

മുത്തങ്ങയിലെത്തിയപ്പോഴേക്കും വെളിച്ചം മങ്ങി കാടുകളില്‍ ഇരുള്പിടിക്കാന് തുടങ്ങിയിരുന്നു. കാടിനുള്ളില്‍ പൊന്‍കുഴി മുതല്‍ അമ്പുകുത്തി വരെയുള്ള സ്ഥലങ്ങളില്‍ കുടിലുകള്‍ കെട്ടി താമസിച്ചായിരുന്നു സി.കെ.ജാനുവും ഗീതാനന്ദനും നേതൃത്വം നല്കുന്ന ആദിവാസി ഗോത്രമഹാസഭയുടെ മുത്തങ്ങയിലെ ഭൂസമരം. ആദിവാസി ഭൂസമരം നേരിൽ കണ്ട അനുഭവം.
രണ്ടായിരത്തി മൂന്ന് ഫെബ്രുവരി പതിനെട്ടിന് വൈകുന്നേരത്തെ ക്ലാസ്സിനിടയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ അവരുടെ കോളേജിനടുത്തുള്ള ഒരു കടയില്‍ പുകക്കാനായി ചെല്ലുന്നു. സുല്‍ത്താന്‍ ബത്തേരിയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ പി.ജി. സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്കിലെ വിദ്യാര്‍ത്ഥികളായിരുന്ന ഞാനും ലിജു രാമചന്ദ്രനും, സാദിക് കെ.പി.യുമായിരുന്നു അവര്‍. സിഗരറ്റ് വാങ്ങി കത്തിക്കുന്നതിനിടയില്‍ കടക്കാരന് ഒട്ട് പരിഭ്രമത്തോടെ ഒരു കാര്യം പറഞ്ഞു. ''മുത്തങ്ങ കാട്ടില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്ന ആദിവാസികളില്ലേ, അവര്‍ കാട്ടില്‍ വിറകെടുക്കാന്‍ പോയ മൂന്ന് പേരെ പിടിച്ചുകെട്ടി! അതിലൊരുത്തന് രക്ഷപ്പെട്ടു. ബാക്കി രണ്ടുപേരെ അവര്‍ മര്ദ്ദിച്ചുകൊണ്ടിരിക്കുകയാണ്. ആദിവാസികള്‍ ബന്ദികളുടെ ജീവന് വെച്ച് സര്‍ക്കാരിനോട് വിലപേശാനാണ് ശ്രമിക്കുന്നതെന്നു കേട്ടു. അവറ്റ ചിലപ്പോള്‍ അവരെ കൊന്നെന്നും വരാം.''
''ഏട്ടാ ഇങ്ങള് അതുംഇതും കേട്ട് ഓരോന്ന് പറയണ്ടാ. ഓര് അങ്ങനൊന്നും ചെയ്യൂല. ഓരെ ഞാക്ക് അറിയാം.'' എന്ന് ലിജു പറഞ്ഞു. ''നിങ്ങള്‍ വിശ്വസിക്കുന്നില്ലേല്‍ വേണ്ട. സായാഹ്നപത്രത്തിലും ന്യൂസിലും ഒക്കെ ഉണ്ടെന്നാണ് ഇവിടെ ആള്ക്കാര് പറയുന്നത്'' എന്നായിരുന്നു കടക്കാരന്റെ മറുപടി.
അതുകേട്ട് വിശ്വാസം വരാത്ത ഞങ്ങള്‍ കോട്ടക്കുന്നിലുള്ള ജീപ്പ് സ്റ്റാന്റിലേക്ക് നടന്നു. മുത്തങ്ങ അടക്കം പല ഭാഗങ്ങളിലേക്കും ട്രിപ്പ് അടിക്കുന്ന ജീപ്പുകള്‍ അവിടെയാണ് വരിവരിയായി നിര്‍ത്തിയിടുന്നത്. ജീപ്പ് ഡ്രൈവര്‍മാരോട് കേട്ട സംഭവത്തെക്കുറിച്ച് ചോദിച്ചു. അവരും ഏറെക്കുറെ സമാനമായ കഥയാണ് പറഞ്ഞത്. ജീപ്പ് സ്റ്റാന്റിന് എതിര്‍വശം എസ്.ടി.ഡി. ബൂത്ത് നടത്തുന്ന ചേട്ടനും വലിയ വ്യത്യാസങ്ങളില്ലാതെ കഥ ആവര്‍ത്തിച്ചു. ഈ വാര്‍ത്ത ബത്തേരി ടൗണിലെ ഒരു പൊതുസംസാരമായി മാറിയെന്ന കാര്യം ഞങ്ങള്‍ക്ക് മനസ്സിലായി.
ഇതെല്ലാം കേട്ട് വിശ്വാസം വരാതെ ഞങ്ങള്‍ പരസ്പരം തര്‍ക്കിച്ചു. അവസാനം മുത്തങ്ങവരെ പോയി കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ തീരുമാനിച്ചു. അപ്പോഴേക്കും സമയം അഞ്ചു മണി കഴിഞ്ഞിരുന്നു.
മുത്തങ്ങയിലെത്തിയപ്പോഴേക്കും വെളിച്ചം മങ്ങി കാടുകളില്‍ ഇരുള്പിടിക്കാന് തുടങ്ങിയിരുന്നു. കാടിനുള്ളില്‍ പൊന്‍കുഴി മുതല്‍ അമ്പുകുത്തി വരെയുള്ള സ്ഥലങ്ങളില്‍ കുടിലുകള്‍ കെട്ടി താമസിച്ചായിരുന്നു സി.കെ.ജാനുവും ഗീതാനന്ദനും നേതൃത്വം നല്കുന്ന ആദിവാസി ഗോത്രമഹാസഭയുടെ മുത്തങ്ങയിലെ ഭൂസമരം. ആദിവാസികളുടെ ഭൂരാഹിത്യം പരിഹരിക്കാനും അവരുടെ ഭൂഅവകാശം പുനഃസ്ഥാപിക്കാനുമുള്ളതായിരുന്നു പ്രത്യക്ഷത്തില്‍ ഈ സമരമെങ്കിലും ഇടതുവലതു സര്‍ക്കാരുകളുടെ കീഴാളവിരുദ്ധവും മുതലാളിത്തപരവുമായ ഭൂനയത്തെ ഇത് തുറന്നുകാട്ടി. കാരണം ഇടതുവലതു സര്‍ക്കാരുകള്‍ ആദിവാസി ഭൂനിയമത്തെ അട്ടിമറിച്ചതും ഭൂപരിഷ്ക്കരണത്തെ ഭൂരഹിത (ദലിത്ആദിവാസി) വിരുദ്ധമായി നടപ്പാക്കിയതും ഇത് വീണ്ടും പൊതുചര്‍ച്ചയില്‍ കൊണ്ടുവന്നു.
പൊന്‍കുഴിയിലേക്ക് പോകുന്ന വഴിയില്‍ താല്‍ക്കാലിക ചെക്ക്പോസ്റ്റില്‍ രണ്ട് പോലീസുകാരുണ്ടായിരുന്നു. കേട്ട സംഭവത്തെക്കുറിച്ച് ഞങ്ങള്‍ പോലീസുകാരോട് ചോദിച്ചു. ''അവറ്റകളെ സര്‍ക്കാര്‍ മേയാന്‍ വിട്ടിരിക്കുകയാണ് കേരളാ പോലീസ് വിചാരിച്ചാല്‍ ഒറ്റ മണിക്കൂറുകൊണ്ട് അടിച്ചോടിക്കാവുന്നതേ ഉള്ളൂ'' എന്നായിരുന്നു ഒരു പോലീസുകാരന്റെ മറുപടി. അതിനെതിരായി ''അതൊക്കെ എളുപ്പാണോ?'' എന്നുചോദിച്ച എന്നോട് ''നിനക്കൊക്കെ വലിയ കഴപ്പാണെങ്കില്‍ കാട്ടിനുള്ളില്‍ ചെന്ന് അന്വേഷിക്ക്'' എന്ന് മറ്റൊരു പോലീസുകാരന് പറഞ്ഞു. ഞങ്ങള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ചെക്ക്പോസ്റ്റ് നൂണ്ടുകടന്ന് ആന പരിശീലനകേന്ദ്രം മറികടന്ന് നേരെ നടന്നു. കാട്ടിനുള്ളിലുള്ള വഴിയില്‍ ഇരുട്ട് വീണിരുന്നു.
ചീവിടുകളുടെയും മരം ഉരയുന്നതിന്റെയും മറ്റും ശബ്ദം കേള്‍ക്കാം. തിരിച്ചുനടക്കാന്‍ മനസ്സുവരാത്തതുകൊണ്ട് മുന്നോട്ട് തന്നെ നടന്നു. അപ്പോള്‍ കുറച്ചകലെ ഉയരത്തില്‍നിന്ന് ആളുകളുടെ ശബ്ദം കേട്ടു. വഴിയിലൂടെ ശബ്ദം കേട്ട സ്ഥലത്തേക്ക് നടന്നപ്പോള്‍ ഒരു കാവല്തട കണ്ടു. ആരുമില്ലാത്ത അത് മറികടന്ന് വീണ്ടും മുന്നോട്ടുനടന്നപ്പോള്‍ കൂരകള്‍ കണ്ടുതുടങ്ങി. അത് ഭൂസമരക്കാരുടെ പൊന്‍കുഴി സെറ്റില്‍മെന്റ് ആയിരുന്നു. ഞങ്ങള്‍ സെറ്റില്‍മെന്റിലേക്ക് പ്രവേശിച്ചതും പലദിക്കില്‍നിന്നും ആളുകള്‍ വന്ന് ഞങ്ങളെ വളഞ്ഞു. നിങ്ങള്‍ എന്തിനിവിടെ വന്നു? എവിടെനിന്നും വരുന്നു? ആരാണ് നിങ്ങള്‍? തുടങ്ങിയ ചോദ്യങ്ങള്‍ അവര്‍ ഞങ്ങളോട് ചോദിച്ചു.
ഒറ്റയാനുള്ള ഈ ആനക്കാട്ടിലൂടെ എന്തു ധൈര്യത്തിലാണ് നിങ്ങള്‍ ഇത്രദൂരം നടന്നുവന്നതെന്നും ജീവന് അപായപ്പെടാഞ്ഞത് നിങ്ങളുടെ ഭാഗ്യമാണെന്നും അവര്‍ ഞങ്ങളോട് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. മറ്റാളുകള്‍ സെറ്റില്‍മെന്റില്‍ കയറി കുഴപ്പങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ സെറ്റില്‍മെന്റിലേക്കുള്ള കവാടത്തിലും മരങ്ങളിലും ഗോത്രമഹാസഭ ആളുകളെ നിര്‍ത്തിയിരുന്നു. അവര്‍ ഡ്യൂട്ടി മാറിയ സമയമായതിനാലാണ് ഞങ്ങള്‍ക്ക് ഉള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.ആദ്യം ഞങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയ അവര്‍ ഞങ്ങളുടെ സത്യസന്ധമായ മറുപടികേട്ട് കുറച്ച് അയഞ്ഞു. ഞങ്ങള്‍ കേട്ട കാര്യങ്ങള്‍ അവരോട് പങ്കുവെച്ചപ്പോള്‍ ഞങ്ങള്‍ ആരെയും പിടിച്ചുകെട്ടിയിട്ടില്ലെന്നും സെറ്റില്‍മെന്റില്‍ അതിക്രമിച്ച് കയറിയ ആള്‍ക്കാരെ കുറച്ച് സമയം തടഞ്ഞുവെച്ചിരുന്നെന്നും അവരെ വിട്ടയച്ചെന്നുമായിരുന്നു മറുപടി. ബാലകൃഷ്ണന്, സുഭാഷ് എന്നിവരായിരുന്ന പ്രധാനമായും സംസാരിച്ചത്. കാര്യങ്ങള്‍ ഒക്കെ അറിഞ്ഞ സ്ഥിതിക്ക് അവരോട് ഞങ്ങള്‍ തിരിച്ചുപോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വന്യമൃഗങ്ങളുള്ള കാട്ടിലൂടെ തിരിച്ചുപോകുന്നത് അപകടം പിടിച്ചതാണെന്നും പോകുന്ന വഴിയില്‍ നിങ്ങള്‍ക്കെന്തെങ്കിലും പറ്റിയാല്‍ ഞങ്ങള്‍ സമാധാനം പറയേണ്ടി വരുമെന്നുംപറഞ്ഞ് അവര്‍ ഞങ്ങളെ തടഞ്ഞു. അപ്പോഴേക്ക് തണുപ്പ് തുടങ്ങിയിരുന്നു. അവര്‍ സെറ്റില്‍മെന്റിന്റെ അകത്തേക്ക് ഞങ്ങളെ വിളിച്ചു.
ചെന്നപ്പോള്‍ ആദ്യം കണ്ടകാഴ്ച സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു സംഘം മുറ്റത്ത് കൂട്ടിയ തീക്കുചുറ്റിലും ഇരിക്കുന്നതായിരുന്നു. അവരില്‍ ചിലര്‍ തുടി ചൂടാക്കുകയും മറ്റുചിലര്‍ ഓടിക്കളിക്കുന്ന കുട്ടികളോട് കളിപറഞ്ഞ് ചിരിക്കുകയും ചെയ്യുകയായിരുന്നു. ഞങ്ങള്‍ അവിടെച്ചെന്ന് ഉക്കിച്ചിരുന്ന് തീക്കാഞ്ഞു. അപ്പോള്‍ അവരിലാരോ കട്ടന്‍കാപ്പി കൊണ്ടുവന്നുതന്നു. അവരും ഞങ്ങളും പലതും പറഞ്ഞിരിക്കുമ്പോള്‍ ഒരു അമ്മ വന്ന് ഞങ്ങളെ ചോറുകഴിക്കാന് വിളിച്ചു. അപ്പോഴേക്കും സമയം ഒന്‍പത് മണി കഴിഞ്ഞിരുന്നു. ചോറിന് കൂട്ടാന്‍ താളില്‍ പരിപ്പിട്ട കറിയും ഉണക്കമുള്ളനുമായിരുന്നെന്നാണ് ഓര്‍മ്മ. ചോറുകഴിച്ച് പുകക്കാന്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ കയ്യില്‍ സിഗരറ്റ് ഉണ്ടായിരുന്നില്ല. പൊന്‍കുഴി സെറ്റില്‍മെന്റിനുള്ളില്‍ അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ കട സമരക്കാര്‍ നടത്തിയിരുന്നു. അവിടെചെന്ന് ഒരു കെട്ട് ബീഡി വാങ്ങി വലിച്ച് തിരിച്ചുവന്ന് തീക്ക് ചുറ്റിലും ഇരുന്ന് സംസാരം തുടര്‍ന്നു. അതിനിടയില്‍ പ്രായമായ ഒരാള്‍ തുടി പെരുക്കി മൂളാന്‍ തുടങ്ങി. അതു പിന്നെ പാട്ടുകള്‍ പലതായി. കുട്ടികള്‍ അതിനൊത്ത് ചുവടുകള്‍ വെച്ചു തിമിര്‍ത്തു. കുറച്ചുകഴിഞ്ഞപ്പോള്‍ അവര്‍ കൂരകളിലേക്ക് മടങ്ങി.
കുറച്ചുപേര്‍ അവിടെത്തന്നെ തീകായാനായി ഇരുന്നു. തണുപ്പ് കൂടുന്നതിനനുസരിച്ച് അവര്‍ കനല് പെരുക്കി. അതിനിടയില്‍ ചര്‍ച്ചയും ചൂടുപിടിച്ചു. ബാലകൃഷ്ണനും സുഭാഷും വയസ്സായ ചില അമ്മമാരുമാണ് ഞങ്ങളോട് സംസാരിച്ചത്. ചര്‍ച്ച ആദിവാസികളുടെ ഭൂരാഹിത്യം, കുടിയേറ്റക്കാരുടെ ചൂഷണം, ഭരണകൂടസമീപനം, സാമ്പത്തികാവസ്ഥ, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, വനാവകാശം എന്നീ വിഷയങ്ങള്‍ കടന്ന് ആധിപത്യ സംസ്കാരത്തിലെത്തിയപ്പോഴേക്ക് സമയം രാത്രി രണ്ടുമണി കഴിഞ്ഞിരുന്നു. ഉറങ്ങാനായി ഞങ്ങള്‍ക്ക് അവര്‍ പായയും കമ്പിളിപുതപ്പും കൊണ്ടുവന്നു. പുതപ്പ് പുതച്ച് പായയില്‍ കിടന്ന് കഥപറച്ചില്‍ തുടര്‍ന്ന ഞങ്ങള്‍ എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ അമ്പുകുത്തി സെറ്റില്‍മെന്റില്‍നിന്ന് രണ്ടാളുകള്‍ വന്നു. അവരെയും കൂട്ടി ബാലകൃഷ്ണന് ഞങ്ങളുടെ അടുത്തേക്ക് വന്നു. അവര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി. അപ്പോള്‍ സമയം ഏകദേശം രാവിലെ ഏഴുമണിയായിരുന്നു. പോലീസ് വാനില്‍ നൂറുക്കണക്കിന് പോലീസുകാര്‍ വന്നിറങ്ങിക്കൊണ്ടിരിക്കുകയാണെന്നും ആയുധധാരികളായ അവര്‍ അമ്പുകുത്തി സെറ്റില്‍മെന്റിന് മുമ്പിലുള്ള റോഡില്‍ നിലയുറപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആണ് വന്നവര്‍ അറിയിച്ചത്. അവര്‍ ഭൂസമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷമുണ്ടാകുമെന്നും ചിലപ്പോള്‍ അത് വെടിവെപ്പിലേക്കുവരെ നീങ്ങാമെന്നും അതുകൊണ്ട് സുരക്ഷിതമായി നിങ്ങളെ പുറത്തിറക്കാമെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ ആകെ ധാര്‍മിക പ്രശ്നത്തിലായി, അവിടെത്തന്നെ നില്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ അതിനവര്‍ സമ്മതിച്ചില്ല. നിങ്ങളുടെ സുരക്ഷ ഞങ്ങള്‍ക്ക് പ്രാധാന്യമാണെന്നുംപറഞ്ഞ് ഞങ്ങളെയുംകൂട്ടി അമ്പുകുത്തിയിലേക്ക് നടന്നു. സമരക്കാര്‍ പോലീസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലായിരുന്നു. അവിടെ റോഡില്‍ നൂറുക്കണക്കിന് പോലീസുകാര്‍ ക്യാമ്പുചെയ്തിരുന്നു. അവര്‍ കുടില്‍കെട്ടി സമരം ചെയ്യുന്നവരോട് സമരഭൂമി വിട്ട് ഒഴിഞ്ഞുപോകുവാന്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ആ അവസരം ഉപയോഗിച്ച് ഗോത്രമഹാസഭ പ്രവര്‍ത്തകര്‍ ഞങ്ങളെ പുറത്ത് റോഡിലേക്ക് ഇറക്കിവിട്ടു.
പുറത്തുകടന്നപ്പോള്‍ ഞങ്ങള്‍ കണ്ടത് പോലീസ് നടപടി കാണാന്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന ജനക്കൂട്ടത്തെയാണ്. വീട്ടില്‍പോയി രാവിലെ സമരഭൂമിയിലേക്ക് മടങ്ങിയ ചില ആദിവാസികളെ ഇവര്‍ തടഞ്ഞുനിര്‍ത്തി ഉന്തിയും തള്ളിയും ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളതില്‍ ഇടപെട്ടു. പക്ഷേ, അവരുടെ പോലീസിംഗിനെ പ്രതിരോധിക്കാനുള്ള ഞങ്ങളുടെ ശ്രമം പരാജയപ്പെട്ടു. ഏകദേശം ഒമ്പതുമണിയോടെ ആദിവാസികള്‍ നിര്‍മ്മിച്ച ചെക്ക് പോസ്റ്റ് പൊളിച്ച് ടിയര്‍ ഗ്യാസ് പ്രയോഗിച്ച് അവരെ പിന്നോട്ട്നീക്കി പോലീസ് കുടില്‍ പൊളിക്കാന്‍ തുടങ്ങി. മുന്‍ഭാഗത്തെ കുടിലുകള്‍ ഉപേക്ഷിച്ച് പുറകിലേക്ക് നീങ്ങിയ സമരക്കാര്‍ കുടില്‍ പൊളിക്കുന്ന പോലീസുകാര്‍ക്കും ഫോറസ്റ്റുകാര്‍ക്കും നേരെ കല്ലേറ് ആരംഭിച്ചു. കല്ലേറില്‍ പരിക്കുപറ്റിയ പോലീസുകാര്‍ തിരിഞ്ഞോടി. അവരില്‍ ചിലര്‍ റോഡിലേക്ക് ആന വരാതിരിക്കാന്‍ കുഴിച്ച ട്രഞ്ചില്‍ വീണുപോയി. അവരിലൊരു പോലീസുകാരനെയും ഒരു ഫോറസ്റ്റുകാരെനെയും സമരക്കാര്‍ പിടിച്ചുവെച്ചു.
സംഘര്‍ഷം ഇരട്ടിച്ചു. പോലീസ് നിരുപാധികം സമരഭൂമിയില്‍ നിന്ന് ഒഴിഞ്ഞുപോയാലേ ഇവരെ വിട്ടുനല്‍കൂ എന്ന് സമരക്കാര്‍ നിബന്ധന വെച്ചു. പോലീസ് അതിന് വഴങ്ങിയില്ല. കുറച്ചധികസമയം കാത്തിരുന്ന പോലീസ് വീണ്ടും അതിക്രമനടപടികളുമായി മുന്നോട്ടുനീങ്ങി. അതിനിടയില്‍ ബന്ദിയായിരുന്ന ഫോറസ്റ്റുകാരന് എങ്ങനെയോ രക്ഷപ്പെട്ടു. പോലീസുകാരനെയുംകൊണ്ട് സമരക്കാര്‍ ഉള്ളിലോട്ട് വലിഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ഒരു നടപടിക്രമങ്ങളും പാലിക്കാതെ ഭൂരഹിതരും ആദിവാസികളുമായ സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു. ഓപ്പണ്‍ ഫയറിങ്ങിന് മുന്‍പ് ആദ്യം റബ്ബര്‍ ബുള്ളറ്റും അതിനുശേഷം കാര്യങ്ങള്‍ നിയന്ത്രണാതീതമായാല്‍ മുട്ടിന് താഴെ മാത്രം വെടിവെക്കാവൂ എന്നതുമായിരുന്നു സാധാരണ നടപടിക്രമം. വെടിവെപ്പില്‍ ആദിവാസി സമുദായാംഗമായ ജോഗി എന്ന സമരക്കാരന് തല്‍സ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. ജാനു പിന്നീട് വെളിപ്പെടുത്തിയത് മുത്തങ്ങ പോലീസ് ആക്ഷനില്‍ 18 പേര് മരണമടഞ്ഞുവെന്നാണ്. 130ല്‍ അധികം പേര് പോലീസ് കസ്റ്റഡിയിലായി. നിരവധി കുടുംബങ്ങള്‍ നിരാലംബരായി. സമരക്കാര്‍ ബന്ധിയാക്കിയ വിനോദ് എന്ന പോലീസുകാരനും തല്‍സ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു.
അമ്പുകുത്തിയില്‍ കൂടിനിന്ന ജനക്കൂട്ടത്തിലുണ്ടായിരുന്നവരില് പലരും പോലീസിനൊപ്പം കുടിലുകള്‍ പൊളിച്ച് കുടിലിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്തു. കൈയ്യേറ്റം കഴിഞ്ഞ് കുടിലില്‍ നിന്ന് കൈവശപ്പെടുത്തിയ ഓടിന്റെ മണ്ണെണ്ണവിളക്കുമായി നടന്നുപോകുന്ന ഒരുവന് മറ്റൊരുവനോട് നിനക്കെന്തുകിട്ടി എന്ന് ചോദിക്കുന്നതും ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടിവന്നു. ഞങ്ങള്‍ ദു?ഖിതരായി, ഉച്ചകഴിഞ്ഞപ്പോള്‍ മുത്തങ്ങയില്‍നിന്ന് ബത്തേരിയിലേക്ക് മടങ്ങി.
വയനാട്ടിലും പരിസരപ്രദേശങ്ങളിലും പോലീസും പ്രകൃതി സംരക്ഷണ സമിതിക്കാരും മറ്റ് ആദിവാസി വിരുദ്ധകക്ഷികളും ആദിവാസികള്‍ക്കുനേരെ കടുത്ത അതിക്രമമാണ് അഴിച്ചുവിട്ടത്. പണിക്ക് പോകാനും സാധനങ്ങള്‍ വാങ്ങാനും ബത്തേരി അങ്ങാടിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന ആദിവാസി സ്ത്രീകളും പുരുഷന്മാരും ഇവരുടെ അക്രമത്തിനിരയായി. അതിനുപുറമെ ഈ അതിക്രമസംഘം ഊരുകയറി ആദിവാസികളെ പോലീസിന് പിടിച്ചുനല്‍കി. നായയുമായി കോട്ടക്കുന്നില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന ഒരു വൃദ്ധയെ അക്രമിസംഘം വളയുന്നത് ഞങ്ങള്‍ കണ്ടു. പക്ഷേ അവരുടെ നായ അക്രമികളെ തുരത്തിയോടിച്ചു.
ഈ ആദിവാസി വേട്ടക്ക് ഒരു അറുതി വരുത്താന്‍ 21 ഫെബ്രുവരി ജാനുവും ഗീതാനന്ദനും പോലീസിന് കീഴടങ്ങി. അതിനുശേഷം പോലീസ് ബത്തേരി ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിലെ പ്രൊഫസറായ കെ.സുരേന്ദ്രനെയും ഭൂസമരവുമായുള്ള ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തു. ഇവര്‍ ക്രൂരമായ പോലീസ് പീഡനത്തിനിരയായി. അറസ്റ്റുചെയ്തതിന്റെ പിറ്റേന്ന് ജാനുവിനെ ബത്തേരിയില്‍വെച്ച് പോലീസ് ജനങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കിയപ്പോള്‍ അവരുടെ മുഖം പോലീസ് മര്ദ്ധനത്തെതുടര്ന്ന് നീരുവെച്ച് ചീര്‍ത്തിരുന്നു. ഈ സംഭവങ്ങള്‍ക്ക് പലതിനും ദൃക്സാക്ഷികളാകേണ്ടിവന്ന ഞങ്ങള്‍ പാടെ തകര്‍ന്നു. ഒന്നോ രണ്ടോ മാധ്യമങ്ങള്‍ ഒഴിച്ച് ഭൂരിപക്ഷവും ഭരണകൂടഭാഷ്യവും കുടിയേറ്റക്കാരുടെ ആദിവാസിവിരുദ്ധതയും പുനരുല്പ്പാദിപ്പിക്കുകയായിരുന്നു.
ഈ സംഭവങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് മുന്പിെലത്തിക്കാന് ഞങ്ങള്‍ ആലോചിച്ചു. ലഘുലേഖകള്‍ എഴുതി വിതരണം ചെയ്യാനാണ് ആദ്യം ആലോചിച്ചത്. കുറച്ചുകഴിഞ്ഞപ്പോള്‍ അത് പ്രായോഗികമല്ലെന്ന് മനസ്സിലായി.
മുത്തങ്ങ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പുസ്തകമാണ് ആവശ്യമെന്ന് ചര്‍ച്ചകളില്‍നിന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. പക്ഷേ അതിനൊന്നും ആവശ്യമായ പണം ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഒരുദിവസം ബാറില്‍നിന്ന് അടിച്ചുവരുന്ന വഴിക്ക് ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ ഡോമി ജെ. മോറിസിനെ കാണാനിടയായി. അദ്ദേഹം സവിശേഷമായ രാഷ്ട്രീയ അവബോധവും അറിവുമുള്ള ആളായിരുന്നു. ഒരു ചായക്കടയിലിരുന്ന് ഈ സംഭവങ്ങള്‍ ഞാനും ലിജുവും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പണം കണ്ടെത്താന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞുതന്നു ''ഒരു കോളേജ് മാഗസിന് കമ്മിറ്റി രൂപീകരിച്ച് രണ്ട് ബാച്ചുകളിലായി ഉണ്ടായിരുന്ന 50 കുട്ടികളില്‍നിന്ന് 100 രൂപ പിരിച്ചെടുത്താല്‍ 5000 രൂപ കിട്ടും, ബാക്കി നിങ്ങള്‍ പരസ്യം പിടിച്ചാല്‍ ഒരു മാഗസിനിറക്കാനുള്ള പണം ലഭിക്കും.''
അടുത്ത ദിവസം ഡോമി വിദ്യാര്‍ത്ഥികളുടെ ഒരു മീറ്റിങ്ങ് വിളിച്ചു. ലിജു കാര്യങ്ങള്‍ അവതരിപ്പിച്ചു. ഒരു എഡിറ്റോറിയല്‍ കമ്മിറ്റി ഉണ്ടാക്കി എന്നെ അവര്‍ മാഗസിന് എഡിറ്ററാക്കി. ലിജുവും സിമി കോറോട്ടും ജിഷയും അടങ്ങുന്നതായിരുന്നു എഡിറ്റോറിയല്‍ കമ്മിറ്റി. മുത്തങ്ങയുടെ യഥാര്‍ത്ഥ രാഷ്ട്രീയചിത്രം പുറത്തുകൊണ്ടുവരാന്‍ സി.കെ.ജാനു, ഗീതാനന്ദന്, കെ.കെ.കൊച്ച്, കെ.പി.കുഞ്ഞിക്കണ്ണന്, തോമസ് അമ്പലവയല്‍ എന്നിവരുമായി ഞങ്ങള്‍ അഭിമുഖങ്ങള്‍ നടത്തി.
കെ.കെ.ബാബുരാജ്, സി.കെ.വിശ്വനാഥന്, കെ.കെ.കൊച്ച്, സണ്ണി എം.കപിക്കാട്, രജനി, സന്തോഷ് മാനിച്ചേരി, സനില്‍ എം.എന്‍, പ്രമോദ് കെ.എം എന്നിവര്‍ ഞങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് സംസ്ക്കാരം, രാഷ്ട്രീയം, ലിംഗനീതി, സമ്പദ് വ്യവസ്ഥ, ഭാഷ, പരിസ്ഥിതി, വികസനം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളെക്കുറിച്ച് കീഴാളപരിപ്രേഷ്യത്തിലുള്ള ലേഖനങ്ങള്‍ എഴുതിത്തന്നു. സഹപാഠികളില്‍നിന്ന് പിരിച്ചെടുത്ത 5000 രൂപയും റോക്സി ബക്കറും സിമിയുടെ കൂട്ടുകാരികളും (VERDS) പരസ്യം പിടിച്ച് തന്ന പണവും ഞാന്‍ ജലനിധി പ്രൊജക്റ്റില്‍ കുറച്ചുമാസം ജോലി ചെയ്തുണ്ടാക്കിയ തുകയും കൂട്ടിച്ചേര്‍ത്ത് പലരുടെയും സഹായസഹകരണത്തോടെ 'ബിഹൈന്റ് ദ ഷാഡോസ്' എന്ന മാഗസിന് പുറത്തിറക്കി. എന്റെ രാഷ്ട്രീയാനുഭവങ്ങളുടെ മുഖ്യപാഠങ്ങളിലൊന്നായിരുന്നു മുത്തങ്ങാസമരം. ദൃശ്യശ്രാവ്യഅച്ചടി മാധ്യമങ്ങളിലൂടെ ഒരു ഭൂതം കണക്കെ മുത്തങ്ങ ഇന്നും മലയാളികളുടെ വരേണ്യമായ അവനവന് രാഷ്ട്രീയത്തെയും പുരോഗന നാടകങ്ങളെയും വേട്ടയാടിക്കൊണ്ടിരുന്നു. ഈ രാഷ്ട്രീയഭൂതത്തെക്കുറിച്ചുള്ള വര്‍ത്തമാനം മാത്രം ഭൂരഹിതരുടെ ഭാവിയെ പ്രത്യാശാഭരിതമാക്കുമോ?