'സേഫ് ആണെന്ന് കരുതുന്ന സ്ഥലങ്ങളില്‍ നിന്ന് പോലും മോശം അനുഭവം';ബാലു വര്‍ഗീസിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു യുവതി

'സേഫ് ആണെന്ന് കരുതുന്ന സ്ഥലങ്ങളില്‍ നിന്ന് പോലും മോശം അനുഭവം';ബാലു വര്‍ഗീസിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു യുവതി
Published on: 

ബാലു വര്‍ഗീസില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി മറ്റൊരു യുവതി. കഴിഞ്ഞ വര്‍ഷമാണ് തന്നോട് നടന്‍ മോശമായി പെരുമാറിയത് എന്നും, കഴിഞ്ഞ മാസം സുഹൃത്ത് സമാനമായ അനുഭവമുണ്ടായി എന്ന് പറഞ്ഞത് തനിക്ക് വലിയ ഞെട്ടലായി എന്നും യുവതി ദ ക്യുവിനോട് പ്രതികരിച്ചു.

ഇയാള്‍ പലരോടും ഇത്തരത്തില്‍ പെരുമാറുന്നത് തുടരുകയാണെന്ന് അന്നാണ് ബോധ്യമായതെന്ന് പറഞ്ഞ യുവതി, സേഫ് ആണെന്ന് കരുതുന്ന് സ്‌പേസുകളില്‍ വെച്ചാണ് ഇത്തരം അനുഭവം സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നത് എന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നു എന്നും അഭിപ്രായപ്പെട്ടു.

'കഴിഞ്ഞ മാസം (സെപ്റ്റംബര്‍) എന്റെ സുഹൃത്ത് ബാലു വര്‍ഗീസില്‍ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ച് സംസാരിക്കാന്‍ വിളിച്ചിരുന്നു. അപ്പോഴാണ് കഴിഞ്ഞ വര്‍ഷം(2025) മാര്‍ച്ചില്‍ എനിക്കും സമാനമായ അനുഭവമുണ്ടായി എന്ന് ഞാന്‍ അവളോട് പറഞ്ഞത്. ഒരു സുഹൃത്തിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെയാണ് എനിക്ക് ബാലുവില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. അന്ന് എന്റെ ദേഹത്ത് സ്പര്‍ശിച്ച അയാളുടെ കൈ ഞാന്‍ തട്ടിമാറ്റി, മറ്റൊരു സ്ഥലത്തേക്ക് മാറിനിന്നു. അയാള്‍ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയുമെന്ന് ഞാന്‍ കരുതി, പക്ഷെ ഒന്നുമുണ്ടായില്ല.

ഇതേ കുറിച്ച് അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. അയാളുടെ കുടുംബത്തെ ആലോചിച്ചാണ് അന്ന് ഞാന്‍ പരസ്യമായി പറയാതിരുന്നത്. പക്ഷെ ഇപ്പോള്‍ അതേ ഫ്രണ്ട് സര്‍ക്കിളിലുള്ള മറ്റൊരു സ്ത്രീയും ഇതേ അതിക്രമം നേരിട്ടു എന്നും, സമാനമായ അനുഭവം നേരിട്ട കൂടുതല്‍ പേരുണ്ട് എന്നും അറിഞ്ഞു. 2024ലാണ് മറ്റ് രണ്ട് പേര്‍ക്ക് ബാലുവില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. കുറച്ചധികം നാളുകളായി ഇയാള്‍ ഇങ്ങനെയാണ് പെരുമാറുന്നത് അന്നാണ് ഞങ്ങള്‍ തിരിച്ചറിയുന്നത്. ഇനിയും മിണ്ടാതെയിരുന്നാല്‍ ഈ അബ്യൂസ് തുടരുമെന്നും ഞാന്‍ മനസിലാക്കി.

സുഹൃത്തുക്കളും കുടുംബങ്ങളുമുള്ള, മാനസികമായും ശാരീരികമായും സുരക്ഷിതമെന്ന് കരുതുന്ന സ്പേസില്‍ നിന്നാണ് ഇത്തരം മോശം അനുഭവങ്ങളുണ്ടായത് എന്നോര്‍ക്കണം. ഇതേ കുറിച്ച് പരസ്യമായി സംസാരിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍, മോശമായി പെരുമാറിയ ആളുടെ കുടുംബം എന്നിങ്ങനെ പല കാര്യങ്ങളെ കുറിച്ചും നമ്മള്‍ ചിന്തിക്കുന്നുണ്ട്. പക്ഷെ അപ്പോള്‍ ആ ദുഷിച്ച പെരുമാറ്റത്തെ അതിജീവിച്ചവരെ കുറിച്ച് മറന്നുപോവുകയാണ്.

ഈ തുറന്നുപറച്ചിലിലൂടെ നമ്മുടെ ഓരോരുത്തരുടെയും സര്‍ക്കിളില്‍ ഇങ്ങനെയുള്ള സംഭവങ്ങളുണ്ടായാല്‍ അതിനോട് പ്രതികരിക്കുന്ന രീതിയില്‍ മാറ്റമുണ്ടാകണം എന്നാണ് എന്റെ പ്രതീക്ഷ. അപമര്യാദയായി പെരുമാറുന്നവര്‍ക്ക് വേണ്ടി ഒഴിവുകഴിവ് പറയാതെ, പരസ്പരം ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ നമുക്ക് കഴിയണം. അതിജീവിതര്‍ക്ക് തനിക്ക് നേരെയുണ്ടായ അതിക്രമത്തെ കുറിച്ച് തുറന്ന് പറയാനുള്ള സാഹചര്യമുണ്ടാകണം, അവരെ പിന്തുണക്കണം. കൂട്ടുകാരോ കുടുംബമോ തൊഴിലവസരമോ നഷ്ടപ്പെടുമെന്ന ഭയം അവരില്‍ ഉണ്ടാക്കരുത്.

ഈ തുറന്നുപറച്ചില്‍, സുരക്ഷിതമാണെന്ന് കരുതുന്ന സ്പേസുകളില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയാന്‍, മറ്റുള്ളവര്‍ക്ക് ധൈര്യം നല്‍കുമെന്ന് കരുതുന്നു. നിശബ്ദത അതിക്രമം തുടരാന്‍ വഴിവെക്കും. അക്രമിക്ക് ഒപ്പമല്ലാതെ, അതിജീവിതവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കുടുംബത്തിന്റെയൊ സൗഹൃദത്തിന്റെയോ തൊഴിലിന്റെയോ പേരില്‍ ആരും ഒരിക്കലും അബ്യൂസ് സഹിച്ച് ജീവിക്കാന്‍ ഇടവരരുത്,' യുവതി പറഞ്ഞു.

logo
The Cue
www.thecue.in