വിരഹത്തിന്റെ കനലെരിഞ്ഞ സായാഹ്നം: ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ലയണൽ മെസ്സി വിടപറയുന്നു

വിരഹത്തിന്റെ കനലെരിഞ്ഞ സായാഹ്നം: ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ലയണൽ മെസ്സി വിടപറയുന്നു
Published on

ലോകം നിശ്ശബ്ദമായി വിശ്രമിക്കുകയായിരുന്ന ഒരു തണുത്ത സായാഹ്നം. പ്രത്യേകിച്ചൊന്നുമില്ലാത്ത സാധാരണ ഒരു രാത്രിയിലേക്ക് കാല്പന്ത് ലോകം കണ്ണുതുറക്കവെയാണ് ആ വിടവാങ്ങൽ സന്ദേശമെത്തിയത്. കാൽപന്ത് സാമ്രാജ്യത്തിന്റെ ആകെ അടിത്തറയിളക്കിയ ഒരു സുനാമിപോലെ അത് പടർന്നുപിടിച്ചു. വിരഹത്തിന്റെ കനലുകൾ ഒരു തരിപോലും ബാക്കിവെക്കാതെ നെഞ്ചിലേക്ക് കോരിയെറിഞ്ഞ നിമിഷം. ആകാശവും ഭൂമിയും ഒരുപോലെ വിതുമ്പി നിന്ന ആ രാവിൽ, കാലം സ്വന്തം കൈപ്പടയിൽ ഒരു അധ്യായം കൂട്ടിമുട്ടിച്ച് അടച്ചു.

നീലാകാശവും വെളുത്ത മേഘങ്ങളും തുന്നിച്ചേർത്ത അർജന്റീനയുടെ കുപ്പായം ഇനി അയാൾ അണിയില്ല. ആ കുപ്പായത്തിൽ കത്തിജ്ജ്വലിക്കുന്ന ചരിത്രത്തിന്റെ ഒട്ടനവധി വെയിൽത്തുണ്ടുകൾ കോറിയിട്ട ആ സൂര്യൻ, ഒടുവിൽ വിരമിക്കലിന്റെ അനന്തമായ അസ്തമയത്തിലേക്ക് നടന്നു നീങ്ങിയിരിക്കുന്നു.

ആത്മാവ് പകുത്തു നൽകിയ അർജന്റീനയുടെ പത്താം നമ്പർ കുപ്പായത്തെ അലങ്കരിക്കാൻ ഇനി ആ വിരലുകളുണ്ടാകില്ല. കേവലം മൂന്ന് കടലാസു കീറുകൾ കൊണ്ട് അയാൾ ആ ഇതിഹാസ കാവ്യത്തിന്റെ വിരാമം പ്രഖ്യാപിച്ചു.

"ഫൈനലിന് ശേഷം കഴിഞ്ഞ ഈ കുറച്ചുകാലം ഞാൻ നന്നായി ചിന്തിച്ചു. അർജന്റീന ടീമിൽ നിന്ന് ഞാൻ വിരമിക്കുകയാണ്... ഇത് വേദനാജനകവും ആത്മാവിനെ പിടിച്ചുലച്ചതുമായ ഒരു തീരുമാനമായിരുന്നു. പക്ഷേ, ഇതാണ് ശരിയായ സമയം."

ആ വാക്കുകൾ കടലാസിലേക്ക് പകരുമ്പോൾ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞിരിക്കാം. കണ്ണീരിന്റെ തുള്ളി വീണ മഷി പടർന്നാവും ആ വരികൾ പൂർത്തിയാക്കിയത്.

അയാളെഴുതിയ താളുകളിൽ ഈ വാക്കുകൾ തിളങ്ങി, വേദനയുടെ മത്തുപിടിപ്പിക്കുന്ന ഒരുതരം സുഖം നെഞ്ചിൽ കുത്തിക്കയറി.

“എല്ലാ സ്നേഹങ്ങൾക്കും നന്ദി. എന്നെ ഒരു അർജന്റീനക്കാരനാക്കിയതിന് ദൈവത്തിന് നന്ദി! വാമോസ് അർജന്റീന”

ഇതായിരുന്നു അതിന്റെയാവസാനം.
തന്റെ ആത്മാവിന്റെ ഒരു പകുതി കളിക്കളത്തിലെ പുൽനാമ്പുകളിൽ ഉപേക്ഷിച്ചുകൊണ്ടാണ് അയാൾ ആ കത്തെഴുതിത്തീർത്തത്.

തന്റെ നീണ്ട അന്താരാഷ്ട്ര കരിയറിൽ അർജന്റീനയ്ക്കായി മെസ്സി കെട്ടിപ്പടുത്തത് തകർക്കാൻ കഴിയാത്ത സാമ്രാജ്യമാണ്. അർജന്റീനയുടെ നീലയും വെളുപ്പും കുപ്പായത്തിൽ 207 മത്സരങ്ങൾ കളിച്ച അയാൾ 125 ഗോളുകളും 68 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു. ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെയും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെയും അവിശ്വസനീയമായ റെക്കോർഡുകൾ ആ പേരിനൊപ്പം കുറിക്കപ്പെട്ടു.

വിരഹത്തിന്റെ കനലെരിഞ്ഞ സായാഹ്നം: ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ലയണൽ മെസ്സി വിടപറയുന്നു
സ്ട്രൈക്കറില്ലാത്ത ബാഴ്‌സ; എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രം

ഒരു ലോകകപ്പ് കിരീടവും രണ്ട് കോപ്പ അമേരിക്ക ട്രോഫികളും ഒരു ഫൈനലിസിമ കിരീടവും 2008-ലെ ഒളിമ്പിക് സ്വർണ്ണമെഡലും അർജന്റീനയുടെ ഷെൽഫിൽ എത്തിച്ച ശേഷമാണ് ആ മടക്കം. കളിക്കളത്തിൽ കാണിച്ച ഈ അത്ഭുതങ്ങൾക്ക് കണക്കുകളുടെ അളവുകോലുകൾക്കുമപ്പുറം ആഴമുണ്ട്.

മിശിഹായില്ലാത്ത ഫുട്ബോൾ... ഒന്നാലോചിച്ചു നോക്കൂ... അയാൾ ഇല്ലായിരുന്നെങ്കിൽ ഇത്ര മനോഹരമായ ഒരു രൂപം കാല്പന്തിന് ലഭിക്കുമായിരുന്നോ?

ഇത്ര വശ്യമായൊരു മുഖം ഫുട്ബോളിനുണ്ടാകുമായിരുന്നോ.

ആദ്യം വൻകരയും, പിന്നെ ലോകവും. കീഴടക്കാൻ ഫുട്ബോളിൽ ഒന്നുമിനി ആ കുപ്പായത്തിൽ നിങ്ങൾ ബാക്കി വെച്ചിട്ടില്ല. ശതകോടി ഹൃദയങ്ങൾ നിങ്ങളെയോർത്തുകൊണ്ടേയിരിക്കും.

പ്രിയപ്പെട്ട മെസ്സി...

നിങ്ങൾ മിശിഹായാണ്. കുരുശിലേറ്റപ്പെട്ടാലും ഉയിർത്തെഴുന്നേറ്റ മിശിഹാ. ക്രൂശിച്ച നാവുകൾ കൊണ്ട് വാഴ്ത്തിക്കുന്നവൻ. ഒരു നൂറുകാലത്തിന്റെയൽഭുതം...

നിർവചിക്കാൻ വചനങ്ങൾ തികയാതെ വരുന്ന പ്രതിഭാസം, നിരാകരിക്കാൻ എതിരാളികൾക്ക് പഴുതൊന്നും ബാക്കി വെക്കാത്ത ഇതിഹാസം. നിങ്ങൾ റൊസാരിയോയുടെ നായകനാണ്, ആ ജനതയുടെ രാജകുമാരനാണ്, കെട്ടുകഥകളിലെ കിരാതമുഖങ്ങളെല്ലാം വലിച്ചു കീറിയ പോരാളിയാണ്..!

അങ്ങ് ചരിത്രങ്ങളിൽ അനശ്വരനാണ്. ഒരു കാലത്തിനും മായ്ക്കാനോ മറക്കാനോ ആവാത്ത പ്രതിഭാസം. പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളെല്ലാം നിറമേകിയ, കെട്ടുകഥകളിലെ രാജകുമാരൻ. എല്ലാം വെട്ടിപ്പിടിച്ച് കിരീടം സ്വന്തമാക്കി രാജാവായവൻ. ഞങ്ങൾക്കെന്നും പ്രിയപ്പെട്ടവൻ.

നന്ദി ലിയോ, ഈ കാലഘട്ടത്തിൽ ജനിച്ചതിന്. ഞങ്ങളുടെ ബാല്യവും കൗമാരവും യവ്വനവും വസന്തപൂർണ്ണമാക്കിയതിന്. കാൽപന്തിന്റെ ചരിത്ര താളുകൾ അങ്ങയുടെ നിമിഷങ്ങളാൽ അലങ്കരിച്ചു തന്നതിന്.

വിരഹത്തിന്റെ കനലെരിഞ്ഞ സായാഹ്നം: ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ലയണൽ മെസ്സി വിടപറയുന്നു
ഹിറ്റ്‌ലറെ പോലും അത്ഭുതപ്പെടുത്തിയ ഇന്ത്യയുടെ അമരനക്ഷത്രം
logo
The Cue
www.thecue.in