വിലായത്ത് ബുദ്ധ എന്ന വിശിഷ്ടമായ ചന്ദനമരം ലക്ഷ്യമിട്ട ഡബിൾ മോഹനനായി പൃഥ്വിരാജ് സുകുമാരൻ എത്തുന്ന മാസ് ആക്ഷൻ എന്റർടെയിനർ വിലായത്ത് ബുദ്ധ അവസാന ഷെഡ്യൂൾ തുടങ്ങി. സിനിമയിലെ പ്രധാനപ്പെട്ട ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ബസിൽ നിന്ന് ചാടിയിറങ്ങി പൃഥ്വിരാജിന് പരുക്കേറ്റിരുന്നു. ഇതേത്തുടർന്ന് 2022 ജൂണിൽ സിനിമയുടെ ഷൂട്ടിംഗ് നിർത്തിവച്ചിരുന്നു. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന സിനിമയുടെ അമ്പത് ദിവസത്തോളം നീണ്ടുനില‍്ക്കുന്ന ഫൈനൽ ഷെഡ്യൂളിലാണ് ഇടുക്കി ചെറുതോണിയിൽ നടക്കുന്നത്. കാന്താര , കാന്താര സെക്കൻഡ് എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ അരവിന്ദ് കശ്യപാണ് ക്യാമറ. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മാണം.
ഷമ്മി തിലകനാണ് ഡബിൾ മോഹനന്റെ ഗുരുവായ ഭാസ്കരൻ മാഷിനെ അവതരിപ്പിക്കുന്നത്. അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി.ജെ. അരുണാചലം, രാജശ്രീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണ് നായിക. ജെയ്ക്‌സ് ബിജോയ്‌യുടേതാണ് സംഗീതം. ഛായാഗ്രഹണം- അരവിന്ദ് കശ്യപ്, രണദേവ്, എഡിറ്റി ങ്- ശ്രീജിത്ത് ശ്രീരംഗ്, കലാസംവിധാനം- ബംഗ്‌ളാൻ, മേക്കപ്പ്- മനുമോഹൻ, കോസ്റ്റ്യം ഡിസൈൻ- സുജിത് സുധാകർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്, പ്രൊജക്റ്റ് ഡിസൈനർ- മനു ആലുക്കൽ, ലൈൻ പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സംഗീത് സേനൻ, പ്രൊഡക്ഷൻ എക്‌സിക്യട്ടീവ്‌സ്- രാജേഷ് മേനോൻ, നോബിൾ ജേക്കബ്ബ്, പ്രൊഡക്ഷൻ കൺട്രോളർ- അലക്‌സ് ഇ. കുര്യൻ.
ഡിസംബർ ഒന്നിന് മലമ്പുഴയിൽ എമ്പുരാൻ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയിൽ ജോയിൻ ചെയ്തത്. പൃഥ്വിരാജിന്റെ അടുത്ത പ്രധാനപ്പെട്ട റിലീസായാണ് വിലായത്ത് ബുദ്ധ ഒരുങ്ങുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സൗദി വെള്ളക്ക എന്നീ സിനിമകൾക്ക് ശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രവുമാണ് വിലായത്ത് ബുദ്ധ. ഇതേ പേരിലുള്ള ജി ആർ ഇന്ദുഗോപന്റെ കൃതിയാണ് സിനിമയാകുന്നത്. ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.
അയ്യപ്പനും കോശിയും എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ കൂടിയാണ് വിലായത്ത് ബുദ്ധ. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ പൃഥ്വിയുടെ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് വിലായത്ത് ബുദ്ധയുടെ സംവിധാനം. ജയന്‍ നമ്പ്യാരുടെ ആദ്യ സംവിധാന സംരംഭവുമാണ് വിലായത്ത് ബുദ്ധ.