Book Review

യാഥാര്‍ത്ഥ്യത്തിന്റെ അപൂര്‍ണതകളില്‍ ജീവിക്കുന്ന കഥകള്‍

പരിമിതവിഭവര്‍ പരീക്ഷിക്കപ്പെടുന്ന ചെക്ക്‌പോസ്റ്റാണ് മലയാള ചെറുകഥ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മറ്റേത് സാഹിത്യശാഖയെക്കാളും പ്രായപൂര്‍ത്തി കഴിഞ്ഞു നില്‍ക്കുന്ന മലയാള ചെറുകഥയെ ഈസിയായി കീഴ്പ്പെടുത്തി കടന്നുപോകാന്‍ ബുദ്ധിമുട്ടാണ്. ആധുനികത നല്‍കിയ വൈവിധ്യങ്ങളായ സൂക്ഷ്മതകളെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. വായിക്കുന്ന കഥയ്ക്കകത്ത് ഒരാളെ അകപ്പെടുത്തുക അത്ര എളുപ്പമല്ല. കാരണം, വാസനാവികൃതിയില്‍ തുടങ്ങി അത് ഒരു ഉരുക്കുകോട്ടയായി എഴുത്തുകാരെ വെല്ലുവിളിക്കുന്നുണ്ട്. പെട്ടെന്ന് പ്രായപൂര്‍ത്തിയായി സകല വ്യക്തിഗത-സാമൂഹിക ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത സാഹിത്യ സന്തതിയാണത്.

പൊതിച്ചോറ് എന്ന കഥകൊണ്ട് അത് വിദ്യാഭ്യാസത്തെ പോറ്റുന്ന സര്‍ക്കാരിനെയും പൊതുമനസ്സിനെയും സമൂഹമനസ്സാക്ഷിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത് നമ്മള്‍ കണ്ടു. കഥയില്‍ വൈകിവന്ന ആളാണ് കാരൂര്‍. പക്ഷെ, അനുഭവങ്ങളുടെ മൂശയില്‍ നേരത്തെ തയ്യാറായി നില്‍ക്കുന്ന അവബോധങ്ങള്‍ അദ്ദഹത്തിന്റെ കഥക്ക് എപ്പോഴും അകമ്പടി സേവിച്ചു. വാക്കിന്റെ വിദ്യുത് തരംഗങ്ങള്‍ പൊന്‍കുന്നം വര്‍ക്കിയുടെ കഥയില്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. സകലചരാചരങ്ങളും ഒരു ചെറുകഥയില്‍ ഒരുമിച്ചു കഥാപാത്രമായി നില്‍ക്കുന്ന ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥ പാരിസ്ഥിതിക ശാസ്ത്രഗ്രന്ഥങ്ങള്‍ വായിച്ഛ് 'ഉണ്ടാക്കിയതല്ല'. സത്യത്തില്‍ അതിന്റെ വേര് അഭിജ്ഞാന ശാകുന്തളത്തില്‍ തിരഞ്ഞാലും കിട്ടും.

ഇന്ന് എഴുതുന്ന കഥ, എഴുതാന്‍ തുടങ്ങുന്ന നിമിഷം വരെയുള്ള ലോകാവബോധങ്ങളുടേതാണ്. അവിടെ നിന്ന് കഥ എഴുതുന്ന ആള്‍ യാത്ര തിരിക്കേണ്ടതുണ്ട്. ഇങ്ങനെ അനേക വൈപുല്യങ്ങളും വൈവിധ്യങ്ങളും കോര്‍ത്തുവെക്കപ്പെട്ട ഒരിടമാണ് മുഹമ്മദ് റാഫി എന്‍.വിയുടെ പ്രാവുകളുടെ ഭൂപടം എന്ന കഥാപുസ്തകം. അത് നാം കടന്നുപോകുന്ന ലോകത്തെ കഥയെ ഒരു ബദല്‍ ശക്തിയാക്കി കൊണ്ട് സമീപിക്കുന്നു. ഇഴപിരിഞ്ഞുപോകുന്ന വൈവിധ്യമാര്‍ന്ന മനുഷ്യസന്ദര്‍ഭങ്ങളാണ് ഈ കഥകളിലെ ജീവിതം. അല്‍ ക്വയ്ദ മുതല്‍ കുമാരനാശാന്റെ നളിനി വരെ വിപുലപ്പെട്ടു നില്‍ക്കുന്ന മാനസസഞ്ചാരം കൂടി ഈ കഥകളിലുണ്ട്. മലയാളകഥകളില്‍ സാമൂഹ്യവ്യക്തിയുടെ അവബോധങ്ങള്‍ എങ്ങനെ പ്രതിഫലിക്കുന്നു, അവയില്‍ എങ്ങനെ ആഗോളീകരണ കാലത്തെ മനുഷ്യന്‍ കുടിപാര്‍ക്കുന്നു എന്നതിന്റെ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ റാഫി യുടെ ഈ കഥകളില്‍ കാണാം.

കാണാപാഠം പഠിച്ചും മറ്റുള്ളവരുടെ ധൈഷണികശക്തിയെ മാന്തിയെടുത്ത് സ്വന്തമാക്കുകയും ചെയ്യുന്ന പദ്ധതിയല്ല അത്. അവബോധം വേറെയാണ്, അവബോധത്തിന്റെ പ്രതിഫലനങ്ങള്‍ വേറെയാണ്. പൈപ്പ് വെള്ളത്തിലുള്ള ക്ലോറിന്‍ അവയ്ക്കകത്തുണ്ടാവില്ല. പഠിച്ച പാറകളെ ഉപേക്ഷിച്ച് പൊട്ടിയൊലിക്കുന്ന അവബോധത്തിന്റെ നീര്‍ച്ചാലാണത്. ഈ കഥകളെ നിരന്തരം പിന്തുടരുന്ന ഗസലുകള്‍ കഥയുടെ ആത്മമന്ത്രണമാണ്. സംഗീതം മാത്രമല്ല, മദ്യം, ഉന്മാദം, രതി എന്നിവയുടെ ആന്തരികനിഴലുകള്‍ കഥകളെ പിന്തുടരുന്നത് കാണാം. പ്രണയം നഷ്ടസൗഭാഗ്യമായി മനസ്സിനെ അലട്ടുന്നത് കാണാം. 'പ്രീ ഡിഗ്രിക്ക് കൂടെ പഠിച്ച സൗദാമിനിയെ വളരെ പില്‍ക്കാലത്ത് കണ്ടപ്പോള്‍, അവള്‍ക്ക് ശ്രീകുമാറിനോടുള്ളതിനേക്കാള്‍ ഏറെയിഷ്ടം എന്നോടായിരുന്നു എന്ന് പറഞ്ഞതോര്‍ത്ത് ആശ്വസിച്ചു.' എന്ന് കഥയില്‍ എഴുതുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്.

അമൂര്‍ത്തമായ യാഥാര്‍ഥ്യത്തിന്റെ മഹാസമുദ്രത്തിലെ കൊച്ചു ദ്വീപുകളാണല്ലോ മനുഷ്യയാഥാര്‍ഥ്യം. പ്രച്ഛന്നഭൂതമായി വര്‍ത്തമാനത്തില്‍ വന്നിരിക്കുന്ന രൂപത്തെ എവിടെ വെച്ചും നമുക്ക് കണ്ടുമുട്ടാം. വെര്‍ണാഡ് എത്രപെട്ടെന്നാണ് സൗദാമിനിയായത്! ഇത് സ്ത്രീഭയമാണോ സ്ത്രീയെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനാവാത്ത പുരുഷ ഈഗോയാണോ എന്ന് കഥാവായനക്കാര്‍ തീരുമാനിക്കട്ടെ. യാഥാര്‍ത്ഥ്യത്തെ ഭാവനയുടെ ലോകത്ത് ജീവിച്ചിരുന്ന മനുഷ്യരായി പലയിടത്തും പ്രത്യക്ഷപ്പെടുന്നതും ശ്രദ്ധേയമാണ്. ഹാരിസ് മാഷും ജഗതി ശ്രീകുമാറും ഭൂതകാലത്തില്‍ നിന്ന് തന്നെയാണല്ലോ വരുന്നത്. സെലിബ്രിറ്റികളുടെയും ചരിത്രപുരുഷന്‍മാരുടെയും നിരതന്നെ വേറെയുണ്ട്.

ഒട്ടുമിക്ക കഥകളിലൂടെയും കടന്നുപോകുമ്പോള്‍ ഭൗതിക വലയില്‍ കുടുങ്ങിയതിന്റെ പിടച്ചില്‍ അനുഭവവേദ്യമായി തീരുന്നു, വായനയില്‍. അതില്‍ മറ്റൊന്ന് പിരിഞ്ഞു പോകലുമായി ബന്ധപ്പെട്ടാണ്. പിരിഞ്ഞുപോകുന്ന കാമുകിമാര്‍ യഥേഷ്ടം! പിന്നീട് അവരെ കണ്ടുമുട്ടാനുള്ള ത്വരയും യഥേഷ്ടം! നഷ്ടപ്രണയത്തെ പുതിയകാലത്തെ തിന്മാരാഷ്ട്രീയവുമായി ബന്ധിപ്പിച്ചു പറയുന്ന ഗുജറാത്ത് എന്ന കഥയില്‍ ഫയിസ് അഹമ്മദ് ഫയിസിന്റെ' എന്നെന്നേക്കുമായി നമ്മള്‍ പിരിഞ്ഞിരിക്കാം/ എങ്കിലും നീ എന്നെ സ്വപ്നത്തില്‍ കണ്ടു മുട്ടിയേക്കും/വീണുണങ്ങിയ പൂവിനെ, പഴയൊരു പുസ്തകത്താളിനിടയില്‍ കാണുന്ന പോലെ' എന്ന വരികളോടെ അവസാനിപ്പിക്കുക വഴി പ്രണയത്തെയും രാഷ്ട്രീയത്തെയും ആത്മീയതയുമായി ബന്ധിപ്പിക്കുകയാണ് റാഫി.

കഥകളുടെ സ്ഥലവ്യാപ്തി ഇന്ത്യന്‍ മണ്ണ് തന്നെ. കേരളഗ്രാമത്തിനോ അതിന്റെ സാമാന്യതക്കോ ഈ കഥയില്‍ വലിയ സ്ഥാനമില്ല. മാറുന്ന ഇന്ത്യയും അതിലെ രാഷ്ട്രീയ ഛായയും ഈ വര്‍ഗ്ഗത്തില്‍ വരുന്ന കഥകളുടെ നാലഞ്ച് പാതകളിലൊന്നാണ്. നഷ്ടപ്രണയം പലപ്പോഴും നഷ്ടരാഷ്ട്രീയമായിട്ടാണോ പ്രത്യക്ഷപ്പെടുന്നതെന്നു പോലും ചിലേടത്ത് തോന്നാം. സാംസ്‌കാരിക വൈവിധ്യങ്ങളുടെ സമതലങ്ങളിലും കഥ യാത്രചെയ്യുന്നു. കാണുന്നില്ല എന്ന രചന ഒരു ഉദാഹരണം. മതവിശ്വാസികള്‍ക്കേല്‍ക്കുന്ന പരിക്കുകളെ പറ്റിയല്ല, മതേതരമായി ജീവിക്കാനുള്ള അഭിവാഞ്ജ പുലര്‍ത്തുന്നവരുടെ ഉത്കണ്ഠ ഒരു വേട്ടയാടല്‍ പോലെ റാഫിക്കഥകളെ നിരന്തരം പിന്തുടരുകയും വായനക്കാരെ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നു.

മനുഷ്യന്‍ എന്ന ബിന്ദുവിലേക്ക്, അവയുടെ ഹൃദയ ധമനികളിലേക്ക് സഞ്ചരിക്കാതെ, 'ഒരുമനുഷ്യന്റെ മൂല്യം അവന്റെ പുറമെയുള്ള സ്വത്വത്തിലേക്കും ഏറ്റവും അടുത്ത സാധ്യതയിലേക്കും മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. ഒരു വോട്ടിലേക്ക് അതുമല്ലെങ്കില്‍ ഒരു നമ്പറിലേക്ക്' എന്ന അവസ്ഥയെച്ചൊല്ലി ഇതേ കഥ ഉറക്കെ ചിന്തിക്കുന്നത് കാണാം. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഹിംസയുടെ സഞ്ചാരം ചിന്തിക്കുന്ന ഏത് മനുഷ്യനെയും പോലെ കഥാപാത്രങ്ങളിലും നിറഞ്ഞാടുന്നു. പുതിയ കാലത്തിന്റെ, ഏറ്റവും പുതിയ നവഫാസിസ കാലത്തിന്റെ ഏറ്റവും പുതിയ അനുരണനങ്ങള്‍ മനുഷ്യ വിചാരങ്ങളിലും സഞ്ചാരവഴികളിലും അന്തമറ്റ നിലയില്‍ വിതറിയും വീണുപോയും കഥയില്‍ കറുത്തരക്തമായി നില്‍ക്കുന്നു.

ടി പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെ പ്രമേയസാദൃശ്യം കൊണ്ടോ പരിചരണശൈലികൊണ്ടോ അല്ലാതെ ഓര്‍മിപ്പിക്കുന്ന കഥയാണ് മിഠായിതെരുവ്. പൂര്‍വ്വനിശ്ചിതമായ സഞ്ചാരത്തില്‍ നിന്നു വ്യതിചലിക്കുന്നു മിറായിതെരുവ്. 'കഥയറിയാമോ/ മാലാര്‍ന്നോരെന്നാത്മരാഗം/ ഞാന്‍ മാത്രമാലപിക്കൂ മൂകം' എന്ന വിലാപഛായയില്‍ അവസാനിക്കുന്നു. 'എന്റെയല്ലെന്റെയല്ലീ കൊമ്പനാനകള്‍' എന്ന് മറ്റൊരര്‍ത്ഥത്തില്‍ ഓര്‍മിപ്പിക്കുംവിധം കോര്‍പറേറ്റ് വല്‍ക്കരണത്തിന്റെയും സവര്‍ണ ജാതിവത്കരണത്തിന്റെയും മാറിവന്ന പുതിയ കാലത്തിന്റെ ഏറ്റവും പുതിയ വര്‍ണ്ണങ്ങള്‍ നാളത്തെ ആര്‍കൈവ്‌സ് പോലെ പലകഥകളിലും റാഫി വരച്ചു ചേര്‍ത്തതായി കാണാം. ജീവിക്കുന്ന കാലത്തില്‍ നിന്ന് കാണാതായിപ്പോകുന്നവരെ കൂടുതല്‍ നിറം ചേര്‍ത്ത് അവതരിപ്പിക്കുന്ന 'കാണുന്നില്ല' പോലുള്ള കഥകള്‍ ഒരു പക്ഷെ, പില്‍ക്കാലത്താവാം കൂടുതല്‍ തെളിച്ചത്തില്‍ കാണാനാവുക.

മൃഗങ്ങളെപോലും മതവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഉന്മാദങ്ങള്‍ നാടിനെ, അതിന്റെ പൗരന്മാര്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ലേ എന്ന ആധി നമുക്കുണ്ടാക്കാം. സത്യാത്മകമായും സര്‍ഗാത്മകമായും തിരിച്ചറിയാനാവാത്ത ഒരു ജീവിതം കൊണ്ട് അലങ്കരിക്കപ്പെട്ടേക്കാം. മതേതരമായി മനുഷ്യര്‍ ഒന്നിച്ചു ജീവിക്കാനുള്ള അഭിവാഞ്ഛ നിശബ്ദമായ നിലവിളിയായി കാണുന്നില്ല എന്ന കഥയില്‍ ഒളിച്ചിരിക്കുന്നു. പുതിയ കാലം അത്രമേല്‍ ഭാരം നല്കുന്നതുകൊണ്ടാവാം, കാലക്രമങ്ങളെ അട്ടിമറിക്കാനുള്ള ത്വര പല കഥകളിലും അവസരം പാര്‍ത്തുനില്‍ക്കുന്നത് കാണാം. 'ലക്ഷ്മണാനയും മെരിജുവാനയും പിന്നെ ലീനാപോളും' എന്ന കഥ ഉദാഹരണം. അത്രമേല്‍ ചുട്ടുനീറുമ്പോള്‍ പാര്‍ക്കാനുള്ള ജീവിതങ്ങള്‍ സ്വപ്നത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും കാലുകള്‍ മാറി മാറി വെക്കുകയല്ലാതെന്ത് ചെയ്യും?

നിങ്ങള്‍ ജീവിക്കുന്ന രാഷ്ട്രീയത്തിലായാലും പ്രണയത്തിലായാലും മതാത്മകജീവിതത്തിലായാലും ചരിത്രബോധത്തിലായാലും തൊഴില്‍ പരിസരങ്ങളിലായാലും യുക്തിബോധം വലിയൊരു ആര്‍ഭാടമായിത്തീരുന്ന നവഫാസിസ കാലത്ത്, ഉള്ളുണര്‍വ് ജീവാപായകാരണമായിത്തീരുന്ന ഒരിടത്ത്, കവികള്‍ എന്ത് ചെയ്യും? പിക്കാസോയോട് ഒരാള്‍ ഉപദേശിക്കുന്നുണ്ട്. താങ്കള്‍ക്ക് നേരായ ചിത്രങ്ങള്‍ വരച്ചാലെന്താ? ഇതാ, എന്റെ ഭാര്യയെ മറ്റൊരു ചിത്രകാരന്‍ വരച്ച ചിത്രം നോക്കൂ. എത്ര റിയലിസ്റ്റിക് ആണിത്. ഈ ചിത്രം കണ്ടാല്‍ ആര്‍ക്കും ഇതെന്റെ ഭാര്യയാണെന്ന് പറയാനാവും. ചിത്രം വാങ്ങി സൂക്ഷിച്ചു നോക്കിയ ശേഷം പിക്കാസോ ചോദിച്ചു: 'ഹോ, നിങ്ങളുടെ ഭാര്യ ഇത്ര പരന്നിട്ടാണ്. അല്ലേ?' എല്ലാം പരന്നുപോയ കാലത്ത് യാഥാര്‍ഥ്യത്തിന്റെ മള്‍ട്ടി ഡൈമന്‍ഷ്യന്‍ ചിത്രങ്ങള്‍ വരച്ഛ് എഴുത്തുകാര്‍ നവ റിയലിസത്തെ തിരിച്ചുകൊണ്ട് വരേണ്ടതായിവരുന്നു. റാഫി പലപാട് യാഥാര്‍ഥ്യത്തില്‍ നിന്ന് തെന്നിമാറുന്നത് ഒട്ടും യാദൃച്ഛികമല്ല തന്നെ.

(പ്രാവുകളുടെ ഭൂപടം എന്ന പുസ്തകത്തിന് എഴുതിയ അവതാരിക)

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT