

വൃഷഭ എന്ന സിനിമയിലെ മോഹൻലാലിനൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങൾ പങ്കുവെച്ച് നടി രാഗിണി ദ്വിവേദി. ഞൊടിയിട നേരം കൊണ്ട് കഥാപാത്രത്തിലേക്ക് മാറുന്ന നടനാണ് അദ്ദേഹം. അഭിനയം പഠിക്കാന്‍ പറ്റിയ ഒരു ഇന്‍സ്റ്റിട്യുഷനാണ് മോഹൻലാൽ എന്നും നടി പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഗിണി ദ്വിവേദി.
രാഗിണി ദ്വിവേദിയുടെ വാക്കുകൾ:
ദശാബ്ദങ്ങളായി അദ്ദേഹം എങ്ങനെയാണ് ഇത്രയും നന്നായി വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുന്നത് എന്ന് ഓർത്ത് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അഭിനയം മാത്രമല്ല ഡാന്‍സായാലും പാട്ട് പാടുന്നതിലായാലും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായിട്ടുള്ള സിനിമകള്‍ നോക്കിയാല്‍ തന്നെ അറിയാം. വക്കീലായും സാധാരണക്കാരനായും അഭിനയിക്കുന്നിടത്ത് നിന്നും പെട്ടെന്ന് കൊമേഷ്യല്‍ ഹീറോയായി മാറുക എളുപ്പമല്ല. ഇപ്പോഴിതാ ഒരു പിരിയോഡിക് ഡ്രാമയില്‍ രാജാവായാണ് അദ്ദേഹം വേഷമിടുന്നത്. അഞ്ച് പേജുകളുള്ള ഡയലോഗുകളെല്ലാം ചായ കുടിക്കുന്ന ലാഘവത്തോടെയാണ് അദ്ദേഹം അഭിനയിക്കുന്നത്. മോഹല്‍ലാലിനെ പോലെ വലിയ താരത്തെക്കുറിച്ച് പറയാന്‍ എന്നെപ്പോലെ ഒരു ചെറിയ അഭിനേതാവ് ആളല്ല. എന്നാൽ അഭിനയം പഠിക്കാന്‍ പറ്റിയ ഒരു ഇന്‍സ്റ്റിട്യുഷനാണ് ലാൽ സാർ.
അതേസമയം ക്രിസ്മസ് റിലീസായി എത്തിയ മോഹൻലാൽ ചിത്രം വൃഷഭ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ആക്ഷൻ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഒരേസമയം മാസും ഇമോഷണലുമായ രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. മാസ്സ് ആക്ഷനും വൈകാരിക മുഹൂര്‍ത്തങ്ങളും ഒന്നിക്കുന്ന ചിത്രമാണ് വൃഷഭ.