ലിജോയും ലിജോയുടെ കാമറയും വിശ്രമിക്കാറില്ല, മോഹന്‍ലാല്‍ അനായാസം 'മലൈക്കോട്ടൈ വാലിബനെ' സ്‌ക്രീനിലെത്തിക്കും : പി എസ് റഫീക്ക് അഭിമുഖം

ലിജോയും ലിജോയുടെ കാമറയും വിശ്രമിക്കാറില്ല, മോഹന്‍ലാല്‍ അനായാസം 'മലൈക്കോട്ടൈ വാലിബനെ' സ്‌ക്രീനിലെത്തിക്കും : പി എസ് റഫീക്ക് അഭിമുഖം

Summary

മലയാള സിനിമയുടെ സ്വന്തം മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ആദ്യ ചിത്രം. പ്രഖ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശത്തിലാക്കിയ 'മലൈക്കോട്ടെ വാലിബനെ' വലിയ പ്രതീക്ഷകളുമായാണ് മലയാള സിനിമ കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ചും ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ സംബന്ധിച്ചും ഒരുപോലെ നിര്‍ണ്ണായകമെന്ന് നിരീക്ഷിക്കപ്പെടുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പി എസ് റഫീക്കാണ്. ആമേന്‍ എന്ന എല്‍ജെപി ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തിന്റെ വാക്കുകളില്‍ 'മലൈക്കോട്ടെെ വാലിബന്‍' മലയാള സിനിമയിലെ തന്നെ ഒരു ടേണിംഗ് പോയിന്റാണ്. പി എസ് റഫീക്ക് ദ ക്യൂ സ്റ്റുഡിയോയോട് സംസാരിച്ചത്:

Q

നായകനും, ആമേനിനും ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും പി എസ് റഫീക്കും ഒന്നിക്കുന്ന മൂന്നാം ചിത്രമാണ് 'മലൈക്കോട്ടെ വാലിബന്‍'. ടൈറ്റില്‍ പ്രഖ്യാപനം കഴിഞ്ഞതോടെ ഇനി അടുത്ത അപ്‌ഡേഷന്‍ എന്നാുണ്ടാകുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എങ്ങനെയാണ് സിനിമയ്ക്ക് ഒപ്പമിരുന്ന് പ്രേക്ഷക പ്രതീക്ഷകളെ കാണുന്നത് ?

A

പ്രേക്ഷകര്‍ മാത്രമല്ല, അവരുടെ അത്രയുമോ അതിലധികമോ പ്രതീക്ഷയോടെയാണ് തിരക്കഥാകൃത്തായ ഞാനും ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രമായ 'മലൈക്കോട്ടൈ വാലിബനെ' കാണുന്നത്. എല്ലാ അര്‍ത്ഥത്തിലും, മോഹന്‍ലാല്‍ ആരാധകരെയും മലയാളി പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമ തന്നെയായിരിക്കും ഇതെന്നാണ് എന്റെ വിശ്വാസം. മലയാള സിനിമയെ സംബന്ധിച്ച് മാത്രമല്ല, ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും കരിയറിലെ ഒരു ടേണിംഗ് പോയിന്റായിരിക്കും ഈ സിനിമ.

Q

മലയാള സിനിമയിലെ രണ്ട് പ്രതിഭകള്‍ ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് സിനിമ. ആ ചര്‍ച്ചയുടെ ഭാഗമായി ഒരുപിടി ഫാന്‍ തിയറികളും സിനിമയെ ചുറ്റിപ്പറ്റി പ്രചരിക്കുന്നുണ്ട്- ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് സിനിമ, ചെമ്പോത്ത് സൈമണെന്ന ഗുസ്തിക്കാരനായിരിക്കും കഥാപാത്രം എന്നിങ്ങനെ,

A

ഒരു സിനിമയുണ്ടാകുന്നത് പ്രേക്ഷകന്റെ കൂടി പങ്കാളിത്തത്തിലാണ്. ആ പ്രേക്ഷനെ മുന്നില്‍ കണ്ടുകൊണ്ടാണ് എല്ലാ തിരക്കഥാകൃത്തുക്കളും ഓരോ സീനും ചിട്ടപ്പെടുത്തുന്നത്. കാണികളില്‍ നിന്നുണ്ടാകുന്നത് ഉള്‍പ്പടെ പല ഇന്റര്‍പ്രെട്ടേഷനുകളെയും കഥാപാത്ര രൂപീകരണത്തില്‍ പരിഗണിക്കാറുണ്ട്. ആ അധ്വാനം ഈ സിനിമയിലുമുണ്ടാകും എന്നാണ് ഇക്കാര്യത്തില്‍ എനിക്ക് വെളിപ്പെടുത്താന്‍ സാധിക്കുക. പ്രേക്ഷകര്‍ പ്രതീക്ഷകള്‍ നെയ്‌തെടുക്കുന്നതെല്ലാം നല്ലതാണ്. വളരെ രസകരമായ പല തിയറികളും അങ്ങനെ പുറത്തുവരുന്നുണ്ട്. എന്നാല്‍ വ്യാജ പ്രചാരണങ്ങള്‍ വഞ്ചിതരാവാതിരിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്.

പ്രേക്ഷനെ കണ്‍മുന്നില്‍ കണ്ട് ഭയന്നുകൊണ്ടാണ് മറ്റെല്ലാ തിരക്കഥാകൃത്തുക്കളെ പോലെ ഞാനും എഴുതുന്നത്. മലയാളികളെപ്പോലെ അപ്‌ഡേറ്റഡായ പ്രേക്ഷകരാണ് മുന്നിലുള്ളത്. ലോക സിനിമയെ വിലയിരുത്തുന്നവരും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെ പരിചയമുള്ളവരുമാണ് ഇന്നത്തെ ചെറുപ്പക്കാര്‍. അവര്‍ക്കിടയില്‍ നിന്നുകൊണ്ടാണ് തിരക്കഥാകൃത്ത് എന്ന പദവി ഞാനുപയോഗിക്കുന്നത്. അതിന്റെ ഭാഗമായൊരു ഭയമുണ്ടാകുന്നത് സ്വാഭാവികമാണ്.

എന്നാല്‍ ഈ സിനിമയുടെ ഭാഗമായി ഒപ്പം നില്‍ക്കുന്ന- ലിജോ അടക്കമുള്ളവര്‍ ആ ഭയം ഇല്ലാതാക്കാന്‍ ശേഷിയുള്ളവരാണ്. മോഹന്‍ലാലിനെപ്പോലെയുള്ള ഒരു വലിയ നടന്‍ സിനിമയുടെ ഭാഗമാവുക എന്നത് തന്നെ, 'ഭയപ്പെടേണ്ട ഞാന്‍ നിന്നോടുകൂടിയുണ്ട്' എന്ന് പറയുന്നതിന് തുല്യമാണ്. അതിലപ്പുറം പ്രേക്ഷകനോട് പറയാനാണെങ്കില്‍, ഊഹാപോഹങ്ങളും കണക്ക് കൂട്ടലുകളുമില്ലാതെ തിയറ്ററില്‍ കാണേണ്ട സിനിമയാണ് 'മലൈക്കോട്ടൈ വാലിബന്‍'. ഈ വര്‍ഷം തന്നെ സിനിമ തിയറ്ററിലെത്തും.

Q

പി എസ് റഫീക്ക് എന്ന തിരക്കഥാകൃത്ത് മുന്നോട്ടുവച്ചിട്ടുള്ള ബെഞ്ച് മാര്‍ക്കിനപ്പുറം, വെല്ലുവിളി ഉയര്‍ത്തുന്ന, ഭാരം നല്‍കുന്ന ഒരു പ്രോജക്ടായി 'മലൈക്കോട്ടൈ വാലിബന്‍' മാറുന്നുണ്ടോ?

A

ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ എന്റെ കരിയറിലെ മെഗാഹിറ്റ് സിനിമയാണ് 'ആമേന്‍'. മലയാള സിനിമയിലെ തന്നെ മൈല്‍ സ്‌റ്റോണായാണ് ഞാന്‍ ആ ചിത്രത്തെ കാണുന്നത്. എന്നാല്‍ ഒരു തിരക്കഥാകൃത്തെന്ന നിലയിലെ അഭൂതപൂര്‍വ്വമായൊരു വളര്‍ച്ച ആ സിനിമയ്ക്ക് ശേഷം എനിക്കുണ്ടായി എന്നൊന്നും അവകാശപ്പെടാനാകില്ല. 'മലൈക്കോട്ടൈ വാലിബന്‍' എന്ന സിനിമയുടെ പ്രഖ്യാപനമുണ്ടായപ്പോള്‍ മാത്രം പി എസ് റഫീക്ക് എന്ന തിരക്കഥാകൃത്തിനെ അറിഞ്ഞവരുണ്ട്. സിനിമയ്ക്ക് അപ്പുറം എഴുത്തുകാരനും, ഗാനരചയിതാവുമാണ് ഞാന്‍ എന്നാല്‍ എന്നെ ആ നിലയില്‍ തിരിച്ചറിഞ്ഞിട്ടുള്ളവരും കുറവാണ്.

സത്യത്തില്‍ 'തൊട്ടപ്പന്' ശേഷമുള്ള നാല് വര്‍ഷക്കാലയളവ് മനഃപൂര്‍വ്വം സിനിമയില്‍ നിന്ന് ഇടവേളയെടുത്തതല്ല. കൊവിഡ് പ്രതിസന്ധിയില്‍ എല്ലാവരെയും പോലെ സ്വാഭാവികമായ ഒരു വിടവുണ്ടായി എന്നതാണ് സത്യം. ആ സമയത്ത് രണ്ട് പ്രോജക്ടുകള്‍ വന്നതാണ്, നിർഭാഗ്യവശാല്‍ സംഭവിച്ചില്ല.

ഇക്കാലത്ത് സിനിമാ നിര്‍മ്മാണത്തിലുണ്ടായ മാറ്റവും അതിനെ സ്വാധീനിച്ചിട്ടുണ്ട്. പണ്ടത്തെ പോലെ ഒരു എഴുത്തുകാരന്‍ ഒരു മുറിയിലിരുന്ന് എഴുതിയുണ്ടാക്കുന്നതല്ല സിനിമ. ഇന്നത് ഒരു പാക്കേജായി മാറിയിട്ടുണ്ട്. ഒരു ക്രൂ ഒരുമിച്ച് ഒരു സിനിമയുണ്ടാക്കുകയും അതുമായി ഒരു പ്രൊഡക്ഷനെ സമീപിക്കുകയുമാണ് ഇന്നത്തെ രീതി. അത്തരത്തില്‍ ഒരു ക്രൂവിന്റെ ഭാഗമല്ലാതിരുന്നതാകാം എന്റെ കരിയറിലെ ഈ ഇടവേളയ്ക്ക് കാരണം.

ആ ഇടവേളയില്‍ നിന്ന് ഒരു കുഴിതോണ്ടിയെടുക്കലായിരുന്നു എന്നെ സംബന്ധിച്ച് 'മലൈക്കോട്ടൈ വാലിബന്‍'. സത്യത്തില്‍ മറ്റൊരു സിനിമയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഇടയിലാണ് 'മലൈക്കോട്ടെ വാലിബനെ'ത്തുന്നത്. പെട്ടെന്നുണ്ടായ പ്രോജക്ടാണ്. തിരക്കഥയ്ക്ക് പുറമെ, ഈ സിനിമയിലെ പാട്ടുകളെല്ലാം എഴുതിയതിയിരിക്കുന്നതും ഞാനാണ്.

Q

മലയാളത്തിന്റെ ഏറ്റവും മുന്‍നിരയിലുള്ള മോഹന്‍ലാലെന്ന നായക നടനൊപ്പമാണ് പുതിയ പ്രോജക്ട്. അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവിനായിരിക്കും 'മലൈക്കോട്ടൈ വാലിബന്‍' വഴിയൊരുക്കുക എന്ന് പൊതുവില്‍ സിനിമയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയുണ്ടാകുന്നുണ്ട്.

A

ഇന്ത്യന്‍ സിനിമയില്‍ എന്നല്ല, ലോക സിനിമയിലെ തന്നെ നടന്മാരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ രീതിയില്‍ വളരെ അനായാസമായി തന്നെ 'മലൈക്കോട്ടെെ വാലിബനെ' മോഹന്‍ലാല്‍ സ്‌ക്രീനിലെത്തിക്കുമെന്നതില്‍ സംശയമില്ല.

എല്ലാ കലാകാരന്മാരുടെയും കരിയറില്‍ നല്ലതും ചീത്തതുമുണ്ടാകും. എന്നാല്‍ നല്ലതും ചീത്തതും എന്ന ധാരണ ഓരോരുത്തരുടെയും കാഴ്ചപ്പാടില്‍ അധിഷ്ഠിതമാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ലഭിക്കുന്ന വേഷങ്ങളാണ് അയാളെ നിര്‍ണ്ണയിക്കുന്നത്. അത്തരത്തില്‍ ഒരു ഗ്യാപ് മോഹന്‍ലാല്‍ എന്ന നടനുണ്ടായിട്ടുണ്ടെന്ന് എനിക്ക് വ്യക്തിപരമായി അഭിപ്രായമില്ല. മുഴുവന്‍ സമയവും കലയില്‍ ജീവിക്കുന്ന കലാകാരനെന്ന നിലയില്‍ അദ്ദേഹമെല്ലാക്കാലത്തും ശക്തനാണ്. അദ്ദേഹത്തെ സംബന്ധിച്ച് കഥാപാത്രത്തില്‍ ആവേശിച്ച് പുറത്തുവരുന്ന അനുഭവമാണ് സിനിമ. അതിനപ്പുറമുള്ള ചര്‍ച്ചകള്‍ ഒരു സിനിമയുടെ ജയ- പരാജയങ്ങളുടെ ഫലമാണ്.

ഒരു തിരക്കഥാകൃത്തിനെയോ സംവിധായകനെയോ സംബന്ധിച്ച് രണ്ട് സിനിമകള്‍ പരാജയപ്പെട്ടാല്‍ അടുത്ത സിനിമ ലഭിക്കുക എന്നത് ഒരു വലിയ കടമ്പയാണ്. എന്നാല്‍ പതിറ്റാണ്ടുകളായി ഈ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന മമ്മൂട്ടിയുടെയോ മോഹന്‍ലാലിനെയോ ആ അളവുകോലില്‍ അളക്കരുത്. അവര്‍ക്ക് അവരുണ്ടാക്കിയ, അവരുടേതായ ശക്തമായ ഒരു സ്‌പേസ് ഇവിടെയുണ്ട്. അതെപ്പോഴുമുണ്ടാകും. ആ സ്‌പേസില്‍ എന്തെങ്കിലും വിടവുണ്ടായിട്ടുണ്ടെന്ന് പ്രേക്ഷകന് തോന്നലുണ്ടെങ്കില്‍ ആ വിടവ് നികത്തുന്ന സിനിമയായിരിക്കും 'മലൈക്കോട്ടെെ വാലിബനെ'ന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ആ സ്‌പേസ് പൂര്‍ണ്ണമായും അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുമെന്നും ഉറപ്പാണ്.

മോഹന്‍ലാലിനെപ്പോലെയുള്ള ഒരു വലിയ നടന്‍ ഞങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച് കൂടെ നില്‍ക്കുകയാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ ഞങ്ങളുടെ ഭാഗത്തുനിന്നും കഴിവിന്റെ പരമാവധി പരിശ്രമമുണ്ടാകും.

Q

'നായകനി'ല്‍ നിന്ന് 'നന്‍പകല്‍ നേരത്ത് മയക്കത്തി'ലേക്ക് - ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ ഒരു ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു. ഒരു സുഹൃത്ത് എന്ന നിലയില്‍ ആ വളര്‍ച്ചയെ എങ്ങനെ വിശകലനം ചെയ്യുന്നു?

A

2006 മുതലാണ് ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള അടുപ്പം ആരംഭിക്കുന്നത്. അന്നുമുതല്‍ ഇന്നുവരെയുള്ള ലിജോയുടെ എല്ലാ സിനിമകളെയും സ്വന്തമെന്ന നിലയിലാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഒരുമിച്ച് സിനിമ ചെയ്യാത്ത കാലത്തും നിരന്തരം ചര്‍ച്ചകളിലേര്‍പ്പെട്ടുകൊണ്ടിരുന്ന സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. ലിജോയും ഞാനും നല്ല കെമിസ്ട്രിയുള്ളവരാണെന്നാണ് എന്റെ വിശ്വാസം. ആ നിലയില്‍ നിന്നുകൂടി നോക്കുമ്പോള്‍, പ്രതിഭാശാലിയായ ഒരാളുടെ സര്‍വ്വ സാധാരണമായ ഒരു വളര്‍ച്ചയായിട്ടാണ് ഞാന്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്ന ബ്രാന്‍ഡിനെ കാണുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നടനായിരുന്നു എങ്കിലും, മലയാളസിനിമയിലേക്ക് നൂലില്‍ കെട്ടിയിറക്കപ്പെട്ട ഒരാളല്ല ലിജോ.

എല്ലാവരെയും പോലെ കഷ്ടപ്പെട്ടാണ് മലയാള സിനിമയില്‍ ഇന്ന് കാണുന്ന ഒരു സ്ഥാനത്തേക്ക് ലിജോ എത്തിയിരിക്കുന്നത്. ഒരുപക്ഷേ മലയാളത്തില്‍ അല്ലായിരുന്നെങ്കില്‍ കുറേകൂടി ഉയര്‍ന്നുവരേണ്ടിയിരുന്ന, അതിന് സാധ്യതയുണ്ടായിരുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നാണ് എന്റെ നിരീക്ഷണം.

ഓരോ പുതിയ സിനിമയിലേക്ക് കടക്കുമ്പോഴും, അതിന് മുന്‍പുള്ള സിനിമകളില്‍ നിന്ന് ആവര്‍ത്തനമുണ്ടാകുന്നില്ല എന്നുറപ്പുവരുത്തുകയും വ്യത്യസ്തത ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ് അയാള്‍. അദ്ദേഹം ഉള്‍പ്പടെയുള്ള സിനിമാപ്രവര്‍ത്തകരുടെ എസ്റ്റാബ്ലിഷ്‌മെന്റിന് അപ്പുറം സിനിമ എന്ന എന്‍ഡ് റിസള്‍ട്ടിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകന്‍. അദ്ദേഹത്തിന്റെ മനസിലെ പെര്‍ഷക്ഷനോട് നീതി പുലര്‍ത്താത്തൊന്നും അദ്ദേഹം ചെയ്യില്ല. ലിജോ ജോസ് പെല്ലിശ്ശേരിക്ക് സിനിമ ഒരു വലിയ വികാരമാണ്. സിനിമയല്ലാത്ത ഒരു കാര്യത്തെ കുറിച്ച് വളെ അപൂര്‍വ്വമായേ ലിജോ സംസാരിക്കാറുള്ളൂ. ആ നിലയ്ക്ക് ലിജോ ഒരു ബ്രാന്‍ഡായി വളര്‍ന്നുവന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

Q

ഓടിക്കൊണ്ടിരുന്ന സംവിധായകന് ഒന്നിരിക്കാനുള്ള അവസരം എന്ന നിലയിലാണ് ലിജോ ജോസ് പെല്ലിശ്ശേരി 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയെ വിശദീകരിച്ചത്. 'മലൈക്കോട്ടെെ വാലിബനി'ലേക്ക് എത്തുമ്പോള്‍, സംവിധായകന്‍ വീണ്ടും ഓട്ടത്തിലേക്ക് മടങ്ങാനുള്ള സാധ്യതയുണ്ടോ?

A

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനോ, അദ്ദേഹത്തിന്റെ കാമറയോ ഒരിക്കലും വിശ്രമിക്കാറില്ല. മേക്കിംഗിലെ ആ പ്രത്യേകത മലൈക്കോട്ടൈ വാലിബനുമുണ്ടാകും. പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ശേഷിയുള്ള ചിത്രമാണത്. എന്നാല്‍ സംവിധായകന്‍ ഓട്ടം തുടരും. അദ്ദേഹത്തിന്റെ മറ്റെല്ലാ ചിത്രങ്ങളെയും പോലെ ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയായിരിക്കും ഈ ചിത്രവും. ഒരുപക്ഷേ, മറ്റ് സിനിമകളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനുള്ള ശ്രമമാണ് ഈ സിനിമയില്‍ ലിജോയില്‍ നിന്നുണ്ടാവുക.

Q

സിനിമാസ്വാദനത്തിന്റെയും നിരൂപണത്തിന്റെയും ഗതി മാറിയ അഞ്ചുവര്‍ഷക്കാലയളവിന് ശേഷമാണ് പി എസ് റഫീക്ക് ഒരു തിരക്കഥയുമായി തിരിച്ചുവരുന്നത്. ഈ മടക്കത്തില്‍ ഇന്നത്തെ മലയാള സിനിമയെ എങ്ങനെയാണ് വിലയിരുത്തുന്നത്?

A

മലയാള സിനിമ വളരെ പോസീറ്റീവായ ഒരു പാതയിലാണ് ഇപ്പോഴുള്ളത്. എല്ലാക്കാലത്തും ലോകസിനിമയുടെ തുടിപ്പുകളെ പിടച്ചെടുക്കാന്‍ കെല്‍പ്പുള്ള പ്രേക്ഷകര്‍ ഇവിടെയുണ്ടായിരുന്നു. വിദ്യാഭ്യാസപരവും സാസ്‌കാരികവുമായ മലയാളിയുടെ വളര്‍ച്ചയാണ് കലയെ മനസിലാക്കുന്ന കാര്യത്തിലും മലയാളിയെ മറ്റുവള്ളരേക്കാള്‍ ഒരു പടി മുന്നില്‍ നിര്‍ത്തുന്നത്.

എന്നാല്‍ ഇന്നുണ്ടാകുന്ന സിനിമാ വിര്‍ശനങ്ങളെല്ലാം സത്യസന്ധമാണെന്ന് ഞാന് വിശ്വസിക്കുന്നില്ല. അന്തമായ വിരോധത്തില്‍ നിന്ന് വിമര്‍ശനമുണ്ടാകരുത്. വിമര്‍ശനത്തില്‍ നിര്‍ദേശങ്ങളുമുണ്ടാകണം. അതിന് മറുവശമുണ്ടെന്ന് സിനിമാ പ്രവര്‍ത്തകരുമറിയണം. കാലാനുസൃതമായി സിനിമയുള്‍പ്പടെയുള്ള എല്ലാ കലകള്‍ക്കും മാറ്റം വരുന്നുണ്ടെന്ന് തിരിച്ചറിയണം. കാലത്തിന്റെ ആ മുന്നോട്ടുപോക്കില്‍ അപ്‌ഡേറ്റാകാത്തവരൊക്കെ വിസ്മൃതരാകുന്നത് സ്വാഭാവികമാണ്. അപ്‌ഡേഷന്‍ ഉണ്ടായിക്കൊണ്ടിരിക്കണം.

സമീപകാലത്തുണ്ടായ വേദനാജനകമായ മറ്റൊരു മാറ്റം സിനിമയ്ക്ക് അകത്ത് തന്നെയുണ്ടായ വിഭജനങ്ങളാണ്. ഏട്ടന്റെ സിനിമ, ഇക്കയുടെ സിനിമ, ഇച്ചായന്റെ സിനിമ എന്നിങ്ങനെ കലാകാരന്മാരെ ജാതി തിരിച്ച് കാണുന്ന അവസ്ഥയുണ്ടായിരിക്കുന്നു. എല്ലാവരും മലയാളത്തിന്റെ പൊതുസ്വത്താണെന്ന തിരിച്ചറിവുണ്ടാകുന്നില്ല. സത്യത്തില്‍ ആള്‍ക്കൂട്ടമുണ്ടാവേണ്ടത് തിയറ്ററിനകത്താണ് പുറത്തല്ല. അത് തിരിച്ചറിയണം. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ അങ്ങനെ കാണണം.

logo
The Cue
www.thecue.in