
1980കളില്‍ ആര്‍ട്ട് ഹൗസ് എന്ന് വ്യാപകമായി വിളിക്കപ്പെടുന്ന സിനിമകളുടെയും, കമേഴ്‌സ്യല്‍ സിനിമകളുടെയും, ഇതിനിടയിലെന്ന് അവകാശപ്പെടുന്ന സിനിമകളുടെയും അടക്കം യാതൊരുവിധ ലേബലുകളും ബാധ്യതയാവാത്ത ചിത്രങ്ങളാണ് കെ.ജി.ജോര്‍ജ് എടുത്തത്. തീര്‍ത്തും പരിചിതവും അപ്പോള്‍ തന്നെ നവീനവുമായ ചിത്രങ്ങള്‍.
തന്റെ കാലത്തോടും തനിക്കു ചുറ്റുമുള്ള മനുഷ്യരോടും സിനിമയിലൂടെ ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കുകയായിരുന്നു കെ.ജി.ജോര്‍ജ്ജ്. മനുഷ്യരുടെ പലവിധ സംഘര്‍ഷങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം സിനിമകള്‍ ചെയ്തു. മനുഷ്യബന്ധങ്ങളിലെയും ജീവിതത്തിന്റെയും സങ്കീര്‍ണവും ആസന്നവുമായ സാഹചര്യങ്ങളെ സിനിമയില്‍ ലളിതവും നേര്‍രേഖീയമായും അദ്ദേഹം അവതരിപ്പിച്ചു കൊണ്ടിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ കെ.ജി.ജോര്‍ജ്, ആ കാലത്ത് വ്യാപകമായിരുന്ന ഇന്ത്യന്‍ ആര്‍ട്ട് ഹൗസ് സിനിമകളുടെ രീതിയല്ല സ്വീകരിച്ചത്. പ്രമേയത്തെയോ ആഖ്യാനത്തെയോ പരീക്ഷണാത്മകമാക്കുകയോ സംവദിക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കുകയോ ആയ രീതി അദ്ദേഹം കൈക്കൊണ്ടില്ല. ലീനിയറായും സംവേദനക്ഷമത ഉള്ളതുമായ പരിചരണമായിരുന്നു ജോര്‍ജിന്റേത്. ആദ്യ ചിത്രമായ സ്വപ്നാടനം, അതുവരെ മലയാള സിനിമയില്‍ പരിചിതമല്ലാതിരുന്ന സൈക്കോളജിക്കല്‍ ഡ്രാമ എന്ന സിനിമാ രീതിയെ പരിചയപ്പെടുത്തുന്നതായിരുന്നു. സ്വപ്നാടനം മുതല്‍ ഇലവങ്കോട് ദേശം വരെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ചെയ്ത സിനിമകളില്‍, സ്വപ്നാടനം, മേള, ഉള്‍ക്കടല്‍, യവനിക, കോലങ്ങള്‍, ഇരകള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മറ്റൊരാള്‍ എന്നീ ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. 1980കളില്‍ ആര്‍ട്ട് ഹൗസ് എന്ന് വ്യാപകമായി വിളിക്കപ്പെടുന്ന സിനിമകളുടെയും, കമേഴ്‌സ്യല്‍ സിനിമകളുടെയും, ഇതിനിടയിലെന്ന് അവകാശപ്പെടുന്ന സിനിമകളുടെയും അടക്കം യാതൊരുവിധ ലേബലുകളും ബാധ്യതയാവാത്ത ചിത്രങ്ങളാണ് കെ.ജി.ജോര്‍ജ് എടുത്തത്. തീര്‍ത്തും പരിചിതവും അപ്പോള്‍ തന്നെ നവീനവുമായ ചിത്രങ്ങള്‍. ബന്ധങ്ങള്‍, ലൈംഗികത, സദാചാരം, രാഷ്ട്രീയ/സാമൂഹിക പരിസരം തുടങ്ങി മനുഷ്യരുടെ നൈരന്തര്യ ജീവിതത്തില്‍ ഇടപെടുന്ന എല്ലാം കെ ജി ജോര്‍ജിന്റെ സിനിമകളുടെ വിഷയങ്ങളായി.
കോലങ്ങള്‍ എന്ന ചിത്രം പുറത്തു വരുന്നത് 1981ലാണ്. ആ ചിത്രത്തെക്കുറിച്ച് ജോര്‍ജ് പറയുന്ന ഒരു കാര്യം, താന്‍ ജനിച്ചു വളര്‍ന്ന തിരുവല്ലയിലെ ഗ്രാമാന്തരീക്ഷത്തിന്റെ ചിത്രീകരണമാണ് കോലങ്ങള്‍ എന്ന സിനിമ എന്നാണ്. തിരുവല്ല ഇന്ന് കേരളത്തിലെ ഏറ്റവും വലിയതും മുന്തിയതുമായ പട്ടണങ്ങളിലൊന്നാണ്. തിരുവല്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ ജോര്‍ജ്, തന്റെ കാലത്ത് കണ്ട മനുഷ്യരുടെ കലഹങ്ങളാണ് കോലങ്ങള്‍ എന്ന ചിത്രം. നിയതമായ കഥയുടെ ഒരു ഘടനയല്ല കോലങ്ങളുടെത്. ഒരു ഗ്രാമപരിസരവും അവിടെയുള്ള ആളുകളും (സിനിമയില്‍ കഥാപാത്രങ്ങള്‍) ചേരുമ്പോഴുണ്ടാകുന്ന/ഉണ്ടാക്കുന്ന പലവിധ ആക്റ്റുകളും ചേര്‍ന്നതാണ് കോലങ്ങളുടെ ഘടന. ഒരു കഥയിലുണ്ടാവുന്ന സംഭവങ്ങളും കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ട്, ഒരു തുടക്കം ഒടുക്കം എന്ന നിലക്ക് കഥയെ പരിമിതപ്പെടുത്തുന്നില്ല ജോര്‍ജ്.
ഗ്രാമത്തിന്റെ നൈര്‍മല്യം, വിശുദ്ധി, നന്മ, തുടങ്ങിയ വ്യാജവും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നതും അടര്‍ത്തിയതുമായ ചില മധ്യവര്‍ഗാനുഭൂതികളെ നിരസിക്കുകയും പരിഹസിക്കുകയും കൂടി ചെയ്യുന്ന ചിത്രമാണ് വാസ്തവത്തില്‍ കോലങ്ങള്‍. എഴുപതുകളിലും എണ്‍പതുകളിലും മലയാളത്തിലെ ജനപ്രിയ നോവലുകളും കഥകളും സിനിമകളും അടയാളപ്പെടുത്തിയ ഗ്രാമം എന്ന സ്ഥലത്തിന്റെ വിശേഷണം മുഖ്യമായും അത് നന്മയുടെ ഉറവുകേന്ദ്രമായിരുന്നു എന്നാണ്. എന്നാല്‍ ഏതൊരു സ്ഥലത്തേയും പോലെ തന്നെ, സ്‌നേഹവും വെറുപ്പും വിദ്വേഷവും തിന്മയും കൊടുക്കല്‍ വാങ്ങലുകളും ഗ്രാമങ്ങളിലെ മനുഷ്യരിലുമുണ്ട് എന്ന് കോലങ്ങള്‍ എന്ന ചിത്രത്തില്‍ പറയുന്നുണ്ട്. മനുഷ്യന്റെ അടിസ്ഥാന ചോദനകളെ സ്വാധീനിക്കുന്നത് മറ്റു പലതുമാണ് എന്ന് ജോര്‍ജ് കരുതുന്നു. കേവലം ഒരു ഗ്രാമാന്തരീക്ഷത്തില്‍ ജനിച്ചതിനാല്‍ മനുഷ്യനെന്തോ പ്രത്യേക നന്മയൊന്നും കൈവരിക്കുന്നില്ലെന്ന് കോലങ്ങളില്‍ സംശയലേശമെന്യേ പറയുന്നുണ്ട്. ജനപ്രിയ സാഹിത്യത്തിലെ ഗ്രാമത്തിലെ നന്മ മനുഷ്യര്‍ക്കെതിരെ, മനുഷ്യരുടെ സംഘര്‍ഷങ്ങള്‍ എല്ലായിടത്തും ഒരു പോലെയാണെന്നുള്ള ഒരു എതിര്‍വാക്കാവുന്നുണ്ട് കോലങ്ങള്‍.
തന്റെ ദേശത്തിന്റെയും കാലത്തിന്റെയും ഒരു ഡോക്യുമെന്റ് എന്ന നിലക്ക് കോലങ്ങളെ ജോര്‍ജ് ആവിഷ്‌കരിക്കുന്നതായി കാണം. നമുക്ക് ഇക്കാലത്ത് താദാത്മ്യവത്കരിക്കാന്‍ കഴിയാത്ത ഒരു പരിസരത്തു നിന്ന് കൊണ്ട് ഈ കാലത്തോടും സംസാരിക്കാന്‍ കഴിയുന്ന ആഖ്യാന നൈപുണ്യം കോലങ്ങള്‍ എന്ന ചിത്രത്തിനുണ്ട്. നമ്മുടെ ജനപ്രിയ സാഹിത്യം/ സിനിമ/ കഥ എന്നിവ സൃഷ്ടിച്ചു വെച്ച വലിയൊരു പുകമറയാണ് ഗ്രാമങ്ങളിലെ അയല്‍ക്കാരായ മനുഷ്യരുടെ നന്മ. കോലങ്ങളിലെ പല രംഗങ്ങളും ഈ പുകമറയെ തച്ചുടക്കുന്നുണ്ട്. കോലങ്ങളിലെ ഒരു രംഗം ഇങ്ങനെയാണ്: ഓലമേഞ്ഞ കുളിപ്പുരയില്‍ കുളിക്കുന്ന യുവതിയെ ഒളിഞ്ഞു നോക്കുന്ന പരമു (നെടുമുടി വേണു). അയാളെ ചൂലു കൊണ്ട് അടിച്ച് തൊടിയുടെ പുറത്തേക്ക് ഓടിക്കുന്ന യുവതിയുടെ അമ്മയായ ഏലിയാമ്മ. ഈ രംഗം വികസിക്കുന്നത്, ഇത്രയും രംഗം കണ്ടു നില്‍ക്കുന്ന അയല്‍വാസിയായ ചന്തമറിയത്തിലേക്കാണ്. അവര്‍ വേലിയുടെ അടുത്ത് വന്ന് ഏലിയാമ്മയെയും മകളെയും പരിഹസിക്കുന്നു. ഏലിയാമ്മ ചന്തമറിയത്തെയും മകളെയും തിരിച്ചും പരിഹസിക്കുന്നു. പരസ്പരം തെറി പറഞ്ഞ് കൊണ്ട് ആ 2 സ്ത്രീകള്‍ തങ്ങളുടെ പെണ്‍മക്കളുടെ ചാരിത്ര്യത്തെ ചൊല്ലി മണ്ണില്‍ കിടന്ന് അടി കൂടുന്നു. സത്യത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ നാട്ടില്‍ നടക്കുന്ന യാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കാന്‍ നമ്മുടെ ജനപ്രിയ സിനിമ ശ്രമിച്ചിരുന്നില്ല. അവര്‍ പ്രേക്ഷകരെ 'നോവിക്കാ'ത്ത ചില വ്യാജമായ മാന്യതയുള്ള യാഥാര്‍ത്ഥ്യങ്ങളെ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. അനാവശ്യമായ സദാചാരബോധം അതിനെയെല്ലാം ചൂഴ്ന്നു നിന്നിരുന്നു. ജോര്‍ജാകട്ടെ ആ ബോധ്യങ്ങളെ മുഴുവന്‍ അട്ടിമറിക്കുന്നു.
കോലങ്ങള്‍ എന്ന ചിത്രത്തിലെ മനുഷ്യര്‍ പരസ്പരം കഴിഞ്ഞു കൂടുന്നത് ഇത്തരത്തില്‍ പലനിലക്കുള്ള കുറ്റങ്ങളും കുറവുകളോടും കൂടിയാണ്. സ്‌നേഹം കൊണ്ട് മാത്രമല്ല, സ്‌നേഹരഹിതമായ ഒരന്തരീക്ഷത്തിലും മനുഷ്യര്‍ക്ക് ജീവിക്കുന്നു എന്ന് ജോര്‍ജ് കരുതുന്നു. ഈ ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച പരമു എന്ന കഥാപാത്രം വാസ്തവത്തില്‍ സദാചാര മലയാളി ആണിന്റെ നേര്‍പ്പകര്‍പ്പാണ്.
കുളിക്കടവുകളിലെയും വീടുകളിലെ കുളിപ്പുരകളിലെയും സ്ഥിരം ഒളിഞ്ഞുനോട്ടക്കാരനാണയാള്‍. അപ്പോള്‍ തന്നെ കവലയിലെയും ചായക്കടയിലെയും സദാചാര പ്രാസംഗികനും. പെണ്‍കുട്ടികള്‍ ലൈംഗിക സദാചാരം തെറ്റിക്കുന്നതില്‍ ആകുലപ്പെടുകയും അവരെ വേശ്യയായി മുദ്രകുത്തുകയും ചെയ്യുന്ന, ശേഷം തന്റെ ഒളിഞ്ഞുനോട്ടം തുടരുന്ന, എല്ലാ നിലക്കും അസംതൃപ്തനും അരക്ഷിതനുമായ ഒരു ആണിന്റെ നെറികേടുകളുടെ ആകെത്തുകയാണ് പരമു എന്ന കഥാപാത്രം. നമ്മുടെ നാട്ടില്‍ പറയാറുള്ള 'തിണ്ണമിടുക്കി'ന്റെ ആള്‍രൂപം. എല്ലാ സ്ത്രീകളും അയാള്‍ക്ക് ലൈംഗികതയുടെ മാത്രം ഉപകരണങ്ങളോ പ്രതീകങ്ങളോ ആണ്. അവര്‍ വേശ്യകളും. പുറത്തു നിന്ന് ആ നാട്ടില്‍ ജോലിക്കായി എത്തുന്നവര്‍ വരത്തന്‍മാരും. വരത്തന്‍മാരും വേശ്യകളും കൂടി നാടുമുടിക്കുന്നതില്‍ ആകുലപ്പെടുന്ന, ഒളിഞ്ഞുനോട്ടക്കാരനും വഷളനും ആയ പരമുവിന് പക്ഷേ നാട്ടിലെ വെടിവട്ട ചര്‍ച്ചകളില്‍ വലിയ സ്വീകാര്യമാണ്. തങ്ങളുടെ വാക്കും പ്രവര്‍ത്തിയും ബന്ധമില്ലാത്തതോ/ ബന്ധം വേണമെന്ന് നിര്‍ബന്ധമില്ലാത്തതുമായ ആണ്‍ പ്രതിനിധാനമാണ് പരമു. സമൂഹത്തിലെ സൂക്ഷ്മമായ ഇത്തരം കഥാപാത്രങ്ങളുടെ തുറന്നു പറച്ചിലാണ് ജോര്‍ജിന്റെ സിനിമകളില്‍ ഉള്ളടങ്ങുന്ന രാഷ്ട്രീയ സാമൂഹിക ഇടപെടല്‍.
സംഭാഷണങ്ങള്‍ കൊണ്ടു നിറഞ്ഞതും, ചെറു സീനുകളും, പെട്ടെന്നുള്ള കട്ടുകളും തുടര്‍ച്ചകളും കൊണ്ട് സംവേദനക്ഷമമായ ഒരു സിനിമാഖ്യാന ശൈലിയാണ് ജോര്‍ജ്ജ് സ്വീകരിച്ചിരുന്നത്. ആ കാലത്തെ ജോഷി, ഐ.വി.ശശി, ഹരിഹരന്‍ തുടങ്ങിയ സംവിധായകരും ഈ രീതിയാണ് ഉപയോഗിച്ചിരുന്നത്. പ്രമേയത്തിലെ ആഴം കൊണ്ട് ഒരേ സമയം സംവേദനക്ഷമവും സൂക്ഷ്മ വിശകലനത്തിന് ശേഷിയുള്ളതുമായ സിനിമകളായിരുന്നു കെ.ജി.ജോര്‍ജിന്റെ സിനിമകള്‍.
യവനിക, ഇരകള്‍ എന്നീ രണ്ടു ചിത്രങ്ങള്‍ കെ.ജി.ജോര്‍ജിന്റെ സിനിമകളില്‍ വെച്ചു തന്നെ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ചിത്രങ്ങളാണ്. അടിയന്തരാവസ്ഥക്കാലം തന്നിലുണ്ടാക്കിയ പ്രതിഫലനങ്ങളാണ് ഇരകള്‍ എന്ന ചിത്രം എന്ന് സംവിധായകന്‍ തന്നെ പറയുന്നുണ്ട്. പണത്തിന്റെയും അധികാരത്തിന്റെയും ലഹരി നിറഞ്ഞ സമ്പന്നമായ ഒരു വീടും അതിനകത്തു നടക്കുന്ന പലവിധ കൊലപാതകങ്ങളും (Crime) ആണ് ഇരകള്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലം. ഒരു മധ്യവര്‍ഗത്തിന് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത പണവും അധികാരവും സ്വാതന്ത്ര്യവും ഒരു കുടുംബത്തില്‍ കേന്ദ്രീകരിക്കപ്പെടുന്നു. അക്കാലത്തെ ഇന്ത്യയുടെ ജനാധിപത്യവും രാഷ്ട്രീയാന്തരീക്ഷവും ഇന്ദിരാഗാന്ധിയിലും അവരുടെ കുടുംബത്തിലും കേന്ദ്രീകരിക്കപ്പെട്ടിരുന്നു. ആ സര്‍വാധിപത്യം കൊണ്ട് ഉണ്ടാവുന്ന വിനാശങ്ങളാണ് ഇരകളിലെ ആഖ്യാനം. ഈ ചിത്രത്തില്‍ ശ്രീവിദ്യ അവതരിപ്പിക്കുന്ന ആനി എന്ന കഥാപാത്രം സമ്പന്നമായ ആ വീട്ടിലെ ഒരു അംഗമാണ്. പണം, അധികാരം, ലൈംഗികത തുടങ്ങിയ മനുഷ്യാസക്തികളുടെ പ്രതീകമാണ് ആനി. ഒന്നിലധികം കൊലപാതകങ്ങള്‍ നടക്കുകയും അത് സമ്പന്നമായ ആ വീടിനകത്തു തന്നെ വച്ച് ഒത്തുത്തീര്‍ക്കപ്പെടുകയും ചെയ്യുന്ന കഥയാണ് ഇരകളിലേത്.
യവനിക എന്ന ചിത്രം കെ.ജി.ജോര്‍ജിന്റെ മറ്റൊരു പ്രധാന ചിത്രമാണ്. അദ്ദേഹത്തിന്റെ കരിയറിനെ തന്നെ അടയാളപ്പെടുത്താന്‍ ശേഷിയുള്ള ഒരു ചിത്രമാണ് യവനിക. ഒരു നാടകക്കമ്പനിയും ആ നാടകക്കമ്പനിയില്‍ നടക്കുന്ന ഒരാളുടെ തിരോധാനവും/ കൊലപാതകവും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നമ്മുടെ നാട്ടില്‍ എണ്‍പതുകളിലും മറ്റും സജീവമായിരുന്ന ഒരു പ്രൊഫഷണല്‍ നാടകട്രൂപ്പാണ് കഥാപരിസരം. പ്രത്യക്ഷമായി ലീനിയറായുള്ള അവതരണമാണ് യവനികയുടേതെങ്കിലും അതിനകമേ, പല അടരുകളും നമുക്ക് കണ്ടെടുക്കാന്‍ സാധിക്കും. സിനിമക്കകത്ത് നാടകം, നാടക ട്രൂപ്പിനകത്ത് സംഘര്‍ഷഭരിതവും ഉദ്വേഗജനകവുമായ ഒരു സന്ദര്‍ഭം എന്ന നിലക്ക് ഒന്നില്‍ക്കൂടുതല്‍ ലെയറുകള്‍ ഒരേ സമയം സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നാടകട്രൂപ്പിലെ തബലിസ്റ്റായ അയ്യപ്പന്‍ (ഭരത് ഗോപി) അതീവ സ്ത്രീലമ്പടനും കള്ളുകുടിയനും, അപ്പോള്‍ തന്നെ മികച്ച ഒരു തബലിസ്റ്റുമാണ്. അയാള്‍ നാടകത്തില്‍ അഭിനയിപ്പിക്കാനായി രോഹിണിയെ (ജലജ) നാട്ടില്‍ നിന്ന് കൊണ്ടുവരികയും അയാളുടെ രണ്ടാം ഭാര്യയായി പാര്‍പ്പിക്കുകയും ചെയ്യുന്നു. അവരുടെ എല്ലാ നിലക്കുമുള്ള സംരക്ഷകനാണ് അയ്യപ്പന്‍. ഒരു നാള്‍ അയ്യപ്പനെ കാണാതാവുന്നു. അയ്യപ്പനെ തേടുന്ന പോലീസിന്റെ അന്വേഷണം സിനിമയുടെ അന്വേഷണമായി മാറുന്നു. നാടകക്യാമ്പ് പോലീസിന്റെ അന്വേഷണ ക്യാമ്പായി മാറുന്നു. ട്രൂപ്പിലെ മറ്റൊരംഗമായ ജോസഫും (വേണു നാഗവള്ളി) രോഹിണിയും ചേര്‍ന്ന് അയ്യപ്പനെ കൊലപ്പെടുത്തിയതാണ് എന്ന് തെളിയുന്നു. ഈ ചിത്രത്തില്‍ പല അടരുകളില്‍ കഥാപാത്രങ്ങളെയും പരിസരങ്ങളെയും അടയാളപ്പെടുത്തിയതായി കാണാം. മൂന്ന് തരം അഭിനയം കഥാപാത്രങ്ങള്‍ക്ക് പുറത്തെടുക്കേണ്ടി വരുന്നു. ഒന്ന്, സിനിമയിലെ കഥാപാത്രം, രണ്ട്, സിനിമക്കകത്തെ നാടകത്തിലെ കഥാപാത്രം, മൂന്ന് പോലീസിനു മുന്നില്‍ മറച്ചുപിടിക്കുന്ന അഭിനയം. ഇത്തരത്തില്‍ പല ലെയറുകളില്‍ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഉരുവപ്പെടുമ്പോഴും ഒരു ക്രൈം ഡ്രാമയുടെ ലക്ഷണയുക്ത ഭാവങ്ങളെല്ലാം സിനിമ പിന്തുടരുന്നു.
കോമഡി എന്ന ജോണറില്‍ കെ.ജി.ജോര്‍ജ് എടുത്ത ചിത്രമാണ് പഞ്ചവടിപ്പാലം. തീവ്രമായ ശ്രദ്ധ ലഭിച്ച അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം കൂടിയാണ് പഞ്ചവടിപ്പാലം. ഈ ചിത്രം ഒരു കാര്‍ട്ടൂണിന്റെ സ്വഭാവത്തിലാണ് അദ്ദേഹം ആഖ്യാനം ചെയ്തിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇതിന്റെ തിരക്കഥ നിര്‍വഹിക്കാന്‍ ജോര്‍ജ് ഏല്‍പ്പിക്കുന്നത് കാര്‍ട്ടൂണിസ്റ്റ് യേശുദാസനെയാണ്. യാഥാര്‍ത്ഥ്യത്തില്‍ നമുക്ക് പരിചിതമായ കഥാപാത്രങ്ങളെ ഒരല്‍പ്പം extend ചെയ്യുകയും അവരെ യഥാതഥമായ ഒരു പരിസരത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോള്‍ രൂപപ്പെടുന്ന കോമഡിയെ അദ്ദേഹം സിനിമയില്‍ ഉപയോഗിക്കുന്നു.
സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പലനിലക്കുള്ള പ്രശ്‌നങ്ങള്‍ ജോര്‍ജിന്റെ സിനിമക്ക് വിഷയമായിട്ടുണ്ട്. സ്ത്രീപക്ഷ സിനിമകള്‍ വളരെക്കുറവായ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടുന്ന ഒരു ചിത്രം കെ.ജി.ജോര്‍ജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദാമിന്റെ വാരിയെല്ല് എന്ന ചിത്രമാണ്. സമൂഹത്തിന്റെ മൂന്നു തുറകളിലുള്ള (സാമൂഹിക-സാമ്പത്തിക) സ്ത്രീകളുടെ അവതരണമാണ് ഈ ചിത്രം. ആലീസ് (ശ്രീവിദ്യ), വാസന്തി (സുഹാസിനി), അമ്മിണി (സൂര്യ) എന്നീ മൂന്നു സ്ത്രീകളുടെ ആണിനാലോ അധികാരത്താലോ കുടുംബത്താലോ നിയന്ത്രിക്കപ്പെട്ട ജീവിതമാണ് ഈ ചിത്രം. ആലീസ് ഒരു സമ്പന്നവര്‍ഗ കുടുംബത്തിലെ സ്ത്രീയാണ്. അവരുടെ ആസക്തികള്‍ക്ക് വിലകല്‍പ്പിക്കപ്പെടാതാവുമ്പോള്‍ അവര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. വാസന്തി, കേരളത്തിലെ മധ്യവര്‍ഗ സ്ത്രീകളുടെ പ്രതിനിധാനമാണ്. ചെറിയ ജോലിയും ചെറിയ വരുമാനവുമുള്ള മധ്യവര്‍ഗ കുടുംബത്തിലെ സ്ത്രീയാണവര്‍. വീട്ടുജോലികള്‍ എല്ലാം തീര്‍ത്ത് ഓഫീസില്‍ പോകുന്നു, തിരിച്ച് വന്നതിന് ശേഷം വീണ്ടും വീട്ടുജോലികളിലും കുഞ്ഞിനെ നോക്കുന്നതിലും വ്യാപൃതയാകേണ്ടി വരുന്നു. ജോലി നഷ്ടപ്പെട്ട് മുഴുക്കുടിയനായ ഭര്‍ത്താവ്, ക്രൂരയായ ഭര്‍തൃമാതാവ് എന്നിവര്‍ക്കിടയില്‍പെടുന്ന വാസന്തിക്ക് മാനസിക നില നഷ്ടമാവുന്നു.
അമ്മിണി, ആലീസിന്റെ വീട്ടിലെ ജോലിക്കാരിയാണ്. നിരന്തരമായ ആണ്‍ പീഡനങ്ങള്‍ക്ക് അവര്‍ വിധേയയാവുന്നു. ഭ്രമകല്പനകളുടെ ദൃശ്യാനുഭവങ്ങളെ തിരസ്‌കരിക്കുന്ന ഗൊദാര്‍ദിയന്‍ ശൈലി നമുക്ക് പരിചിതമാണ്. ബ്രത്‌ലെസ് (സംവി: ജീന്‍ ലൂക്ക് ഗൊദാര്‍ദ്) നായകന്‍ മരിച്ചു വീഴുന്ന അവസാന ഷോട്ടില്‍ നായകന്‍ കാമുകിയെ തെറി വിളിക്കുന്നുണ്ട്. അവള്‍ കാണിയോട് / ക്യാമറയോട് അയാളെന്താണ് പറയുന്നത് എന്ന് ചോദിക്കുന്നുണ്ട്. കാണി ആ നിമിഷം കാണിയാണെന്ന് തിരിച്ചറിയുകയും സിനിമയില്‍/ കാഴ്ചാനുഭവത്തില്‍/ ഭ്രമാത്മകതയില്‍ നിന്ന് വിടുതല്‍ നേടുകയും ചെയ്യുന്നു. ആദാമിന്റെ വാരിയെല്ല് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ വിഭ്രാന്തരായ ഒരു കൂട്ടം സ്ത്രീകള്‍ ഗേറ്റ് തള്ളിത്തുറന്ന് സംവിധായകനെയും ക്യാമറാമാനെയും പിന്നിലാക്കി കുതിച്ചോടുന്നതു കാണാം. സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഈ രംഗം.
അത്രയധികം ചര്‍ച്ചചെയ്യപ്പെടാതെ പോയ കെ.ജി.ജോര്‍ജിന്റെ ശക്തമായ ഒരു ചിത്രമാണ് മറ്റൊരാള്‍. മറ്റൊരാളിന്റെ ദേശ പശ്ചാത്തലം നഗരമാണ്. പട്ടണത്തിലെ ഒരു ഹൗസിംഗ് കോളനി. 'കോലങ്ങളി'ലേതു പോലെ അയല്‍പ്പക്കങ്ങളും വീടുകളും മറ്റൊരാളിലും ഉണ്ട്. നിസാരമായ കാര്യങ്ങള്‍ക്ക് പോലും അയല്‍പ്പക്ക കലഹങ്ങള്‍ ഉണ്ടാവുന്ന കോലങ്ങളിലെ അയല്‍വീടുകള്‍ പോലെയല്ല മറ്റൊരാളിലേത്. ഓരോ വീടുകളും ഓരോ ദ്വീപുകളാണ്. അത്തരമൊരു ഉപരിമധ്യവര്‍ഗ വീടിന്റെ സാമ്പിളുകളിലേക്കൊന്നിലേക്കാണ് ജോര്‍ജ് മറ്റൊരാള്‍ എന്ന സിനിമയുടെ ക്യാമറ വെക്കുന്നത്.
ചിത്രത്തിന്റെ തുടക്കം പാലും പത്രവും വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഹൗസിംഗ് കോളനിയുടെ പ്രഭാത ദൃശ്യത്തിലേക്കാണ്. അത്തരത്തില്‍ ആ കോളനിയിലെ സാമാന്യം നല്ലൊരു വീടിന്റെ ഗേറ്റ് തുറന്ന് പത്രം കയ്യില്‍ പിടിച്ച് ജോലിക്കാരി അകത്തു കയറുന്ന ദൃശ്യം. അത് ആ കോളനിയിലെ ഏതു വീടുമാവാം. എല്ലാ വീടുകളിലും സംഭവിക്കുന്നത് ഈ സിനിമ തന്നെയോ ഇതിന്റെ പ്രതിഫലനങ്ങളോ ആവാമെന്ന് സംവിധായകന്‍ കരുതുന്നു. രണ്ട് നിലയുള്ള, കാറുള്ള ഒരു ഉപരിമധ്യവര്‍ഗ കുടുംബത്തിന്റെ വീട്. അതിന്റെ പ്രഭാത ദൃശ്യങ്ങള്‍. ആ വീടിനകത്ത് ഷേവ് ചെയ്യുകയും പല്ലുതേക്കുകയും ചെയ്യുന്ന കൈമള്‍ (കരമന ജനാര്‍ദ്ദനന്‍ നായര്‍). അയാള്‍ക്ക് ടര്‍ക്കി ടവല്‍ (തോര്‍ത്തു മുണ്ട് അല്ല, ടര്‍ക്കി ടവ്വലാണ്, അത് സമ്പന്നതയുടെ പ്രതീകമാണ്) നല്‍കുന്ന വീട്ടമ്മയായ ഭാര്യ സുശീല (സീമ). ഒരു പെണ്‍കുട്ടിയും ഒരാണ്‍കുട്ടിയും കൂടി ആ വീടിനകത്തുണ്ട്. അവര്‍ക്ക് ഭക്ഷണം നല്‍കുന്നത് ജോലിക്കാരിയാണ്. കൈമളിന് നല്‍കുന്നത് സീമയും. തന്റെ കാറില്‍ ഓഫീസില്‍ പോകാന്‍ ശ്രമിക്കുമ്പോള്‍ കൈമളിന്റെ കാറ് സ്റ്റാര്‍ട്ടാവുന്നില്ല. അയാള്‍ അസ്വസ്ഥനായി ഓട്ടോ പിടിച്ച് ഓഫീസില്‍ പോവുന്നു. ഇതാണ് ചിത്രത്തിന്റെ ആദ്യ രംഗം. തുടര്‍ന്നയാള്‍ കാറ് നേരെയാക്കാന്‍ ഒരു മെക്കാനിക്കിനെ ഏല്‍പ്പിക്കുന്നു.
ഓഫീസില്‍ നിന്ന് തിരികെ വരുമ്പോഴേക്കും കട്ടിലില്‍ ടവല്‍, മാറാനുള്ള മുണ്ട് എന്നിവ സുശീല ഒരുക്കി വെച്ചിട്ടുണ്ട്. സത്യത്തില്‍ കൈമള്‍, നല്ല ജോലിയും സാമ്പത്തിക സാമൂഹിക അധികാരവും ഉള്ള പുരുഷന്റെ പ്രതീകമാണ്. കാറ് കേടാവുമ്പോള്‍ അസ്വസ്ഥപ്പെടുന്ന കൈമള്‍, അത് നേരെയാവുമ്പോള്‍ ചിരിക്കുന്നു, സന്തോഷിക്കുന്നു. ഉടനെ തന്നെ ഭാര്യയേയും മക്കളെയും കൂട്ടി അയാള്‍ പുറത്ത് പോകുന്നു. ഇവിടെ ഒരു കുടുംബത്തിന്റെ സന്തോഷമെന്നത് പുരുഷന്റെ സന്തോഷമാണ് എന്ന സാമൂഹികമായ തോന്നലിനെ വിമര്‍ശനാത്മകമായി ഉപയോഗിക്കുകയാണ് ജോര്‍ജ്. കൈമളിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന സുശീല എന്ന ജീവനുള്ള ഒരു മനുഷ്യനിലല്ല മറിച്ച് ഒരു മെഷീനിലാണ് (കാര്‍) അയാള്‍ സന്തോഷം കണ്ടെത്തുന്നത്. സുശീലക്ക് കൈമളില്‍ ഒരു ഇടപെടല്‍ ശേഷിയുമില്ല. അത് പറയുന്ന രണ്ട് രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഒന്ന്, കൈമളിന്റെ ഓഫീസിലെ ഒരു സ്ത്രീ ട്രാന്‍സ്ഫറിനായി ശുപാര്‍ശ ചെയ്യാന്‍ സുശീലയോട് പറയുന്നു. രണ്ട്, ഇവരുടെ കുടുംബ സുഹൃത്തായ ബാലന് (മമ്മൂട്ടി) വേണ്ടി ഭാര്യ വേണി (ഉര്‍വ്വശി) സുശീലയോട് പണം കടം ചോദിക്കുന്നു. ഈ രണ്ട് സാഹചര്യത്തിലും ഭാര്യ എന്ന പദവി പോലും ഉപയോഗിക്കാന്‍ ശേഷിയില്ലാതെ സുശീല നിസ്സഹായയാവുന്നു. കൈമള്‍ എന്ന പുരുഷാധികാരം അവരെ ശേഷിയില്ലാതാക്കി മാറ്റുന്നു.
ഒരു ദിവസം ഓഫീസില്‍ നിന്ന് തിരിച്ചെത്തിയ കൈമള്‍, കട്ടിലില്‍ ടവലും മുണ്ടും കാണാത്തതില്‍ നീരസപ്പെടുന്നു. സുശീലയെ തിരക്കുന്ന അയാള്‍ക്ക് അവരെ കാണാനാവുന്നില്ല. സുശീല എന്നാല്‍ നല്ല ശീലത്തോടു കൂടിയവള്‍ എന്നാണര്‍ത്ഥം. മലയാളി ആണിന്റെ ഈ 'നല്ല' നിര്‍വചനങ്ങളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് സുശീല, കാര്‍ മെക്കാനിക്കിനൊപ്പം ഇറങ്ങിപ്പോവുന്നതാണ് ചിത്രത്തിന്റെ കഥ.
ഇത്തരത്തില്‍ മനുഷ്യബന്ധങ്ങളിലെ സ്‌നേഹവും സ്‌നേഹ നിരാസങ്ങളും സങ്കീര്‍ണതകളും മുന്‍വിധികളില്ലാതെ അവതരിപ്പിച്ച സംവിധായകനാണ് കെ.ജി.ജോര്‍ജ്. നിയതമായ പ്രേക്ഷകാനുഭൂതികളെ നിരസിക്കുകയും മനുഷ്യജീവിതത്തോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന കുറച്ച് സിനിമകള്‍ സത്യസന്ധമായി അവതരിപ്പിച്ചു എന്നതു തന്നെയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ കെ.ജി.ജോര്‍ജ്ജിന്റെ സംഭാവന. ലളിതമായി അത് കൈകാര്യം ചെയ്യാന്‍ സാധിച്ചത് സിനിമയെന്ന മാധ്യമത്തിനോട് ജോര്‍ജിനുണ്ടായിരുന്ന തഴക്കത്തിന്റെ തെളിവാണ്.