അക്കാദമി സെക്രട്ടറി എന്തിനാണ് ജൂറിയിൽ?, സ്വതന്ത്ര വിധിനിർണയത്തിന് സാഹചര്യമൊരുക്കുകയാണ് അക്കാദമി ചെയർമാന്റെ ജോലി; ഇടപെടുന്നത് ശരിയല്ല

അക്കാദമി സെക്രട്ടറി എന്തിനാണ് ജൂറിയിൽ?, സ്വതന്ത്ര വിധിനിർണയത്തിന് സാഹചര്യമൊരുക്കുകയാണ് അക്കാദമി ചെയർമാന്റെ ജോലി; ഇടപെടുന്നത് ശരിയല്ല
Summary

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഇടപെട്ടെന്ന ജൂറി അം​ഗങ്ങളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ഡോ. ബിജു എഴുതിയത്.

ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തെ പറ്റി വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരിക്കുക ആണല്ലോ . ഇതേപ്പറ്റി അന്വേഷിക്കുവാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായും വാർത്തയിൽ നിന്നും അറിയുന്നു . ഈ ഒരു സാഹചര്യത്തിൽ സംസ്ഥാന അവാർഡ് ജൂറിയുടെ ഘടനയിലും തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കേണ്ടതും മാറ്റം വരുത്തേണ്ടതുമായ ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ .

11 മലയാള സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും 2012 ൽ ഒരു പ്രത്യേക പരാമർശവും 2011 ൽ സിനിമാ ലേഖനത്തിനുള്ള അവാർഡും ഒഴിച്ചാൽ സിനിമ , സംവിധായകൻ , തിരക്കഥാ കൃത്ത് എന്നീ നിലകളിൽ ഒരു തവണ പോലും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടിയിട്ടില്ലാത്ത ഒരാൾ എന്ന നിലയിൽ സ്റ്റേറ്റ് അവാർഡിനെ പറ്റി എന്തെങ്കിലും പറയാൻ അർഹത ഉണ്ടോ എന്ന സംശയം എനിക്കുണ്ട് . എങ്കിലും മൂന്ന് ദേശീയ അവാർഡിന്റെയും 21 അന്തർദേശീയ അവാർഡിന്റെയും വെളിച്ചത്തിൽ ഇത് പറയാം എന്ന് കരുതുന്നു .

ചലച്ചിത്ര അക്കാഡമിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ബന്ധപ്പെട്ട വകുപ്പ്‌ മന്ത്രിമാരും പ്രാഥമികമായി മനസ്സിലാക്കേണ്ട ഒരു അടിസ്ഥാന വസ്തുത ഉണ്ട് . ഒരു അക്കാദമി എന്നാൽ എന്താണ് , അത് എന്തിനു വേണ്ടിയാണ് രൂപീകരിച്ചത് , അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്താണ് . ഏത് തരത്തിലുള്ള കലകളെയും സംസ്കാരത്തെയും ആണ് അക്കാദമികൾ പ്രോത്സാഹിപ്പിക്കേണ്ടത് , എന്നീ കാര്യങ്ങളിലുള്ള ഒരു മിനിമം അവബോധവും പഠനവും ചരിത്ര ബോധ്യവും അവർക്കുണ്ടാകണം . അതല്ലാതെ ആൾക്കൂട്ട താരാരാധനാ മനോഗതി ആണ് അവർക്കും ഉള്ളതെങ്കിൽ അക്കാദമിയുടെ തലപ്പത്ത് ആ അക്കാദമി എന്തിനാണോ രൂപീകരിച്ചത് അതിന്റെ നേരേ വിപരീത ദിശയിലുള്ള ആളുകൾ കുടിയിരുത്തപ്പെടും . അന്താരാഷ്ട്ര ചലച്ചിത്ര മേള പാട്ടും ഡാൻസും നിറച്ചു ആളെക്കൂട്ടി തൃശൂർ പൂരം പോലെ ഉള്ള ഇവന്റ് മാനേജ്‌മെന്റ് ആയി മാറും . സംസ്ഥാന അവാർഡുകൾ ടെലിവിഷൻ അവാർഡ് ഷോ പോലെ താര സമ്പുഷ്ടമാക്കി ഇഷ്ടമുള്ളവർക്ക് വീതം വെച്ച് കൊടുത്തു കൃതാർത്ഥരാകും.

അക്കാദമികൾ സൃഷ്ടിച്ചപ്പോൾ എന്താണ് അതിന്റെ ഉദ്ദേശ ലക്ഷ്യം എന്നത് ഒന്ന് വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ് ആദ്യം ഭരണാധികാരികൾ ചെയ്യേണ്ടത് . അപ്പോൾ യോഗ്യരായ ആളുകളെ അക്കാദമിയിൽ നിയോഗിക്കണം എന്ന തിരിച്ചറിവ് അവർക്ക് ലഭിച്ചേക്കാം.

ഇനി ചലച്ചിത്ര അക്കാദമിയുടെ ജൂറിയിലും പ്രോസസ്സിലും വേണ്ടുന്ന മാറ്റങ്ങൾ എന്തൊക്കെ എന്ന ചില നിർദേശങ്ങൾ പങ്കു വെക്കാം .

1. ചലച്ചിത്ര അക്കാദമി ചെയർമാന് ജൂറിയിൽ ഒരു കാര്യവുമില്ല . ജൂറി സ്ക്രീനിങ് നടക്കുമ്പോൾ ജൂറികളെ കാണുകയോ അവരോടൊപ്പം സമയം ചിലവഴിക്കുകയോ ചെയ്യാൻ പാടില്ല . ഒരു സിനിമകളെ പറ്റിയും യാതൊരു വിധ റിമാർക്കുകളും ജൂറിയിലെ അംഗങ്ങളോട് പറയാൻ പാടില്ല . ജൂറി അംഗങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ചലച്ചിത്ര അക്കാദമി ചെയർമാന്റെ ജോലി . സ്‌ക്രീനിങ്ങുകൾ തുടങ്ങുന്നതിനു മുൻപും , സ്‌ക്രീനിങ്ങുകൾ പൂർണ്ണമായി കഴിഞ്ഞ ശേഷം ജൂറി തീരുമാനങ്ങൾ പൂർത്തിയാക്കി മുദ്ര വെച്ച കവറിൽ ആക്കി കഴിഞ്ഞും ജൂറികളുമായി ഉള്ള ഡെലിബറേഷൻ സെഷനിൽ മാത്രമാണ് അക്കാദമി ചെയർമാൻ പങ്കെടുക്കേണ്ടത് .

ഡോ. ബിജു
ഡോ. ബിജു

2. ചലച്ചിത്ര അക്കാദമി സെക്രട്ടറിയെ ജൂറിയിൽ അംഗമായി നിയോഗിക്കുന്നതും ശരിയായ കീഴ്‌വഴക്കം അല്ല . ജൂറികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുക എന്നതാണ് സെക്രട്ടറിയുടെ ജോലി . സെക്രട്ടറി ജൂറിയിൽ അംഗമായിരിക്കുമ്പോൾ പല രീതിയിലുള്ള ഇടപെടലുകൾക്കും അത് വഴി വെക്കും . ജൂറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നതാണ് അക്കാദമി ഉദ്യോഗസ്ഥൻ തന്നെ വോട്ടവകാശം ഇല്ലെങ്കിൽ പോലും ജൂറിയിൽ അംഗമാകുന്നതിലൂടെ സംഭവിക്കുന്നത് . ദേശീയ പുരസ്‌കാര നിർണ്ണയ ജൂറി ഉൾപ്പെടെ ഒരിടത്തും അക്കാദമി/ സ്ഥാപന ഉദ്യോഗസ്ഥൻ ജൂറി അംഗമായി പ്രവർത്തിക്കാറില്ല . ജൂറിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള കോർഡിനേഷൻ നിർവഹിക്കുക എന്നതാണ് സെക്രട്ടറിയുടെ ജോലി . സെക്രട്ടറി ഒരിക്കലും ജൂറി അംഗമായി പ്രവർത്തിക്കാൻ പാടില്ല . നിരവധി തരത്തിലുള്ള ഇടപെടലുകൾക്ക് ഇത് വഴി വെക്കും , വെച്ചിട്ടുണ്ട് .

3. ജൂറി അംഗങ്ങളുടെ യോഗ്യത

ഏറെ പ്രധാനപ്പെട്ടതും പ്രാഥമികവുമായ ഒന്നാണ് . യോഗ്യതയുള്ള ജൂറി അംഗങ്ങളെ സിനിമകൾ വിലയിരുത്താനായി നിയോഗിക്കുക എന്നത് അക്കാദമിയുടെയും സർക്കാരിന്റെയും ബാധ്യതയും ഉത്തരവാദിത്തവും ആണ് . പത്താം ക്ലാസ്സ് പരീക്ഷയുടെ ഉത്തര പേപ്പർ പരിശോധിക്കാൻ മിനിമം പത്താം ക്ലാസ്സ് പാസ്സായ ആളുകളെ നിയോഗിക്കണം എന്നത് ഒരു സാമാന്യ മര്യാദ ആണല്ലോ . സംസ്ഥാന അവാർഡിന്റെ പ്രാഥമിക ജൂറിയിലും ഫൈനൽ ജൂറിയിലും നിയോഗിക്കപ്പെടുന്ന ആളുകൾ സിനിമാ രംഗത്തു നിന്നുള്ളവർ ആണെങ്കിൽ അവരവരുടെ മേഖലകളിൽ മിനിമം ഒരു സ്റ്റേറ്റ് അവാർഡ് എങ്കിലും ലഭിച്ചിട്ടുള്ളവർ ആകണ്ടേ . മറ്റു സാഹിത്യ കലാ സാംസ്കാരിക മേഖലകളിൽ നിന്നുള്ളവർ ആണെങ്കിൽ അവർ പ്രവർത്തിക്കുന്ന മേഖലയിൽ ഗണ്യമായ അംഗീകാരങ്ങൾ ലഭിച്ചവരോ നാല് പേര് കേട്ടാൽ അറിയാവുന്ന നിലയിൽ പ്രശസ്തരോ ആയിരിക്കേണ്ടതാണ് . പലപ്പോഴും പ്രാഥമിക ജൂറിയിൽ മാത്രമല്ല ഫൈനൽ ജൂറിയിൽ പോലും വരുന്ന ചില അംഗങ്ങളെ കാണുമ്പോൾ ഇവർ ആരൊക്കെ എന്ന് ഗൂഗിൾ ചെയ്‌താൽ പോലും കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. പത്തോ പതിനഞ്ചോ വർഷം മുൻപ് സിനിമ നിർത്തിയ ആളുകളും , കേവലം ഒരു സിനിമ മാത്രം പത്തു പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ചെയ്ത ആളുകളും ഒക്കെ ജൂറി അംഗങ്ങളും ചെയർമാന്മാരും ഒക്കെ ആയി നിയോഗിക്കപ്പെടുന്ന കാഴ്ച്ച ആണ് കണ്ടു വരുന്നത് . സമകാലിക ലോക സിനിമകൾ പോകട്ടെ ഇന്ത്യയിലെ മറ്റു പ്രാദേശിക ഭാഷാ ചിത്രങ്ങളെ പറ്റി പോലും വർഷങ്ങളായി യാതൊരു അറിവുമില്ലാത്ത ആളുകളെ ജൂറി അംഗങ്ങളായി കൊണ്ട് വരുമ്പോൾ ഉള്ള അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളല്ലോ . യോഗ്യതയും അറിവും ഉള്ള ജൂറികളെ തിരഞ്ഞെടുക്കുക എന്നത് അല്പം കൂടി ഗൗരവ ബോധത്തോടെ ചെയ്യേണ്ട പ്രക്രിയ ആണ് .

അജോയ് ചന്ദ്രൻ
ചലച്ചിത്ര അക്കാദമി സെക്രട്ടറി
അജോയ് ചന്ദ്രൻ ചലച്ചിത്ര അക്കാദമി സെക്രട്ടറി

4. സ്ഥിരം ജൂറി വേഷക്കാരെ ഒഴിവാക്കുക .

ചില ആളുകൾ സ്ഥിരം ജൂറി അംഗങ്ങൾ ആയി എത്തുന്ന കാഴ്ച്ച കാണാം . ഈ വർഷം ചലച്ചിത്ര അവാർഡ് ജൂറി , ആറു മാസം കഴിഞ്ഞു ടെലിവിഷൻ അവാർഡ് ജൂറി , അത് കഴിഞ്ഞാൽ ചലച്ചിത്ര മേളയുടെ വിവിധ വിഭാഗങ്ങളിലെ സെലക്ഷൻ ജൂറി , പിന്നെ ഡോക്കുമെന്ററി ഫെസ്റ്റിവൽ ജൂറി , വീണ്ടും ചലച്ചിത്ര അവാർഡ് ജൂറി , ഇമ്മട്ടിലുള്ള സ്ഥിരം ജൂറി കത്തി വേഷക്കാരെ നിയന്ത്രിക്കേണ്ടതുണ്ട് .

5. ഫൈനൽ ജൂറി

ഫൈനൽ ജൂറി അംഗങ്ങളിൽ ചെയർമാൻ മാത്രമാണ് ഇപ്പോൾ കേരളത്തിന് പുറത്തു നിന്നും എത്തുന്നത് . പലപ്പോഴും ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയരായ സംവിധായകർ ആണ് ചെയർമാൻ ആയി എത്തുന്നത് . പക്ഷെ മറ്റുള്ള അംഗങ്ങൾ എല്ലാവരും കൂടി കുറു മുന്നണി ഉണ്ടാക്കി ചെയർമാനെ ഒറ്റപ്പെടുത്തി അവാർഡുകൾ നിശ്ചയിക്കുന്ന രീതി ഒട്ടേറെ തവണ ഉണ്ടായിട്ടുണ്ട് . ഇത് ഒഴിവാക്കുവാൻ ചെയർമാന് പുറമെ പ്രഗത്ഭരായ രണ്ടു അംഗങ്ങൾ കൂടി പുറത്തു നിന്നും ഉണ്ടാവണം . മലയാള സിനിമയെ ദേശീയ അന്തർദേശീയ കാഴ്ചപ്പാടിൽ പരിശോധിക്കുന്ന കൂടുതൽ ജൂറി അംഗങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

ഇത്രയും കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടായാൽ തീർച്ചയായും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിന്റെ മൂല്യ ഘടനയിൽ കാതലായ മാറ്റം വരും .

ഒപ്പം അക്കാദമി എന്തിനാണ് , അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എന്താണ് , എന്ന പ്രാഥമിക ധാരണ ഉള്ള ചെയർമാനെയും സെക്രട്ടറിയേയും നിയമിക്കാനുള്ള കാഴ്ചപ്പാട് സർക്കാരിനും സാംസ്കാരിക വകുപ്പിനും ഉണ്ടാകണം . ഇല്ലെങ്കിൽ ഇപ്പോൾ സംഭവിച്ചത് പോലെ സർക്കാരിന്റെ ഒരു ഇവന്റ്റ് മാനേജ്‌മെന്റ്റ് കമ്പനി ആയി ചലച്ചിത്ര അക്കാദമി രൂപാന്തരം പ്രാപിച്ചത് തുടർക്കഥ ആകും.

രഞ്ജിത്ത് ബാലകൃഷ്ണൻ,
ചലച്ചിത്ര അക്കാദമി ചെയർമാൻ
രഞ്ജിത്ത് ബാലകൃഷ്ണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ

വാൽക്കഷണം -

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ നിയമാവലിയിലെ ഒന്നാമത്തെ നിബന്ധന ഇങ്ങനെയാണ് .

"ഉന്നതമായ സൗന്ദര്യ ബോധവും സാങ്കേതിക തികവ് പുലർത്തുന്നതും, സാമൂഹ്യവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ മലയാള ചലച്ചിത്രങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ അവാർഡുകളുടെ ലക്‌ഷ്യം "

കാര്യം വ്യക്തമാണല്ലോ ...

അപ്പോൾ ഈ നിയമാവലിയുടെ കോപ്പി അക്കാദമി ചെയർമാനും സെക്രട്ടറിയും ജൂറി അംഗങ്ങളും ഒക്കെ ഇടയ്ക്ക് ഒന്ന് വായിച്ചു നോക്കുന്നത് നന്നാവും .

അക്കാദമി സെക്രട്ടറി എന്തിനാണ് ജൂറിയിൽ?, സ്വതന്ത്ര വിധിനിർണയത്തിന് സാഹചര്യമൊരുക്കുകയാണ് അക്കാദമി ചെയർമാന്റെ ജോലി; ഇടപെടുന്നത് ശരിയല്ല
ചലച്ചിത്ര നയരൂപീകരണ കമ്മിറ്റി അം​ഗമാക്കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ, പിൻമാറിയതിനെക്കുറിച്ച് രാജീവ് രവി
അക്കാദമി സെക്രട്ടറി എന്തിനാണ് ജൂറിയിൽ?, സ്വതന്ത്ര വിധിനിർണയത്തിന് സാഹചര്യമൊരുക്കുകയാണ് അക്കാദമി ചെയർമാന്റെ ജോലി; ഇടപെടുന്നത് ശരിയല്ല
'ചവറ് പാട്ടാണെന്ന് പറയേണ്ട കാര്യം രഞ്ജിത്തിനില്ല', ചലച്ചിത്ര പുരസ്കാര ജൂറി അം​ഗത്തിന്റെ ഓ‍‍ഡിയോയുമായി വിനയൻ

Related Stories

No stories found.
logo
The Cue
www.thecue.in