
മലയാളത്തിന്റെ സ്വന്തം മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നതിന്റെ ആവേശത്തിലാണ് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ ഇപ്പോൾ. ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് മോഹൻലാലിനെ നായകനാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്. 'ഒരു ലാലേട്ടൻ ഫാൻ ബോയ് എന്ന നിലയിൽ സന്തോഷം നിറഞ്ഞ നിമിഷം' എന്നാണ് ഈ പ്രഖ്യാപനത്തെ ആഷിഖ് വിശേഷിപ്പിക്കുന്നത്.
വിജയ് സൂപ്പർ പൗർണമി, തല്ലുമാല തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ, അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഓസ്റ്റിൻ തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്. L 365 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ രചന നിർവഹിക്കുന്നത് രതീഷ് രവിയും. ഈ മോഹൻലാൽ ചിത്രത്തിന്റെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുകയാണ് ആഷിഖ് ഉസ്മാൻ.
ആദ്യമായി മോഹൻലാൽ ചിത്രം നിർമ്മിക്കാൻ പോകുന്നു
ഈ നിമിഷം ഏറെ എക്സൈറ്റ്മെന്റ് നിറഞ്ഞതാണ്. അത് മാത്രമാണ് പറയുവാൻ കഴിയുക. ഒരു ലാലേട്ടൻ ഫാൻ ബോയ് എന്ന നിലയിൽ ഏറെ സന്തോഷം നിറഞ്ഞ നിമിഷം തന്നെയാണ്. ഏതൊരാളുടെയും വലിയ സ്വപ്നമാണ് ഒരു ലാലേട്ടൻ സിനിമ.
L 365 ഒരു കോമഡി ചിത്രമാണോ
ഇതൊരു കോമഡി ചിത്രമാണോ എന്ന് ചോദിച്ചാൽ ഈ സിനിമയിൽ എല്ലാമുണ്ട്. ലാൽ സാർ ഏറെ നാളുകൾക്ക് ശേഷം ഒരു പൊലീസ് കഥാപാത്രം ചെയ്യുന്നു. അതിൽ ഹ്യൂമറുണ്ട്, ത്രില്ലറാണോ എന്ന് ചോദിച്ചാൽ അങ്ങനെയും പറയാം. സിനിമ റിലീസ് ചെയ്യുന്ന വേളയിൽ മാത്രമേ കൂടുതൽ പറയാൻ കഴിയുകയുള്ളൂ.
മോഹൻലാലിലേക്ക്
ഒന്നര വർഷത്തോളമായി ഞങ്ങൾ ഈ സ്ക്രിപ്റ്റിന്റെ പണിപ്പുരയിലായിരുന്നു. ആ സമയം ആരായിരിക്കും നായകൻ എന്നത് സംബന്ധിച്ച് ഞങ്ങൾക്ക് പ്ലാനുകൾ ഒന്നുമായിരുന്നില്ല. തിരക്കഥ പൂർത്തിയായതിന് ശേഷമാണ് ഈ കഥ ലാൽ സാറിനോട് പറയാമെന്ന് തോന്നുന്നത്.
മോഹൻലാലിനോട് ഈ കഥ പറഞ്ഞ നിമിഷം
നാല് മണിക്കൂർ എടുത്താണ് ഞങ്ങൾ കഥ ലാൽ സാറിനോട് പറഞ്ഞത്. ആ നാല് മണിക്കൂറുകൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. അവിടെ പോകുന്ന സമയം അദ്ദേഹത്തിന് ഈ കഥ ഇഷ്ടമാകുമോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. ഒരു രണ്ട് മണിക്കൂർ സമയമായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ 4-5 മണിക്കൂർ സമയം ഞങ്ങൾ ലാൽ സാറുമായി ചെലവഴിച്ചു. ആ നിമിഷങ്ങൾ ജീവിതത്തിൽ മറക്കാൻ പറ്റില്ല. അത് പറഞ്ഞറിയിക്കാൻ പറ്റില്ല, ഒരു ഫാൻ ബോയ് മൊമെന്റ് തന്നെയായിരുന്നു.
സുഹൃത്ത് സംവിധായകനാകുമ്പോൾ
ഓസ്റ്റിൻ എന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങിയ നിരവധി സിനിമകളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. ഓസ്റ്റിൻ എന്റെ നല്ല സുഹൃത്തുമാണ്. അദ്ദേഹവുമായി 10 വർഷത്തോളമായുള്ള സൗഹൃദമാണ്.
ചിത്രീകരണം ഉടൻ ആരംഭിക്കുമോ
സിനിമയുടെ ചിത്രീകരണം ഈ വർഷം ആരംഭിക്കുവാനാണ് ഞങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്. ഒരു മികച്ച സിനിമ നൽകാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.