എന്താണ് തുറന്ന ജയില്‍, അവിടേക്ക് തടവുകാരെ എങ്ങനെയാണ് പ്രവേശിപ്പിക്കുന്നത്?

എന്താണ് തുറന്ന ജയില്‍, അവിടേക്ക് തടവുകാരെ എങ്ങനെയാണ് പ്രവേശിപ്പിക്കുന്നത്?
Published on

ജയിലുകള്‍ പല തരത്തിലുണ്ട്. അവയില്‍ വളരെ പ്രത്യേകതകളുള്ള ജയിലുകളാണ് തുറന്ന ജയിലുകള്‍. താരതമ്യേന സെക്യൂരിറ്റി കുറവുള്ള ഈ ജയിലുകളില്‍ എല്ലാ തടവുകാര്‍ക്കും പ്രവേശനം സാധ്യമാവില്ല. കേരളത്തില്‍ രണ്ടിടങ്ങളിലാണ് തുറന്ന ജയിലുകളുള്ളത്. തിരുവനന്തപുരത്തും കാസര്‍കോടും. തടവുകാര്‍ക്ക് ശിക്ഷായിളവിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്. എന്തുകൊണ്ടാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പു തന്നെ ഇവര്‍ക്ക് ഇളവ് നല്‍കുന്നത്. ദ ക്യൂ അഭിമുഖത്തില്‍ ഈ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മുന്‍ ജയില്‍ ഡിഐജി സന്തോഷ് സുകുമാരന്‍

തുറന്ന ജയിലുകള്‍

തുറന്ന ജയിലുകള്‍ ഏറ്റവും മിനിമം സെക്യൂരിറ്റിയുള്ള ജയിലുകളാണ്. കേരളത്തില്‍ വളരെ പ്രസിദ്ധമായ രണ്ട് ഓപ്പണ്‍ ജയിലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിന് അടുത്ത് നെട്ടുകാല്‍ത്തേരി എന്ന സ്ഥലത്താണ്. അത് 1962 മുതല്‍ പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജയിലാണ്. ഒരു പ്ലാന്റേഷനാണ്. അതുകൂടാതെ കാസര്‍കോട് ജില്ലയിലെ ചീമേനി എന്ന സ്ഥലത്ത്, അതും ഒരു പ്ലാന്റേഷനാണ്. നെട്ടുകാല്‍ത്തേരി 400-450 ഏക്കര്‍ സ്ഥലമുള്ളപ്പോള്‍ ചീമേനി 300 ഏക്കര്‍ സ്ഥലമുള്ള പ്ലാന്റേഷനാണ്. സ്ത്രീ തടവുകാര്‍ക്കു വേണ്ടി തിരുവനന്തപുരത്തെ പൂജപ്പുരയില്‍ ഒരു ഓപ്പണ്‍ ജയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണ തടവുകാര്‍ക്കുള്ള ലോക്കപ്പ്, മുറിക്കുള്ളില്‍ പൂട്ടിയിടല്‍, നിയന്ത്രണം, അങ്ങനെയൊന്നുമില്ല. അവര്‍ വളരെ സ്വതന്ത്രമായി താമസിക്കുന്ന ഇടമാണ്. പല തരത്തിലുള്ള പരിശോധനകള്‍ക്ക് ശേഷം ഒരു സെലക്ഷന്‍ പ്രൊസീജിയറിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന തടവുകാരാണ് അവിടേക്ക് പോകുന്നത്. ഈ ജയിലുകള്‍ക്ക് പ്രത്യേകിച്ച് മതിലുകളില്ല. അതിരുകള്‍ മാത്രമേ നിശ്ചയിച്ചിട്ടുള്ളു. ഒരു സ്ഥലത്ത് ഒരു ഹോസ്റ്റലില്‍ താമസിക്കുന്നതുപോലെ അവര്‍ താമസിക്കുന്നു. കുറച്ചുകൂടി സ്വതന്ത്രമായി ജീവിക്കുന്നു, ജോലി ചെയ്യുന്നു. സാധാരണയില്‍ കൂടുതല്‍ കൂലി അവിടെ ലഭിക്കും. അതു കൂടാതെ കൂടുതല്‍ പരോള്‍ അവിടെ ലഭിക്കും. സാധാരണ 60 ദിവസമാണ് തടവുകാര്‍ക്ക് ഒരു വര്‍ഷത്തില്‍ പരോള്‍ ലഭിക്കുക. പക്ഷേ, ഓപ്പണ്‍ ജയിലിലെ തടവുകാര്‍ക്ക് 75 ദിവസം വരെ ലഭിക്കും. കൂടാതെ ജയിലിനുള്ളിലേക്ക് വരാനും പോകാനുമൊക്കെ ഒരു ജാമ്യക്കാരന്റെ ആവശ്യമില്ല. പരോള്‍ കാലം എത്തിയാല്‍ അവരുടെ തന്നെ ഒരു അപേക്ഷയില്‍ അവരെ വിടും. അക്കാര്യങ്ങളിലെല്ലാം വളരെ ലഘുവായിട്ടുള്ള രീതികളാണ് അനുവര്‍ത്തിക്കുന്നത്.

തുറന്ന ജയിലുകളിലേക്ക് തടവുകാരെ തെരഞ്ഞെടുക്കുന്നത്

ചില തടവുകാരെ, അതായത്, ചില വകുപ്പുകള്‍ അനുസരിച്ച് ശിക്ഷിക്കപ്പെട്ട തടവുകാരെ ഓപ്പണ്‍ ജയിലിലേക്ക് അയക്കില്ല. കവര്‍ച്ചക്കേസ്, ബലാല്‍സംഗം, ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ അങ്ങനെയുള്ളവരെ ഓപ്പണ്‍ ജയിലിലേക്ക് തെരഞ്ഞെടുക്കാറില്ല. സാധാരണ ജയിലില്‍ വന്നതിന് ശേഷം കുറച്ചുകാലം അവിടെ കഴിഞ്ഞ്, പരോളില്‍ പോയിത്തുടങ്ങി, അവരെക്കുറിച്ച് നല്ല റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെന്ന് മനസിലാക്കിയതിന് ശേഷമാണ് ഓപ്പണ്‍ ജയിലിലേക്ക് അയക്കുന്നത്. അതിനായി ഒരു സെലക്ഷന്‍ കമ്മിറ്റിയുണ്ട്. ആ കമ്മിറ്റി തടവുകാരെ തെരഞ്ഞെടുക്കും, അവരുടെ ഫിറ്റ്‌നസ് പരിശോധിക്കും, ജയിലിന് പുറത്ത് അവരുടെ പെരുമാറ്റം എങ്ങനെയായിരിക്കും എന്നുള്ള കാര്യങ്ങള്‍ നോക്കിയതിന് ശേഷമായിരിക്കും അവരെ തുറന്ന ജയിലിലേക്ക് അയക്കുന്നത്.

ശിക്ഷായിളവിനുള്ള മാനദണ്ഡങ്ങള്‍

തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കുന്നത് അവരുടെ സ്വഭാവത്തിന്റെയും ഏല്‍പിക്കുന്ന ജോലി ചെയ്യുന്നതിന്റെയും അടിസ്ഥാനത്തിലാണ്. ചില വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷായിളവില്ല. എന്നാല്‍ മിക്കവാറുമുള്ള തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നിയമമുണ്ട്. ചട്ടപ്രകാരവും നിയമപ്രകാരവും തടവുകാരുടെ ശിക്ഷാ കാലയളവിനുള്ളില്‍ കുറച്ച് ഇളവുകള്‍ നല്‍കുന്ന രീതിയുണ്ട്. ഏല്‍പിക്കുന്ന ജോലി നന്നായി ചെയ്യുന്നു, മറ്റു ശിക്ഷാ നടപടികളൊന്നുമില്ലാതെ ജയിലിനുള്ളില്‍ നല്ല സ്വഭാവം സൂക്ഷിക്കുന്നു എന്നിവ പരിഗണിച്ചാണ് ഇളവ് നല്‍കുന്നത്. ജയില്‍ നിയമ പ്രകാരം ആകെയുള്ള ശിക്ഷയുടെ മൂന്നിലൊന്ന് വരെ ശിക്ഷായിളവ് നല്‍കാന്‍ സാധിക്കും. മൂന്നു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ഒരു തടവുകാരന് രണ്ടു വര്‍ഷം ശിക്ഷ പൂര്‍ത്തീകരിച്ചാല്‍ അയാള്‍ റിലീസ് ചെയ്യപ്പെടാം. ഒരു വര്‍ഷം വരെ അയാളുടെ ശിക്ഷയില്‍ കുറവു വരുത്താന്‍ സാധിക്കും. അത് തടവുകാര്‍ക്ക് നല്ല രീതിയില്‍ പെരുമാറാനും തിരുത്തല്‍ പ്രക്രിയയില്‍ സജീവമായി പങ്കാളികളാകാനും പ്രചോദനമാകാറുണ്ട്.

എന്താണ് തുറന്ന ജയില്‍, അവിടേക്ക് തടവുകാരെ എങ്ങനെയാണ് പ്രവേശിപ്പിക്കുന്നത്?
എത്ര വര്‍ഷമാണ് ജീവപര്യന്തം തടവിന്റെ കാലാവധി? ജയിലിലെ ജോലികള്‍ക്ക് തടവുകാര്‍ക്ക് കൂലി കൊടുക്കാറുണ്ടോ? Watch Interview

ജീവപര്യന്തം 14 വര്‍ഷമാണെന്ന് പറയുന്നതിന് പിന്നിലെ യാഥാര്‍ത്ഥ്യം

ജീവപര്യന്തം എന്നത് ജീവിതാവസാനം വരെ എന്നു തന്നെയാണ്. അത് നിരന്തരമായിട്ട് കോടതികള്‍ ക്ലാരിഫൈ ചെയ്ത് പറയാറുണ്ട്. അവസാന ശ്വാസം വരെയാണ് ശിക്ഷ. പിന്നീട് ചില നടപടിക്രമങ്ങളിലൂടെ തടവുകാരുടെ റിലീസ് പരിഗണിക്കാന്‍ ഒരു കാലം നിശ്ചയിച്ചിട്ടുണ്ട്. ഏത് തടവുകാരുടെയും ഏതു ശിക്ഷയും, വധശിക്ഷയൊഴിച്ച് ബാക്കിയുള്ള ശിക്ഷകള്‍ പുനഃപരിശോധിക്കാനും ഇളവ് ചെയ്യാനുമുള്ള അധികാരം ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമുണ്ട്. വധശിക്ഷാ പ്രതിയുടെ കാര്യത്തില്‍ അതിന് അധികാരം കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കുമാണ്. ഭരണഘടന അനുസരിച്ചുള്ള അധികാരം ഉപയോഗിച്ചാണ് അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുക. ബാക്കിയുള്ള തടവുകാരുടെ കാര്യത്തില്‍, പ്രത്യേകിച്ച് ജീവപര്യന്തം തടവുകാരുടെ കാര്യത്തില്‍ പതിനാല് വര്‍ഷത്തിന്റെ പ്രാധാന്യം എന്നു പറഞ്ഞാല്‍, പതിനാല് വര്‍ഷം കഴിയുമ്പോള്‍ ഇവരുടെ റിലീസ് സംബന്ധിച്ച് പരിശോധന നടത്താം എന്നുള്ള ഒരു ക്ലോസുണ്ട് നമ്മുടെ നിയമങ്ങളില്‍, പ്രത്യേകിച്ച് ക്രിമിനല്‍ നടപടി നിയമങ്ങളില്‍. അതിന്റെ ഭാഗമായിട്ടാണ് പതിനാല് വര്‍ഷം എന്നൊരു വിവക്ഷ വന്നത്. പതിനാല് വര്‍ഷം എന്നൊന്നും ഇല്ല. പതിനാല് വര്‍ഷമായാല്‍ അവരുടെ കേസ് പരിഗണിക്കാം, റിവ്യൂ ചെയ്യാം. ആ റിവ്യൂ ചെയ്യുന്നതിനായി ജയിലുകള്‍ക്ക് ഒരു സംവിധാനമുണ്ട്, അഡൈ്വസറി ബോര്‍ഡ്. ഇതിന് മുന്നില്‍ പതിനാല് വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ കേസ് വെക്കും. അത് ഡിജിപിയും സെഷന്‍സ് ജഡ്ജും അടങ്ങുന്ന കമ്മിറ്റി പരിഗണിച്ചതിന് ശേഷം വിടാവുന്നവരെ ശുപാര്‍ശ ചെയ്യും. ആ ശുപാര്‍ശ പ്രകാരം ഗവണ്‍മെന്റ് അവരെ റിലീസ് ചെയ്യും. പതിനാല് വര്‍ഷം കഴിഞ്ഞാല്‍ അവരുടെ കേസ് റിവ്യൂ ചെയ്യുന്നുവെന്ന് മാത്രമേയുള്ളു, വിടണമെന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in