
സ്വാതന്ത്ര്യമില്ലാതെ പഠിച്ചിട്ട് കാര്യമുണ്ടോ? സ്കൂളിൽ ഗാന്ധിത്തൊപ്പിയണിഞ്ഞതിന് മാഷ് വഴക്കു പറഞ്ഞതറിഞ്ഞ അമ്മയോട് കൃഷ്ണൻ പറഞ്ഞ വാക്കുകളാണിത്. ക്ലാസിൽ ഗാന്ധി തൊപ്പി ധരിച്ചെത്തിയതിന് കൃഷ്ണനെ ബഞ്ചിൻ്റെ മുകളിലാണ് കയറ്റി നിർത്തിയത്. അവൻ അവിടെ അഭിമാനപൂർവ്വം തലയുയർത്തി നിന്നു. സ്വന്തം ക്ലാസിലേയും, തൊട്ടടുത്ത ക്ലാസിലേയും കുട്ടികളെല്ലാം അവനെയപ്പോൾ കൗതുകത്തോടെ കണ്ടു. കറുത്ത കുട്ടികൾ ക്ലാസിൽ കയറിയപ്പോൾ അവരെ അടിച്ചിറക്കുന്നതു കണ്ട് അവൻ രോഷം കൊണ്ടു.
കെ.കേളപ്പനെത്തി അവരെ ക്ലാസിൽ കയറ്റിയപ്പോൾ അഭിമാനം കൊണ്ടു. 'കറുത്ത കുട്ടികളെ ഇരുത്താതെ ക്ലാസ് നടത്താൻ അനുവദിക്കില്ല' എന്ന് കേളപ്പനും, കെ.പി.ആർ ഗോപാലനും പ്രഖ്യാപിച്ചു. അവർ അണിഞ്ഞിരുന്ന ഗാന്ധിത്തൊപ്പിയോട് കൃഷ്ണന് താൽപ്പര്യം തോന്നിയതപ്പോഴാണ്. അവൻ്റെ ആദ്യത്തെ സ്വാതന്ത്ര്യ സമരത്തിന് കിട്ടിയ ശിക്ഷ, പക്ഷേ കൃഷ്ണന് ഉയർച്ചയാണ് നൽകിയത്. ഗാന്ധിത്തൊപ്പിയണിഞ്ഞ് തലയുയർത്തി നിന്ന കൃഷ്ണൻ പിന്നീട് ക്ലാസിലെ കുട്ടികളുടെ നേതാവായി. ഉയർന്നുയർന്ന് കേരളത്തിൻ്റെ ജനനേതാവായി, മുഖ്യമന്ത്രിയായി. ഏറമ്പാല കൃഷ്ണൻ കേരളത്തിൻ്റെ നായനാരായി.
വയലിൽ പണിയെടുക്കുന്നത് അവരാണ്? നെല്ലുണ്ടാക്കുന്നതും, തേങ്ങയുണ്ടാക്കുന്നതും അവരാണ്, അവർ എങ്ങനെ തൊട്ടുകൂടാത്തവരായി? അവരുൽപ്പാദിപ്പിക്കുന്നത് തൊടാം, തിന്നാം. അവരെ തൊടരുത് ഈ നിയമം ആരാണ് ഉണ്ടാക്കിയത് ? കൃഷ്ണന്റെ മനസ്സ് ഉത്തരം തേടിക്കൊണ്ടേയിരുന്നു. അപ്പോഴാണ് എല്ലാ മനുഷ്യനും ആവശ്യമുള്ള ഉപ്പിന് നികുതി ചുമത്തിയതിനെതിരായ സമരം നടക്കുന്നത്. പയ്യന്നൂർ കടപ്പുറത്തേക്കുള്ള സത്യഗ്രഹ ജാഥക്ക് കല്യാശ്ശേരിയിൽ നൽകിയ സ്വീകരണത്തിൻ്റെ സംഘാടകനായി നായനാർ വളർന്നു.
വരിക വരിക സഹജരേ
സ ഹ ന സമര സമയമായ്
കരളുറച്ച് കൈകൾ കോർത്ത്
കാൽനടക്കി പോക നാം
ജാഥയിൽ പി.കൃഷ്ണപ്പിള്ള പാടിയ പാട്ട് നായനാരും കൂട്ടുകാരും ഏറ്റു പാടി. രാജ്യത്തെ സ്വതന്ത്രമാക്കാൻ, ജന്മിത്വവും, നാടുവാഴിത്തവും അവസാനിപ്പിക്കാൻ നമൊന്നിക്കണമെന്ന പ്രസംഗങ്ങൾ കൃഷ്ണൻ്റെ മനസ്സിൽ പുതിയ ചിന്തകളുയർത്തി. കാൽനടയായി തളിപ്പറമ്പിലേക്ക് ജാഥയെ അനുധാവനം ചെയ്തു കൊണ്ട് കേളപ്പൻ്റേയും, കൃഷ്ണപിള്ളയുടെയും പിന്നാലെ നടന്ന നാളുകൾ കൃഷ്ണൻ്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറി. ബാല്യത്തിലെ ഈ അനുഭവം തന്നെയാണ് കേരളമാകെ നടക്കാനും, കേരളത്തെ മുന്നോട്ടു നടത്താനുള്ള കരുത്ത് നായനാർക്കു നൽകിയത്.
സ്വാതന്ത്ര്യസമരസേനാനിയായ പി.കൃഷ്ണപിള്ളയുടെ തന്നെ നേതൃത്വത്തിലാണ് കുട്ടികളുടെ സംഘങ്ങൾ രൂപീകരിക്കാൻ വേണ്ടി തീരുമാനിക്കുന്നത്. കല്യാശ്ശേരിയിൽ രൂപീകരിച്ച കുട്ടികളുടെ ആദ്യ സംഘത്തിൻറെ നേതാവാരാവണമെന്ന് സംശയമുണ്ടായിരുന്നില്ല. ഇ.കെ നായനാരെ കുട്ടികളുടെ സംഘടനയായ ബാലസംഘത്തിന്റെ പ്രസിഡൻറായി തിരഞ്ഞെടുത്തു. ബർലിൻ കുഞ്ഞനന്തൻ നായരാണ് ആ യോഗത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
കുട്ടികളുടെ യോഗത്തിൽ പങ്കെടുത്ത പി. കൃഷ്ണപിള്ള ബ്രിട്ടീഷുകാർക്ക് സമരം രാജ്യത്ത് ശക്തിപ്പെടുകയാണെന്നും തൊഴിലാളികളും കൃഷിക്കാരും സമരത്തിൽ പങ്കെടുക്കുമ്പോൾ അവരുടെ കുട്ടികളും അവരുടേതായ പങ്ക് അതിൽ വഹിക്കണമെന്നും സോവിയറ്റ് യൂണിയനിലെ പയനിയർ സംഘടനയുടെ മാതൃകയിൽ നമുക്ക് ഒരു സംഘടന വേണമെന്നും വ്യക്തമാക്കി. സ്വാതന്ത്ര സമരത്തിന്റെ തീച്ചൂളയിലേക്ക് കുട്ടികളും ഇറങ്ങിവന്നു. നായനാർ ഇക്കാലത്തിൽ തന്നെയാണ് കയ്യൂർ സമരത്തിലും പങ്കെടുക്കുന്നത്. പ്രായപൂർത്തിയാവാത്തതു കൊണ്ട് കഴുമരത്തിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് പോരാട്ടവീഥികളിൽ നായനാർ സജീവമായി. കർഷക തൊഴിലാളികളും ചകിരി തൊഴിലാളികളുമെല്ലാം ഒഴിവു ജീവിതകാലത്ത് അദ്ദേഹത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു. മലയാളത്തെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ജനനായകനായി നായനാരുടെ ജീവിതം കുട്ടികൾക്കെല്ലാം പ്രചോദനം നൽകുന്ന ജീവിത കഥ തന്നെയാണ്.
പാലക്കാട് നിന്നാണ് അദ്ദേഹം നാലാം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1980ൽ അദ്ദേഹം കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതും പാലക്കാട് നിന്നാണ്. 1987, 1996 കാലഘട്ടങ്ങളിലും അദ്ദേഹം കേരളത്തിൻ്റെ മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ നോബൽ സമ്മാന ജേതാവ് അമർത്യസെൻ ഏഷ്യയുടെ സുവർണ്ണ തിലകമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ പുതുക്കി പണിയുന്നതിൽ അദ്ദേഹത്തിൻ്റെ ഭരണകാലത്തെ സുപ്രധാനമായ നേട്ടങ്ങൾ നിർണായകമായിട്ടുണ്ട്. കർഷക തൊഴിലാളികളോടൊപ്പം ഒളിവു ജീവിതം നയിച്ച അദ്ദേഹത്തിന് അവരുടെ ജീവിത ദുരിതങ്ങൾ നന്നായി അറിയാമായിരുന്നു. 1980ലെ നായനാർ മന്ത്രിസഭയാണ് ആദ്യമായി കർഷകത്തൊഴിലാളി പെൻഷൻ ആവിഷ്കരിച്ചത്. ജീവിതകാലം മുഴുവൻ മണ്ണിൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് നൽകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്. 1980 മെയ് 15 എൻറെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ഏറെ സംതൃപ്തി നൽകുന്ന ഒരു ദിവസമാണെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. 45 രൂപയായിരുന്നു അന്നത്തെ പെൻഷൻ. ഇപ്പോഴത് 1600 രൂപയായി 65 ലക്ഷം കുടുംബങ്ങൾക്ക് കൊടുക്കുന്ന നാടായി നമ്മുടെ കേരളം മാറിയിട്ടുണ്ട്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും ഇത്ര തുക പെൻഷൻ നൽകുകയും ഇത്രയേറെ കുടുംബങ്ങൾക്ക് നൽകുകയും ചെയ്യുന്നില്ല.
അ അമ്മ അരിവാൾ അടിമ അടിമത്തം
ഇ ഇടവം ഇടപ്പാതി ഇടിമിന്നൽ
ഉ ഉപ്പ് ഉടമ ഉടവാൾ ഉടമസ്ഥൻ
എ എന്ത് എന്തിന് എങ്ങനെ എന്നാലേ
നായനാർ ഭരണകാലത്താണ് സാക്ഷരതാ പ്രസ്ഥാനം ആരംഭിക്കുന്നത്. എല്ലാവരേയും എഴുത്തും വായനയും പഠിപ്പിക്കാൻ നടത്തിയ ഒരു വിദ്യാഭ്യാസ വിപ്ലവം നാം മറന്നു പോകരുത്. ഒരു നാടിനെ മുഴുവൻ അക്ഷരം പഠിപ്പിക്കാൻ കഴിഞ്ഞത് ഒരു ജനകീയ മുന്നേറ്റത്തിലൂടെയാണ്. ഈ മുന്നേറ്റം കേരളത്തിൻറെ വളർച്ചയിൽ നിർണായകമായ പങ്കാണ് വഹിച്ചത്. എല്ലാവർക്കും ഡിജിറ്റൽ സാക്ഷരതയുള്ള നാടായി ഇന്ന് കേരളം മാറാൻ പോവുകയാണ്. അധികാരം താഴെ തട്ടിലുള്ള എല്ലാവർക്കും എത്തിക്കാൻ ജനകീയ ആസൂത്രണ പ്രസ്ഥാനത്തിലൂടെ കഴിഞ്ഞു. ഇതിനു തുടക്കം കുറിച്ചതും നായനാർ ഭരണകാലത്താണ്. തൊഴിലില്ലായ്മ വേതനം, മാവേലി സ്‌റ്റോറുകൾ, അങ്ങനെ എത്രയെത്ര നൂതനമായ പദ്ധതികൾ. കേരളത്തിൻറെ വളർച്ചയ്ക്ക് സഹായകരമായ നാഴിക കല്ലുകൾ എല്ലാം ഭരണകാലത്ത് നിന്ന് നമുക്ക് കാണാം. കേരളത്തെ ഇന്നു കാണുന്ന രൂപത്തിലേക്ക് വളർത്തുന്നതിൽ അദ്ദേഹത്തിൻ്റെ ഭരണപരിഷ്കാരങ്ങൾ സുപ്രധാനമാണ്. കേരളത്തിൻറെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ നേതാവ് നായനാർ തന്നെയാണ്.
ജീവിതനിലവാരത്തിന്റെ എല്ലാ സൂചകങ്ങളിലും നാം മുന്നിലാണ്. ഏറ്റവും നല്ല സ്കൂളുകൾ, ആശുപത്രികൾ, എല്ലാം കേരളത്തിന്റെ വലിയ നേട്ടമാണ്. പട്ടിണിക്കാരില്ലാത്ത നാടായി നമ്മുടെ കേരളം ഈ നവംബർ ഒന്നിന് പ്രഖ്യാപിക്കപ്പെടും. പോഷകര കുറവുമൂലം കുട്ടികൾ മരിക്കാത്ത നാടാണ് നമ്മുടേത്. കേരളത്തിൽ ജനിച്ചത് കൊണ്ടുമാത്രം കുറച്ചധികം വർഷം ജീവിക്കാൻ കഴിയുന്നു എന്നതാണ് ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നമ്മുടെ മറ്റൊരു പ്രത്യേകത. ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു നാടാണ് നമ്മുടേത്. മതനിരപേക്ഷ സ്വഭാവത്തിലും നമ്മുടെ നാട് എല്ലാവർക്കും മാതൃകയാണ്. ഈ നാടിനെ നമുക്കൊരു സന്തോഷാത്മകമായ സമൂഹമായി രൂപപ്പെടുത്തിയെടുക്കണം. അതിനാവശ്യമായ തറക്കലിട്ട ദിഷ്ണാശാലിയായ മനുഷ്യനാണ് നായനാർ. സ്വാതന്ത്ര്യവും തുല്യതയും അനുഭവിക്കാൻ കഴിയുന്ന ഒരു സമൂഹത്തിലാണ് സന്തോഷത്തോടെ ജീവിക്കാനാവുക. ഇന്ത്യയിൽ അതിനു സാധ്യമാകുന്ന ഏകഭൂപ്രദേശമാണ് നായനാരുടെ കേരളം. എപ്പോഴും ചിരിക്കുകയും, എല്ലാവർക്കും ചിരിക്കാൻ കഴിയുന്ന ഒരു നാടിനെ സൃഷ്ടിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്ത ഒരു ഭരണാധികാരിയെ മലയാളികൾ 'മരിക്കാത്ത മന്ദഹാസമായാണ്' എന്നും മനസ്സിൽ സൂക്ഷിക്കുന്നത്. നവ കേരള സൃഷ്ടിക്കായുള്ള നമ്മുടെ യാത്രയിൽ മുന്നോട്ടുപോകാനുള്ള ഊർജ്ജമാണ് നായനാർ എന്ന മരിക്കാത്ത മന്ദഹാസം. എല്ലാവരും ചിരിക്കുന്ന സന്തോഷാത്മകമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനും, നവ കേരളത്തെ യാഥാർത്ഥ്യമാക്കാനും നായനാരുടെ സ്മരണകൾ കൂടുതൽ ദിശാബോധവും തെളിമയും നൽകും.