്കൂളിലെ പ്രധാനാദ്ധ്യാപകൻ അബ്ദുൽ മുനീർ മാഷും വിദ്യാരംഗം കലാസാഹിത്യ വേദി വയനാട് ജില്ലാ കൺവീനറും സ്കൂളിലെ അധ്യാപകനുമായ ഉണ്ണി മാഷും കവിയെ സ്കൂളിലേക്ക് ക്ഷണിച്ചു. ഒപ്പം ഒരു ബഞ്ചിലിരുന്ന് പഠിച്ചവർ ഇന്ന് കൂടെയില്ലാത്തതിൻ്റെ നടുക്കുന്ന ഓർമ്മയിൽ ജീവിക്കുന്ന, ദുരന്തം ബാക്കിയാക്കിയ കുട്ടികൾ നിറഞ്ഞ സദസ്. അവർക്ക് മുന്നിൽ താൻ ആ കവിത വീണ്ടും ചൊല്ലിയില്ല എന്ന് സുബീഷ് ഈയിടെ പറഞ്ഞതോർക്കുന്നു. എന്നിട്ടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അധ്യാപകർ കെട്ടിപ്പിടിച്ച് വിതുമ്പിയ അനുഭവം കവി സ്വകാര്യമായി പങ്കുവെച്ചിരുന്നു.
'അവില് തിന്നിട്ട് പോടാ അലവി' എന്ന ഉമ്മയുടെ വാക്കുകൾ കവിതയിൽ വരാനിരിക്കുന്ന ഇരുട്ടിൻ്റെയും മരണത്തിൻ്റെയും ദിശാസൂചകങ്ങളാണ്. ഒരർത്ഥത്തിൽ മരണത്തെയും പ്രകൃതിയെയും കുറിച്ചുള്ള ആശങ്കയാണ് ഈ കവിതകളുടെ മുഖ്യഭൂമിക. വെള്ളാർമലയിൽ എന്ന പോലെ തന്നെ ഉപ്പുമാവ്, നദി കെ കിനാരെ, ഏഴിൻ്റന്ന്, നീയില്ല തുടങ്ങിയ കവിതകളിലെല്ലാം മരണം അടിത്തട്ട് കാണുന്ന പുഴവെള്ളത്തിലെ മീനെന്നപോലെ ചിറകിളക്കാതെ നിൽക്കുമ്പോഴും അത് കാഴ്ചക്കാരൻ്റെ കണ്ണുകൾക്ക് ഗോചരമാകുന്നു.
വാർദ്ധക്യത്തിൽ ആലംബമറ്റവരാകുന്നവരെക്കുറിച്ചുള്ള ആകുലതകളും കവിതകളിലുടനീളമുണ്ട്.
'കൊപ്പം പുലാമന്തോൾ വഴി
പട്ടാമ്പി പോകും ബസ്സിൽ
ഇപ്പം അങ്ങെത്തിയേക്കും
എന്നിഷ്ടംകൂടി ധനുമാസക്കുളിരുമൊപ്പം. 'പട്ടാമ്പിയിലേക്കുള്ള ബസ്സിൽ നമ്മൾ' എന്ന കവിതയിൽ അതിസൂക്ഷ്മമായ ജീവിത ദൃശ്യങ്ങളും പ്രകൃതി വർണ്ണനകളും ഒരുപോലെ സമന്വയിക്കുന്നുണ്ട്.
25 വർഷം നീണ്ട മാധ്യമപ്രവർത്തക ജീവിതത്തിൽ നിന്ന് വിടുതൽ എടുത്ത്, കവിതയിൽ വ്യാപൃതനാകുമ്പോഴും കവി ഉള്ളിലെ നിരീക്ഷണ പാഠവവും ഒപ്പം കാല്പനികതയും കെടാതെ നിലനിർത്തുന്നു.
'രാത്രിവണ്ടി, പുഴയിൽ
മണല് കോരുന്നു പൂനിലാവ്
പ്രേമച്ചക്കരക്കല്ലിൽ
മുണ്ടലക്കി വിരിച്ചിട്ട് പുഴക്കര', തുടങ്ങിയ വരികളിൽ കവിയുടെ സൂക്ഷ്മമായ പ്രകൃതി - ജീവിത നിരീക്ഷണപടുത്വം വ്യക്തമായി കാണാം. 'കാട് വരയ്ക്കുമ്പോൾ' എന്ന കവിതയിൽ 'കാട് വരയ്ക്കാൻ എടുത്ത കടലാസിന് തീപിടിച്ച് മാൻകൂട്ടങ്ങൾ ചിതറിയോടുന്നു. '
'അന്നില്ല, നിനക്കിത്ര നാണം
ഒളിച്ചെത്ര മുത്തം തന്നതാ -
ണിപ്പോൾ പിശുക്കെന്തിന്'.
'വീട്ടിലെത്തീട്ടെന്ത്,
തിടുക്കമെന്തിന് ?
അവിടെയും നമ്മളല്ലെയുള്ളൂ' തുടങ്ങിയ വരികളിൽ വർത്തമാനകാല ജീവിതത്തിന്റെ ഏറ്റവും ദുഷ്കര അവസ്ഥ അനാഥത്വവും അവഗണനയും തന്നെയാണെന്ന് പറഞ്ഞുറപ്പിക്കുന്നു. 'പട്ടാമ്പിയിലേക്കുള്ള ബസ്സിൽ നമ്മൾ' എന്ന കവിതയിലേതുപോലെ തന്നെ 'കുമ്പനാട്ടെ മരങ്ങൾ' സമകാലിക കേരള സമൂഹം അഭിമുഖീകരിക്കുന്ന വിടുതൽ അഥവാ വ്യാപകമായ വീടാെഴിഞ്ഞു പോക്ക് എന്ന വലിയ ആശങ്കയും കൂടി പങ്കുവെക്കുന്നുണ്ട്. ഇവിടെ മനുഷ്യനൊപ്പം അവൻ്റെ ആവാസ വ്യവസ്ഥ കൂടി കൈമോശം വരുന്നതും അനാഥത്വം ചൂഴ്ന്നു നിൽക്കുന്നതും കവി കാണുന്നു. ആധുനിക ജീവിത സാഹചര്യങ്ങളുടെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും പരിണിതഫലമായിട്ടാണ് ഈ നിർബന്ധിത അനാഥത്വം ജീവിതത്തിലും കവിതയിലും കടന്നുവരുന്നത്.
'പുറത്തിറക്കയാണ്,
മോനേയെന്നാെരു തിരി
നിന്നു കത്തുന്നകത്ത്,
കളിച്ച് വിയർത്തിട്ടോ
മുഷിഞ്ഞ കുപ്പായംപോലെ വാനം.' മരണം പ്രത്യേകിച്ചും കുട്ടികളുടെ മരണം എക്കാലത്തും വായനക്കാരന്റെ ഉള്ളുലയ്ക്കുന്നതാണ്. വൈലോപ്പിള്ളിയുടെ 'മാമ്പഴം', റഫീക്ക് അഹമ്മദിന്റെ 'തോരാമഴ' എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.
'കറിക്കലം മറിച്ചിടുന്നതിന്നൊച്ച,
പിന്നിൽ ചിരി,
കള്ളാ, ഒളിച്ചിരിക്കുന്നോ,
മാറിയില്ലെന്നോ കുറുമ്പ്,
വാ വഴക്കില്ലിനി,
വിളിപ്പത് നിന്നമ്മയല്ലേ?' ഒന്നു പാളിയാൽ ഗതിമാറി മാമ്പഴത്തിൽ ചെന്നെത്തുമായിരുന്ന കവിതയെ കവി കൃത്യമായ പാതയിൽ, ഇടംവലം തെന്നാതെ വഴിനടത്തുന്നു. നെഞ്ചു നീറിയല്ലാതെ വായിച്ചു മുഴുവനാക്കാനാവില്ല ഈ കവിത.
'മറ്റൊരുവന്റെ ഏകാന്തത മറ്റൊരു റിപ്പബ്ലിക് ' എന്ന് പറയുന്ന കവി 'അനന്തരം അവർ നദികൾക്കും കാടുകൾക്കും പുതിയ പേരിട്ടു, നദി കെ കിനാരെ മരങ്ങൾ മന്ദിരങ്ങളായി മരിച്ചുപൊന്തി' എന്ന് കവിതയായ് കുറിക്കുമ്പോൾ കാലഘട്ടത്തെ ഗ്രസിച്ച രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൂടി അതിൽ വായിച്ചെടുക്കാനാവുന്നുണ്ട്.
'അവധിക്ക് നാട്ടിൽ പോയ
പെൺകുട്ടികളെ കാത്തിരിക്കുന്ന
ലേഡീസ് ഹോസ്റ്റലിലെ കണ്ണാടികളുടെ
കടുത്ത ഏകാന്തത, അതിലെന്തിന് നീ ഒളിനോട്ടത്തിന്റെ
ആധാർ ലിങ്ക് ചെയ്യുന്നു?'
'സ്ഫടികപാത്രത്തിൽ സൂര്യകാന്തിക്ക് വെള്ളമാെഴിക്കുന്നു പുലർകാല സൂര്യൻ' തുടങ്ങിയ അതികാല്പനികതയുടെ സ്ഫുരണങ്ങളും ഈ കവിതകളിലുടനീളം കാണാം.
എഴുത്ത് എന്ന യാഥാർഥ്യത്തിനപ്പുറം വില്പനയുടെയും കച്ചവടതന്ത്രങ്ങളുടെയും പുതുകാലത്താണ് കവിത അഥവാ സാഹിത്യം എത്തിനിൽക്കുന്നത്. വിഷയത്തിലെ വസ്തുതകൾക്കപ്പുറം സംഭവങ്ങളുടെ അതിവൈകാരികവും അവാസ്തവവുമായ ഘടകങ്ങ
രാഷ്ട്രീയത്തിലെന്ന പോലെ കവിതയിലും സത്യാനന്തരകാലമുണ്ടെന്ന് വർത്തമാനകാല എഴുത്തും ചിന്തയും വിവാദങ്ങളും നമ്മോട് സാക്ഷ്യം പറയുന്നു. എഴുത്ത് എന്ന യാഥാർഥ്യത്തിനപ്പുറം വില്പനയുടെയും കച്ചവടതന്ത്രങ്ങളുടെയും പുതുകാലത്താണ് കവിത അഥവാ സാഹിത്യം എത്തിനിൽക്കുന്നത്. വിഷയത്തിലെ വസ്തുതകൾക്കപ്പുറം സംഭവങ്ങളുടെ അതിവൈകാരികവും അവാസ്തവവുമായ ഘടകങ്ങൾക്ക് പ്രാധാന്യം നൽകുകയും അസത്യത്തെ സത്യം പോലെ പൊതുജന മധ്യത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്ന, കെട്ടകാലത്താണ് നമ്മുടെ ജീവിതം. കവിതയും സാഹിത്യവും അധികാരത്തിൻ്റെ ചൊൽപ്പടിക്കു നിൽക്കുന്നിടത്ത് എതിർഭാഷ്യവുമായി വെള്ളാർമല ജി വി എച്ച് എസ് എസ് പോലുള്ള കവിതകൾ വായനക്കെത്തുന്നതാണ് സമകാലിക എഴുത്തിനെ പ്രതീക്ഷാ നിർഭരമാക്കുന്നത്.
ഗീബൽസിയൻ വർത്തമാനകാലത്തിൻ്റെ പ്രചാരണ വേലകളിൽ മനം മയങ്ങിയവരെയും മനുഷ്യനും മാനവികതയ്ക്കുമപ്പുറം മിഥ്യയായ താരനിർമിതികളിൽ ഊറ്റം കൊള്ളുന്നവരെയും ആഗോള വാണിജ്യ മാത്സര്യങ്ങളുടെ പതാകാവാഹകരെയും ഈ കവിതകൾ സ്പർശിച്ചു കൊള്ളണമെന്നില്ല. അല്ലാത്തവർക്ക് സ്വയം പരിശോധനയുടെയും ഉണരുന്ന മാനവികതയുടെയും ആത്മാന്വേഷണത്തിനുള്ള പാഠപുസ്തകമായിരിക്കും ഇത്. അവരുടെ സത്യവാങ്മൂലങ്ങളുമായിരിക്കും ഇതിലെ ഓരോ കവിതയും...!