
സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി മികച്ച വരുമാനം ലഭിക്കുമോ എന്നത് ഏവർക്കുമുള്ള ഒരു ചോദ്യമാണ്. എന്നാൽ, അതിലൂടെ സ്ഥിരമായി വരുമാനം ലഭിക്കണമെങ്കിൽ നമ്മളും സ്ഥിരതയോടെ കണ്ടന്റുകൾ ചെയ്തേ മതിയാകൂ എന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായ ചൈതന്യ പ്രകാശ്. ചെയ്യുന്ന കാര്യത്തിൽ പരിപൂർണ സത്യസന്ധത പുലർത്തുക. അത് ഇല്ലാതെ വരുമ്പോഴാണ് എല്ലാം തകിടം മറിയുന്നതെന്നും ചൈതന്യ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ചൈതന്യ പ്രകാശിന്റെ വാക്കുകൾ
സോഷ്യൽ മീഡിയയിൽ നിന്നും കൃത്യമായി എല്ലാ മാസവും വരുമാനം കിട്ടുമോ എന്ന് ചോദിച്ചാൽ അത് നമ്മൾ വർക്ക് ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയിരിക്കും. നമ്മൾ കൺസിസ്റ്റന്റായി വർക്ക് ചെയ്യണം. പിന്നെ, നമ്മൾ വളരെ സത്യസന്ധമായി നിൽക്കുക, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഫേക്കായി നിൽക്കുമ്പോഴാണ് കുറേ കഴിയുമ്പോൾ എല്ലാം തകിടം മറിഞ്ഞ് പോകുന്നത്.
ഞാൻ ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ച് കലോത്സവങ്ങളിലെല്ലാം പങ്കെടുത്ത് പോന്നിരുന്ന ഒരാളാണ്. അവിടെ നിന്നാണ് അഭിനയത്തോട് ഒരു ഇഷ്ടം വന്നുതുടങ്ങിയത്. ഞാൻ ക്ലാസിക്കൽ ഡാൻസായിരുന്നു ചെയ്തിരുന്നത്. എങ്കിൽ പോലും അടവ് ചവിട്ടാൻ ഭയങ്കര മടിയായിരുന്നു, പക്ഷെ അഭിനയിക്കാൻ അന്നും ഇഷ്ടമായിരുന്നു.
ഏത് സിനിമ കാണാൻ തിരഞ്ഞെടുക്കുന്നു എന്നുള്ളത് നമ്മുടെ മൂഡിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഉദാഹരണത്തിന്, എനിക്ക് വല്ലാതെ ഇഷ്ടമുള്ള ഒരു സിനിമയാണ് ഹലോ. അത് എന്റെ മൂഡ് വല്ലാതെ ബൂസ്റ്റ് ചെയ്യുന്ന സിനിമയാണ്. മോഹൻലാലിനെയും മമ്മൂട്ടിയെയും ഇഷ്ടമാണെങ്കിലും കുറച്ച് കൂടുതൽ ഇഷ്ടം മോഹൻലാലിനെ തന്നെയാണ്. പക്ഷെ, വയലൻസ് കൂടുതലുള്ള സിനിമകളോട് താൽപര്യം കുറവാണ്.