

അലിക് പദംസിയുടെ ലിറില്‍ പെണ്‍കുട്ടിയെ ഒരു തലമുറയെ മുഴുവന്‍ പ്രചോദിപ്പിച്ചിരിക്കാം. പക്ഷേ പിയൂഷ് പാണ്ഡേയുെട കാഡ്ബറി പെണ്‍കുട്ടി സ്വതന്ത്രയായി, ക്രിക്കറ്റ് പിച്ചില്‍ നൃത്തം ചെയ്ത്, ലാളിത്യവും ഹൃദയസ്പര്‍ശിയായ സര്‍ഗ്ഗാത്മകതയും കൊണ്ട് ഭാവനയെ പിടിച്ചെടുത്തു. പിയൂഷ് പാണ്ഡേ എന്ന പരസ്യ രംഗത്തെ സൂപ്പർ ഹീറോയെക്കുറിച്ച്
120 രാജ്യങ്ങളിലായി 450 ഓഫീസുകളുള്ള ഒരു പരസ്യ ഏജന്‍സിയായ ഒഗില്‍വി & മേത്തര്‍. ഡേവിഡ് മക്കെന്‍സി ഒഗില്‍വി എന്ന ബ്രിട്ടീഷുകാരനാണ് അതിന്റെ സ്ഥാപകന്‍. 'പരസ്യങ്ങളുടെ പിതാവ്' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറ്. ഗാലപ്പ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ പരിശീലനം നേടിയ അദ്ദേഹം, ഉപഭോക്തൃ ശീലങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗവേഷണമാണ് തന്റെ കാമ്പെയ്നുകളുടെ വിജയത്തിന് കാരണമായി പറയുന്നത്. മാര്‍ക്കറ്റിംഗിന്റെ ബൈബിളായി വര്‍ത്തിക്കുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതികളില്‍ ഒഗില്‍വി ഓണ്‍ അഡ്വര്‍ടൈസിംഗ്, കണ്‍ഫെഷന്‍സ് ഓഫ് ആന്‍ അഡ്വര്‍ടൈസിംഗ് മാന്‍ എന്നിവ ഏറ്റവും ശ്രദ്ധേയവുമാണ്.
അങ്ങനെയുള്ള ഒരാളുടെ സ്ഥാപനത്തില്‍ എത്തപ്പെടുക എന്നത് ആ മേഖലയുമായി ബന്ധമുള്ളവരുടെ സ്വപ്നമാണ്. അങ്ങനെ ആ സ്വപ്നം എത്തിപ്പിടിച്ച മിടുമിടുക്കനാണ് ജയ്പൂരില്‍ ജനിച്ച പീയൂഷ് പാണ്ഡെ. പരസ്യരംഗം ഇംഗ്ലീഷ് ഭാഷയുടെ പിടിയില്‍ അമര്‍ന്നിരുന്ന കാലത്താണ് ഇന്ത്യന്‍ ശൈലിയിലുള്ള പരസ്യങ്ങളുമായി ഈ കലാകാരന് രംഗത്തുവന്നത്. ജയ്പുര്‍ സെന്റ് സേവ്യേഴ്സ് സ്കൂളിലും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലുമുള്ള പഠനത്തിനു ശേഷമാണ് പീയൂഷ് അദ്ദേഹത്തിന്റെ സ്വപ്ന മേഖലയായ പരസ്യ രംഗത്തെത്തിയത്. അതേ, ഒഗില്‍വിയില്‍ ക്ലയന്റ് സര്‍വീസ് എക്സിക്യുട്ടീവായി ആണ് ജോലിക്കു കയറിയത്. പിന്നെ ഈ മനുഷ്യന് ഇന്ത്യന്‍ പരസ്യരംഗത്തെ ശബ്ദമായി മാറി.
തൊണ്ണൂറുകളുടെ ആരംഭം മുതല്‍ മദ്ധ്യം വരെ ഇന്ത്യന്‍ പരസ്യരംഗം സൂപ്പര്‍ഹീറോകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന മൈക്ക് ഖന്ന, രാജന് കപൂര്‍, പ്രേം മേത്ത, മുഹമ്മദ് ഖാന്, ഗെര്‍സണ്‍ ഡികുഞ്ഞ എന്നിവരുടെതായിരുന്നു. അലിക് പദംസി, സുരേഷ് മുള്ളിക്, സുഭാഷ് ഘോഷല്‍ എന്നിവരുടെ വീരചരിത്രങ്ങള്‍ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. ഭൂതകാലത്തിന്റെ ഗൃഹാതുരത്വത്തിനും വര്‍ത്തമാന കാലത്തിന്റെ ശ്വാസംമുട്ടിക്കുന്ന സ്റ്റാറ്റസ്കോയിസത്തിനും ഇടയില്‍ കുടുങ്ങി പരസ്യ മേഖല ഞെരുങ്ങുകയായിരുന്നു. ആ അവസരത്തിലാണ് ജയ്പൂരില്‍ നിന്നുള്ള ഗ്രാമീണ ഹിന്ദിയില്‍ സംസാരിക്കുന്ന, പാന്‍ പരാഗ് ചവയ്ക്കുന്ന ആണ്‍കുട്ടിയുടെ വരവ്. അതുപിന്നെ ഇന്ത്യ പരസ്യരംഗത്ത് ചരിത്രമായി മാറി.
അലിക് പദംസിയുടെ ലിറില്‍ പെണ്‍കുട്ടിയെ ഒരു തലമുറയെ മുഴുവന്‍ പ്രചോദിപ്പിച്ചിരിക്കാം. പക്ഷേ പിയൂഷിന്റെ കാഡ്ബറി പെണ്‍കുട്ടി സ്വതന്ത്രയായി, ക്രിക്കറ്റ് പിച്ചില്‍ നൃത്തം ചെയ്ത്, ലാളിത്യവും ഹൃദയസ്പര്‍ശിയായ സര്‍ഗ്ഗാത്മകതയും കൊണ്ട് ഭാവനയെ പിടിച്ചെടുത്തു. ഫെവിക്കോളിനായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുകയും ആഗോള പരസ്യങ്ങളുടെ മക്കയിലേക്ക് - കാനില്‍ വരെ എത്തിച്ചു! അങ്ങനെ ഏകദേശം നാല് പതിറ്റാണ്ടായി പരസ്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു പിയൂഷ് പാണ്ഡെ. പരസ്യ നിര്‍മാണ കമ്പനിയായ ഒഗില്‍വിയിലൂടെ പടിപടിയായി ഉയര്‍ന്ന് വേള്‍ഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയിലെ എക്സിക്യൂട്ടീവ് ചെയര്‍മാനുമായി മാറി.
സണ്‍ലൈറ്റ് ഡിറ്റര്‍ജന്റിന് വേണ്ടിയായിരുന്നു പിയൂഷ് ആദ്യം പരസ്യം തയാറാക്കിയത്. ആറ് വര്‍ഷത്തിന് ശേഷം, കമ്പനിയുടെ ക്രിയേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിലെത്തിയ അദ്ദേഹം ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്റ്സ്, ലൂണ മോപെഡ്, ഫോര്‍ച്യൂണ്‍ ഓയില്‍, തുടങ്ങി നിരവധി ബ്രാന്‍ഡുകള്‍ക്കായി ശ്രദ്ധേയമായ പരസ്യങ്ങള്‍ നിര്‍മിച്ചു. പാണ്ഡെയുടെ നേതൃത്വത്തില്‍ ഓഗില്‍വി ഇന്ത്യയിലെ ഒന്നാം നമ്പര്‍ പരസ്യ ഏജന്‍സിയായി വളര്‍ന്നു. 2016ല്‍ ലഭിച്ച പത്മശ്രീ ഉള്‍പ്പെടെ ഒട്ടേറെ മഹനീയ പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി.
ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്നതിനായി ദൂരദര്ശന് തയ്യാറാക്കിയ മിലേ സുര്‍ മേരേ തുമാരാ എന്ന വിഡിയോ ആല്‍ബത്തിനു വേണ്ടി വരികള്‍ രചിച്ചത് പിയൂഷ് പാണ്ഡെയാണ്. ജോണ്‍ അബ്രഹാം നായകനായ മദ്രാസ് കഫേ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭോപ്പാല്‍ എക്സ്പ്രസില്‍ തിരക്കഥാ രചയിതാവായി.
പീയൂഷിന്റെ പരിലാളനയില്‍ വളര്‍ന്ന നിരവധി സര്‍ഗ്ഗാത്മക യുവതുര്‍ക്കികള്‍ മറ്റ് ഏജന്‍സികളുടെ തലപ്പത്തേക്ക് കയറിയിരുന്നു, അല്ലെങ്കില്‍ സ്വന്തമായി പരസ്യ ഏജന്‍സി ആരംഭിച്ചു. പീയൂഷ് തന്റെ അനന്തരവന് അഭിജിത് 'കിനു' അവസ്തിക്ക് സര്‍ഗ്ഗാത്മകതയുടെ മേലങ്കി കൈമാറിയതിനുശേഷം, വളരാന്‍ ഇടമില്ലെന്ന് അവര്‍ക്ക് പലപ്പോഴും തോന്നി. ശിഷ്യന്മാര് എതിരാളികളായി മാറിയപ്പോള്‍, ഇന്ത്യന്‍ പരസ്യരംഗത്തെ ഭീഷ്മ പിതാമഹനായ പിയൂഷ് അദ്ദേഹത്തിന്റെ ആവനാഴിയിലെ അമ്പുകള്‍ നിരന്തരം പായിച്ചുകൊണ്ട് അത്ഭുതം സൃഷ്ടിച്ചുകൊണ്ടിരുന്നു.
പതിറ്റാണ്ടുകളായി ഒഗില്‍വി ഇന്ത്യയുടെയും ഇന്ത്യന്‍ പരസ്യങ്ങളുടെയും മുഖമാണ് പിയൂഷ് പാണ്ഡെയും അദ്ദേഹത്തിന്റെ ഐക്കണിക് മീശയും. മരിക്കുമ്പോല്‍ 70 വയസ്സുണ്ടായിരുന്ന പാണ്ഡേ ഒരിക്കലും പരസ്യനിര്മ്മാണപ്രിക്രിയയില് ഏര്‍പ്പെടുന്നത് ഒരു ജോലിയായി കണക്കാക്കിയല്ല. 'ഇത്രയും ആസ്വദിച്ചു ചെയ്യുന്ന ഒരു പ്രവൃത്തിയെ എങ്ങനെ ജോലി എന്ന് വിളിക്കാന്‍ കഴിയും?' അദ്ദേഹം പണ്ടൊരിക്കല്‍ പറഞ്ഞതാണിങ്ങനെ! ഇന്ത്യക്കാരെ ആദ്യമായും എന്നെന്നേക്കുമായും പരസ്യത്തിന്റെ ഹൃദയഭാഗത്ത് പ്രതിഷ്ഠിക്കുക എന്ന ദൗത്യവുമായി എത്തിയ ഈ മനുഷ്യനെ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല എന്നതാണ് സത്യം.