'ചവറ് പാട്ടാണെന്ന് പറയേണ്ട കാര്യം രഞ്ജിത്തിനില്ല', ചലച്ചിത്ര പുരസ്കാര ജൂറി അം​ഗത്തിന്റെ ഓ‍‍ഡിയോയുമായി വിനയൻ

'ചവറ് പാട്ടാണെന്ന് പറയേണ്ട കാര്യം രഞ്ജിത്തിനില്ല', ചലച്ചിത്ര പുരസ്കാര ജൂറി അം​ഗത്തിന്റെ ഓ‍‍ഡിയോയുമായി വിനയൻ

ചലച്ചിത്ര പുരസ്കാര നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടു എന്ന ആരോപണത്തിന് പിന്നാലെ ജൂറി അംഗം ജെൻസി ഗ്രിഗറിയുടെ ശബ്ദരേഖ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട് സംവിധായകൻ വിനയൻ. ചില പാട്ടുകൾ കേട്ടപ്പോൾ അത് ചവറാണെന്ന് രഞ്ജിത്ത് പറഞ്ഞു. നമ്മൾ തിരഞ്ഞെടുക്കുന്നതിന്റെ ഇടയിൽ വന്നു അത് ചെയ്യൂ ഇത് കേൾക്കു എന്ന് പറയേണ്ട കാര്യം രഞ്ജിത്തിനില്ല. എന്നാൽ അധികം അഭിപ്രായം പറയാൻ രഞ്ജിത്തിനെ അനുവദിച്ചില്ലെന്നും സ്വന്തമായി തീരുമാനം അവസാനം വരെയും ഉണ്ടായിരുന്നെന്നും ജെൻസി ഓഡിയോയിൽ പറഞ്ഞു. രണ്ടു മൂന്ന് തവണ പാട്ടുകൾ നൽകി അതൊന്ന് കേട്ട് നോക്ക് എന്ന് രഞ്ജിത്ത് പറഞ്ഞു. അത് ഞാൻ കേട്ട് നോക്കി അതും മനോഹരമായ ഗാനങ്ങൾ തന്നെയായിരുന്നു പക്ഷെ രഞ്ജിത്ത് അതിനകത്തു ഇടപെട്ടത് ഒരു ശരിയായ രീതിയല്ലെന്നും ജെൻസി കൂട്ടിച്ചേർത്തു. അധികാരദുർവിനിയോഗം ആണ് രഞ്ജിത്തിന്റെ ഈ ഇടപെടലെന്നും അതിനാണ് മറുപടി വേണ്ടതെന്നും വിനയൻ ഓഡിയോ സന്ദേശം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

വിനയന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് സ്റ്റേറ്റ് അവാർഡ് ജുറിയിൽ ഇടപെട്ടോ ഇല്ലയോ എന്നുള്ളതാണല്ലോ ഇപ്പഴത്തെ വലിയ ചർച്ച. അദ്ദേഹം ഇടപെട്ടിട്ടേ ഇല്ല എന്ന് നമ്മുടെ ബഹുമാന്യനായ സാംസ്കാരികമന്ത്രി ഇന്നു സംശയ ലേശമെന്യേ മാദ്ധ്യമങ്ങളോടു പറയുകേം ചെയ്തു.ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരു ജൂറിമെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ്.

ഒരോൺലൈൻ മാദ്ധ്യമപ്രവർത്തകനോടാണ് അവർ സംസാരിക്കുന്നത്. ഇതൊന്നു കേട്ടാൽ ജൂറി മെമ്പർമാരെ ശ്രീ രഞ്ജിത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ അവാഡു നിർണ്ണയത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നു മനസ്സിലാകും. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. കേട്ടു കേൾവിയില്ലാത്ത രീതിയിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അക്കാദമി ചെയർമാൻ ജൂറിയിൽ ഇടപെട്ടു എന്നത് നഗ്നമായ സത്യമാണ്. അതാണിവിടുത്തെ പ്രശ്നവും അല്ലാതെ അവാർഡ് ആർക്കു കിട്ടിയെന്നോ കിട്ടാത്തതിൻെറ പരാതിയോ ഒന്നുമായി ദയവുചെയ്ത് ഈ വിഷയം മാറ്റരുത്. അധികാരദുർവിനിയോഗം ആണ് ഈ ഇടപെടൽ അതിനാണ് മറുപടി വേണ്ടത്.

കഴിഞ്ഞ ദിവസമാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ സംസ്ഥാന അവാർഡിൽ നിന്ന് ഒഴിവാക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ശ്രമിച്ചെന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയത്. പത്തൊമ്പതാം നൂറ്റാണ്ട് ചവറ് പടമാണെന്നും സെലക്ഷനിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത് ജൂറിയോട് പറഞ്ഞതായി വിനയൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ജൂറി അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇതിനെക്കുറിച്ച് മന്ത്രി സജി ചെറിയാന്റെ പി എസ്സിനെ വിളിച്ചു പറഞ്ഞെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും വിനയൻ കൂട്ടിച്ചേർത്തു. രഞ്ജിത്തിന് എതിരെ സ്റ്റേറ്റ് ഫിലിം അവാർഡിൻെറ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന നേമം പുഷ്പരാജിന്റെ ഫോൺ കാൾ റെക്കോർഡിങ്ങും വിനയൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

എന്നാൽ വിനയന്റെ ആരോപണത്തിന് പിന്നാലെ രഞ്ജിതിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. മുഴുവൻ അർഹതപ്പെട്ടവർക്കാണ് അവാർഡുകൾ ലഭിച്ചിരിക്കുന്നതെന്നും ഇതിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് ഒരു റോളുമില്ലെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെയുള്ള പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും വളരെ മാന്യനായ കേരളം കണ്ട ഏറ്റവും വലിയ ചലച്ചിത്ര രം​ഗത്തെ ഇതിഹാസമാണ് രഞ്ജിത്ത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. തെളിവുകൾ ആർക്കു വേണോ ഉണ്ടാക്കാമെന്നും താൻ പ്രഖ്യാപിച്ച അവാർഡ് കൃത്യമാണെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in