മരണ സംഖ്യ 39, വിജയ്‌യെ കാണാന്‍ എത്തിയത് പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍, കരൂരില്‍ സംഭവിച്ചത് എന്ത്?

മരണ സംഖ്യ 39, വിജയ്‌യെ കാണാന്‍ എത്തിയത് പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍, കരൂരില്‍ സംഭവിച്ചത് എന്ത്?
Published on
Summary

പതിനായിരം പേര്‍ പങ്കെടുക്കുന്ന റാലിക്കായിരുന്നു ടിവികെ നേതൃത്വം അനുവാദം വാങ്ങിയത്. വിജയ് എത്തുന്നത് കാത്ത് അതിലേറെ ആളുകള്‍ കാത്തു നിന്നിരുന്നുവെന്നാണ് സൂചന.

സമാനതകളില്ലാത്ത ദുരന്തമാണ് കരൂരില്‍ ടിവികെ സംഘടിപ്പിച്ച റാലിയില്‍ ഉണ്ടായത്. വിജയ് സംസാരിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ കൊല്ലപ്പെട്ടു. ആളുകള്‍ കുഴഞ്ഞു വീഴുന്നത് കണ്ട് വിജയ് പ്രസംഗം നിര്‍ത്തിയെങ്കിലും നിയന്ത്രണാതീതമായ ആള്‍ക്കൂട്ടം സ്ഥിതിഗതികള്‍ കൈവിട്ടുപോകാന്‍ കാരണമായി. വിജയ് ആള്‍ക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുത്തതും പ്രശ്‌നത്തെ രൂക്ഷമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ വലിയ രാഷ്ട്രീയ തിരിച്ചടി കൂടി വിജയ് നേരിടുകയാണ്. സംസ്ഥാനമൊട്ടാകെ ടിവികെ നടത്തി വരുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി നടത്തിയ റാലിയിലാണ് അപകടമുണ്ടായത്. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

കരൂരില്‍ സംഭവിച്ചത്

പതിനായിരം പേര്‍ പങ്കെടുക്കുന്ന റാലിക്കായിരുന്നു ടിവികെ നേതൃത്വം അനുവാദം വാങ്ങിയത്. വിജയ് എത്തുന്നത് കാത്ത് അതിലേറെ ആളുകള്‍ കാത്തു നിന്നിരുന്നുവെന്നാണ് സൂചന. പ്രഖ്യാപിച്ച സമയത്തിന് ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിജയ് റാലി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേര്‍ന്നതെന്ന് പൊലീസ് പറയുന്നു. ഇത്രയും സമയം കാത്തിരുന്ന ജനങ്ങള്‍ കുഴഞ്ഞു വീഴാന്‍ തുടങ്ങിയിരുന്നു. 12 മണിയോടെ വിജയ് എത്തുമെന്നായിരുന്നു പാര്‍ട്ടി അറിയിച്ചത്. പരിപാടിക്ക് അനുവാദം ചോദിച്ചിരുന്നത് മൂന്ന് മണി മുതല്‍ 10 മണി വരെയും. രാവിലെ 11 മണി മുതല്‍ തന്നെ ആളുകള്‍ എത്തിച്ചേരാന്‍ തുടങ്ങിയിരുന്നു. വിജയ് റാലി നടക്കുന്ന സ്ഥലത്ത് എത്തിയത് രാത്രി 7.40നായിരുന്നു.

മണിക്കൂറുകള്‍ കാത്തുനിന്ന ജനങ്ങള്‍ക്ക് കാര്യമായ ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ല. കടുത്ത വെയിലില്‍ വിജയ്‌യെ കാത്തിരുന്ന ജനം താരം എത്തിയതോടെ പ്രചാരണ വാഹനത്തിന് ചുറ്റും നിരന്നു. ആറ് മണി മുതല്‍ തന്നെ ആളുകള്‍ കുഴഞ്ഞു വീഴാന്‍ തുടങ്ങിയിരുന്നു. ഇക്കാര്യം പ്രവര്‍ത്തകര്‍ വിജയിനെ അറിയിച്ചു. പ്രസംഗം നിര്‍ത്തിവെച്ച വിജയ് തളര്‍ന്നു വീഴുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതിനിടയില്‍ ജനങ്ങള്‍ക്കിടയിലേക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കുകയും ചെയ്തു. വെള്ളക്കുപ്പികള്‍ക്കായി ജനം തിരക്ക് കൂട്ടുന്നതും വീഡിയോകളില്‍ ദൃശ്യമാണ്. ജനങ്ങളെ നിയന്ത്രിക്കാന്‍ ഇറങ്ങിയ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു: വിജയ്

സംഭവത്തിന് പിന്നാലെ പ്രദേശം വിട്ട വിജയ് പിന്നീട് എക്‌സില്‍ അനുശോചനക്കുറിപ്പ് പ്രസിദ്ധീകരിച്ചു. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. ഇത് സഹിക്കാനാവുന്നില്ല. വിവരിക്കാനാവാത്ത ദുഃഖത്തിലും വേദനയിലുമാണ് ഞാന്‍ എന്നായിരുന്നു വരികള്‍. കരൂരില്‍ ജീവന്‍ വെടിഞ്ഞ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ടിവികെ റാലികള്‍ നിബന്ധനകള്‍ ലംഘിച്ചോ?

വലിയ ജനക്കൂട്ടമുണ്ടാകുന്ന ടിവികെ റാലികള്‍ നിബന്ധനകള്‍ ലംഘിച്ചാണോ നടത്തുന്നതെന്ന ചര്‍ച്ചകള്‍ ഇതിനിടെ സജീവമായി ഉയരുകയാണ്. റോഡ് ഷോകള്‍ക്ക് വിലക്കുണ്ടെങ്കിലും വിജയ് നയിക്കുന്ന റാലികള്‍ റോഡ് ഷോയായി മാറുകയാണ് ചെയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സെപ്റ്റംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നടത്തിയ റാലിയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ചൂണ്ടിക്കാട്ടി ടിവികെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ടിവികെയുടെ പരിപാടികള്‍ക്ക് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നായിരുന്നു വാദം. ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങിയവരെ പരിപാടികളില്‍ പങ്കെടുപ്പിക്കരുത് എന്നതടക്കമുള്ള നിബന്ധനകള്‍ ടിവികെ ചൂണ്ടിക്കാട്ടിയിരുന്നു. തിരുച്ചിറപ്പള്ളിയിലെ റാലി നിബന്ധനകള്‍ പാലിച്ചായിരുന്നു നടത്തിയത്. കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപക ചര്‍ച്ചയായിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ റാലികള്‍ നടത്തുമ്പോള്‍ അവരില്‍ നിന്ന് സെക്യൂരിറ്റി ഡിപ്പോസിറ്റായി ഒരു തുക ഈടാക്കുകയും റാലിയില്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് പരിഹാരമായി ഈ തുക വിനിയോഗിക്കുകയും ചെയ്യുന്ന തരത്തില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in