മോഹൻലാലിന്റെ മെ​ഗാ കം ബാക്ക് പ്രതീക്ഷയിൽ ആരാധകർ, മലക്കോട്ടൈ വാലിബൻ 18ന് തുടങ്ങുന്നു; കരിയറിലെ നിർണായക സിനിമ

Lijo Jose Pellissery mohanlal movie
Lijo Jose Pellissery mohanlal movie

മോഹൻലാലിന്റെയും ലിജോ ജോസ് പെല്ലിശേരിയുടെയും കരിയറിലെ നിർണായ പ്രൊജക്ടിന് ജനുവരി 18ന് തുടക്കം. രാജസ്ഥാനിലെ ജയ് സാൽമീറിലാണ് വമ്പൻ ബജറ്റിലൊരുങ്ങുന്ന സിനിമ തുടങ്ങുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും

മാസ് ആക്ഷൻ എന്റർടെയിനറായ മലക്കോട്ടൈ വാലിബൻ എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലിനെ അഭിനേതാവ് എന്ന നിലക്കും താരമെന്ന നിലക്കും കാണാൻ ആ​ഗ്രഹിക്കുന്ന കഥാപാത്രമായി അവതരിപ്പിക്കുന്നുവെന്നാണ് ലിജോ അഭിമുഖങ്ങളിൽ സിനിമയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറ.

നൻപകൽ നേരത്ത് മയക്കത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മലക്കോട്ടൈ വാലിബൻ. ആമേൻ, നായകൻ എന്നീ ലിജോ ചിത്രങ്ങളുടെ രചന നിർവഹിച്ച പി.എസ് റഫീക്കാണ് തിരക്കഥ. ലിജോയുടെ തന്നെയാണ് കഥ. മോഹൻലാലിനൊപ്പം വൻ താരനിര ചിത്രത്തിലുണ്ടെന്നാണ് സൂചനകൾ. എല്ലാ അര്‍ത്ഥത്തിലും, മോഹന്‍ലാല്‍ ആരാധകരെയും മലയാളി പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമ തന്നെയായിരിക്കും ഇതെന്നാണ് തന്റെ വിശ്വാസം എന്നാണ് തിരക്കഥാകൃത്ത് പി.എസ് റഫീക്ക് ദ ക്യു അഭിമുഖത്തിൽ മലക്കോട്ടൈ വാലിബനെക്കുറിച്ച് പറഞ്ഞത്. മലയാള സിനിമയെ സംബന്ധിച്ച് മാത്രമല്ല, ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും കരിയറിലെ ഒരു ടേണിംഗ് പോയിന്റായിരിക്കും ഈ സിനിമയെന്നും റഫീക്ക്.

രജനീകാന്ത് ചിത്രം ജയിലർ എന്ന സിനിമയിലെ അതിഥി വേഷം, ലൂസിഫർ സീക്വലായ എമ്പുരാൻ,ജീത്തു ജോസഫ് ചിത്രം റാം എന്നിവയാണ് 2023ലെ മോഹൻലാലിന്റെ മറ്റ് പ്രധാന പ്രൊജക്ടുകൾ. സ്വന്തം സംവിധാനത്തിലുള്ള ബറോസ് ഈ വർഷം റിലീസിനെത്തുമെന്നും അറിയുന്നു. ജോൺ മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ് എന്നീ ബാനറുകൾ ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ 90 ദിവസത്തോളം രാജസ്ഥാനിൽ മാത്രം ചീത്രീകരിക്കുന്ന സിനിമയാകും മലൈക്കോട്ടൈ വാലിബൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Lijo Jose Pellissery mohanlal movie
ലിജോയും ലിജോയുടെ കാമറയും വിശ്രമിക്കാറില്ല, മോഹന്‍ലാല്‍ അനായാസം 'മലൈക്കോട്ടൈ വാലിബനെ' സ്‌ക്രീനിലെത്തിക്കും : പി എസ് റഫീക്ക് അഭിമുഖം

ലിജോ പെല്ലിശേരി മലക്കോട്ടൈ വാലിബനെക്കുറിച്ച്

മമ്മൂക്കയെ എങ്ങനെ ഓൺ സ്ക്രീൻ കാണണം എന്ന് ഞാൻ ആ​ഗ്രഹിക്കുന്നുവോ അത് പോലെ ലാലേട്ടൻ ചെയ്ത് കാണണമെന്ന് ആ​ഗ്രഹിക്കുന്ന കഥാപാത്രമാണ് മലൈക്കോട്ടൈ വാലിബൻ എന്ന സിനിമ.

പി.എസ് റഫീക്ക് പറഞ്ഞത്

ഇന്ത്യന്‍ സിനിമയില്‍ എന്നല്ല, ലോക സിനിമയിലെ തന്നെ നടന്മാരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ രീതിയില്‍ വളരെ അനായാസമായി തന്നെ 'മലൈക്കോട്ടെെ വാലിബനെ' മോഹന്‍ലാല്‍ സ്‌ക്രീനിലെത്തിക്കുമെന്നതില്‍ സംശയമില്ല. 

എല്ലാ കലാകാരന്മാരുടെയും കരിയറില്‍ നല്ലതും ചീത്തതുമുണ്ടാകും. എന്നാല്‍ നല്ലതും ചീത്തതും എന്ന ധാരണ ഓരോരുത്തരുടെയും കാഴ്ചപ്പാടില്‍ അധിഷ്ഠിതമാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ലഭിക്കുന്ന വേഷങ്ങളാണ് അയാളെ നിര്‍ണ്ണയിക്കുന്നത്. അത്തരത്തില്‍ ഒരു ഗ്യാപ് മോഹന്‍ലാല്‍ എന്ന നടനുണ്ടായിട്ടുണ്ടെന്ന് എനിക്ക് വ്യക്തിപരമായി അഭിപ്രായമില്ല. മുഴുവന്‍ സമയവും കലയില്‍ ജീവിക്കുന്ന കലാകാരനെന്ന നിലയില്‍ അദ്ദേഹമെല്ലാക്കാലത്തും ശക്തനാണ്. അദ്ദേഹത്തെ സംബന്ധിച്ച് കഥാപാത്രത്തില്‍ ആവേശിച്ച് പുറത്തുവരുന്ന അനുഭവമാണ് സിനിമ. അതിനപ്പുറമുള്ള ചര്‍ച്ചകള്‍ ഒരു സിനിമയുടെ ജയ- പരാജയങ്ങളുടെ ഫലമാണ്.

ഒരു തിരക്കഥാകൃത്തിനെയോ സംവിധായകനെയോ സംബന്ധിച്ച് രണ്ട് സിനിമകള്‍ പരാജയപ്പെട്ടാല്‍ അടുത്ത സിനിമ ലഭിക്കുക എന്നത് ഒരു വലിയ കടമ്പയാണ്. എന്നാല്‍ പതിറ്റാണ്ടുകളായി ഈ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന മമ്മൂട്ടിയുടെയോ മോഹന്‍ലാലിനെയോ ആ അളവുകോലില്‍ അളക്കരുത്. അവര്‍ക്ക് അവരുണ്ടാക്കിയ, അവരുടേതായ ശക്തമായ ഒരു സ്‌പേസ് ഇവിടെയുണ്ട്. അതെപ്പോഴുമുണ്ടാകും. ആ സ്‌പേസില്‍ എന്തെങ്കിലും വിടവുണ്ടായിട്ടുണ്ടെന്ന് പ്രേക്ഷകന് തോന്നലുണ്ടെങ്കില്‍ ആ വിടവ് നികത്തുന്ന സിനിമയായിരിക്കും 'മലൈക്കോട്ടെെ വാലിബനെ'ന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ആ സ്‌പേസ് പൂര്‍ണ്ണമായും അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുമെന്നും ഉറപ്പാണ്. 

മോഹന്‍ലാലിനെപ്പോലെയുള്ള ഒരു വലിയ നടന്‍ ഞങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച് കൂടെ നില്‍ക്കുകയാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ ഞങ്ങളുടെ ഭാഗത്തുനിന്നും കഴിവിന്റെ പരമാവധി പരിശ്രമമുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in