ജാതിവ്യവസ്ഥ, സ്‌പോര്‍ട്‌സ്; രാഷ്ട്രീയം പറയുന്ന ബൈസണ്‍ കാലമാടന്‍

ജാതിവ്യവസ്ഥ, സ്‌പോര്‍ട്‌സ്; രാഷ്ട്രീയം പറയുന്ന ബൈസണ്‍ കാലമാടന്‍
Published on

എളുപ്പത്തില്‍ പരിഹാരം കാണാന്‍ കഴിയാത്ത ഇന്ത്യയിലെ ജാതി എന്ന വിഷയത്തെ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ഴോണറില്‍ അതിവിദഗ്ദ്ധമായി ചേര്‍ത്തുവെച്ചുകൊണ്ട് മാരി സെല്‍വരാജ് തീര്‍ത്ത ബ്രില്ല്യന്റ് വര്‍ക്കാണ് 'ബൈസണ്‍ കാലമാടന്‍' എന്ന സിനിമ. തന്റെ സിനിമയിലൂടെ ധൈര്യപൂര്‍വ്വം ശക്തമായ രാഷ്ട്രീയം പറയുക എന്നതാണ് മറ്റുള്ളവരില്‍ നിന്ന് മാരിയുടെ സിനിമകളിലുള്ള വ്യത്യാസം. (വെട്രിമാരന്‍, പാ.രഞ്ജിത്ത് എന്നിവരുടെ സിനിമകളും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു).

അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളിലെ പോലെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്. കൂടെ മൃഗരൂപകങ്ങള്‍ സര്‍റിയല്‍ ആശയങ്ങള്‍ ഉപയോഗിച്ച് നിറയ്ക്കുന്നതിലെ (പ്രാദേശിക ദേവതയായ കാലമാടന്‍, ഒരു വിശുദ്ധ ആട്, കൂട്ടിലകപ്പെട്ട മത്സ്യങ്ങള്‍) സാധ്യതകള്‍ സംവിധായകന്‍ ഈ സിനിമയിലും തുടരുന്നുണ്ട്.

യഥാര്‍ത്ഥ കബഡി കളിക്കാരന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് (കബഡി കളിക്കാരന്‍ മാനതി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കി) വൈകാരികമായ കഥപറച്ചിലിലൂടെ മത്സരത്തിന്റെ വീറും വാശിയും ആവേശവും സംയോജിപ്പിച്ചുകൊണ്ട്, ഇന്ത്യയിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ വ്യാപ്തി എത്രത്തോളം തീവ്രമാണെന്ന് സിനിമ തുറന്നു കാട്ടുന്നുണ്ട്.

തന്റെ പാതയില്‍ വെല്ലുവിളിയായി ജാതി വിവേചനവും മറ്റ് സാമൂഹിക വെല്ലുവിളികളും തടസ്സങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെ അതിജീവിക്കുക, അതിനെതിരെ പോരാടുക എന്നത് മാത്രമാണ് മര്‍ദ്ദിതര്‍ക്കുള്ള ഒരേയൊരു പോംവഴി. 'നിരവധി വേലികള്‍ നിരന്തരം ചാടിക്കടന്ന് വേണം വേലികളില്ലാത്ത ഒരു സ്ഥലത്ത് എത്താന്‍, അതിന് ഞാന്‍ എത്ര ദൂരം ഓടണമെന്ന് എനിക്കറിയില്ല'. സിനിമയിലെ നായക കഥാപാത്രത്തിന്റെ വാക്കുകളില്‍ നിന്ന് അത് വ്യക്തമാകുന്നുണ്ട്.

കൂടാതെ ഇന്ത്യന്‍ ദേശീയ ടീമില്‍ നിലനില്‍ക്കുന്ന ഉത്തരേന്ത്യന്‍ ലോബിയിങ്, ജാതി, മതം, പണം തുടങ്ങിയ വിഷയങ്ങള്‍ എങ്ങനെയാണ് കീഴ്ജാതിയില്‍പ്പെട്ട മനുഷ്യരുടെ സ്വപ്നങ്ങളെ തച്ചുടയ്ക്കുന്നതെന്നും അതിനെയൊക്കെ അതിജീവിച്ച് എങ്ങനെയെങ്കിലും ടീമില്‍ എത്തിപ്പെട്ടാലും നിലനില്‍ക്കാന്‍ സ്വന്തം ടീമില്‍ തന്നെ മത്സരിക്കേണ്ടി വരുന്ന ദയനീയ അവസ്ഥയും (മറ്റ് ഉയര്‍ന്ന ജാതിയിലുള്ള കളിക്കാര്‍ക്ക് എതിര്‍ ടീമിനോട് മാത്രം മത്സരിച്ചാല്‍ മതി) സിനിമ അടയാളപ്പെടുത്തുന്നുണ്ട്.

സിനിമയിലുടനീളമുള്ള കബഡി മത്സരങ്ങള്‍ ആകര്‍ഷകമായും സിനിമാറ്റിക്കായി വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. മത്സരങ്ങളിലെ ഓരോ റെയ്ഡുകള്‍, അതിന്റെ സ്പീഡ്, എതിരാളികള്‍ക്ക് ചിന്തിക്കാവുന്നതിലും വേഗത്തില്‍ മുന്നോട്ടും നീങ്ങി എതിരാളിയെ കബളിപ്പിക്കുന്നത്, ഒരു പ്രൊഫഷണല്‍ കബഡി കളിക്കാരന്റെ ശരീരഘടന അങ്ങനെ നിരവധി ശ്രദ്ധേയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ സംവിധായകന്‍ കയ്യടി അര്‍ഹിക്കുന്നുണ്ട്.

കറുപ്പും വെളുപ്പും നിറഞ്ഞ വര്‍ത്തമാനകാലത്തില്‍ നിന്ന് നിറങ്ങളുള്ള ഭൂതകാലത്തിലേക്കും അവസാനം നിറങ്ങളുള്ള വര്‍ത്തമാനത്തിലേക്കും ക്യാമറ ചലിപ്പിച്ചു കൊണ്ട് ഛായാഗ്രാഹകന്‍ എഴില്‍ അരസുവും തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. മിന്നല്‍ വേഗത്തില്‍ ശരീരത്തിലൂടെ പാഞ്ഞു പോകുന്ന കത്തികള്‍, തറയില്‍ ചിതറി കിടക്കുന്ന മാംസ കഷണങ്ങള്‍, തളം കെട്ടി നില്‍ക്കുന്ന രക്തം, അതുണ്ടാക്കുന്ന ഭീകരത, ഭയം ചിത്രീകരിക്കുന്നതിലും ഞെട്ടിച്ചു കളഞ്ഞു. സംഘര്‍ഷഭരിതമായ സാമൂഹികഘടന നിലനില്‍ക്കുമ്പോള്‍ വയലന്‍സ് അനിവാര്യമായ ഓണാണെങ്കിലും അതിനെ മഹത്വവത്കരിക്കാന്‍ സിനിമ ശ്രമിക്കുന്നില്ല എന്നതും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

ശാരീരിക പരിവര്‍ത്തനങ്ങള്‍ കൊണ്ടും അഭിനയം കൊണ്ടും കിട്ടന്‍ എന്ന കഥാപാത്രത്തെ ധ്രുവ് വിക്രം അതിശയിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ വേഷം ചെയ്ത പശുപതിയും, അച്ഛന്‍ മകന്‍ ബന്ധത്തിന്റെ തീവ്രതയും, അവരുടെ ആത്മ ബന്ധവും സിനിമയുടെ വിജയ ഘടകങ്ങളില്‍ ഒന്നാണെന്ന് വേണമെങ്കില്‍ പറയാം. ലാല്‍, രജിഷ വിജയന്‍, അനുപമ പരമേശ്വരന്‍, അമീര്‍ സുല്‍ത്താന്‍ എന്നിവരും അവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. നിവാസ് കെ. പ്രസന്നയുടെ സംഗീതവും കൂടെ വേടന്റെ ഗംഭീര ശബ്ദവും കൂടി ചേരുമ്പോള്‍ ബൈസണ്‍ കാലമാടന്‍ തിയേറ്ററില്‍ മികച്ച പ്രതികരണമാണ് കാഴ്ച്ച വെക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in