‘കമ്പാനിയൻ’ എന്ന ഡ്രു ഹാൻകോക്കിൻ്റെ സിനിമ മുന്നോട്ടു വെക്കുന്ന വേറിട്ട ചിന്തകൾ
എഴുത്തുകാരനും നിരൂപകനുമായ എൻ.ഇ.സുധീർ എഴുതുന്നു
തടാകത്തിനടുത്തുവെച്ച് തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സെർജെയിയെ(Sergey) ആത്മരക്ഷാർത്ഥം ഐറിസിന് (lris) കൊല്ലേണ്ടതായി വന്നു. അതിനു ശേഷം പരിഭ്രാന്തിയായ, രക്തത്തിൽ കുളിച്ച ഐറിസ് പങ്കാളിയായ ജോഷിൻ്റെ (Josh) മുറിയിലേക്ക് ഓടിയെത്തി നടന്ന സംഭവങ്ങൾ വിവരിക്കുന്നു. കൊല്ലപ്പെട്ട സെർജെയി ആ തടാകവീടിൻ്റെ ഉടമസ്ഥനായിരുന്നു. ഒരു ദിവസം മുമ്പാണ് ജോഷും ഐറിസും സുഹൃത്തുക്കളായ കാറ്റ് (Kat), ഇലി (Eli), പാട്രിക് (Patrick) എന്നിവരോടൊപ്പം തടാകത്തിനടുത്തുള്ള ആ വീട്ടിലെത്തിയത്. സെർജെയി കാറ്റിൻ്റെ സുഹൃത്താണ്. തടാകത്തിനടുത്ത് ഒറ്റയ്ക്ക് കിട്ടിയപ്പോൾ സുന്ദരിയായ ഐറിസിനെ സെർജെയി ബലപ്രയോഗത്താൽ കീഴടക്കാൻ ശ്രമിക്കുകയായിരുന്നു.
ഐറിസ് തനിക്കു നേരിടേണ്ടി വന്നതും താൻ ചെയ്തതുമായ കാര്യങ്ങൾ എല്ലാവരുടെയും മുന്നിൽ വിവരിക്കുന്നു. അതുകേട്ട ഉടനെ ജോഷ് “ lris, go to sleep “ എന്നാവശ്യപ്പെടുന്നു. അവളുടെ കണ്ണുകൾ പെട്ടന്ന് മുകളിലേക്കു തള്ളി അവൾ ഓഫാവുന്ന കാഴ്ചയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഐറിസ് ഒരു കമ്പാനിയൻ റോബോട്ട് ആയിരുന്നു എന്ന് ഞെട്ടലോടെ നമ്മൾ പ്രേക്ഷകർ അറിയുന്നു.
മനുഷ്യരെ സഹായിക്കാനായി നിർമ്മിച്ച റോബോട്ടുകളെയാണ് കമ്പാനിയൻ റോബോട്ടുകളെന്ന് അറിയപ്പെടുന്നത്. പ്രായമായവരെയും ഒറ്റപ്പെട്ട കുട്ടികളെയുമൊക്കെ സഹായിക്കാനാണ് ഇത്തരം റോബോട്ടുകളെ പൊതുവിൽ ഉപയോഗിക്കുന്നത്. എന്നാലിന്നിപ്പോൾ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സെക്സ് റോബോട്ടുകൾ സാധ്യമാവുകയാണോ? ലൈംഗിക പങ്കാളി - ആണായും പെണ്ണായും നിർമ്മിക്കപ്പെടും. വികാരങ്ങളും ബുദ്ധിയുമുള്ള - സ്ത്രീ-പുരുഷ റോബോട്ടുകൾ.
ജോഷ് ‘Empathix’ എന്ന കമ്പനിയിൽ നിന്ന് വാടകക്കെടുത്ത അത്തരമൊരു കമ്പാനിയൻ പെൺ റോബോട്ടായിരുന്നു ഐറിസ് എന്നാണ് സിനിമയിൽ ചിത്രീകരിച്ചിരിച്ചിരിക്കുന്നത്.
ഈ വർഷം ജനുവരിയിൽ പുറത്തുവന്ന ‘Companion ‘ എന്ന അമേരിക്കൻ സയൻസ് ഫിക്ഷൻ സിനിമയെപ്പറ്റിയാണ് പറഞ്ഞു വന്നത്. സിനിമയുടെ ബാക്കി കഥ ഞാൻ പറയുന്നില്ല. അന്ധാളിപ്പോടെ കാണാനായി അവിശ്വസനീയമായ പലതും സിനിമയുടെ തുടർ ഭാഗങ്ങളിലുണ്ട് എന്നു മാത്രം പറയാം. സോഫി താച്ചറും ( Sophie Thatcher) ജാക് ക്വയ്ദും (Jack Quaid) അഭിനയിച്ച ‘Companion’ എന്ന ഈ സനിമ എഴുതി സംവിധാനം ചെയ്തത് ഡ്രു ഹാൻകോക്കാണ് (Drew Hancock). റാഫേൽ മാർഗുലേസ്, ജെ.ഡി. ലിഫ്ഷിറ്റ്സ്, സാക് ക്രെഗർ, റോയ് ലീ എന്നിവർ ചേർന്ന് നിർമ്മിച്ച ‘കമ്പാനിയൻ’ എന്ന സിനിമ Warner Bros ആണ് വിതരണത്തിനെടുത്തിരിക്കുന്നത് (ഡിസ്നി ഹോട്ട്സ്റ്റാറിൽ ഇത് കാണാൻ സാധിക്കും.)
പുതിയ കാലത്തെ സാങ്കേതിക വിദ്യ മുന്നോട്ടു വെക്കുന്ന അപാര സാധ്യതകളെ പിൻപറ്റിയാണ് ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്. നിർമ്മിത ബുദ്ധിയുടെ മുന്നേറ്റം ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റിയാണ് സിനിമ കാണുമ്പോൾ ഞാനോർത്തത്. ഇതിൽ കാണിക്കുന്ന സ്ത്രീ പങ്കാളി - കമ്പാനിയൻ റോബോട്ട് - സിനിമയിൽ ആവിഷ്കരിക്കുന്ന രീതിയിൽ ഇപ്പോൾ ഒരു യാഥാർത്ഥ്യമാണോ എന്നെനിക്ക് നിശ്ചയമില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ അതൊരു അസാധ്യമായ കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. സിനിമയുടെ അവസാന ഭാഗമാകുമ്പോൾ പാട്രിക്കും ഒരു പുരുഷ റോബോട്ടായിരുന്നു എന്ന് വ്യക്തമാകുന്നുണ്ട്. ജോഷിൻ്റെ നിയന്ത്രണത്തിൽ നിന്നും കുതറിമാറിയ ഐറിസാകട്ടെ അതിൻ്റെ ബുദ്ധി വർദ്ധിപ്പിച്ച് മറ്റൊരു തലത്തിൽ പെരുമാറുന്നതും നമുക്ക് കാണാൻ കഴിയുന്നു. അതുണ്ടാക്കുന്ന സാമൂഹ്യമായ പ്രഹേളികകൾ ഏറെയാണ്. സിനിമ അത് ഭംഗിയായി കാണിക്കുന്നുണ്ട്.
ഇന്നല്ലെങ്കിൽ, വൈകാതെ തന്നെ ഇതൊക്കെ യാഥാർത്ഥ്യമാവുമെന്നത് തീർച്ചയാണ്. നിർമ്മിത ബുദ്ധിയുടെ മുന്നേറ്റം അത്ര ഗൗരവത്തിലും വേഗത്തിലും നടന്നുകൊണ്ടിരിക്കുക്കുകയാണ്. മനുഷ്യർ വല്ലാത്ത പ്രതിസന്ധിയിലാണ്; മാനവരാശി അസാധാരണമായതും അപരിചിതവുമായ ഒരു വെല്ലുവിളിയെ നേരിടേണ്ടി വരും. ഇതാണ് ഈ സിനിമ എന്നിലുണ്ടാക്കിയ ചിന്ത. കൂടെയുള്ളത് യഥാർത്ഥ മനുഷ്യനാണോ എന്ന് നമ്മൾ സംശയിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാവുകയാണോ? സിനിമയിൽ ഐറിസ് റോബോട്ട് ആണെന്ന് ആരും സംശയിച്ചില്ല. അതറിഞ്ഞിട്ടും പാട്രിക് റോബോട്ട് ആണെന്നറിയാൻ പിന്നെയും സമയമെടുത്തു. ഈ അവസ്ഥ സിനിമയിൽ നിന്നും നമ്മുടെ നിത്യജീവിതത്തിലേക്കെത്താൻ ഇനി അധികം സമയമെടുക്കില്ല.
2015 മുതൽ തന്നെ കമ്പാനിയൻ റോബോട്ടുകളെപ്പറ്റിയുള്ള ആശങ്കകളും ധാർമ്മിക ചോദ്യങ്ങളും ഉയർന്നു വന്നുതുടങ്ങിയിരുന്നു. ഇതിൻ്റെ നൈതികതയെ ചോദ്യം ചെയ്ത വിഖ്യാത റോബോട്ട് എത്തിസിസ്റ്റ് കാത്ലീൻ റിച്ചാർഡ്സൻ ആന്ത്രോപോമോർഫിക് ലൈംഗിക റോബോട്ടുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മനുഷ്യരഹിത ലൈംഗികപങ്കാളി എന്നത് നിയമപരമായി തടയേണ്ടതാണെന്ന വാദം ശക്തമായി. എന്നാൽ സാമൂഹികമായ ഇത്തരം സന്ദേഹങ്ങൾ ആരും വലുതായി കണക്കിലെടുത്തില്ല. സാങ്കേതികവിദ്യയാകട്ടെ - നിർമ്മിതബുദ്ധിയാകട്ടെ അവിരാമം ശക്തിപ്പെടുകയും ചെയ്തു. ഇനിയതിന് തടയിടുക സാധ്യമാണോ?
‘കംമ്പാനിയൻ’ എന്ന ഡ്രു ഹാൻകോക്കിൻ്റെ സിനിമ ഇത്തരം വേവലാതികളിലേക്കാണ് എന്നെ നയിച്ചത്. അതിൽ ചിത്രീകരിച്ചിരിക്കുന്ന സംഭവങ്ങൾ അവിശ്വസിക്കേണ്ടതില്ല എന്നൊരു ബോധ്യത്തിലേക്ക് പരിമിതമായ ഇക്കാലത്തെ എൻ്റെ ശാസ്ത്രജ്ഞാനം എന്നെയെത്തിച്ചിട്ടുണ്ട്. അനുഭവം എന്നത് റോബോട്ടുകളിലൂടെ സാധ്യമാണ് എന്നതും ഭാഷയും ഭാവനയും റോബട്ടുകൾ കൈവരിക്കുന്നതോടെ മനുഷ്യനെ എന്തിനു കൊള്ളാമെന്ന് ആശങ്കപ്പെടുന്ന ശാസ്ത്രജ്ഞരെപ്പറ്റിയും ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്. നിർമ്മിത ബുദ്ധിയുടെ അപകടങ്ങളെപ്പറ്റി ഗൗരവമായി ചിന്തിക്കാൻ ഈ സിനിമ വഴിയൊരുക്കുന്നു. സിനിമ എടുത്തവർ അതൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നു വന്നേക്കാം.
സിനിമ എന്ന നിലയിൽ സൗന്ദര്യാത്മകമായി അതിനെ വിലയിരുത്താൻ ഞാനാളുമല്ല. എന്നാൽ ഭയാനകമായ പുതിയ യാഥാർത്ഥ്യങ്ങളിലേക്കുള്ള സൂചനകൾ ഈ സിനിമ എൻ്റെ മുന്നിൽ വെക്കുന്നു. എൻ്റെ ചിന്തകളെ അസ്വസ്ഥമാക്കുന്നു. നമ്മൾ മനുഷ്യരായി ജീവിക്കുവാൻ പ്രയാസപ്പെടുന്ന ഒരു കാലം വിദൂരത്തല്ല എന്നെന്നെ ഓർമ്മിപ്പിക്കുന്നു. ടെക്നോളജിയുടെ കീഴിൽ അടിമജീവിതം നയിക്കാൻ നമ്മുടെ അടുത്ത തലമുറ വിധിക്കപ്പെട്ടിരിക്കുന്നു എന്നു തോന്നുന്നു.
‘കമ്പാനിയൻ’ നമ്മളെല്ലാം കാണേണ്ടൊരു സിനിമയാണ്. അതിനെ വെറുമൊരു സയൻസ് ഫിക്ഷൻ സിനിമയായി ചുരുക്കിക്കളയരുത്. സിനിമ കണ്ടതിനു ശേഷം അത് മുന്നോട്ടു വെക്കുന്ന സാധ്യതകളെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടതുമുണ്ട്. അതിലെ അപായ സാധ്യതകൾ ചർച്ച ചെയ്യേണ്ടതുണ്ട്. നിർമ്മിതബുദ്ധിയെ കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അത് മാനവകുലത്തെ വലിയ അപകടങ്ങളിലേക്ക് അതിവേഗം ചെന്നെത്തിക്കുo എന്നത് തീർച്ചയാണ്. സിനിമയിലെ ഞെട്ടലുകൾ ജീവിതത്തിലും സംഭവിക്കാൻ പോവുകയാണ്. നമുക്ക് വൈകാരികമായ സംതൃപ്തി അടയാൻ, കാമവിശപ്പ് അകറ്റാൻ റോബോട്ടുകളെ ആശ്രയിക്കേണ്ടതുണ്ടോ ?