എം.പി.നാരായണപിള്ള: മൗലിക ഭാവനകളിലേക്കുള്ള പരിണാമം

എം.പി.നാരായണപിള്ള: മൗലിക ഭാവനകളിലേക്കുള്ള പരിണാമം
Published on

പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിൽ ജനിച്ചു നാണപ്പൻ. കാർഷിക ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം ദില്ലിയിലെ കിഴക്കൻ ജർമ്മൻ എംബസിയിൽ ടെലെഫോൺ ഓപ്പറേറ്റർ ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതിനുശേഷം സാമ്പത്തിക വിദ​ഗ്ധനായി ദേശീയ ആസൂത്രണ കമ്മീഷനിൽ അദ്ദേഹം 5 വർഷം ജോലിചെയ്തു.

ഈ സമയത്താണ് നാരായണ പിള്ള സാഹിത്യ ജീവിതത്തിലേക്കു കടക്കുന്നത്.1970 മുതൽ 1972 വരെ അദ്ദേഹം ബോംബെയിൽ വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം തലവനായും മക് ഗ്രാ ഹില്ല് ലോക വാർത്തയുടെ ഇന്ത്യൻ വാർത്താ ലേഖകൻ ആയും ജോലി ചെയ്തു. ഇതിനുശേഷം മിനറൽസ് ആന്റ് മെറ്റൽസ് റിവ്യൂ-വിന്റെ പത്രാധിപരായി പ്രവർത്തിച്ചു. പിന്നെയാണ് ഹോംങ്കോങ്ങിലേക്കു കടന്നത്. ഹോങ്കോങ്ങിലെ 'ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ'വിൽ സബ് എഡിറ്ററായി ചേർന്ന് ധനകാര്യപത്രപവർത്തനം ആരംഭിച്ചു. ആയിടക്കു നടന്ന ഒരു സംഭവം വിവരിക്കാം.

പത്രപ്രവർത്തകൻ എം.പി. ഗോപാലൻ 1975ൽ മനിലയിൽ ജോലി ചെയ്യുന്ന കാലം. മൂന്നുനാലാഴ്ച ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂവിൽനിന്ന് നൂറ്റിയമ്പത് അമേരിക്കൻ ഡോളറിന്റെ ചെക്കുകൾ കൃത്യമായി അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരുന്നു. ഇതെന്തു മറിമായം..? ഒടുവിൽ അദ്ദേഹം റിവ്യൂ പത്രാധിപർ ഡറിക് ഡെവിസിനെ വിളിച്ച് ലേഖനമെഴുതാത്ത തനിക്ക് എന്തിനാണ് പണം അയക്കുന്നതെന്നു ചോദിച്ചപ്പോൾ ' പണം വാങ്ങിക്കോളു, കണക്കുകൾ പിന്നെപ്പറയാം' എന്നായിരുന്നു മറുപടി. അടിയന്തരാവസ്ഥയെ നിശിതമായി വിമർശിച്ച് ഇന്ത്യയിൽനിന്നു പലപേരിലും റിവ്യൂവിൽവന്ന ലേഖനങ്ങൾക്കുള്ള പ്രതിഫലമായിരുന്നു ചെക്കുകൾ. എല്ലാമെഴുതിയത് ഒരാൾ തന്നെ: എം.പി. നാരായണപ്പിള്ള എന്ന നാണപ്പൻ. തനിക്കു കിട്ടിയ ഡോളറുകളുടെ ഉടമസ്ഥൻ നാണപ്പൻ ആയിരുന്നുവെന്ന് അടിയന്തരാവസ്ഥയ്ക്കുശേഷമാണ് എം.പി. ഗോപാലൻ പോലും അറിയുന്നത്.

ഹോങ്കോങ്ങു വിട്ടുവന്നു ടൂത്ത്പേസ്റ്റ് കച്ചവടം നടത്തി പൊട്ടി ഇനിയന്തുചെയ്യുമെന്ന് ചിന്തിച്ചു നിൽക്കുമ്പോൾ പണ്ടത്തെ പോലെ കഥ എഴുതാനാവുമോയെന്നു പരീക്ഷിച്ചു നോക്കിയ കഥ ആയിരുന്നു 'ഉണങ്ങിയ മൃഗങ്ങൾ.' അതിനൊക്കെ ശേഷം നാം കാണുന്നത് എം പി നാരായണപ്പിള്ള എന്ന കോളമിസ്റ്റിനെയാണ്. കലാകൗമുദി, മലയാള മനോരമ എന്നിവയിലായിരുന്നു ഏറെയും വന്നിരുന്നത്.

അങ്ങിനെയിരിക്കെയാണ് കൗമുദി ഗ്രൂപ്പിന്റെ പ്രസിദ്ധീകരണമായ ട്രയൽ വാരികയുടെ പത്രാധിപരായി പ്രത്യക്ഷപ്പെടുന്നത്. എം.എസ് മണി എഡിറ്ററായും എസ്. ജയചന്ദ്രൻ നായരും എൻ.ആർഎസ് ബാബുവും സഹപത്രാധിപർമാരായും പുറത്തിറങ്ങിയിരുന്ന ക്രൈം വാർത്ത വാരികയായിരുന്നു ട്രെയൽ. ബ്ലാക്ക്& വൈറ്റിൽ 46 പേജ്, വില 1 രൂപ 70 പൈസ. ഒട്ടേറെ ക്രൈം പ്രസിദ്ധീകരണങ്ങൾ ചൂടപ്പം പോലെ വിറ്റുപോയിരുന്ന കാലത്താണ് ട്രയൽ ഇറങ്ങിയതെങ്കിലും കാര്യമായ വില്പന ഉണ്ടായില്ല. ആ സാഹചര്യത്തിലാണ് നാരായണ പിള്ള അതിന്റെ പത്രാധിപത്യം എറ്റെടുക്കുന്നത്.

വിദേശത്തു നിന്നുമിറങ്ങുന്ന ടൈം മാഗസിൻ, ന്യൂസ് വീക്ക് എന്നിവപോലൊരു പ്രസിദ്ധീകരണം. വെറും 36 പേജ്. ന്യൂസ് പ്രന്റിൽ തന്നെ മൾട്ടി കളർ കവർ, ഫോട്ടോ കംപോസിങ്ങ്, മികച്ച ലേ-ഔട്ട്, കേരളത്തിൽ അക്കാലത്തെ മികച്ച പ്രിന്റിംഗ് പ്രസ്സായ എസ്.ടി റെഡ്യാർ & സൺസിൽ. ചുരുക്കിപ്പറഞ്ഞാൽ പുതിയ ട്രയൽ ലക്ഷണമൊത്തൊരു വാർത്താവാരികയാക്കിമാറ്റി നാരായണ പിള്ള. മലബാർ മേഖലയിൽ നിന്നുള്ള വാർത്തകൾ പ്രസിദ്ധനായ പത്രപ്രവർത്തകൻ പി.ജെ മാത്യു ആണ് കൈകാര്യം ചെയ്തിരുന്നത്. പ്രസാദ് ലഷ്മൺ ആയിരുന്നു നാരായണപിള്ളയുടെ വലംകൈയായി എഡിറ്റോറിയൽ ഡസ്‌ക്കിൽ ഉണ്ടായിരുന്നത്. ഗംഭീര കവർ സ്‌റ്റോറികളാണ് ട്രയലിനെ പെട്ടെന്നുതന്നെ ശ്രദ്ധേയമാക്കിയത്.

ചിലതൊക്കെ കേസിൽ പെട്ടു. മംഗളത്തിന്റെ സൂര്യൻ മദ്ധ്യാഹ്നം പിന്നിട്ടോ? എന്ന കവർ‌സ്റ്റോറി അച്ചടിച്ചതോടെ വക്കീൽ നോട്ടീസ് എത്തി. എന്റെ കക്ഷിയായ എം.സി വർഗീസിന്റെ പദവി താഴ്ത്തിക്കെട്ടാനും അതുവഴി, അദ്ദേഹത്തെ പൊതുജനത്തിന്റെ മുന്നിൽ പരിഹാസപാത്രമാക്കാനും വേണ്ടി മനപ്പൂർവ്വം എന്റെ കക്ഷിയെ ഈ വള്ളക്കാരന്റെ മകൻ എന്നു പരിചയപ്പെടുത്തി... ഇങ്ങനെ പോകുന്നു പരാതികൾ. അതിൽ നാലാമത്തെ പരാതി ഏറെ രസകരമാണ്.

ഒരുലക്ഷത്തിൽ താഴെ അടിക്കുന്ന മാതൃഭൂമി വാരിക ഉണ്ടാക്കുന്ന ഒരാഴ്ചയിലെ ലാഭം 14 ലക്ഷം അച്ചടിക്കുന്ന മംഗളത്തേക്കാൾ കൂടുതലാണ്. ശരാശരി 80,000 രൂപ മാതൃഭൂമി വാരിക ഒരാഴ്ച പരസ്യത്തിൽ നിന്നും ഉണ്ടാക്കുമ്പോൾ ഈ വള്ളക്കാരന്റെ മകന്റെ പ്രസിദ്ധീകരണം ഈ ഇനത്തിൽ ഒരാഴ്ച ഉണ്ടാക്കുന്നത് കേവലം 24,000 രൂപയാണ്. സ്വഭാവികമായും നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടായിരിക്കാം. മംഗളത്തിൽ അച്ചടിക്കുന്ന പൈങ്കിളി മസാല തന്നെ നിറമുള്ള കുപ്പിയിൽ നല്ല ലേബലൊട്ടിച്ച് ഇരട്ടിവിലയ്ക്കു വിൽക്കുന്ന മനോരാജ്യം രണ്ടേകാൽ ലക്ഷം കോപ്പിയുടെ പുറത്ത് ഒരാഴ്ച ഉണ്ടാക്കുന്ന ലാഭം ഒന്നേമുക്കാൽ ലക്ഷം രൂപയിലധികമാണ്. അതായത്, 14 ലക്ഷത്തിന്റെ പുറത്ത് മംഗളം വർഗീസ് ഉണ്ടാക്കുന്നതിന്റെ ഏഴിരട്ടി..! മനോരമ ആഴ്ചപ്പതിപ്പാണെങ്കിൽ ഈ താരതമ്യത്തിന് അതീതമാണ്.

എന്തുകൊണ്ട് മംഗളം വർഗീസ് വേണ്ടപോലെ ലാഭം ഉണ്ടാക്കുന്നില്ല.? കാരണം അദ്ദേഹത്തിന് ബിസിനസ്സിന്റെ എ.ബി.സി അറിയില്ല. ഒന്നാമത്തെ ഉദാഹരണം 14 ലക്ഷം പ്രചാരമുള്ള മംഗളം ഒരു പേജിനു വാങ്ങുന്ന പരസ്യനിരക്കിനെക്കാൾ 1000 രൂപ അധികമാണ് അഞ്ചുലക്ഷത്തിലധികം മാത്രം സർക്കുലേഷനുള്ള മനോരമ വാരികയുടെ പരസ്യ നിരക്ക്. അപ്പോൾ ഇന്നത്തെ നിലയ്ക്ക് മംഗളം വർഗീസ് കിട്ടാവുന്നിനത്തിൽ വാങ്ങാതിരിക്കുന്ന തുക ഒരു വർഷം ഒന്നരക്കോടിയോളം രൂപയാണ്. കാരണം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കണക്ക് പഴയതാണ്. ആയിരം ഇംപ്രഷന് 10 രൂപ അങ്ങാടിയിൽ അച്ചുനിരത്തുന്ന, അരിപ്പെട്ടിയും ചവിട്ടുപ്രസ്സും കൊണ്ടുനടന്നിരുന്ന പ്രന്ററുടെ കണക്ക്.

ഈ ഭാഗം വയനക്കാരുടെ മനസ്സിൽ എന്റെ കക്ഷി, സ്വന്തം ബിസിനസ്സ് രംഗത്ത് പിടിപ്പില്ലാത്തവനാണെന്ന ധാരണ സൃഷ്ടിക്കുന്നു. വായനക്കാർക്കിടയിൽ എന്റെ കക്ഷിക്കുള്ള സൽപ്പേരും പ്രീതിയും ബിസിനസ്സ് നേട്ടങ്ങളും ഇല്ലായ്മ ചെയ്യാൻ കരുതിക്കൂട്ടി ചെയ്തിട്ടുള്ളതാണിത്. ഇതെന്റെ കക്ഷിയുടെ പബ്‌ളിക്കേഷൻ ബിസിനസ്സിനെ സാരമായി ബാധിക്കും.

ഇങ്ങനെ പോകുന്നു വക്കിൽ നോട്ടീസിലെ വരികൾ. രാമപുരത്തുകാരൻ ജോർജ് വർഗീസ് വക്കീലാണ് നോട്ടീസ് അയച്ചത്. എട്ടു പേജിൽ വന്ന ആ കവർ സ്റ്റോറി പിന്നീട് കോടതിയ്ക്കു പറത്ത് ഒത്തുതീർപ്പാക്കുകയായിരുന്നു. അതേക്കുറിച്ച് പിന്നീട് പ്രസാദകക്കുറിപ്പിൽ നാരായണപിള്ള ഇങ്ങനെ എഴുതി:

ഞങ്ങളും 12 ലക്ഷം വിൽക്കുന്ന വാരികയുമായുള്ള വ്യത്യാസം വേറൊന്നാണ്. അവ പൊതുജനാഭിപ്രായത്തിന്റെ പിന്നാലെ പോകുമ്പോൾ ട്രയൽ പോലൊരു വാരിക പൊതുജനാഭിപ്രായത്തെ കരുപ്പിടിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. അപ്പോൾ സ്വഭാവികമായും കൂടുതൽ പ്രചാരമുള്ള അഭിപ്രായങ്ങൾക്കെതിരായി പോകേണ്ടിവരും. ചില വായനക്കാർക്ക് രുചിച്ചില്ലെന്നും വരും. വായനക്കാർ ഇഷ്ടപ്പെടുന്നതിനേക്കാൾ വായനക്കാർ വായിക്കേണ്ടതാണ് ട്രയലിൽ കൊടുക്കാൻ ശ്രമിക്കുന്നത്. അത് അക്ഷരാർത്ഥത്തിൽ നാരായണപിള്ള പാത്രാധിപരായിരുന്ന കാലത്തോളം നടപ്പിൽ വരുത്തുകയും ചെയ്തിരുന്നു.

നാരായണപിള്ള എഡിറ്റർ ആകുന്നതിനു മുൻപുള്ള ട്രയൽ വാരിക.
നാരായണപിള്ള എഡിറ്റർ ആകുന്നതിനു മുൻപുള്ള ട്രയൽ വാരിക.

തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകകളുടെ ചൂടും ചൂരും വായനക്കാരിൽ കോരിയിടുന്ന ശൈലിയിൽതന്നെ അദ്ദേഹം അരങ്ങിലെ ഓർമ്മകൾ എഴുതിയത് ട്രയലിലാണ്. വെളിപാടുകൾ എന്നപേരിൽ നാരായണപിള്ളയുടെയും രാജനീതി എന്ന പേരിൽ പി. സി ജോസഫിന്റേയും സ്ഥിരം കോളങ്ങൾ. പുരാണത്തിലെ സത്യദർശനങ്ങൾ അവയുടെ യഥാർത്ഥ ഉൾക്കാഴ്ചയോടു കൂടിതന്നെ വായനക്കാർക്ക് മനസിലാക്കിക്കൊടുക്കുന്ന തരത്തിൽ എലയാളത്തിലെ ഏറ്റവും നല്ല നാടകകൃത്തുക്കളിൽ ഒരാളായ ഏഴുരാത്രികൾ എഴുതിയ കാലടി ഗോപി സൂര്യവംശം എന്ന പേരിൽ ഭാരതീയ പുരാണങ്ങൾ സൂര്യംവംശം എന്ന പേരിൽ എഴുതിയിരുന്നു. പ്രസിദ്ധ ചിത്രകാരനായ നമ്പൂതിരിയാണതിന് രേഖാചിത്രങ്ങൾ വരഞ്ഞത്.

ആദ്യ നാളുകളിലെ മംഗളം വാരിക
ആദ്യ നാളുകളിലെ മംഗളം വാരിക

എസ്. ജയചന്ദ്രൻ നായരുടെ നിസിമാ നിരൂപണം.

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ പുസ്തകനിരൂപണം വന്നിരുന്നത് ട്രയലിൽ ആിരുന്നു വെന്ന് ഇന്ന് എത്രപേർ ഓർക്കുന്നുണ്ടെന്നറിയില്ല. അതൊരു പേഴ്‌സണൽ പുസ്തക പംക്തി ആയിരുന്നു. അതങ്ങനെ ആയിരിക്കണമെന്നു നാരായണ പിള്ളയുടെ നിർബന്ധമായിരുന്നു. ആരും നിരൂപണത്തിനായി രണ്ടു പുസ്തകം വാരികയുടെ ഓഫീസിലേക്ക് അയക്കേണ്ടതുമില്ല. കാരണം ഇതെഴുതാൻ ഏറ്റിരിക്കുന്ന പി. ഗോവിന്ദപ്പിള്ള അദ്ദേഹത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും പഠനത്തിനും വായനയ്ക്കുമിടയിൽ ശ്രദ്ധേയമായി തോന്നുന്ന വിവിധ തരത്തിലുള്ള പുസ്തകങ്ങളിൽ ചിലത് തിരഞ്ഞെടുത്ത് ട്രയലിൽ എഴുതുകയാണ് പതിവ്. മലയാറ്റൂർ രാമകൃഷ്ണൻ, പി.ആർ. ശ്യാമള, എം ഗോപിനാഥൻ നായർ എന്നിവരുടെയൊക്കെ നോവലുകളും ശ്രദ്ധേയമായ ചെറുകഥകളും കൊണ്ട് കേവലം 36 പേജിൽ അക്ഷരങ്ങൾകൊണ്ടുള്ള മായാജാലം തന്നെയാണ് നാരായണപിള്ള നടത്തിയിരുന്നത്.

ഒരിടയ്ക്ക് കലാകൗമുദിക്കും മുകളിലേക്ക് ട്രയൽ പോകുന്നൊരു അവസ്ഥയിലെത്തി. ഇടക്കാലത്ത് കലാകൗമുദി ഗ്രൂപ്പിൽ പുതിയ തലമുറയുടെതായ ചില പരിഷ്‌ക്കാരങ്ങളൊക്കെ വന്നുതടങ്ങിയിരുന്നു. ട്രയലിൽ നിന്നും നാരായണപിള്ള പിന്മാറി. അതോടെ ആ പ്രസിദ്ധീകരണത്തിന്റെ ഓജസും നഷ്ടമായി. ഒടുവിൽ ട്രയൽ ഓർമ്മയായി മാറി.

കലാകൗമുദി ഗ്രപ്പിൽ ഉള്ളപ്പോൾ തന്നെയാണ് പരിണാമം എന്ന പേരിൽ നോവൽ കലാകൗമുദിൽ വരുന്നത്. പരിണാമത്തിന്റെ പിറവിയെക്കുറിച്ചും ഒരു കഥയുണ്ട്. മനുഷ്യന്റെ കുലഗുരു നായയാണെന്നാണ് നാരായണപിള്ള വിശ്വസിക്കുന്നത്. നായ അദ്ദേഹത്തിനെന്നും ഒബ്‌സെഷനായിരുന്നു. എഴുതിയേ തീരു എന്ന ഘട്ടത്തിലെത്തിയ ഒബ്‌സെഷൻ. അങ്ങനെ കഥയോ നോവലോ എന്നോർക്കാതെ അഞ്ചാറധ്യായം എഴുതിവച്ചു. ഒരിക്കലിക്കാര്യം ജയചന്ദ്രൻ നായരോട് പിള്ള പറഞ്ഞുപോയി. നാരായണപിള്ളയുടെ ജന്മസിദ്ധമായ മടിയും ഉഴപ്പും അറിയാവുന്ന ആളാണല്ലോ ജയചന്ദ്രൻ നായർ. ആദ്ദേഹം കലാകൗമുദിയിൽ പരസ്യം ചെയ്തു. തുടരനായി നോവൽ പ്രത്യക്ഷപ്പെടാനും തുടങ്ങി. 56 ലക്കം വരെ കൊണ്ടെത്തിച്ചു. പിന്നെ നിലയില്ലാക്കയത്തിലായി. എവിടെകൊണ്ടവസാനിപ്പിക്കണമെന്നറിയാത്ത അവസ്ഥ. എങ്കിലും പത്രാധിപർ ആവശ്യപ്പെട്ടിരുന്നെങ്കിൽ ഒരു പത്തുനൂറ് ലക്കം കൂടി ഈസിയായിഎഴുതിയേനെ എന്നാണ് നാരായണപിള്ള പറഞ്ഞത്.

എന്തായാലും കേരള സാഹിത്യ അക്കാദമി അവാർഡ് ആ വർഷം പരിണാമത്തിനാണ് ലഭിച്ചത്. അത്പിന്നെ വലിയൊരു വിവദത്തിന് തുടക്കമിട്ടു. അക്കാദമിയുടെ അവാർഡ് സ്വീകരിക്കാൻ നാരായണപിള്ള ചില ഉപാധികൾ വച്ചത് അക്കാദമി ഭാരവാഹികളെ ചൊടിപ്പിച്ചു. അക്കാദമി അവാർഡ് റദ്ദാക്കി. തുടന്നങ്ങോട് കാട്ടുതീപോലെ പ്രതിഷേധം ആളിക്കത്തി. ഡോ. സുകുമാർ അഴിക്കോട് അക്കാദമിയുടെ വിശിഷ്ടാഗത്വം ഉപേക്ഷിച്ചുകൊണ്ട് എരിതീയിൽ എണ്ണയൊഴിച്ചു. പിന്നീടുണ്ടായ വാഗ്വാദങ്ങൾക്കിടയിൽ സാഹിത്യകാരന്മാർ ചേരിതിരിഞ്ഞുനിന്നു പുലഭ്യവർഷം പോലും നടത്തി.

ഇതിനിടെ റോബർട്ട് കാൽഡറുടെ 'ദി ഡോഗ്‌സ്' എന്ന നോവലുമായി പരിണാമത്തിന് ഏറെ സാദൃശ്യങ്ങൾ ഉണ്ടെന്നു പറഞ്ഞ് ഡോ. എം. രാജീവ് കുമാർ രംഗത്തെത്തി. അക്കാദമി പണ്ഡിതന്മാർക്കും എം. കൃഷ്മൻ നായർക്കും മറ്റും കണ്ടെത്താൻ കഴിയാതെ പോയ രഹസ്യമാണ് രാജീവ് കുമാർ പുറത്തുകൊണ്ടുവന്നത്. ഇതൊക്കെ കണ്ടും കേട്ടും അങ്ങകലെ ബോംബെയിലെ ബോറിവല്ലിയിലിരുന്നു നാരായണ പിള്ള ഊറിച്ചിരിച്ചിരിക്കണം.

 റോബര്‍ട്ട് കാല്‍ഡറുടെ 'ദി ഡോഗ്‌സ്'  കവർ
റോബര്‍ട്ട് കാല്‍ഡറുടെ 'ദി ഡോഗ്‌സ്' കവർ

കലാകൗമുദിയും ട്രയലും വിട്ട ശേഷം നാരായണ പിള്ളയെക്കാണുന്നത് ഇന്ത്യൻ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ പ്രസിദ്ധീകരമമായ സമകാലിക മലയാളത്തിലാണ്. ടി.ജെ.എസ്സ് ജോർജിന്റെ മേൽനോട്ടത്തിൽ എസ്.ജയചന്ദ്രൻ നായരാണ് അതിന്റെ പത്രാധിപത്യം വഹിച്ചത്. അതുവരെ കലാകൗമുദി വാരികയിൽ സജീവമായിരുന്ന എസ്.ജയചന്ദ്രൻ നായരെ എം. എസ്സ് മണി കലാകാമുദി പത്രം മദ്രാസിൽ നിന്നു തുടങ്ങുന്നതിനായി അങ്ങോട്ടേയ്ക്ക് അയച്ചു. അഞ്ചുമാസം ജയചന്ദ്രൻ നായർ അവിടെയുണ്ടായിരുന്നു. കലാകൗമുദി പത്രമൊട്ടുശരിയായതുമില്ല.

ആ സമയത്തുതന്നെയായിരുന്നു ടി.ജെ.എസ് ജോർജിന്റെ നേതൃത്വത്തിൽ മലയാളം വാരികയുടെ ആലോചന നടക്കുന്നത്. അതിനിടെ എം. പി നാരായണ പിള്ളയുടെ കാർമ്മികത്വത്തിൽ ഒരു ഫോർമുല രൂപപ്പെട്ടു. എസ്. ജയചന്ദ്രൻ നായരെ മലയാളം വാരികയുടെ പത്രാധിപരാക്കിയാൽ കലാകൗമുദിയുടെ ക്രീം ലയറിൽ നിന്നിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയേയും കാലിഗ്രാഫിയിലും ലേ ഔട്ടിലും മിടുക്കനായ ഭട്ടതിരിയേയും സാഹിത്യവാരഫലം എഴുതിയിരുന്ന എം. കൃഷ്ണൻ നായരേയും മലയാളം വാരികയിലേക്ക് പറിച്ചുനടാൻ കഴിയും. അങ്ങിനെ അത് സംഭവിച്ചു. എം. എസ് മണിക്ക് ഇത് വലിയൊരു അടിയായിപ്പോയി. മലയാളം വാരിക പുറത്തിറങ്ങിയപ്പോൾ കഥാകാരൻ ടി പത്മനാഭൻ പറഞ്ഞതിങ്ങനെ: ഇപ്പോൾ എനിക്കെഴുതാൻ രണ്ട് കലാകൗമുദിയായി.


മലയാളം വാരികയുടെ ആദ്യ കവർ
മലയാളം വാരികയുടെ ആദ്യ കവർ

നാരായണപിള്ളയിലേക്കുതന്നെ മടങ്ങാം. അദ്ദേഹത്തിന്റെ കഥകൾ അവയുടെ ഭാഷാഗുണത്തേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത് അവ കൈകാര്യം ചെയ്ത വിഷയങ്ങളുടെ സങ്കീർണ്ണതകൾ കൊണ്ടായിരുന്നു. മോഷണമെന്നുപറയുമ്പോഴും പരിണാമം അധികാരമോഹങ്ങളുടെയും വിപ്ലവവീര്യങ്ങളുടെയും സർവ്വോപരി മാനുഷികമൂല്യങ്ങളുടെയും കഥ പറയുന്ന, മലയാളത്തിലുണ്ടായ മികച്ച കൃതികളിലൊന്നാണെന്നു പറയാതിരിക്കാൻ കഴിയില്ല.

ജീവിതത്തിന്റെ അവസാനകാലത്ത് അദ്ദേഹം മൗനത്തിലേക്ക് ഉൾവലിഞ്ഞിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയിരുന്നിരിക്കാം. ഇന്നും വിശ്വസിക്കാനാകുന്നില്ല നാണപ്പന്റെ വേർപാട്. അദ്ദേഹം ഒഴിച്ചിട്ട കസേര ഇപ്പോഴും ശൂന്യമായി തന്നെ കിടക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in