കരൂര്‍ ദുരന്തം; വിജയ് വരുത്തിയ വീഴ്ചകള്‍ എന്തൊക്കെ?
കരൂര്‍ ദുരന്തത്തില്‍ വിജയ് കുറ്റക്കാരനാണോ? ആണെങ്കില്‍ വിജയ്ക്ക് എവിടെയൊക്കെയാണ് പിഴച്ചത്? എന്തുകൊണ്ടാണ് വിജയ് മണിക്കൂറുകള്‍ വൈകിയെത്തിയത്?
27-ാം തിയതി ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു പര്യടനം ആസൂത്രണം ചെയ്തത്. നാമക്കലില്‍ രാവിലെ 8.45ന് നിശ്ചയിച്ച പരിപാടിക്ക് വിജയ് എത്തിയത് 2 മണിക്ക്. കരൂരില്‍ വിജയ് എത്തുമെന്ന് അറിയിച്ചിരുന്നത് ഉച്ചക്ക് 12.45ന്. രണ്ടിടങ്ങളിലും ജനങ്ങള്‍ രാവിലെ മുതല്‍ വെയില്‍ കൊണ്ട് കാത്തിരുന്നു. നാമക്കലിലെ പരിപാടി കഴിഞ്ഞ് 40 കിലോമീറ്റര്‍ അകലെയുള്ള കരൂരിലേക്ക് 5000ത്തോളം അനുയായികളുടെ അകമ്പടിയിലാണ് വിജയ് എത്തിയത്. ഒരു മണിക്കൂര്‍ മാത്രമെടുക്കുന്ന യാത്ര നാല് മണിക്കൂര്‍ നീണ്ടു. ഒടുവില്‍ കരൂരില്‍ എത്തുമ്പോള്‍ സമയം 7 മണി കഴിഞ്ഞിരുന്നു. രാവിലെ മുതല്‍ കാത്തിരുന്നവര്‍ തളര്‍ന്നു വീണ് തുടങ്ങിയിരുന്നു. വിജയ് വരുന്നതിന് മുന്‍പ് തന്നെ ആംബുലന്‍സുകളില്‍ അവരെ മാറ്റാന്‍ തുടങ്ങിയിരുന്നു. തന്നെ കാണാന്‍ ആയിരങ്ങള്‍ കാത്തിരിക്കുമെന്ന് അറിയാത്ത ആളല്ല രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്ന ദളപതി. യാത്ര വൈകിയത് മുതല്‍ തുടങ്ങുന്നു വിജയ് വരുത്തിയ വീഴ്ചകള്‍.
കരൂരില്‍ 10,000 പേര്‍ പങ്കെടുക്കുന്ന പരിപാടിക്കായിരുന്നു ടിവികെ അനുമതി തേടിയത്. എന്നാല്‍ എത്തിയത് എണ്ണാന്‍ കഴിയാത്ത വിധം ആളുകള്‍. നാമക്കലില്‍ നിന്നെത്തിയവരും ചേര്‍ന്നപ്പോള്‍ സ്ഥിതി നിയന്ത്രണം വിടുന്ന അവസ്ഥയിലേക്ക്. രാവിലെ മുതല്‍ കാത്തിരുന്ന ആളുകള്‍ വിജയ് എത്തിയപ്പോള്‍ താരത്തെ കാണുന്നതിനായി തിരക്ക്കൂട്ടി. കടകളുടെ ടിന്‍ ഷീറ്റ് മേല്‍ക്കൂരകളിലും മരങ്ങളിലും ട്രാന്‍സ്‌ഫോര്‍മറില്‍ വരെയും അവര്‍ കയറി. വിജയ് യാത്ര ചെയ്യു ബസില്‍ ഇരിപ്പിടത്തിന് അരികില്‍ ഒരു ലൈറ്റ് സാധാരണ തെളിയിക്കാറുണ്ട്. ജനാലയിലൂടെ താരത്തെ കാണാവുന്ന വിധത്തിലാണ് ആ സംവിധാനം. കരൂരില്‍ എത്തുമ്പോള്‍ അത് തെളിച്ചിട്ടുണ്ടായിരുന്നില്ല. അതോടെ വിജയിനെ കാണുന്നതിനായി ബസിനരികിലേക്കും അവര്‍ ഓടിയെത്തി. ഇതിനിടയില്‍ ആളുകള്‍ കയറിയ ഒരു മരച്ചില്ലയൊടിഞ്ഞു വീഴുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ജനങ്ങള്‍ ഭയന്നോടാന്‍ തുടങ്ങി. പൊലീസ് ഇടപെട്ടു. ഈ അപകടത്തിന്റെ ബഹളത്തിനിടയിലാണ് വിജയ് സംസാരിക്കാന്‍ തുടങ്ങിയത്. ആംബുലന്‍സുകള്‍ ഇതിനിടെ വന്നു പോയിക്കൊണ്ടിരുന്നു. പ്രസംഗം പലതവണ നിര്‍ത്തേണ്ടി വന്നു. ആംബുലന്‍സിലും നമ്മുടെ കൊടിയുണ്ടല്ലോ എന്ന് വിജയ് തമാശ പറഞ്ഞത് അണികള്‍ മരണാസന്നരായി വീഴുമ്പോളായിരുന്നു. നേതാക്കള്‍ പറഞ്ഞപ്പോളാണ് നടന് വിഷയത്തിന്റെ ഗൗരവം മനസിലായത്.
ജനങ്ങള്‍ കണ്‍മുന്നില്‍ കുഴഞ്ഞു വീഴുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുത്തു. കുപ്പികള്‍ക്കായി ജനം തിക്കിത്തിരക്കി. ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. ഇതിനിടയില്‍ വൈദ്യുതി നിലക്കുകയും മൈക്കിലൂടെ വിജയ് പറയുന്നത് കേള്‍ക്കാനാകാതെ ആളുകള്‍ ബസിന് കൂടുതല്‍ അടുത്തേക്ക് നീങ്ങുകയും ചെയ്തു. വിജയിനെ നേരില്‍ കാണുന്നതിനായി റിസ്‌കെടുത്തവര്‍ വീണു. ആള്‍ക്കൂട്ടം നിയന്ത്രണം വിട്ടു. മൂന്നിടത്ത് ജനങ്ങള്‍ നിയന്ത്രണം വിട്ട് വീണു. കുഴപ്പം മനസിലായ വിജയ് പ്രസംഗം മതിയാക്കി അവിടെ നിന്ന് പോകാന്‍ തുടങ്ങിയപ്പോള്‍ ബസിന് പിന്നാലെ ഓടിയവരും അപകടത്തില്‍ പെട്ടു. 32 പേരെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആള്‍ക്കൂട്ടം ഉണ്ടാകുമെന്നും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നും പല പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ കൂടി നേതൃത്വം വഹിക്കുന്ന ടിവികെക്ക് അറിയാത്തതാണോ?
പര്യടനത്തിന്റെ തുടക്കം മുതല്‍ തന്നെ വിജയ് എത്തുന്നയിടങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ഗതാഗത സ്തംഭനം ഉണ്ടാകുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 13ന് സംസ്ഥാന പര്യടനം ആരംഭിച്ചപ്പോള്‍ മുതലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിജയ് അടക്കം ആ പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്ന ആരെങ്കിലും ശ്രമിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സംഭവിച്ച ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ലേ എന്നതാണ് പ്രസക്തമായ ചോദ്യം. രാഷ്ട്രീയ നേതാക്കള്‍ അണികളെ കാത്തിരുത്തി മണിക്കൂറുകള്‍ വൈകിയെത്തുന്നത് പതിവാണെങ്കിലും ഇത്രയാളുകളെ കുടിവെള്ളം പോലും കൊടുക്കാതെ പകല്‍ മുഴുവന്‍ നിര്‍ത്തുകയും മനഃപൂര്‍വ്വം യാത്ര വൈകിപ്പിക്കുകയും ചെയ്തത് ദുരന്തത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. രാഷ്ട്രീയമായി പ്രതിരോധം തീര്‍ത്താലും ഈ വസ്തുത വിജയ്‌ക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ നിഷേധിക്കാനാവില്ല. സംഭവമുണ്ടായതിന് പിന്നാലെ ചെന്നൈയിലേക്ക് തിടുക്കത്തില്‍ പോയതും വിഷയത്തില്‍ കാര്യമായി പ്രതികരിക്കാത്തതും വീഴ്ച തന്നെയാണ്. ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.