KEAM പരീക്ഷാ വിവാദം: തകർന്നു വീഴുന്നത് കേരള സർക്കാരിന്റെ 'നമ്പർ വൺ' മൂടുപടം

KEAM പരീക്ഷാ വിവാദം: തകർന്നു വീഴുന്നത് കേരള സർക്കാരിന്റെ 'നമ്പർ വൺ' മൂടുപടം
Published on

പൊതുസമൂഹത്തിൽ ഏറ്റവും മാനസിക സംഘർഷം അനുഭവിക്കുന്ന ഒരു വിഭാഗമാണ് വിദ്യാർഥികൾ. കുടുംബങ്ങളുടെയും നാട്ടുകാരുടെയും പ്രതീക്ഷയുടെ ഭാരം അവർക്ക് താങ്ങാവുന്നതിലും അധികമാണ്. കേരളത്തിന്റെ മത്സരാത്മക പശ്ചാത്തലത്തിൽ ഇത് കുറേക്കൂടെ കഠിനമാണ്. സ്വന്തം മകന്റെയോ മകളുടെയോ വിജയ ഫോട്ടോ പത്രത്തിലും നാട്ടുവഴികളിലെ ഫ്ലെക്സ് ബോർഡുകളിലും വരുന്നതിനും, അവർക്ക് മികച്ച ഭാവി ഇത് വഴി ഉണ്ടാകുമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന, ജീവിതം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന സാധാരണക്കാരുടെ കണ്ണീർക്കഥകൾ നമ്മുടെ നാട്ടിൽ വ്യാപകമാണ്. ഈ തരത്തിൽ എൻട്രൻസ് പോലെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറാകുന്ന കുടുംബങ്ങൾ ആഗ്രഹിക്കുന്ന പ്രധാന കാര്യം പരീക്ഷാ നടത്തിപ്പിലെ സുതാര്യതയാണ്, സ്ഥിരതയാണ്. നിർഭാഗ്യവശാൽ കഴിഞ്ഞ കുറെ വർഷങ്ങളായി എൻട്രൻസ് പരീക്ഷകൾ നടക്കുന്ന പരിസരം കലുഷിതമാണ്. നിയമങ്ങൾ മാറിമറിയുകയാണ്.

KEAM പരീക്ഷാ വിവാദം: തകർന്നു വീഴുന്നത് കേരള സർക്കാരിന്റെ 'നമ്പർ വൺ' മൂടുപടം
നിർമ്മിതബുദ്ധിയും കാമവിശപ്പും

വലിയ തൊഴിൽ സാധ്യതക്കും അവസരങ്ങൾക്കും വഴിയൊരുക്കുന്ന മത്സരപ്പരീക്ഷകളുടെ കാര്യത്തിൽ വിദ്യാർഥികൾ എന്ത് ആത്മവിശ്വാസത്തിലാണ് ഒരുങ്ങുക? മാറിമറിയുന്ന നടത്തിപ്പ് നിയമങ്ങളും എന്തിനേറെ, പരീക്ഷാ ഹാളിലെ വസ്ത്രത്തിന്റെ അളവ് പോലും ചർച്ചയാക്കുന്ന വിവാദമാക്കുന്ന നിയമമാക്കുന്ന നിലവിലെ സ്ഥിതി ഏറെ ആശങ്കാജനകമാണ്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു

കേരളത്തിലുള്ള 50,000 എൻജിനീയറിങ് സീറ്റിൽ, കഴിഞ്ഞ വർഷം പകുതിയോളം സീറ്റ് വേക്കന്റ് ആണ്. പല പ്രൈവറ്റ് കോളേജുകളിലും പത്ത് കുട്ടികൾ പോലും തികച്ചില്ലാത്ത സ്ഥിതി പോലുമുണ്ടാകുന്നു. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി സ്ഥാപിതമായതോടെ മികച്ച അവസരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോളേജിൽ നിന്ന് തന്നെ വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കുന്ന സ്ഥിതി നന്നേ കുറവാണ്. ഞാൻ പഠിച്ച കേരളത്തിലെ ഏറ്റവും മികച്ച എൻജിനീയറിങ് കോളേജ് എന്ന് പൊതുവിൽ കണക്കാക്കപ്പെടുന്ന ട്രിവാൻഡ്രം എൻജിനീയറിങ് കോളേജിൽ പോലും പ്ലെയ്‌സ്‌മെന്റ് നിരക്ക് വളരെ കുറവാണ്. അഞ്ഞൂറ് കുട്ടികൾക്ക് പോലും തൊഴിൽ ഈ സ്ഥാപനം വഴി ലഭിച്ചില്ല എങ്കിൽ മറ്റു കോളേജുകളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ.

എഐ ഉൾപ്പടെ അതിനൂതനമായ മാറ്റങ്ങൾ ഉപയോഗപ്പെടുത്തി ഇതരസംസ്ഥാനങ്ങളിലെ കോളേജുകൾ നേട്ടമുണ്ടാക്കുമ്പോൾ ഇവിടെ നമുക്ക് അത്തരം മാറ്റങ്ങൾ കൊണ്ടുവരാനാകുന്നില്ല. അതോടൊപ്പം വിദ്യാർത്ഥികൾക്ക് എൻട്രി ലെവൽ ജോലികൾ കൂടി നഷ്ടപ്പെടുന്നു എന്നത് ഗൗരവമായി കാണേണ്ടതുണ്ട്.

KEAM പരീക്ഷാ വിവാദം: തകർന്നു വീഴുന്നത് കേരള സർക്കാരിന്റെ 'നമ്പർ വൺ' മൂടുപടം
കാലടി സംവരണ അട്ടിമറി; പരാതിക്കാരിക്ക് പിഎച്ച്ഡി പ്രവേശനം നല്‍കണമെന്ന് ഹൈക്കോടതി, സംഭവിച്ചതെന്ത്?

കേരള സിലബസ് പഠിക്കുന്ന കുട്ടികളുടെ റാങ്ക് കുറയുന്നു എന്നത് നിസ്സാരമായി കാണ്ടേണ്ട കാര്യമല്ല. റാങ്കിങ് ഫോർമുലയിൽ സിബിഎസ്ഇ /ഐസിഎസ്ഇ സിലബസ് പഠിച്ചവർക്ക് കൂടുതൽ ഗുണം ലഭിച്ചത് കഴിഞ്ഞ റിസൾട്ട് വന്നപ്പോൾ തന്നെ തെളിഞ്ഞതാണ്. ഞാൻ എൻട്രൻസ് എഴുതുന്ന കാലത്ത് എൻട്രൻസ് പരീക്ഷയുടെ റാങ്ക് മാത്രമാണ് കണക്കാക്കുന്നത്. എന്നാൽ എൻട്രൻസ് ദിവസത്തെ പെർഫോമൻസ് മാത്രം പോരാ, പകരം പ്ലസ്ടു മാർക്ക് കൂടി കണക്കാക്കണമെന്നത് നീതിയാണ്. പക്ഷേ ഇത് സർക്കാർ കൈകാര്യം ചെയ്ത രീതി വിമർശനം വിളിച്ചുവാങ്ങുന്നു.

നിലവിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ 'മാൻ മെയ്ഡ് ഡിസാസ്റ്റർ' എന്ന പ്രയോഗം പോലെ സർക്കാർ വരുത്തിവെച്ച അപകടമാണ്. കഴിഞ്ഞ വർഷം കീം എൻട്രൻസ് കഴിഞ്ഞ ഉടനെ മാർക്കുകളിൽ വലിയ വ്യത്യാസമുണ്ടെന്ന് കാട്ടി ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിമർശനങ്ങളെ വകവെക്കാതെ സർക്കാർ അതിൽ അടയിരുന്നു. 2025ലെ പരീക്ഷക്കുള്ള പ്രോസ്‌പെക്ടസ് പോലും പ്രിന്റ് ചെയ്തതിന് ശേഷമാണ് ഈ കാര്യത്തിൽ സർക്കാർ ഒരു കമ്മിറ്റിക്ക് രൂപം നൽകിയത്. ഏപ്രിലിൽ ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോർട്ട് നൽകിയത് ജൂൺ രണ്ടാം വാരമാണ്. എന്നാൽ സമിതി റിപ്പോർട്ട് നൽകിയപ്പോഴേക്കും കീം പരീക്ഷയുടെ മാർക്കുകൾ പ്രസിദ്ധീകരിച്ചിരുന്നു. സമിതി റിപ്പോർട്ട് പ്രവേശന കമ്മീഷണറുടെ റെക്കമെന്റേഷനോട് കൂടി കാബിനറ്റ് വിശദമായി പഠിക്കുന്നത് ജൂൺ അവസാന വാരത്തിലാണ്. എന്നാൽ ജൂലൈ ഒന്നിന് റിസൾട്ട് പ്രസിദ്ധീകരിക്കുന്നതിന്റെ തൊട്ടുമുമ്പായാണ് പ്രോസ്‌പെക്ടസിൽ മാറ്റം വരുത്തുന്നത്. എന്തുതരം മണ്ടത്തരമാണ് സർക്കാർ ഈ തീരുമാനത്തിലൂടെ വരുത്തിവച്ചത്. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി എൻട്രൻസ് പരീക്ഷകൾ ഏതെങ്കിലും നിലക്കുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച പ്രോസ്‌പെക്ടസ് പ്രകാരമല്ലാതെ ഫലം പ്രഖ്യാപിച്ചാൽ കോടതി ഇടപെടില്ലെന്ന് ഇവർ ധരിച്ചിരുന്നോ? ഇത്ര നിഷ്‌കളങ്ക ബുദ്ധികളാണോ സംസ്ഥാന സർക്കാരും എൻട്രൻസ് കമ്മീഷണറും? കളി തുടങ്ങിയ ശേഷം ചട്ടം മാറ്റാനാകില്ലെന്ന് കോടതി പറഞ്ഞത് ചൂണ്ടിക്കാട്ടുന്നത് സർക്കാരിന്റെ കഴിവില്ലായ്മയാണ്.

കഴിഞ്ഞ എൻട്രൻസ് പരീക്ഷാകാലത്തെ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് കാലതാമസമില്ലാതെ ഒരു കമ്മിറ്റിയെ നിയമിച്ച് പുതിയ മാനദണ്ഡം പ്രഖ്യാപിച്ചാൽ ഈ സംശയങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നു. വളരെ പ്രധാനപ്പെട്ട ഇത്തരം കാര്യങ്ങൾ ചെയ്യുന്നില്ലെങ്കിൽ എൻട്രൻസ് കമ്മീഷണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പിന്നെ എന്താണ് പണി? നീറ്റ് പരീക്ഷ നടത്തിപ്പും അനുബന്ധ കാര്യങ്ങളും പൂർണ്ണമായിത്തന്നെ കേന്ദ്ര സർക്കാരിന് കീഴിൽ ആയതിനാൽ പോളിസി ഡിസിഷനിൽ അധിക സമയം ചെലവഴിക്കേണ്ട. ആ സമയം കൂടെ ഉപയോഗപ്പെടുത്തി കീം പ്രോസ്‌പെക്ടസ് തയ്യാക്കിയിരുന്നേൽ ഈ ആശങ്ക ഒഴിവാക്കാമായിരുന്നു.

ഒരു വശത്ത് കീം ഫലത്തിൽ ആശയക്കുഴപ്പവും ആശങ്കയും. മറുവശത്ത് 12 സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരില്ല. 65 സർക്കാർ കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ല. ഈ രീതിയിൽ മനഃപൂർവമുള്ള വീഴ്ചകൾ വരുത്തുന്നത് ഇതരസംസ്ഥാന ലോബികൾക്ക് വേണ്ടിയാണോ എന്ന് ന്യായമായും സംശയിക്കുന്നു. എംടിയുടെ കഥകളിലെ നായർ തറവാടുകൾ പോലെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം മാറുകയാണ്. എല്ലാ മേഖലയിലും ഒന്നാം നമ്പർ എന്ന വീമ്പു പറച്ചിലിൽ മലയാളികളും സർക്കാരും സുഖം കൊള്ളുമ്പോൾ പുതിയ തലമുറയിലെ അനേകം വിദ്യാർഥികൾ നന്നായി പഠിച്ചിട്ടും അർഹമായ ജോലി ലഭിക്കാതെ അലയുകയാണ്. ഈ സാഹചര്യത്തിൽ ഇപ്പോഴും ഉയർത്തിക്കാണിക്കുന്ന 'യുപിയെക്കാൾ, ഗുജറാത്തിനേക്കാൾ മികച്ചതല്ലേ' എന്ന വാദം നിലനിൽക്കില്ല. കേരളത്തിന്റെ വിദ്യാഭ്യാസ-ആരോഗ്യ രംഗം താരതമ്യപ്പെടുത്തിയിരുന്നത് യൂറോപ്യൻ രാജ്യങ്ങളുമായാണ്. അല്ലാതെ സോഷ്യൽ മീഡിയ കമന്റുകളിലോ, കവല പ്രസംഗങ്ങളിലോ പറയുന്നത് പോലെ യുപിയുമായോ ഗുജറാത്തുമായോ അല്ല. സാധ്യതകൾ ഏറെയുള്ള മത്സര പരീക്ഷാ രംഗം സർക്കാർ കുറേക്കൂടി ഗൗരവസ്വഭാവത്തിൽ സമീപിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in