സിനിമാ പ്രമോഷന്റെ മറവില്‍ ലഹരി വില്‍പന; അന്വേഷണം സിനിമയിലേക്കും നീളും

സിനിമാ പ്രമോഷന്റെ മറവില്‍ ലഹരി വില്‍പന; അന്വേഷണം സിനിമയിലേക്കും നീളും
Published on

സിനിമാ പ്രമോഷന്റെ മറവില്‍ ലഹരി വില്‍പന നടത്തിയ കേസില്‍ അന്വേഷണം സിനിമയിലേക്കും. അറസ്റ്റിലായ റിന്‍സിയുടെ സിനിമാ ബന്ധങ്ങള്‍ പൊലീസ് അന്വേഷിക്കും. സിനിമാ പ്രവര്‍ത്തകര്‍ക്കും ഇവര്‍ ലഹരി വില്‍പന നടത്തിയിട്ടുണ്ടോ എന്നതായിരിക്കും അന്വേഷിക്കുക. ഇവരുടെ ഫ്‌ളാറ്റില്‍ വില്‍പന നടന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. അറസ്റ്റിലായ റിന്‍സി സിനിമാ പ്രമോഷന്‍ ചെയ്തിരുന്ന വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഇവരുടെ സിനിമാ ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ലഹരി മരുന്ന് കേസില്‍ പിടിടിയിലായതിന് പിന്നാലെ ഫിലിം പ്രമോഷന്‍ കമ്പനിയായ ഒബ്‌സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്റിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് ക്രിയേറ്റീവ് ഹെഡ് സ്ഥാനത്ത് നിന്ന് റിന്‍സി മുംതാസിനെ നീക്കിയിരുന്നു.

പത്ത് മാസം മുന്‍പാണ് റിന്‍സി പാലച്ചുവടിലെ ഫ്‌ളാറ്റ് വാടകക്ക് എടുത്തത്. ഇവിടെ സ്ഥിരമായി ആളുകള്‍ വന്ന് പോകുന്നതായി വിവരം ലഭിച്ചതോടെ പൊലീസ് നിരീക്ഷണം ആരംഭിച്ചിരുന്നു. കോഴിക്കോട് നിന്നാണ് ഇവര്‍ക്ക് എംഡിഎംഎ ലഭിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഫ്‌ളാറ്റിലെ റെയ്ഡില്‍ 22.5 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ഇത് വില്‍പനക്ക് തയ്യാറാക്കി സിപ് ലോക്ക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു. യാസര്‍ അറാഫത്തിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് സംഘം ഇരുവരില്‍ നിന്നും രാസലഹരി പിടികൂടുകയായിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ കോഴിക്കോട് സ്വദേശിയായ റിന്‍സി മുംതാസ് മലയാളത്തിലെ മുന്‍നിര സിനിമകളുടെ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. മാര്‍ക്കോ, കാട്ടാളന്‍, ആടുജീവിതം എന്നീ സിനിമകളുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രമോഷന്‍ കൈകാര്യം ചെയ്തിരുന്നയാളാണ് റിന്‍സി. കോഴിക്കോട് സ്വദേശിയാണ് യാസര്‍ അറഫാത്ത്. എംഡിഎംഎയുടെ സ്രോതസ്, വില്‍പ്പനക്കാരും ഇടനിലക്കാരും ആരൊക്കെയെന്നതടക്കം പൊലീസ് സംഘം പരിശോധിച്ച് വരികയാണ്. രണ്ടുപേരെയും കാക്കനാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

ഉണ്ണി മുകുന്ദന്റെ മാനേജരല്ല, പ്രചാരണം വ്യാജം

നടൻ ഉണ്ണി മുകുന്ദനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പം റിൻസി മുംതാസ് മുമ്പ് പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് മുൻനിർത്തി ഇവർ ഉണ്ണിയുടെ പേഴ്സണൽ മാനേജരാണെന്ന രീതിയിൽ പ്രചരണമുണ്ടായിരുന്നു. ഇത് വ്യാജമാണെന്നും ഉണ്ണിയെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സണൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദന്റെ പിതാവും ഉണ്ണി മുകുന്ദൻ ഫിലിംസ് സാരഥിയുമായ എം. മുകുന്ദൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഉണ്ണിയുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും, പ്രൊഫഷണൽ കാര്യങ്ങളും അദ്ദേഹം നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ UMF വഴിയോ ആണ് കൈകാര്യം ചെയ്യുന്നത്. തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടർന്നാൽ കർശനമായ നിയമനടപടികൾക്ക് വിധേയമാകുമെന്നും മുകുന്ദൻ.

റിൻസിയെ പുറത്താക്കി, ലഹരികേസുമായി ബന്ധമില്ല

എം.ഡിഎം.എ കേസിൽ പ്രതിയായ സാഹചര്യത്തിൽ ക്രിയേറ്റിവ് ഹെഡ് സ്ഥാനത്ത് റിൻസി മുംതാസിനെ പുറത്താക്കിയെന്ന് ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്. റിൻസിയുടെ താമസ സ്ഥലത്ത് നടന്ന സംഭവത്തിലെ അറസ്റ്റിൽ കമ്പനിക്ക് യാതൊരു തര ബന്ധവുമില്ല. കമ്പനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളിൽ കഴമ്പില്ലെന്നും ഒബ്സ്ക്യൂറ എന്ററ്‍ടെയിൻമെന്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in