
മോഹൻലാലിനെ നായകനാക്കി ഓസ്റ്റിൻ തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. സിനിമയുടെ നിർമ്മാതാവായ ആഷിഖ് ഉസ്മാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം ഡിസംബർ അഞ്ചിന് ആരംഭിക്കുമെന്നും 90 ദിവസത്തോളമാണ് സിനിമയുടെ ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നതെന്നും ആഷിഖ് ഉസ്മാൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
'90 ദിവസത്തോളം ഷൂട്ട് വരുന്നുണ്ട്. തൊടുപുഴയാണ് പ്രധാന ലൊക്കേഷൻ. അതുകൂടാതെ മുംബൈയിലും ശബരിമലയും ചിത്രീകരണം നടക്കുന്നുണ്ട്. ഡിസംബർ അഞ്ചിന് ചിത്രീകരണം ആരംഭിക്കുവാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. വലിയ സെറ്റുകളൊക്കെ സിനിമയിലുണ്ട്. അതിന്റെ വർക്കുകൾ ഒക്ടോബർ 12 ന് ആരംഭിക്കും,' ആഷിഖ് ഉസ്മാൻ പറഞ്ഞു.
'സിനിമയുടെ ടൈറ്റിൽ സംബന്ധിച്ച് ആലോചനകൾ നടക്കുന്നതേയുള്ളൂ. രണ്ടു-മൂന്ന് ടൈറ്റിലുകൾ ആലോചിക്കുന്നുണ്ട്. അതിൽ ഒന്നും ഫൈനലായിട്ടില്ല. സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്ന ഘട്ടത്തോടെ ടൈറ്റിൽ എന്ത് എന്നതിൽ അന്തിമ തീരുമാനമെടുക്കാം എന്നാണ് നിലവിൽ കരുതുന്നത്,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാൽ പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഇത്. L 365 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ കഥ - തിരക്കഥ -സംഭാഷണം ചെയ്യുന്നത് രതീഷ് രവിയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി മോഹന്‍ലാല്‍ വരുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കു ഉണ്ട്.