

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ റിലീസിന് ഒരുങ്ങുകയാണ്. വമ്പൻ ബജറ്റിൽ എത്തുന്ന സിനിമയിൽ ആറോളം സ്റ്റണ്ട് സീനുകൾ ഉണ്ടെന്ന് പറയുകയാണ് സംവിധായകൻ നന്ദകിഷോർ. ഈ രംഗങ്ങളെല്ലാം മോഹൻലാൽ ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ചെയ്തതെന്നും നന്ദകിഷോർ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'അഞ്ച്-ആറ് അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ ഈ സിനിമയിലുണ്ട്. അതെല്ലാം ഡ്യൂപ്പിന്റെ സഹായമില്ലാതെ മോഹൻലാൽ സാർ തന്നെയാണ് ചെയ്തത്. പുലിമുരുകനിലെ പോലെ 360 ഡിഗ്രി റിഗ്ഗിങ്ങൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്. അതെല്ലാം തിയറ്ററിൽ മികച്ച കയ്യടി നേടുമെന്നാണ് പ്രതീക്ഷ,' നന്ദകിഷോർ പറഞ്ഞു.
അതേസമയം ക്രിസ്മസ് റിലീസായി ഡിസംബർ 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും. ഛായാഗ്രഹണം - ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി.