
വിപിന്‍ കുമാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍. വിപിനെ താന്‍ അടിച്ചിട്ടില്ലെന്നും കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞെന്നത് സത്യമാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. നരിവേട്ടയുടെ റിവ്യൂ പോസ്റ്റ് ചെയ്തതിന് മര്‍ദ്ദിച്ചുവെന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണ് ഇത്. പ്രശ്‌നം ഉണ്ടായെന്ന് പറയുന്ന സ്ഥലത്ത് വിപിനെ കണ്ടിരുന്നു. സംസാരിച്ചു. സംസാരം ഇമോഷണലായിരുന്നു. ഈ പ്രശ്‌നം പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണ്. എല്ലാ ആരോപണങ്ങളും ഞാന്‍ നിഷേധിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം
എന്റെ കൂടെ വര്‍ക്ക് ചെയ്ത എന്റെ സിനിമകളിലൊക്കെ പിആര്‍ വര്‍ക്ക് ചെയ്ത ഈ വ്യക്തി എനിക്കെതിരെ ഒരുപാട് കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും ന്യൂസ് ചാനലുകളിലും വന്ന് സംസാരിച്ചു. അതില്‍ എനിക്ക് ഏറ്റവും ഡിസ്റ്റര്‍ബ് ചെയ്ത കാര്യമാണ് എന്റെ സഹപ്രവര്‍ത്തകന്‍ എന്റെ സുഹൃത്തിന്റെ പേര്, ഈ ഇഷ്യൂവിലേക്ക് മാധ്യമങ്ങളുടെ ശ്രദ്ധ കൊണ്ടുവരാന്‍ ഉപയോഗിച്ചു. പുതുതായി റിലീസ് ചെയ്ത ഒരു സിനിമയുടെ അയാള്‍ എഴുതിയ റിവ്യൂ എനിക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് ഞാന്‍ അയാളെ മര്‍ദ്ദിച്ചു. അതാണ് മീഡിയയില്‍ ഏറ്റവും കൂടുതല്‍ വന്ന കാര്യം. എന്നാല്‍ ഞാനെന്തിനാണ് അയാളെ മീറ്റ് ചെയ്തത്, ശരിയായ അവസ്ഥകള്‍, എന്തൊക്കെയാണ് സംസാരിച്ചതെന്ന് പറഞ്ഞു തരാം.
ഏകദേശം രണ്ടാഴ്ചക്ക് മുന്‍പ് ഒരു അജ്ഞാത നമ്പറില്‍ നിന്ന് എനിക്കൊരു കോള്‍ വന്നിരുന്നു. ഈ കോളില്‍ ഒരു സ്ത്രീയാണ് എന്നോട് സംസാരിച്ചത്. അജ്ഞാത കോളായിരുന്നതുകൊണ്ട് അവര്‍ പറഞ്ഞ കാര്യങ്ങള്‍ മുഖവിലക്ക് എടുത്തില്ല. പരാതികളും ക്രിമിനല്‍ പശ്ചാത്തലമുള്ള കാര്യങ്ങളുമാണ് എന്നോട് പങ്കുവെച്ചത്. എനിക്ക് പരിചയമുള്ള മൂന്നോ നാലോ പേരുകള്‍ അവര്‍ എടുത്തു പറഞ്ഞു. അതിലൊന്ന് ഈ പറഞ്ഞ വിപിന്റേതു കൂടിയായിരുന്നു. ഒപ്പം എന്റെ വേറൊരു സുഹൃത്തിന്റെ പേര് കൂടി പറഞ്ഞിരുന്നു. ഈ രണ്ടു പേരെയും പെട്ടന്നു തന്നെ ഞാന്‍ ഫോണ്‍ വിളിച്ചു സംസാരിച്ചു. ഭയങ്കര ക്രിമിനല്‍ സ്‌പേസിലുള്ള കാര്യങ്ങളാണ് എന്നോട് സംസാരിച്ചത്. ഇക്കാര്യങ്ങളാണ് ഡിജിപിക്കും എഡിജിപിക്കും തെളിവുകള്‍ അടക്കം അയച്ചു കൊടുത്തിരിക്കുന്നത്. ഒരാള്‍ മറുപടി പറഞ്ഞില്ല. ഇങ്ങനെ അജ്ഞാത നമ്പറുകളില്‍ നിന്ന് വിളിക്കുന്ന കോളുകള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് വിപിന്‍ പറഞ്ഞു. ഞാനത് വിട്ടുകളഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം മറ്റൊരാള്‍ വിളിച്ച് ഒരുപാട് മോശപ്പെട്ട അനുഭവങ്ങളുണ്ടായതായി വിളിച്ചു പറഞ്ഞു. അത് മലയാള സിനിമയിലെ പ്രമുഖയായ ഒരു നടിയായിരുന്നു. എന്നെക്കുറിച്ച് പറഞ്ഞ, എനിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ വിപിന്‍ എന്ന് പറയുന്ന, എന്റെ മാനേജര്‍ ആയിരുന്നെന്ന് അവകാശപ്പെടുന്ന വ്യക്തി പങ്കുവെച്ച കാര്യങ്ങളാണ് എന്നോട് പറഞ്ഞത്. എന്റെ സ്വഭാവം വെച്ച് ആദ്യം തന്നെ ഇയാളെയാണ് വിളിക്കാറ്. എന്നാല്‍ എനിക്ക് വേണ്ടപ്പെട്ട ഒരു ഡയറക്ടര്‍ സുഹൃത്തിനോട് ഇക്കാര്യം ഞാന്‍ പങ്കുവെച്ചു. ഇങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ട്, ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന്. ഈ സുഹൃത്ത് വിപിനെ വിളിക്കുന്നു, അവര്‍ തമ്മില്‍ സംസാരമുണ്ടായി വിപിന്‍ മാപ്പ് പറയുമെന്ന് എന്റെ ഡയറക്ടര്‍ സുഹൃത്ത് തിരിച്ചു വിളിച്ചു. ഉണ്ണി നേരിട്ടു പോയി സംസാരിക്കണം. ഈ ഇഷ്യൂ ഇവിടെ വെച്ചു തന്നെ സോള്‍വ് ചെയ്യണമെന്ന് പറഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണ് ഈ പറഞ്ഞ ഇഷ്യൂ ഉണ്ടായ സ്ഥലത്തേക്ക് ഞാന്‍ പോകുന്നത്. വിപിന്‍ കുമാര്‍ ഈ വ്യക്തിയോട് മാപ്പ് പറഞ്ഞു. അത് എന്നോട് നേരിട്ട് പറഞ്ഞാല്‍ നന്നായിരിക്കുമെന്നാണ് എനിക്ക് തോന്നിയത്. കാരണം അയാളെ ഒരു ഡെസിഗ്നേറ്റഡ് ലെവലില്‍ നിന്ന് അപ്പുറത്താണ് ഞാന്‍ കണ്ടത്, ഒരു സുഹൃത്തായിട്ടാണ് കണ്ടിരുന്നത്.
2018ലാണ് ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്ന കമ്പനിയെക്കുറിച്ചുള്ള ആലോചനയുണ്ടായത്. മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് വേണ്ടി. മൂന്ന് വര്‍ഷത്തോളം ഈ സിനിമയുടെ ടെക്‌നിക്കല്‍ ടീം ഒരു സൗഹൃദത്തിലേക്ക് നീങ്ങി. അങ്ങനെ മൂന്ന് വര്‍ഷം നിന്നപ്പോള്‍ എന്നിലേക്ക് ഒരു ആക്‌സസ് ഈ വ്യക്തി വഴിയുണ്ടായി എന്നത് സത്യമാണ്. പക്ഷേ അങ്ങനെയൊരു ധാരണ ഔദ്യോഗികമായി ഞങ്ങള്‍ തമ്മിലുണ്ടായിരുന്നില്ല. ഇയാളെ ഞാന്‍ കാണാന്‍ പോയപ്പോള്‍ ഞങ്ങളുടെ ഒരു സുഹൃത്ത് അവിടെയുണ്ടായിരുന്നു. എല്ലാവരും പറയുന്നതു പോലെ ഒരു അടിയുണ്ടായിട്ടില്ല. ഇതൊരു അടിക്കേസായിട്ട് എടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ നുണ പറയാറില്ല, ഞാന്‍ ചെയ്ത കാര്യങ്ങള്‍ സമ്മതിക്കാനും മടിയില്ല. പുള്ളി ചെയ്ത കാര്യങ്ങള്‍ പൊറുക്കാന്‍ പറ്റാത്തതായതു കൊണ്ട് ഒരു സുഹൃത്തെന്ന നിലയില്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയണമെന്നുണ്ടായിരുന്നു.
ഒരു ഹീറ്റഡ് ആര്‍ഗ്യുമെന്റിന്റെ ഭാഗമായിട്ട് കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു, സത്യമാണ്. പുള്ളി പേടിച്ചിട്ട് കുറച്ചു നേരം കരഞ്ഞു. കരഞ്ഞിട്ട് മാപ്പു പറഞ്ഞു, അതിന് ശേഷം പോയി. അക്കൂട്ടത്തില്‍ അവിടെയുണ്ടായിരുന്ന സുഹൃത്ത് ഈ ഇഷ്യു എന്താണെന്ന് അറിയാത്തയാളാണ്. അദ്ദേഹം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഞാന്‍ ആകെ ചോദിച്ചത് ഒരു റിട്ടണ്‍ അപ്പോളജിയാണ്. ഇയാള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളെല്ലാം എനിക്ക് ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. എന്നെ ഇതില്‍ നിന്ന് ഒഴിവാക്കി തരണം എന്ന് മാത്രമാണ് പറഞ്ഞത്. മുന്നോട്ട് ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. എന്നാല്‍ പരസ്യമായി അയാളെ അപമാനിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടായിരുന്നില്ല. കാരണം ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. മറ്റൊരു നടിയും ഇയാള്‍ക്കെതിരെ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. എന്റെ അടുത്ത സുഹൃത്തായ ടൊവീനോയുടെ പേര് പറഞ്ഞിട്ട് ഞാന്‍ അയാളുടെ സിനിമയെ മോശപ്പെട്ട രീതിയില്‍ സംസാരിച്ചു, അടിച്ചു എന്നൊക്കെ പറഞ്ഞാല്‍ ഇത് പൂര്‍ണ്ണമായും യഥാര്‍ത്ഥ വസ്തുതയില്‍ നിന്ന് ശ്രദ്ധ മാറ്റാനുണ്ടാക്കിയ ഒരു കഥയാണ്.
യഥാര്‍ത്ഥ പ്രശ്‌നം ഇതുവരെ ആരും ചര്‍ച്ച ചെയ്തിട്ടില്ല. ഞാന്‍ എന്തിനാണ് ഇയാളോട് സംസാരിക്കാന്‍ പോയത് എന്താണ് ഇഷ്യൂ ഉണ്ടായത്. എനിക്ക് തോന്നുന്നത് ഞാന്‍ ഒരാളുമായി വഴക്കുണ്ടാക്കുന്നത് ന്യൂസ് വാല്യു ഇല്ലാത്തതു കൊണ്ട് രണ്ട് താരങ്ങളെ തമ്മില്‍ തല്ലിച്ചാല്‍ കുറച്ച് രസകരമായിരിക്കും. സോഷ്യല്‍ മീഡിയയില്‍ ഇരുന്നിട്ട് എന്റെ വ്യക്തിജീവിതത്തെക്കുറിച്ചും എന്റെ മാനസികാവസ്ഥയെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും ഞാന്‍ എന്ന വ്യക്തിയെക്കുറിച്ചും ഇങ്ങനെ നിരന്തരം അധിക്ഷേപങ്ങള്‍ പറയാനുള്ള കാരണം എനിക്ക് മനസിലായിട്ടില്ല. ഇതുവരെ ഇഷ്യൂ എന്താണെന്ന് പുള്ളി അഡ്രസ് ചെയ്തിട്ടില്ല. ഈ പ്രശ്‌നം പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണ്. എല്ലാ ആരോപണങ്ങളും ഞാന്‍ നിഷേധിക്കുന്നു. എന്നെ സംബന്ധിച്ച് വളരെ മോശപ്പെട്ട കാര്യം പുള്ളിയുടെ ഭാഗത്തു നിന്നുണ്ടായി, അത് വിത്ത് പ്രൂഫ് പിടിക്കപ്പെട്ടു. ഇയാള്‍ ഫെഫ്കയില്‍ അംഗം പോലുമല്ല. എല്ലാ ഇന്റര്‍വ്യൂകളിലും ഫെഫ്കയില്‍ അംഗമാണെന്ന് നുണ പറയുകയാണ്. എനിക്ക് ഈ നടനെ വിളിക്കേണ്ടി വന്നു. ഇവര്‍ രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവന്ന് സത്യാവസ്ഥ പറയുമെന്ന് വിചാരിച്ചു. കാരണം എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതാരും ചെയ്യാത്തതു കൊണ്ടും ഇതിലെ കേസ് എന്താണെന്ന് അറിയാത്തതു കൊണ്ടും.
എന്റെ കോണ്‍ഫിഡന്‍സ് ഞാന്‍ ഇയാളെ തൊട്ടിട്ടില്ല. സംസാരമുണ്ടായിട്ടുണ്ട്. സംസാരം വളരെ ഇമോഷണലായിരുന്നു, ഞാന്‍ വളരെ വിഷമത്തിലായിരുന്നു. അവിടെ നിന്നയാള്‍ പൊലീസിന് മൊഴിയും കൊടുത്തിട്ടുണ്ട്. ടൊവിനോയുമായി ബന്ധപ്പെട്ട വിഷയം വ്യാജമാണെന്ന് എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് അറിയാം. ആരും അത് സമ്മതിക്കുന്നില്ല. എന്നോടുള്ള വ്യക്തിവൈരാഗ്യം ഇയാളുടെ കാര്യത്തില്‍ അവര്‍ ഉപയോഗിച്ചു. എന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അയാള്‍ക്ക് അറിയില്ല എന്ന് പറയുമ്പോള്‍ തന്നെ അറിയാം അയാള്‍ ഒരു മാനേജേറിയല്‍ കപ്പാസിറ്റി ഇല്ലാത്തയാളാണെന്ന്. വധഭീഷണി തൊട്ട് പെണ്ണ്‌കേസ് തൊട്ട് തമ്മില്‍ തല്ല് മുതലുള്ള ഇഷ്യൂസാണ് ആ ഫോണ്‍ കോളില്‍ എനിക്ക് വന്നത്. അത്രയും ഗുരുതരമായതുകൊണ്ടാണ് ഡിജിപിക്കും എഡിജിപിക്കും അയച്ചു കൊടുത്തത്. നാളെയോ മറ്റന്നാളോ ഏതെങ്കിലും പെണ്ണ് കേസ് വന്നാല്‍ ഞാന്‍ പിന്നെയും വന്നിരിക്കും.
ഇപ്പോള്‍ എനിക്ക് പേടിയുണ്ട്. സാധാരണ ഉണ്ണി മുകുന്ദന്‍ അങ്ങനെ പറയാറില്ല. എന്നെ കുത്തിക്കൊല്ലുമെന്നും അപമാനിക്കുമെന്നുമൊക്കെയാണ് ഭീഷണി. ഒരാളുടെ ഇമേജ് നശിപ്പിച്ചിട്ട് ദേശീയ തലത്തില്‍ വരെ ഇങ്ങനെ കൊണ്ടുപോകുകയാണ്. ഞാന്‍ ഇയാളെ അടിച്ചിട്ടില്ല. മറ്റൊരു നടന്റെ സിനിമയെക്കുറിച്ച് സംസാരിക്കാനുള്ള സ്‌പേസില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. ടൊവീനോയെക്കുറിച്ച് ഞാന്‍ അങ്ങനെ പറയില്ല, പറയേണ്ട ആവശ്യമില്ല. വളരെ അടുത്ത സുഹൃത്തുക്കളാണ് ഞങ്ങള്‍. എല്ലാ സിനിമകളും പ്രമോട്ട് ചെയ്യുന്നയാളാണ് ഞാന്‍. എന്റെ സിനിമകള്‍ എന്റെ സുഹൃത്തുക്കളും പ്രമോട്ട് ചെയ്യാറുണ്ട്. ഇന്‍ഡസ്ട്രി വളരെ സ്മൂത്തായി പോകുന്ന സമയത്ത് സ്വന്തം കാര്യങ്ങള്‍ക്ക് വളരെ മോശപ്പെട്ട രീതിയില്‍ ഒരു മൂന്നാം കിട വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതായാണ് എനിക്ക് തോന്നുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു അടിക്കേസായിട്ട് എടുക്കാന്‍ പറ്റില്ല. അടിച്ചാല്‍ പിന്നെ ഇങ്ങനെയൊന്നുമല്ല കാര്യങ്ങള്‍.