
ജൂണ്‍ 30 കേസ് വാദം കേള്‍ക്കുമ്പോഴാണ് 2025-26 വര്‍ഷത്തില്‍ വര്‍ഷക്ക് പിഎച്ച്ഡി പ്രവേശനം നല്‍കാമെന്ന് സര്‍വ്വകലാശാല കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് കോടതി തീര്‍പ്പാക്കിയത്. സംവരണം അട്ടിമറിച്ചുകൊണ്ടാണ് അഞ്ച് സീറ്റുകളില്‍ അഡ്മിഷന്‍ നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കാലടി സര്‍വ്വകലാശാലയിലെ പിഎച്ച്ഡി പ്രവേശനത്തില്‍ സംവരണ അട്ടിമറി നടന്ന സംഭവത്തില്‍ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് പ്രവേശനം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. മാവേലിക്കര സ്വദേശിയായ വര്‍ഷ എസ്. എന്ന വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജിയിലാണ് വിധി. പരാതി നല്‍കി അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ തീര്‍പ്പുണ്ടായത്. ജൂണ്‍ 30 കേസ് വാദം കേള്‍ക്കുമ്പോഴാണ് 2025-26 വര്‍ഷത്തില്‍ വര്‍ഷക്ക് പിഎച്ച്ഡി പ്രവേശനം നല്‍കാമെന്ന് സര്‍വ്വകലാശാല കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് കോടതി തീര്‍പ്പാക്കിയത്. സംവരണം അട്ടിമറിച്ചുകൊണ്ടാണ് അഞ്ച് സീറ്റുകളില്‍ അഡ്മിഷന്‍ നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പുതുതായി കൂട്ടിച്ചേര്‍ത്ത സീറ്റുകളില്‍ സംവരണം പാലിച്ചിരുന്നില്ലെന്നും പ്രവേശനം ലഭിച്ചവരില്‍ സംവരണ വിഭാഗക്കാരില്ലെന്നും ചൂണ്ടിക്കാട്ടി സര്‍വ്വകലാശാലയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്.
കേസിന്റെ പശ്ചാത്തലം
2019-20 വര്‍ഷത്തെ മലയാളം പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ടാണ് വര്‍ഷ കേസ് ഫയല്‍ ചെയ്യുന്നത്. ആദ്യം പത്ത് സീറ്റുകളിലേക്ക് മാത്രമായിരുന്നു സര്‍വ്വകലാശാല പ്രവേശനം അനുവദിച്ചിരുന്നത്. എന്‍ട്രന്‍സ് എഴുതി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ ഡോക്ടറല്‍ കമ്മിറ്റി നടത്തുകയും അവരില്‍ നിന്ന് പ്രവേശനം നടത്തുകയും ചെയ്തു. പിന്നീട് അഞ്ച് സീറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് പ്രവേശനം നടത്തുകയായിരുന്നു സര്‍വ്വകലാശാല ചെയ്തത്. കൂട്ടിച്ചേര്‍ത്ത സീറ്റുകളിലും 20 ശതമാനം സംവരണം ബാധകമാക്കേണ്ടതുണ്ടെങ്കിലും അപ്രകാരം ചെയ്യാതെയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത്. സര്‍വ്വകലാശാലയിലെ എസ്‌സി-എസ്ടി സെല്‍ നടത്തിയ അന്വേഷണത്തില്‍ സംവരണ അട്ടിമറി നടന്നതായി വ്യക്തമായി. ആദ്യ ഡോക്ടറല്‍ കമ്മിറ്റിയില്‍ പ്രവേശനം ലഭിക്കാതെ പോയ വര്‍ഷ പരാതി നല്‍കിയത്. എന്നാല്‍ കോടതി നിര്‍ദേശം അനുസരിച്ചാണ് കൂടുതല്‍ പേര്‍ക്ക് പ്രവേശനം നല്‍കിയതെന്നാണ് മുന്‍ വി.സി. ഡോ.ധര്‍മ്മരാജ് അടാട്ട് വ്യക്തമാക്കിയത്.
സീറ്റ് വര്‍ദ്ധിപ്പിക്കുമ്പോള്‍ ആനുപാതികമായി സംവരണവും നല്‍കണം, അതുണ്ടായില്ല; വര്‍ഷ
സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ അതിന് ആനുപാതികമായ റിസര്‍വേഷന്‍ നല്‍കിയില്ലെന്ന് വര്‍ഷ ദ ക്യുവിനോട് പ്രതികരിച്ചു. നീതി ലഭിക്കാന്‍ അഞ്ച് വര്‍ഷം വേണ്ടിവന്നുവെന്നതില്‍ വിഷമമുണ്ട്. എങ്കിലും നീതി കിട്ടിയെന്നതില്‍ സന്തോഷം. അന്ന് പ്രവേശനം കിട്ടിയിരുന്നെങ്കില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നുവെന്നും വര്‍ഷ പറഞ്ഞു.
പത്ത് സീറ്റുകള്‍ക്ക് 20 ശതമാനം എന്ന തരത്തില്‍ രണ്ട് റിസര്‍വേഷന്‍ സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഡോക്ടറല്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ച വിഷയത്തിന് അംഗീകാരം ലഭിക്കാതെ പോകുകയുമായിരുന്നു. കുറച്ചു കഴിഞ്ഞാണ് അഞ്ച് സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചതായി അറിയുന്നത്. സീറ്റുകള്‍ ഉയര്‍ത്തുമ്പോള്‍ ആനുപാതികമായി 20 ശതമാനം സംവരണം നല്‍കേണ്ടതാണ്. അത് നടന്നിട്ടില്ല എന്ന് വ്യക്തമാകുന്നു. എസ്‌സി-എസ്ടി സെല്‍ ഇത് അന്വേഷിക്കുകയും അട്ടിമറി നടന്നതായി അറിയുകയും ചെയ്തു. ഇക്കാര്യം ദിശ എന്ന സംഘടനയാണ് അറിയിച്ചത്. പിന്നീട് കേസ് ഫയല്‍ ചെയ്തു. കേസില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടായിരുന്നില്ല. അനീതി നടന്നിട്ടുണ്ടെങ്കില്‍ അത് തെളിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നീതി ലഭിക്കാന്‍ അഞ്ച് വര്‍ഷം വേണ്ടിവന്നുവെന്നതില്‍ വിഷമമുണ്ട്. എങ്കിലും നീതി കിട്ടിയെന്നതില്‍ സന്തോഷം. അന്ന് പ്രവേശനം കിട്ടിയിരുന്നെങ്കില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. ഇക്കാലയളവില്‍ ബിഎഡ് അടക്കം പൂര്‍ത്തിയാക്കാനുമായി.
നീതി വൈകി, കേസ് നീളാന്‍ കാരണം സര്‍വകലാശാലയുടെ നിലപാട്; ദിനു വെയില്‍
സര്‍വ്വകലാശാലയുടെ വൈകിവന്ന നിലപാട് യഥാര്‍ത്ഥത്തില്‍ ഈ വിദ്യാര്‍ത്ഥിയോട് കാണിച്ച അനീതിയാണെന്ന് ദിശ പ്രതിനിധി ദിനു വെയില്‍ ദ ക്യുവിനോട് പറഞ്ഞു. കോടതി പരാതിക്കാരിക്ക് അനുകൂല നിലപാട് എടുക്കുന്നുവെന്ന് മനസിലാക്കിയപ്പോള്‍ മാത്രമാണ് സര്‍വ്വകലാശാല മറിച്ചൊരു നിലപാടെടുക്കാന്‍ തയ്യാറായിട്ടുള്ളതെന്നും ദിനു വ്യക്തമാക്കി.
ഈ വിഷയം നടക്കുന്ന സമയത്ത് അംബേദ്കറൈറ്റ് സ്റ്റഡി സര്‍ക്കിള്‍ എന്ന ഒരു കൂട്ടായ്മ ക്യാമ്പസിലുണ്ടായിരുന്നു. ഡെമോക്രാറ്റിക് ദളിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടനയും ഒപ്പമുണ്ടായിരുന്നു. ഞാനായിരുന്നു അംബേദ്കറൈറ്റ് സ്റ്റഡി സര്‍ക്കിള്‍ കോഓര്‍ഡിനേറ്റര്‍. ഈ രണ്ട് സംഘടനകളും ചേര്‍ന്ന് എസ്‌സി-എസ്ടി സെല്ലിന് പരാതി കൊടുക്കുകയാണ് ഉണ്ടായത്. ക്യാമ്പസിന് അകത്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് സമരം സംഘടിപ്പിക്കുകയും ചെയ്തു. എസ്‌സി-എസ്ടി സെല്ലില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് സര്‍വ്വകലാശാലയെ തകര്‍ക്കുന്നതിനായി വ്യാജമായി പരാതി ഉന്നയിക്കുകയാണെന്ന് അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് പരസ്യമായി പ്രസ്താവന നടത്തിയിരുന്നു. അതിന് ശേഷമാണ് ഈ വിഷയം ഹൈക്കോടതിയിലേക്ക് കൊണ്ടുപോകുന്നത്. ദിശയുടെ സൗജന്യ നിയമസഹായത്തോടെ അഡ്വ.പി.കെ.ശാന്തമ്മയാണ് ഹര്‍ജി ഫയല്‍ ചെയ്യുന്നത്. സര്‍വ്വകലാശാല ആദ്യം തന്നെ അനുകൂല നിലപാടെടുത്തിരുന്നെങ്കില്‍ വര്‍ഷ പിഎച്ച്ഡി പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞു പോയിട്ടുണ്ട്. വളരെ വൈകിയ നീതിയാണ് ലഭിച്ചിട്ടുള്ളത്. കോടതി അനുകൂല നിലപാട് എടുക്കുന്നുവെന്ന് മനസിലാക്കിയപ്പോള്‍ മാത്രമാണ് സര്‍വ്വകലാശാല മറിച്ചൊരു നിലപാടെടുക്കാന്‍ തയ്യാറായിട്ടുള്ളത്. സര്‍വ്വകലാശാലയുടെ വൈകിവന്ന നിലപാട് യഥാര്‍ത്ഥത്തില്‍ ഈ വിദ്യാര്‍ത്ഥിയോട് കാണിച്ച അനീതിയാണെന്ന കാര്യത്തില്‍ സംശയമില്ല.
സംവരണ അട്ടിമറി വ്യക്തമായിരുന്നു; ഡോ.സി.എം.മനോജ് കുമാര്‍, മുന്‍ ചെയര്‍മാന്‍, എസ്‌സി-എസ്ടി സെല്‍
സംവരണ അട്ടിമറി വ്യക്തമായിരുന്നുവെന്ന് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യക്ഷനും 2019-20 വര്‍ഷം എസ്‌സി-എസ്ടി സെല്‍ കണ്‍വീനറുമായിരുന്ന ഡോ.സി.എം.മനോജ് കുമാര്‍ ദ ക്യുവിനോട് പ്രതികരിച്ചു. മൂന്ന് വര്‍ഷം അല്ലെങ്കില്‍ നാല് വര്‍ഷം കൊണ്ട് പിഎച്ച്ഡി സബ്മിറ്റ് ചെയ്ത് പോകാമായിരുന്ന ആളുടെ ജീവിതത്തിലെ അഞ്ച് വര്‍ഷം ഇല്ലാതാക്കി എന്നതാണ് യൂണിവേഴ്‌സിറ്റിയുടെ ഇടപെടല്‍ കൊണ്ടും കേസിലെ കാലതാമസം കൊണ്ടും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ചു. അതില്‍ നിന്നു തന്നെ തെറ്റ് ബോധ്യമായി. അതനുസരിച്ച് റിപ്പോര്‍ട്ട് കൊടുത്തെങ്കിലും യൂണിവേഴ്‌സിറ്റിയും വൈസ് ചാന്‍സലറും അതിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. പ്രവേശനം കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്തു. അതോടെ ആ കുട്ടി കേസിന് പോകുകയാണ് ഉണ്ടായത്. പ്രത്യക്ഷത്തില്‍ തന്നെ സംവരണ അട്ടിമറി നടന്നതാണെന്ന് വ്യക്തമായിരുന്നു. എസ്‌സി-എസ്ടി സെല്‍ അതില്‍ ശക്തമായ റിപ്പോര്‍ട്ട് തന്നെ നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേസ് തീര്‍പ്പാകാന്‍ അഞ്ച് വര്‍ഷമെടുത്തു. അഞ്ച് വര്‍ഷം കൊണ്ട് ആ കുട്ടിക്ക് പിഎച്ച്ഡി പൂര്‍ത്തിയാക്കാമായിരുന്നു. മൂന്ന് വര്‍ഷം അല്ലെങ്കില്‍ നാല് വര്‍ഷം കൊണ്ട് പിഎച്ച്ഡി സബ്മിറ്റ് ചെയ്ത് പോകാമായിരുന്ന ആളുടെ ജീവിതത്തിലെ അഞ്ച് വര്‍ഷം ഇല്ലാതാക്കി എന്നതാണ് യൂണിവേഴ്‌സിറ്റിയുടെ ഇടപെടല്‍ കൊണ്ടും കേസിലെ കാലതാമസം കൊണ്ടും ഉണ്ടായത്. സംവരണ തത്വം പാലിച്ചിട്ടുണ്ട് എന്നതായിരുന്നു യൂണിവേഴ്‌സിറ്റി കോടതിയില്‍ സ്വീകരിച്ച നിലപാട്.
സീറ്റ് വര്‍ദ്ധിപ്പിച്ചിട്ടില്ല, സംവരണവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കേണ്ടതില്ല; ധര്‍മ്മരാജ് അടാട്ട്, മുന്‍ വിസി
മലയാളം വിഭാഗത്തിലെ വിഷയം സംവരണവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കേണ്ട ഒന്നായിരുന്നില്ലെന്ന് പ്രശ്‌നം ഉണ്ടായ സമയത്ത് കാലടി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ.ധര്‍മ്മരാജ് അടാട്ട് ദ ക്യുവിനോട് പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട റിസര്‍ച്ച് കമ്മിറ്റി പതിനഞ്ച് പേരുടെ ലിസ്റ്റ് തന്നിട്ട് അഞ്ച് പേര്‍ക്കു കൂടി അഡ്മിഷന്‍ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ആ നിര്‍ദേശം പാലിക്കുകയായിരുന്നു സര്‍വ്വകലാശാല ചെയ്തത്. യൂണിവേഴ്‌സിറ്റിയോ സിന്‍ഡിക്കേറ്റോ പത്ത് സീറ്റ് വര്‍ദ്ധിപ്പിക്കുകയല്ല ഉണ്ടായത്.
പത്ത് സീറ്റായിരുന്നു ഉണ്ടായിരുന്നത്. സീറ്റ് വര്‍ദ്ധിപ്പിക്കുകയല്ല ചെയ്തത്. ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട റിസര്‍ച്ച് കമ്മിറ്റി പതിനഞ്ച് പേരുടെ ലിസ്റ്റ് തന്നിട്ട് അഞ്ച് പേര്‍ക്കു കൂടി അഡ്മിഷന്‍ കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു ഉണ്ടായത്. അങ്ങനെയാണ് അത് സംഭവിച്ചത്. എന്‍ട്രന്‍സ് ടെസ്റ്റ് എഴുതി റാങ്ക് ലിസ്റ്റിലുണ്ടായിരുന്നവര്‍ക്കും അഡ്മിഷന്‍ കൊടുക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു അന്ന്. പത്തിലധികം പേര്‍ ജെആര്‍എഫ് കിട്ടിയവരുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ അവര്‍ തയ്യാറാക്കിയ ലിസ്റ്റിലുള്ളവര്‍ക്ക് അഡമിഷന്‍ കൊടുക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റല്‍ റിസര്‍ച്ച് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തത്. അതിന് അനുസരിച്ച് നടപടിയെടുത്തു എന്ന് മാത്രമേയുള്ളു. സീറ്റ് വര്‍ദ്ധിപ്പിച്ചതായി ഓര്‍ക്കുന്നില്ല. ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ജെആര്‍എഫ് ലഭിച്ചവര്‍ കൂടുതലുള്ളതായി സര്‍വ്വകലാശാലക്ക് ബോധ്യപ്പെടുന്നത്. പിന്നീട് ജെആര്‍എഫ് ഉള്ളവരെയും ടെസ്റ്റ് പാസായവരെയും ഉള്‍പ്പെടുത്തി. അക്കാലത്ത് കോടതി നിര്‍ദേശം അനുസരിച്ചാണ് അങ്ങനെ ചെയ്തത്. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അങ്ങനെ ചെയ്തത്. സീറ്റ് വര്‍ദ്ധിപ്പിക്കുകയായിരുന്നില്ല, മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് റിസര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്ത എല്ലാവര്‍ക്കും അഡ്മിഷന്‍ കൊടുക്കുകയായിരുന്നു ചെയ്തത്. അതുകൊണ്ടുതന്നെ സീറ്റ് വര്‍ദ്ധിപ്പിക്കുകയോ സംവരണ അട്ടിമറിയുണ്ടാകുകയോ ചെയ്യുന്നില്ല. അന്നും ഇന്നും കോടതി പറഞ്ഞത് അനുസരിച്ചാണ് ചെയ്യുന്നത്. ഈ വിഷയം സംവരണവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കപ്പെടേണ്ട ഒന്നായിരുന്നില്ല. യൂണിവേഴ്‌സിറ്റിയോ സിന്‍ഡിക്കേറ്റോ പത്ത് സീറ്റ് വര്‍ദ്ധിപ്പിക്കുകയല്ല ഉണ്ടായത്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിസര്‍ച്ച് കമ്മിറ്റി നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തത്.