ചലച്ചിത്ര നയരൂപീകരണ കമ്മിറ്റി അം​ഗമാക്കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ, പിൻമാറിയതിനെക്കുറിച്ച് രാജീവ് രവി

ചലച്ചിത്ര നയരൂപീകരണ കമ്മിറ്റി അം​ഗമാക്കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ, പിൻമാറിയതിനെക്കുറിച്ച് രാജീവ് രവി

സംസ്ഥാന സർക്കാർ ചലച്ചിത്ര മേഖലയിൽ സമ​ഗ്ര സിനിമാ നയം രൂപീകരിക്കാനായി തയ്യാറാക്കിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് തന്നോട് ആലോചിക്കാതെയെന്ന് സംവിധായകനും ഛായാ​ഗ്രാഹകനുമായ രാജീവ് രവി. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ ചെയർമാനായ പത്തം​ഗ കമ്മിറ്റിയെ സമ​ഗ്ര സിനിമാ നയ രൂപീകരണത്തിനായി നിയോ​ഗിച്ചതായി കാണിച്ച് സർക്കാർ ഉത്തരവ് വന്നിരുന്നു. ഇതിന് പിന്നാലെ കമ്മിറ്റിയിൽ നിന്ന് മഞ്ജു വാര്യരും രാജീവ് രവിയും പിൻമാറുന്നതായി അറിയിച്ചിരുന്നു. പത്രത്തിലെ വാർത്ത കണ്ടാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ കാര്യം അറിയുന്നതെന്ന് രാജീവ് രവി ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

സിനിമാ മേഖലയിലെ ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ ട്രേഡ് ബോഡികളെ നയരൂപീകരണ സമിതിയുടെ ഭാ​ഗമാക്കിയില്ലെന്ന പരാതിയുമായി സംഘടനകളും കഴിഞ്ഞ ദിവസം രം​ഗത്ത് വന്നിരുന്നു. നയരൂപീകരണ കമ്മിറ്റിയൂടെ രൂപീകരണ രീതി നിരാശപ്പെടുത്തുന്നതാണെന്ന് വിമൻ ഇൻ സിനിമ കളക്ടീവും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അംഗങ്ങളാണെന്നു പറയുന്ന മുഴുവൻ പേരുടെയും അറിവോടും, സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ഡബ്ല്യു.സി.സിയുടെ പ്രതികരണം. പദ്മപ്രിയ ജാനകിരാമനെയാണ് വിമൻ ഇൻ സിനിമ കളക്ടീവിൽ നിന്ന് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഷാജി എൻ കരുൺ ചെയർമാനും സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണി സമിതി കൺവീനറുമായ കമ്മറ്റിയിൽ സിപിഎം എം.എൽ.എ.യും നടനുമായ മുകേഷ്, മഞ്ജുവാര്യർ, ഫെഫ്ക ജനറൽ സെക്രട്ടറി കൂടിയായ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടി പത്മപ്രിയ, ഛായാഗ്രാഹകൻ രാജീവ് രവി, നടി നിഖിലാ വിമൽ, നിർമാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരാണ് അം​ഗങ്ങൾ.

സിനിമാ നയം രൂപീകരിക്കാനുള്ള കരട് തയ്യാറാക്കാൻ നിയോ​ഗിക്കപ്പെട്ട കമ്മിറ്റി ചലച്ചിത്രമേഖലയിലെ പ്രശ്‌നങ്ങളും സ്ത്രീസുരക്ഷയും സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ കൂടി ഉൾപ്പെടുത്തി രണ്ടു മാസത്തിനുള്ളിൽ നയത്തിന്റെ കരട് സർക്കാരിന് നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സർക്കാർ നടപടി വൈകുന്നുവെന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. കരട് കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയില്ലെന്നും കമ്മിറ്റി സിനിമയിലെ എല്ലാവരുമായും ചർച്ച നടത്തുമെന്നും അന്തിമ തീരുമാനം മെഗാ കോൺക്ലേവിന് ശേഷമായിരിക്കുമെന്നുമാണ് സമിതി രൂപീകരണത്തിലെ വിവാദങ്ങൾക്ക് മറുപടിയായി മന്ത്രി സജി ചെറിയാൻ ഇന്നലെ പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in