സിനിമാലോകത്തെ ഞെട്ടിച്ച് മരക്കാര്‍ ഹൈലൈറ്റ് ടീസര്‍, പ്രിയന്റെ മാഗ്നം ഓപസ് ഡിസംബറില്‍

സിനിമാലോകത്തെ ഞെട്ടിച്ച് മരക്കാര്‍ ഹൈലൈറ്റ് ടീസര്‍, പ്രിയന്റെ മാഗ്നം ഓപസ് ഡിസംബറില്‍

‘വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ചതിന് നന്ദി സാര്‍’

മോഹന്‍ലാല്‍ സിനിമകളുടെ വിജയാഘോഷ വേദിയില്‍ തന്റെ കുഞ്ഞാലിമരക്കാറിനെ പരിചയപ്പെടുത്തിയ പ്രിയദര്‍ശന്‍. ആശിര്‍വാദത്തോടെ ലാലേട്ടന്‍ എന്ന പരിപാടിയിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയുടെ ഹൈലൈറ്റ് പുറത്തുവിട്ടത്. ക്ഷണിക്കപ്പെട്ട സദസിന് മുന്നില്‍ ഏഷ്യാനെറ്റും ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ പുറത്തുവിട്ട ടീസര്‍ നിമിഷങ്ങള്‍ക്കകം ഫേസ്ബുക്കിലും ട്വിറ്ററിലും വാട്‌സ് ആപ്പിലും വൈറലായി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലായിരിക്കേ വളരെ നേരത്തെ ടീസര്‍ പുറത്തുവിടേണ്ടെന്ന തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. അടുത്ത മാസം ഒഫീഷ്യല്‍ ടീസര്‍ പുറത്തുവരും. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രിയദര്‍ശന്റെ സിഗ്നേച്ചര്‍ വിഷ്വലൈസേഷനും അവതരണ രീതിയും സമ്മേളിക്കുന്ന സിനിമയാണെന്ന് സൂചന നല്‍കുന്നതാണ് ഹൈലൈറ്റ് ടീസര്‍.

ചലച്ചിത്ര വ്യവസായം വളരാന്‍ ചില സിനിമകള്‍ ആവശ്യമാണ്. മരക്കാറിന്റേത് മലയാളത്തിന് താങ്ങാവുന്ന ബജറ്റ് അല്ല. മലയാളത്തിന് പുറമേ തമിഴ് കന്നഡ തെലുങ്ക് ഹിന്ദി പതിപ്പുകള്‍ ഒന്നിച്ച് റിലീസ് ചെയ്യും.

പ്രിയദര്‍ശന്‍

ഒടിയന്‍, ലൂസഫര്‍, ഇട്ടിമാണി എന്നീ സിനിമകളുടെ വിജയാഘോഷവും മരക്കാര്‍, ബറോസ്, എമ്പുരാന്‍ എന്നീ സിനിമകളുടെ പ്രഖ്യാപനവും ചേര്‍ത്തായിരുന്നു ആശിര്‍വാദത്തോടെ ലാലേട്ടന്‍ എന്ന പരിപാടി.

മരക്കാര്‍ ഗ്ലോബല്‍ ഹിറ്റ് ആകണമെന്നാണ് ആഗ്രഹമെന്നും ടീസര്‍ സര്‍പ്രൈസ് സമ്മാനിച്ചെന്നും പൃഥ്വിരാജ് പറഞ്ഞു.

സര്‍പ്രൈസ്ഡ് ആണ്, പ്രിയന്‍ സാറിന്റെ സിനിമയല്ലേ. പ്രിയദര്‍ശന്‍ ഫാന്‍ എന്ന നിലയില്‍ ഇതാണ് പ്രതീക്ഷിക്കുന്നത്. നമ്മള്‍ മനസിലാക്കേണ്ടത് നമ്മള്‍ ഇപ്പോള്‍ കണ്ട അറുപത് സെക്കന്‍ഡ് ഫുട്ടേജ് ഒരു മലയാള സിനിമയുടേതാണ്. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ചതിന് നന്ദി സാര്‍. മരക്കാര്‍ ഗ്ലോബല്‍ ഹിറ്റ് ആകണമെന്ന് തികച്ചും സ്വാര്‍ത്ഥമായ കാരണങ്ങളാല്‍ ആഗ്രഹിക്കുന്നുണ്ട്.

പൃഥ്വിരാജ് സുകുമാരന്‍ 

ഇതൊരു ചരിത്ര സിനിമയാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, അതിബുദ്ധിമാന്‍മാര്‍ക്ക് വേണ്ടി ഞാന്‍ സിനിമ എടുക്കാറില്ല. സാധാരണക്കാരായവര്‍ക്ക് വേണ്ടി സിനിമ എടുക്കാറുള്ളത്. ഈ സിനിമ നിങ്ങള്‍ക്ക് രസിക്കണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഇതൊരു ചരിത്ര സിനിമയൊന്നുമല്ല, എംടി സാര്‍ ചന്തുവിനെ മാറ്റിയെഴുതിയത് പോലെ ഞാനും മാറ്റിയെഴുതിയിട്ടുണ്ട്. ഇതൊരു റിയലിസ്റ്റിക് സിനിമയല്ല. ഞാന്‍ പഠിച്ച കുഞ്ഞാലിമരക്കാര്‍ എന്ന സ്വാതന്ത്ര്യസമര സേനാനിയെക്കുറിച്ചാണ് സിനിമ. 

പ്രിയദര്‍ശന്‍ 

മലയാള സിനിമയിലെ മുന്‍നിര ചലച്ചിത്ര പ്രതിഭകളുടെ സാന്നിധ്യത്തിലാണ് ടീസര്‍ പുറത്തുവിട്ടത്. കുഞ്ഞാലിമരക്കാരെ അവതരിപ്പിച്ച മോഹന്‍ലാലിനെ കൂടാതെ പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതാണ് ടീസര്‍. ഹോളിവുഡ് ഫാന്റസി-പിരീഡ് ഡ്രാമകളുടെ ഫീല്‍ സമ്മാനിക്കുന്ന ടീസറിന്റെ ഛായാഗ്രഹണവും വിഎഫ്എക്‌സും പശ്ചാത്തല സംഗീതവും പ്രശംസകളേറ്റ് വാങ്ങുന്നുണ്ട്. തിരുവാണ് ക്യാമറ. രാഹുല്‍ രാജ് പശ്ചാത്തല സംഗീതവും.

Related Stories

No stories found.
logo
The Cue
www.thecue.in