രാത്രി മോഹന്‍ലാലിന്റെ കോള്‍, ഒരു പ്രാവശ്യം കൂടെ എടുത്താലോ; മണിച്ചിത്രത്താഴിനെക്കുറിച്ച് നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍

രാത്രി മോഹന്‍ലാലിന്റെ കോള്‍, ഒരു പ്രാവശ്യം കൂടെ എടുത്താലോ; മണിച്ചിത്രത്താഴിനെക്കുറിച്ച് നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായാണ് മണിച്ചിത്രത്താഴ് വിലയിരുത്തപ്പെടുന്നത്. മധുമുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത സിനിമയില്‍ മോഹന്‍ലാലും, സുരേഷ് ഗോപിയും, ശോഭനയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സ്വര്‍ഗ്ഗചിത്ര ഫിലിംസ് ആയിരുന്നു നിര്‍മ്മാണം. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴിലെ രസകരമായ ഡബ്ബിങ്ങിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലാണ് സിനിമയിലെ ഡബ്ബിങ് അനുഭവം പങ്കുവെച്ചത്. സിനിമയില്‍ ശോഭനയുടെ രോഗത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്ന രംഗമാണ് ഡബ്ബ് ചെയ്തത്. എന്നാല്‍ ആ ഡബ്ബിങ്ങിന് പിന്നില്‍ രസകരമായ ഒരു കാര്യം സംഭവിച്ചതായി അപ്പച്ചന്‍ പറഞ്ഞു.

സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞത്

മണിച്ചിത്രത്താഴിന്റെ ഡബ്ബിങ്ങിന് പിന്നില്‍ രസകരമായ ഒരു കാര്യമുണ്ട്. ജോയ് തീയറ്ററില്‍ വെച്ചായിരുന്നു സിനിമയുടെ ഡബ്ബിങ് നടന്നത് . വൈകുന്നേരം ഡബ്ബ് ചെയ്ത ഭാഗങ്ങള്‍ എല്ലാം മോഹന്‍ലാല്‍ കേട്ടു. ഫാസിലിനും മോഹന്‍ലാലിനും എല്ലാം ഓക്കേ ആയിരുന്നു. ഞാനും പാച്ചിക്കയും ഒരുമിച്ചു ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ വീട്ടിലും. രാത്രിയായപ്പോള്‍ മോഹന്‍ലാലിന്റെ കോള്‍ വന്നു. ഡബ്ബ് ചെയ്തത് ശരിയായില്ല. ഒരു പ്രാവശ്യം കൂടെ എടുക്കണം എന്ന് പറഞ്ഞു. നമ്മളാകെ സംശയത്തിലായി. സിനിമയുടെ മര്‍മ്മ പ്രധാനമായ ഭാഗമാണ് മോഹന്‍ലാല്‍ മാറ്റി ഡബ്ബ് ചെയ്യണമെന്ന് പറയുന്നത്. ആലോചിച്ചപ്പോള്‍ ഒന്നും കൂടെ ഡബ്ബ് ചെയ്താലോ എന്ന് പാച്ചിക്കയ്ക്കും തോന്നി. അങ്ങനെ അടുത്ത ദിവസം രാവിലെ ഏഴ് മണിക്ക് ജോയ് തീയറ്ററില്‍ വെച്ച് ഡബ്ബ് ചെയ്ത ഭാഗങ്ങള്‍ വീണ്ടും കേട്ട് നോക്കി. കേട്ടപ്പോള്‍ ഫാസിലിനും മോഹന്‍ലാലിനും പ്രശ്‌നമൊന്നും തോന്നിയില്ല. ആ സിനിമയുടെ മര്‍മ പ്രധാനമായ ഭാഗമാണത്. സിനിമയുടെ ആകെമൊത്തമുള്ള കാര്യങ്ങള്‍ മോണോലോഗുപോലെ ഒരാള്‍ പറയുകയാണ്. എന്തെങ്കിലുമൊരു പാളിച്ച വന്നാല്‍ പിന്നെ സിനിമയുടെ പിന്നീടുള്ള ഭാഗങ്ങളെയും അത് ബാധിക്കും. സത്യം പറഞ്ഞാല്‍ മോഹന്‍ലാലിന്റെ പ്രകടനം നമ്മെളെയെല്ലാം പിടിച്ചിരുത്തിക്കളഞ്ഞു. ആ മുഖത്തിന്റെ ഭാവവും ശബ്ദത്തിന്റെ വേരിയേഷനും. സിനിമ വന്‍ വിജയമായിരുന്നില്ലേ. 365 ദിവസമായിരുന്നു സിനിമ തിരുവനന്തപുരത്തെ ശ്രീകുമാര്‍ തീയറ്ററില്‍ ഓടിയത്.

Related Stories

No stories found.
logo
The Cue
www.thecue.in