
ഭാഷ, സംസ്‌കാരം എന്നീ രണ്ട് കാര്യങ്ങള്‍ ങ്ഗൂഗിയുടെ എഴുത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതായി. ഭാഷ എന്നത് അദ്ദേഹത്തിന് വെറുമൊരു ആശയവിനിമയ മാര്‍ഗ്ഗം മാത്രമല്ലായിരുന്നു, മറിച്ച്, പോരാട്ടത്തിന്റെയും, വ്യക്തിത്വത്തിന്റെയും, സംസ്‌കാരത്തിന്റെയും രേഖപ്പെടുത്തലായിരുന്നു.
'ഇംഗ്ലീഷ് വിഭാഗത്തിന്റെ ഉന്മൂലനത്തിനെപ്പറ്റി'' (On the Abolition of the English Department), കൊളോണിയല്‍ കാലഘട്ടത്തിന്റെ ബാക്കിപത്രം എന്നവണ്ണം ആഫ്രിക്കന്‍ സംസ്‌കാരവും സാഹിത്യവും പാശ്ചാത്യലോകത്തിന്റെ ഒരു തുടര്‍ച്ച മാത്രമായി നിലനില്‍ക്കുന്നതിനെ എതിര്‍ത്തുകൊണ്ട് 1972ല്‍ പുറത്തുവന്ന ഒരു ലേഖനത്തിന്റെ തലക്കെട്ടാണ്. എഴുതിയത് നൈറോബി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസര്‍ ആയിരുന്ന ങ്ഗൂഗി വാ തിയോംഗോ. വലിയൊരു ചര്‍ച്ചയ്ക്കാണ് ഈ ലേഖനം തുടക്കമിട്ടത്. സാഹിത്യ പഠനത്തെ ആകെ മാറ്റി മറിച്ച ചര്‍ച്ച. ങ്ഗൂഗി വാ തിയോംഗോ ഇന്ന് നമ്മോടൊപ്പമില്ല. ആല്‍ബര്‍ കമ്യു പറയുന്നത് പോലെ ഇന്നോ ഇന്നലെയോ എന്നുറപ്പില്ല, അദ്ദേഹം നമ്മെ വിട്ടുപോയിരിക്കുന്നു. വലിയ വാര്‍ത്തയൊന്നുമാകാത്ത ഒരു മരണം. പക്ഷേ ലോകസാഹിത്യത്തിന് വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അത് മനസ്സിലാക്കാന്‍ ങ്ഗൂഗി വാ തിയോംഗോ ആരായിരുന്നു എന്നറിയണം.
കെനിയയിലെ കമിരിത്തു എന്ന സ്ഥലത്ത് കിക്കുയു ഗോത്രത്തില്‍ 1938ലാണ് ജെയിംസ് ങ്ഗൂഗി എന്ന ങ്ഗൂഗി വാ തിയോംഗോയുടെ ജനനം. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടമായ മൗ മൗ കലാപത്തില്‍ ങ്ഗൂഗിയുടെ കുടുംബം പങ്കെടുക്കുകയും പല പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്തിരുന്നു. തന്റെ രണ്ട് സഹോദരന്മാരെയാണ് അദ്ദേഹത്തിന് ഈ കലാപത്തില്‍ നഷ്ടപ്പെട്ടത്. അലയന്‍സ് ഹൈസ്‌കൂള്‍, ഉഗാണ്ടയിലെ മേക്കരേറെ സര്‍വകലാശാല, ഇംഗ്ലണ്ടിലെ ലീഡ്‌സ് സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു തിയോംഗോയുടെ വിദ്യാഭ്യാസം. മേക്കരേറിയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ 1962ല്‍ തന്റെ ജീവിതത്തില്‍ പ്രധാന വഴിത്തിരിവായി മാറിയ ആഫ്രിക്കന്‍ എഴുത്തുകാരുടെ സമ്മേളനത്തില്‍ ങ്ഗൂഗി പങ്കെടുത്തു. ചിനുവ അച്ചെബെ, സോയിങ്ക, ജോണ്‍ പെപ്പര്‍ ക്ലാര്‍ക്, എസ്മിയ തുടങ്ങി തിയോംഗോയ്ക്ക് ഏറെ പ്രിയപ്പെട്ട നിരവധി എഴുത്തുകാര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ആഫ്രിക്കന്‍ സാഹിത്യ രംഗത്ത് സുപ്രധാന പങ്കുവഹിച്ച ഒരു ഒത്തുചേരലായിരുന്നു കമ്പാലയില്‍ വെച്ച് നടന്നത്.
അപകോളനീകരണവും മാറിയ സാഹചര്യത്തില്‍ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ സ്ഥാനവും എന്നതായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ങ്ഗൂഗിയുടെ കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കാന്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഒന്നായിരുന്നു ഈ സമ്മേളനം എന്ന് വേണം പറയാന്‍. അവിടെ വെച്ചാണ് ആഫ്രിക്കന്‍ സാഹിത്യത്തിലെ അതികായന്‍ ചിനുവ അച്ചെബേക്ക് തന്റെ രണ്ട് നോവലുകളുടെ കൈയെഴുത്തുപ്രതി അദ്ദേഹം നല്‍കിയത്. പില്‍ക്കാലത്ത് പ്രസിദ്ധമായ ''ദ റിവര്‍ ബിറ്റ്വീന്‍'', ''വീപ് നോട്ട് ചൈല്‍ഡ്'' എന്നിവയായിരുന്നു അത്. 1964ലാണ് ''വീപ് നോട്ട് ചൈല്‍ഡ്'' എന്ന ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ ഈസ്റ്റ് ആഫ്രിക്കന്‍ നോവലായിരുന്നു അത്. പിന്നീട് 1965ല്‍ ലീഡ്‌സില്‍ പഠിക്കവേ തന്റെ രണ്ടാമത്തെ നോവല്‍ ''ദ റിവര്‍ ബിറ്റ്വീന്‍'' പുറത്തിറങ്ങി. ഇതോടെ സാഹിത്യലോകത്ത് തന്റെ സ്ഥാനം ശക്തമായിത്തന്നെ ങ്ഗൂഗി വാ തിയോംഗോ ഉറപ്പിച്ചു.
1950കള്‍ മുതല്‍ ഏതാണ്ട് ഇരുപത് വര്‍ഷം ജെയിംസ് ങ്ഗൂഗി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തിയോംഗോ, കൊളോണിയല്‍ അധിനിവേശത്തെ ശക്തമായിത്തന്നെ എതിര്‍ത്തിരുന്നുവെങ്കിലും, ഭാഷയുടെ രാഷ്ട്രീയം മുന്നോട്ട് വെച്ചിരുന്നില്ല. ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയിരുന്ന അദ്ദേഹം, വളരെ സൂക്ഷ്മമായി അധിനിവേശത്തെ എതിര്‍ത്തു. എന്നാല്‍ പാശ്ചാത്യ വിദ്യാഭ്യാസത്തെ ചെറുത്തുനില്‍പ്പിനുള്ള ഉപാധിയായി ങ്ഗൂഗി കരുതി.
ഭാഷ, സംസ്‌കാരം, പോരാട്ടം എന്നീ കാര്യങ്ങള്‍ ങ്ഗൂഗിയുടെ എഴുത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതായി. ഭാഷ എന്നത് അദ്ദേഹത്തിന് വെറുമൊരു ആശയവിനിമയ മാര്‍ഗ്ഗം മാത്രമല്ലായിരുന്നു, മറിച്ച് പോരാട്ടത്തിന്റെയും, വ്യക്തിത്വത്തിന്റെയും, സംസ്‌കാരത്തിന്റെയും രേഖപ്പെടുത്തലായിരുന്നു. അദ്ദേഹത്തിന്റെ എഴുത്ത് ജീവിതം തന്നെ രണ്ടായി തിരിക്കാം. രണ്ടിനും പൊതുവായി കാണുന്നത് കൊളോണിയല്‍ അധിനിവേശത്തിനെതിരെയുള്ള നിലപാട് മാത്രമാണ്. വ്യത്യസ്ത വഴിയിലാണ് ഈ ചെറുത്തുനില്‍പ്പ് മുന്നേറുന്നത്. 1950കള്‍ മുതല്‍ ഏതാണ്ട് ഇരുപത് വര്‍ഷം ജെയിംസ് ങ്ഗൂഗി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തിയോംഗോ, കൊളോണിയല്‍ അധിനിവേശത്തെ ശക്തമായിത്തന്നെ എതിര്‍ത്തിരുന്നവെങ്കിലും, ഭാഷയുടെ രാഷ്ട്രീയം മുന്നോട്ട് വെച്ചിരുന്നില്ല. ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയിരുന്ന അദ്ദേഹം, വളരെ സൂക്ഷ്മമായി അധിനിവേശത്തെ എതിര്‍ത്തു. എന്നാല്‍ പാശ്ചാത്യ വിദ്യാഭ്യാസത്തെ ചെറുത്തുനില്‍പ്പിനുള്ള ഉപാധിയായി ങ്ഗൂഗി കരുതി.
എന്നാല്‍ എഴുപതുകളോടെ ഈ സമീപനം മാറി. ജെയിംസ് ങ്ഗൂഗി മാര്‍ക്‌സിന്റെയും, ഫ്രാന്‍സ് ഫാനന്റെയും കൃതികള്‍ വായിച്ച് ആകൃഷ്ടനായി ങ്ഗൂഗി വാ തിയോംഗോയിലേക്ക് പരിണമിച്ചു. ഇംഗ്ലീഷ് ഭാഷ ഉപേക്ഷിച്ച് തന്റെ മാതൃഭാഷയായ കിക്കുയുവില്‍ മാത്രം എഴുതാന്‍ തുടങ്ങി. പേരും, ഭാഷയും മാത്രമല്ല മാറിയത് അധിനിവേശത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ ശൈലിയും മാറി. പാശ്ചാത്യ സംസ്‌കാരവും, വിശ്വാസവും, വിദ്യാഭ്യാസവും എല്ലാം നേരിട്ട് ആക്രമിക്കപ്പെടുന്ന രീതിയായിരുന്നു തിയോംഗോ സ്വീകരിച്ചത്. യാതൊരു ഒത്തുതീര്‍പ്പുമില്ലാത്ത ആഫ്രിക്കന്‍ ശബ്ദമായി തിയോംഗോയുടെ എഴുത്ത് മാറി. ജെയിംസ് ങ്ഗൂഗി എഴുത്തിന്റെ കലാപരമായ വശത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നുവെങ്കില്‍, ങ്ഗൂഗി വാ എല്ലാത്തിനും മുകളില്‍ തന്റെ രാഷ്ട്രീയത്തെ പ്രതിഷ്ഠിച്ചു.
പിന്നീടങ്ങോട്ട് എഴുതിയ ഓരോ വരിയും ഈ കാഴ്ചപ്പാടില്‍ ഊന്നിയുള്ളതായിരുന്നു. അതുകൊണ്ട് തന്നെയാണ് മൗ മൗ കലാപത്തില്‍ തനിക്ക് ഏറെ പ്രിയങ്കരനായിരുന്ന ജോമോ കെന്യാറ്റ സ്വാതന്ത്ര്യാനന്തര കെനിയയുടെ പ്രസിഡന്റ് ആയ ശേഷം ഏകാധിപത്യത്തിലേക്ക് തിരിഞ്ഞപ്പോള്‍ അതിനെ കടുത്ത ഭാഷയില്‍ എതിര്‍ത്തുകൊണ്ട് ''പെറ്റല്‍സ് ഓഫ് ബ്ലഡ്'' എന്ന കൃതി രചിച്ചത്. ഭരണകൂടത്തെ വരെ ചൊടിപ്പിച്ച ഈ കൃതി എഴുത്തുകാരനെ കാമിറ്റി മാക്‌സിമം സെക്യൂരിറ്റി ജയിലില്‍ എത്തിച്ചു. ഏതാണ്ട് ഒരു വര്‍ഷം ങ്ഗൂഗി തടവില്‍ കഴിഞ്ഞു. തടവറയില്‍ ഇരുന്ന് ടോയ്‌ലറ്റ് പേപ്പറില്‍ എഴുതിയതാണ് ''ഡെവിള്‍ ഓണ്‍ ദ ക്രോസ്'' എന്ന കിക്കുയു ഭാഷയിലെ ആദ്യത്തെ ആധുനിക നോവല്‍. ''ഡീറ്റെയ്ന്‍ഡ്'' എന്ന പേരില്‍ തന്റെ ജയില്‍ അനുഭവങ്ങള്‍ തിയോംഗോ കുറിച്ചിട്ടു.
പോസ്റ്റ്‌കോളോണിയല്‍ സാഹിത്യത്തിന് വലിയ സംഭാവനയാണ് ങ്ഗൂഗി വാ തിയോംഗോ നല്‍കിയിട്ടുള്ളത്. നോവലുകളും, നാടകങ്ങളും, സൈദ്ധാന്തിക കൃതികളും ഇതില്‍ പെടുന്നു. 'Decolonising the Mind: The Politics of Language in African Literature' എന്നത് ഭാഷയുടെ രാഷ്ട്രീയം വെളിപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒരു കൃതിയാണ്. ആഫ്രിക്കന്‍ ഭാഷയില്‍ എഴുതുക എന്നത് വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനമായിട്ടാണ് ങ്ഗൂഗി കണ്ടത്. അടിമത്തത്തില്‍ നിന്നുമുള്ള മോചനത്തിന്റെ പ്രധാന വഴി. അതുകൊണ്ട് തന്നെ നൈജീരിയന്‍ ഇംഗ്ലീഷ്, കെനിയന്‍ ഇംഗ്ലീഷ് എന്നിവയൊക്കെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. അടിമകളായി തുടര്‍ന്നുകൊണ്ട് സന്തോഷിക്കുന്നതെങ്ങിനെ എന്നാണ് ങ്ഗൂഗി ചോദിച്ചത്. അടിമകളാക്കപ്പെട്ടവര്‍ ഉടമകളുടെ ഭാഷയ്ക്കുമേല്‍ അവകാശം ഉന്നയിക്കുന്നത് അടിമത്തത്തിന്റെ വിജയമായിട്ടാണ് തിയോംഗോ കണ്ടത്. ഈ സമീപനം തന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ അച്ചെബെയെ ങ്ഗൂഗിയില്‍ നിന്നും അകറ്റി. എങ്കിലും തന്റെ നിലപാടില്‍ അദ്ദേഹം അടിയുറച്ചു തന്നെ നിന്നു.
പില്‍ക്കാലത്ത് അമേരിക്കയിലെ യേല്‍, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ തുടങ്ങിയ പ്രമുഖ സര്‍വകലാശാലകളില്‍ പ്രൊഫസറായി ങ്ഗൂഗി സേവനമനുഷ്ഠിച്ചു. വിസ്മൃതിയിലേക്ക് ആണ്ടുപോകുന്ന നിരവധി ആഫ്രിക്കന്‍ എഴുത്തുകാരെപ്പറ്റി അദ്ദേഹം വിലപിച്ചിരുന്നു. ജോണ്‍ നാഗെന്‍ഡ, പീറ്റര്‍ നസ്രത്ത്, ജോനാഥന്‍ കരിയറ, പിയു, എല്‍വാനിയ സിരിമു തുടങ്ങി ഒരു കാലത്ത് ആഫ്രിക്കയില്‍ പ്രശസ്തരായിരുന്ന നിരവധി എഴുത്തുകാരുടെ കൃതികള്‍ ഇന്ന് ലഭ്യമല്ലാതിരിക്കുന്ന അവസ്ഥ തിയോംഗോയെ വല്ലാതെ വിഷമിപ്പിച്ചു.
ആഫ്രിക്കയില്‍നിന്നും അടുത്ത നോബല്‍ സമ്മാനം ങ്ഗൂഗിക്ക് ലഭിക്കും എന്ന് ഏറെക്കാലമായി സാഹിത്യ മേഖല പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ തന്റെ എഴുത്തിലെ തീവ്രതയും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത രാഷ്ട്രീയവും തന്നെയാവും സ്റ്റോക്‌ഹോമിലേക്ക് പോകുന്നതില്‍ നിന്നും ങ്ഗൂഗിക്ക് വിലങ്ങുതടിയായി നിന്നത്. എല്ലാ പ്രതീക്ഷകള്‍ക്കും വിരാമമിട്ട് ലോകസാഹിത്യത്തിലെ അതികായന്‍ വിടവാങ്ങിയിരിക്കുന്നു. ദൃഢമായ രാഷ്ട്രീയ ബോധം അവശേഷിപ്പിച്ചുകൊണ്ട്. പോരാട്ടത്തിന്റെ വഴികള്‍ അവശേഷിപ്പിച്ച്.