
തിര എന്ന സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ. ആ ചിത്രം തിയറ്ററിൽ വലിയ സ്വീകാര്യത ലഭിച്ച ഒന്നായിരുന്നില്ല. പിന്നീട് ഡിവിഡി വഴിയും ടെലിഗ്രാം വഴിയുമെല്ലാമാണ് ആ സിനിമയ്ക്ക് സ്വീകാര്യത ലഭിച്ചത്. വർഷങ്ങൾക്ക് ഇപ്പുറം 'ഫ്രം ദി ഡയറക്ടർ ഓഫ് തിര' എന്ന പേരിൽ ഒരു സിനിമ താൻ അവതരിപ്പിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഒരു സമയത്ത് പരാജയമെന്ന് കരുതിയിരുന്ന സിനിമയെ ഇപ്പോൾ പ്രേക്ഷകർ ആഘോഷിക്കുന്നത് കാണുമ്പോൾ ഉള്ളിൽ ഉണ്ടാകുന്ന വികാരമുണ്ട്. അത് എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന് തനിക്ക് അറിയില്ലെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞു.
വിനീത് ശ്രീനിവാസന്റെ വാക്കുകൾ:
തിര ഇറങ്ങിയ സമയത്ത് ഓരോരുത്തരും എന്നോട് പറഞ്ഞ അഭിപ്രായങ്ങൾ വളരെ വ്യക്തമായി ഓർമ്മയുണ്ട്. നോബിൾ ആണ് എന്നെ ആദ്യം വിളിക്കുന്നത്, അവൻ അന്ന് പറഞ്ഞിരുന്നത് തനിക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടില്ല എന്നാണ്. ഫസ്റ്റ് ഹാഫ് വളരെ നന്നായിരുന്നു എന്നാൽ സെക്കൻഡ് ഹാഫിന് എന്ത് സംഭവിച്ചു എന്നാണ് ജൂഡ് വിളിച്ചു ചോദിച്ചത്. അതിന് തൊട്ടടുത്ത ദിവസം നിവിൻ വിളിച്ചു. നിവിനും സിനിമ കണക്ട് ആയില്ലെന്നാണ് പറഞ്ഞത്. എന്റെ വളരെ അടുത്ത സുഹൃത്തുക്കൾക്ക് തിര അന്ന് ഇഷ്ടപ്പെട്ടിരുന്നില്ല. തിര ഇഷ്ടപ്പെട്ടിരുന്ന ആളുകൾ, ഇഷ്ടപ്പെടാത്ത ആളുകൾ എന്നിങ്ങനെ രണ്ടു തരം പ്രേക്ഷകർ അന്നുണ്ടായിരുന്നു. എന്നാൽ അതിനേക്കാളേറെ തിയറ്ററിൽ പോയി അത് കാണാതിരുന്നവരാണ് കൂടുതൽ.
പക്ഷെ സിനിമ ഡിവിഡി വഴിയും ടെലിഗ്രാം വഴിയും എല്ലാം പ്രചരിക്കാൻ തുടങ്ങി. അങ്ങനെ സിനിമ പലർക്കും ഇഷ്ടപ്പെട്ടു. ആളുകൾ ഇപ്പോഴും കാണുമ്പോൾ എന്നോട് തിരയെ പറ്റി ചോദിക്കാറുണ്ട്. ഞാൻ അപ്പോൾ തിരിച്ചു ചോദിക്കും തിര കണ്ടിരുന്നോ എന്ന്. അപ്പോൾ ചില ആളുകൾ കണ്ടു എന്ന് പറയും മറ്റു ചിലർ പിന്നീടാണ് കണ്ടത് എന്നും പറയും. എന്നാലും ഞാൻ എന്റെ ജീവിതത്തിൽ വിചാരിച്ചിരുന്നില്ല ഫ്രം ദി ഡയറക്ടർ ഓഫ് തിര എന്ന പേരിൽ ഒരു സിനിമ എനിക്ക് അവതരിപ്പിക്കാൻ കഴിയുമെന്ന്. ഒരു സമയത്ത് പരാജയമെന്ന് കരുതിയിരുന്നത് പിന്നീട് ഒരുപാട് ആളുകളാൽ ആഘോഷിക്കപ്പെടുന്നുണ്ട് എന്നറിയുമ്പോൾ ഉള്ളിൽ ഉണ്ടാകുന്ന വികാരമുണ്ട്. അത് എങ്ങനെ വിശദീകരിക്കണമെന്നെനിക്ക് അറിയില്ല.