'എനിക്കിത് പുതിയ വാര്‍ത്ത'; മരക്കാര്‍ ഒടിടി റിലീസിനെ കുറിച്ച് പ്രിയദര്‍ശന്‍

'എനിക്കിത് പുതിയ വാര്‍ത്ത'; മരക്കാര്‍ ഒടിടി റിലീസിനെ കുറിച്ച് പ്രിയദര്‍ശന്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന വാര്‍ത്തിയില്‍ പ്രതികരിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തയെ കുറിച്ച് അറിവില്ലെന്ന് പ്രിയദര്‍ശന്‍ ഒടിടി പ്ലേയോട് പറഞ്ഞു.

'ഇതുവരെ ഇങ്ങനെയൊരു കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇതെനിക്ക് പുതിയ വാര്‍ത്തയാണ്. ഇക്കാര്യം സ്ഥിരീകരിക്കേണ്ടത് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരോ മോഹന്‍ലാലോ ആണ്.' - പ്രിയദര്‍ശന്‍

മരക്കാര്‍ തിയറ്റര്‍ റിലീസ് ആയിരിക്കുമെന്ന് നേരത്തെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. തിയറ്റര്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആകാത്ത സമയത്താണ് പ്രിയദര്‍ശന്‍ കാത്തിരിക്കേണ്ടി വന്നാലും ചിത്രം തിയറ്ററിലെ റിലീസ് ചെയ്യു എന്ന് പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ തിയറ്റര്‍ ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനമായതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നത്.

അതേസമയം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചു. മരക്കാറിന് വേണ്ടി മൂന്ന് വര്‍ഷമായി തിയറ്റര്‍ ഉടമകള്‍ കാത്തിരിക്കുകയാണ്. തിയറ്ററുകളില്‍ റിലീസ് ചെയ്യാനായി 40 കോടിയോളമാണ് അഡ്വാന്‍സ് നല്‍കിയിരിക്കുന്നത്. അതിനാല്‍ തീര്‍ച്ചയായും ഡയറക്ട് ഒടിടി റിലീസ് ഉണ്ടാവില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മരക്കാര്‍ തിയറ്ററില്‍ എത്തുമെന്ന് പറഞ്ഞുവെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. തിയറ്റര്‍ റിലീസിനൊപ്പം ചിലപ്പോള്‍ ഒടിടി റിലീസ് ഉണ്ടാവാം. എന്നാലും ചിത്രം തിയറ്ററിന് തരാതെ ഒടിടി റിലീസ് ഉണ്ടാവില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in