ഇ.ഡിയില്‍ അടിതെറ്റി കെ.എം.ഷാജി, മുസ്ലീം ലീഗ് നേതൃത്വത്തിലും കടുത്ത അതൃപ്തി; രാഷ്ട്രീയ ഭാവിയെ ബാധിക്കും

ഇ.ഡിയില്‍ അടിതെറ്റി കെ.എം.ഷാജി, മുസ്ലീം ലീഗ് നേതൃത്വത്തിലും കടുത്ത അതൃപ്തി; രാഷ്ട്രീയ ഭാവിയെ ബാധിക്കും

കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം കെ.എം. ഷാജി എം.എല്‍.എയുടെ രാഷ്ട്രീയഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്നു. അന്വേഷണവും ആരോപണങ്ങളും മുസ്ലിംലീഗ് നേതൃത്വത്തില്‍ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നേതൃപദവിയിലേക്ക് എത്താനുള്ള കെ.എം. ഷാജിക്ക് മുന്നിലുള്ള സാധ്യതകളെയും ഇത് സാരമായി ബാധിക്കും. പാര്‍ട്ടിക്കകത്ത് ഒതുങ്ങിയിരുന്ന പഴയ ആരോപണങ്ങളും ഇതോടെ സജീവമായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയ്ക്കും ഈ ആരോപണങ്ങള്‍ മങ്ങലേല്‍പ്പിക്കും. ഇ.ഡിക്ക് മുന്നില്‍ പണത്തിന്റെ ഉറവിടം വിശദീകരിക്കാനായില്ലെങ്കില്‍ തിരിച്ചടിയാകും.

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചതില്‍ കോഴ വാങ്ങിയെന്ന പരാതി നേതൃത്വം ഇടപെട്ട് പരിഹരിച്ചതായിരുന്നു.തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ട് മുമ്പ് അന്വേഷണം വന്നത് തിരിച്ചടിയാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് കെ.എം. ഷാജിക്കെതിരെ നേരത്തെയുണ്ടായിരുന്ന പരാതികളും വീണ്ടും ഉയര്‍ന്ന് വന്നിരിക്കുകയാണ്.

കൊണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹിം, മുന്‍ പി.എസ്.സി അംഗം ടി.ടി ഇസ്മയില്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന വാങ്ങിയ ഭൂമിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്ന വീട് കെ.എം.ഷാജി നിര്‍മ്മിച്ചത്. ഭൂമി കെ.എം ഷാജി തട്ടിയെടുത്തെന്ന് ടി.വി. ഇബ്രാഹിമും ടി.ടി ഇസ്മയിലും പരാതിപ്പെട്ടിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ ഇടപെട്ടാണ് മുടക്ക് മുതല്‍ ഇരുവര്‍ക്കും പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചു നല്‍കിയത്.

യൂത്ത് ലീഗിന് വേണ്ടി കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡില്‍ വാങ്ങിയ ഭൂമി ഇടപാടിലും കെ.എം. ഷാജിക്കെതിരെ ആരോപണം നിലനില്‍ക്കുന്നുണ്ട്. ഓഫീസിനായി വാങ്ങിയ ഭൂമിയില്‍ കേസ് കാരണം നിര്‍മ്മാണം നടന്നില്ല. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ട ആള്‍ ഭൂമി വാങ്ങിയെങ്കിലും പണം യൂത്തിലീഗിന്റെ അകൗണ്ടിലെത്തിയില്ലെന്നാണ് ആരോപണം.

കെ.എം. ഷാജി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്ക് നീങ്ങുകയാണെങ്കില്‍ കണ്ണൂര്‍ മത്സരിക്കാനായി കെ.എം ഷാജി ശ്രമിച്ചിരുന്നു. കോഴ ആരോപണം നിലനില്‍ക്കുന്നതിനാല്‍ അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ ഇല്ലെന്ന് നേതൃത്വത്തെ ഷാജി അറിയിച്ചിരുന്നു.എന്നാല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലം വിട്ട് കൊടുത്ത് അഴീക്കോട് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. വിലക്ക് നീക്കുന്നതിന് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ കെ.എം. ഷാജി തയ്യാറായിട്ടില്ല. കെ.പി.എ മജീദ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയാണെങ്കില്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്താനായിട്ടായിരുന്നു കെ.എം. ഷാജി നീക്കം നടത്തിയിരുന്നത്. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറിന്റെ പിന്തുണയോടെയായിരുന്നു കെ.എം. ഷാജിയുടെ നീക്കം. നിയമസഭ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി സീറ്റ് നല്‍കാമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വാഗ്ദാനം ചെയ്തതോടെയാണ് എം.കെ മുനീര്‍ ഇത്തരം നീക്കങ്ങളില്‍ നിന്നും പിന്മാറിയത്. ഇപ്പോള്‍ കോഴ കേസുള്‍പ്പെടെ ഉയര്‍ന്ന സാഹചര്യത്തില്‍ കെ.എം. ഷാജിയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ നേതൃത്വം തയ്യാറാവില്ലെന്നാണ് മുസ്ലിംലീഗിലുള്ളവര്‍ തന്നെ പറയുന്നത്.

Related Stories

The Cue
www.thecue.in