ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാറ്റിയെഴുതിയ മന്‍മോഹന്‍ സിങ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാറ്റിയെഴുതിയ മന്‍മോഹന്‍ സിങ്
Published on

നെഹ്രുവിനും ഇന്ദിരയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രി. ഇന്ത്യയുടെ സിഖ് കാരനായ ആദ്യ പ്രധാനമന്ത്രി. അധ്യാപകന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്, പ്ലാനിംഗ് കമ്മീഷന്‍ ചെയര്‍മാന്‍, യുജിസി ചെയര്‍മാന്‍, ധനകാര്യമന്ത്രി, പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി എന്നിങ്ങനെയുള്ള വ്യത്യസ്ത പദവികളില്‍ ഇരുന്നയാള്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കാരണമായി വിശേഷിപ്പിക്കപ്പെടുന്ന സാമ്പത്തിക ഉദാരവത്കരണ നയങ്ങളുടെ ഉപജ്ഞാതാവ്. വിവരാവകാശ നിയമം, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, ആധാര്‍ തുടങ്ങിയവയ്ക്ക് തുടക്കമിട്ട ഭരണാധികാരി. ഡോ.മന്‍മോഹന്‍ സിങ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാറ്റിയെഴുതിയ മന്‍മോഹന്‍ സിങ്
മന്‍മോഹന്‍ സിങ് ആദ്യവും അവസാനവും ഒരു ഇക്കണോമിസ്റ്റാണ്

അംബാസഡറും പ്രീമിയര്‍ പദ്മിനിയും മാരുതിയും മാത്രം ഓടിയിരുന്ന ഇന്ത്യന്‍ റോഡുകളിലേക്ക് വിദേശ കമ്പനികളുടെ കാറുകള്‍ വരാന്‍ കാരണമായത് പി.വി.നരസിംഹറാവു സര്‍ക്കാര്‍ അവതരിപ്പിച്ച സാമ്പത്തിക ഉദാരവത്കരണ നയങ്ങളായിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം 1991ല്‍ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ് സര്‍ക്കാരില്‍ സാമ്പത്തിക വിദഗ്ദ്ധനായ മന്‍മോഹന്‍ സിങ്ങിനെയാണ് നരസിംഹറാവു നിയോഗിച്ചത്. അക്കാലം വരെ നെഹ്‌റൂവിയന്‍ സോഷ്യലിസ്റ്റ് ശൈലിയില്‍ രാഷ്ട്രത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വിപണ നിയന്ത്രിതമായി മാറി. അത് നടപ്പാക്കിയെടുക്കുകയെന്നത് വലിയ വെല്ലുവിളികള്‍ നിറഞ്ഞ ഒന്നായിരുന്നു, കാരണം ഇടതുപാര്‍ട്ടികളും പ്രതിപക്ഷ കക്ഷികളും അതിനെ ശക്തമായി എതിര്‍ത്തു. പല മേഖലകളിലും 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചത് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്നും വിദേശ കമ്പനികള്‍ ഇന്ത്യയെ കൊള്ളയടിക്കുമെന്നും വാദങ്ങള്‍ ഉയര്‍ന്നു. ലൈസന്‍സ് രാജ് അവസാനിപ്പിച്ചതും ഇറക്കുമതി ചുങ്കം കുറച്ചതും വിദേശ കമ്പനികള്‍ക്ക് മാത്രമേ ഗുണം ചെയ്യൂ എന്നും പ്രതിഷേധിച്ചവര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇന്ന് കാണുന്ന വളര്‍ച്ചയ്ക്ക് കാരണമായത് ഈ ഉദാര സാമ്പത്തിക നയങ്ങളായിരുന്നുവെന്നാണ് പറയുന്നത്. അതിന് കാരണക്കാരനായത്, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് മന്‍മോഹന്‍ സിങ് എന്ന സാമ്പത്തിക വിദഗ്ദ്ധനായ ധനമന്ത്രിയും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന ഘട്ടത്തിലായിരുന്നു മന്‍മോഹന്‍ സിങ് ഇന്ത്യയുടെ ധനമന്ത്രിയാകുന്നത്. അതിന് മുന്‍പ് രാഷ്ട്രീയത്തില്‍ പരിചയമില്ലാതിരുന്ന മന്‍മോഹനെ ധനമന്ത്രിയാക്കാന്‍ നരസിംഹറാവുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 1972 മുതല്‍ 76 വരെയുള്ള കാലയളവില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായും 76 മുതല്‍ ധനകാര്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള പരിചയമുണ്ട് മന്‍മോഹന്. പിന്നീട് റിസര്‍വ് ബാങ്ക് ഗവര്‍ണറായും മന്‍മോഹന്‍ സിങ് പ്രവര്‍ത്തിച്ചിരുന്നു. നെഹ്‌റുവിന്റെ ഇന്ത്യയിലെ കയറ്റുമതി പെര്‍ഫോമന്‍സിനെക്കുറിച്ച് പഠിച്ചാണ് മന്‍മോഹന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്. അത്രയേറെ അറിവും വിഷനുമുള്ള ആളെന്ന നിലയിലായിരുന്നു നരസിംഹറാവു അദ്ദേഹത്തെ ധനമന്ത്രിയാക്കിയത്. ആദ്യഘട്ടത്തില്‍ വലിയ വിമര്‍ശനം നേരിട്ടെങ്കിലും മന്‍മോഹന്റെ നയങ്ങള്‍ പിന്നീട് അംഗീകരിക്കപ്പെട്ടു. ഒരിക്കല്‍ പോലും ലോക്‌സഭാംഗമായിട്ടില്ലാത്ത രാഷ്ട്രീയ നേതാവ് കൂടിയാണ് മന്‍മോഹന്‍. രാജ്യസഭാ എംപിയായിക്കൊണ്ടാണ് അദ്ദേഹം രണ്ടു വട്ടവും പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. ഒരു തവണ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവുമായി.

അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പോയതിന് ശേഷം 2004ല്‍ യുപിഎ അധികാരത്തില്‍ എത്തുമ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുകള്‍ ഉയര്‍ന്നു. പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ വിസമ്മതിച്ച സോണിയ ഗാന്ധി തന്നെയാണ് മന്‍മോഹന്റെ പേര് പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിച്ചത്. ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തില്‍ എത്തിയ ഒന്നാം യുപിഎ സര്‍ക്കാരില്‍ മന്‍മോഹന്‍ പ്രധാനമന്ത്രിയാകുന്നു. ആണവക്കരാര്‍ വിഷയത്തില്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ വിയോജിപ്പില്‍ സര്‍ക്കാര്‍ ആടിയുലഞ്ഞെങ്കിലും അധികാരം നിലനിര്‍ത്താന്‍ മന്‍മോഹന് കഴിഞ്ഞു. 2009ല്‍ മന്‍മോഹന്‍ തിരിച്ചു വന്നത് ശക്തനായിട്ടാണ്. പക്ഷേ, അഴിമതിയാരോപണങ്ങള്‍ നിരന്തരം ഉണ്ടായി. മന്‍മോഹന്റെ കൈകളില്‍ അഴിമതിക്കറ പുരണ്ടില്ലെങ്കിലും മന്ത്രിസഭയില്‍ പലരും ആരോപണങ്ങളില്‍ പെട്ടു. 2ജി സ്‌പെക്ട്രം അഴിമതിയും കല്‍ക്കരിപ്പാടം അഴിമതിയും സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടമാക്കി. ഒടുവില്‍ അഴിമതിക്കെതിരെയെന്ന പേരില്‍ ലോക്പാല്‍ നിയമം ആവശ്യപ്പെട്ട് അന്നാ ഹസാരെ നടത്തിയ സമരവും അന്നാ ഹസാരെയുടെ അറസ്റ്റും 2014ഓടെ യുപിഎയെ അപ്രസക്തമാക്കി.

നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കരണങ്ങളെ വളരെ സൂക്ഷ്മമായി അവലോകനം ചെയ്ത് വിമര്‍ശിക്കുന്ന മന്‍മോഹനെയാണ് പിന്നീട് കണ്ടത്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നെങ്കിലും മന്‍മോഹന്‍ പല കാര്യങ്ങളിലും സജീവമായിരുന്നു. സംഘടിതവും നിയമപരവുമായ കൊള്ളയെന്നാണ് നോട്ട് നിരോധനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ചെറുകിട ബിസിനസുകളെ അത് തകര്‍ക്കുമെന്ന് മനസിലാക്കാന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹത്തിന് കൂടുതല്‍ സമയം വേണ്ടിവന്നില്ല. നോട്ട് നിരോധനമുണ്ടാക്കിയ പൊല്ലാപ്പുകളും അതിന്റെ പരിണിതഫലങ്ങളും മന്‍മോഹന്റെ ആ പ്രവചനത്തെ സത്യമാക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in