'ആറാട്ട്' സംവിധായകനടക്കമുള്ളവരുടെ മനോബലവും ചങ്കൂറ്റവും കൊണ്ട് മാത്രം പൂര്‍ത്തിയാക്കിയ സിനിമ: വിധു വിന്‍സെന്റ്

'ആറാട്ട്' സംവിധായകനടക്കമുള്ളവരുടെ മനോബലവും ചങ്കൂറ്റവും കൊണ്ട് മാത്രം പൂര്‍ത്തിയാക്കിയ സിനിമ: വിധു വിന്‍സെന്റ്

സിനിമാ വ്യവസായം തന്നെ സ്തംഭിച്ചു നിന്ന സമയത്ത് ഈ മേഖലക്ക് ഉണര്‍വ്വും ഉന്മേഷവും നല്‍കാനുതകുന്ന എന്തെങ്കിലും സംഭവിച്ചേ തീരൂ എന്ന ആലോചനയില്‍ നിന്നാണ് മോഹന്‍ലാല്‍ - ഉണ്ണികൃഷ്ണന്‍ - ഉദയകൃഷ്ണന്‍ ടീം ആറാട്ടിലേക്കെത്തുന്നതെന്ന് സംവിധായിക വിധു വിന്‍സന്റ്. ആയിരത്തിലധികം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മുന്നൂറോളം ക്രൂ മെമ്പേഴ്സുമൊക്കെയായി ഒരു പാട് പേര്‍ക്ക് ആ വറുതിയുടെ കാലത്ത് ആറാട്ടിന്റെ ചിത്രീകരണം നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ലെന്നും വിധു സിനിമക്ക് ആശംസകള്‍ നേര്‍ന്ന് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മോഹന്‍ലാല്‍ നായകനായ ആക്ഷന്‍ മാസ് എന്റര്‍ടെയിനര്‍ ആറാട്ട് ഇന്ന് പ്രേക്ഷകരിലെത്തി. ഉദയകൃഷ്ണയുടെതാണ് തിരക്കഥ.

വിധു വിന്‍സെന്റിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ആറാട്ട് ഇന്ന് തീയേറ്ററുകളിലെത്തുന്നു. കഴിഞ്ഞ കോവിഡ് കാലത്താണ് ആറാട്ടിന്റെ ചിത്രീകരണം തുടങ്ങുന്നത്. കോവിഡും തുടര്‍ന്നുണ്ടായ ലോക് ഡൗണും എല്ലാ മേഖലകളെയുമെന്ന പോലെ സിനിമാ രംഗത്തെയും അടിമുടി താറുമാറാക്കുകയും തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തു കൊണ്ടിരുന്ന സമയം. സിനിമാ വ്യവസായം തന്നെ സ്തംഭിച്ചു നിന്ന സമയത്ത് ഈ മേഖലക്ക് ഉണര്‍വ്വും ഉന്മേഷവും നല്കാനുതകുന്ന എന്തെങ്കിലും സംഭവിച്ചേ തീരൂ എന്ന ആലോചനയില്‍ നിന്നാണ് മോഹന്‍ലാല്‍ - ഉണ്ണികൃഷ്ണന്‍ - ഉദയകൃഷ്ണന്‍ ടീം ആറാട്ടിലേക്കെത്തുന്നത്.

ആയിരത്തിലധികം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മുന്നൂറോളം ക്രൂ മെമ്പേഴ്‌സുമൊക്കെയായി ഒരു പാട് പേര്‍ക്ക് ആ വറുതിയുടെ കാലത്ത് ആറാട്ടിന്റെ ചിത്രീകരണം നല്കിയ ആശ്വാസം ചെറുതായിരുന്നില്ല. ദിവസവും നൂറും ഇരുന്നൂറും പേര്‍ക്ക് വീതം ജഇഞ ടെസ്റ്റും ഷൂട്ടിംഗിനിടയില്‍ പാലിക്കേണ്ട കോവിഡ് പെരുമാറ്റചട്ടങ്ങളും ഒക്കെയായി അങ്ങേയറ്റം ബുദ്ധിമുട്ടുകളുണ്ടായിട്ടും സംവിധായകനടക്കമുള്ള ടീമംഗങ്ങളുടെ മനോബലവും ചങ്കൂറ്റവും ഒന്നു കൊണ്ട് മാത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ആറാട്ട്.

സിനിമയുടെ ആദ്യ പ്രദര്‍ശനം സംഭവിക്കേണ്ടത് തിയേറ്ററുകളില്‍ തന്നെയാണെന്ന നിലപാടിലും ഉറച്ചുനിന്നതിന് ആറാട്ട് ടീമംഗങള്‍ക്ക് ബിഗ് സല്യൂട്ട്. രണ്ട് രണ്ടര മണിക്കൂര്‍ കൊണ്ട് നമ്മള്‍ കണ്ടു തീര്‍ക്കുന്ന ഓരോ സിനിമക്ക് പിന്നിലും ഒരു പാട് മനുഷ്യരുടെ അധ്വാനവും വേദനയും കണ്ണുനീരുമാണെന്ന് ആറാട്ട് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു. സിനിമക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും എല്ലാ വിജയാശംസകളും

Related Stories

No stories found.
logo
The Cue
www.thecue.in