സിനിമാ പ്രമോഷന്റെ മറവില്‍ രാസലഹരി കച്ചവടമെന്ന് സംശയം; എം.ഡി.എം.എ കേസില്‍ റിന്‍സിയുടെ സിനിമാബന്ധം അന്വേഷണ പരിധിയില്‍

സിനിമാ പ്രമോഷന്റെ മറവില്‍ രാസലഹരി കച്ചവടമെന്ന് സംശയം; എം.ഡി.എം.എ കേസില്‍ റിന്‍സിയുടെ സിനിമാബന്ധം അന്വേഷണ പരിധിയില്‍
Published on

എം.ഡി.എം.എ കേസില്‍ പിടിയിലായ സിനിമാ മാര്‍ക്കറ്റിംഗ് ഏജന്‍സി ജീവനക്കാരി റിന്‍സി മുംതാസ് സിനിമാ പ്രവര്‍ത്തകരുമായി ലഹരി ഇടപാട് നടത്തിയെന്ന സംശയത്തില്‍ അന്വേഷണം. കഴിഞ്ഞ ആറ് മാസത്തിനിടെ റിന്‍സി താരങ്ങള്‍ ഉള്‍പ്പെടെ 30 ലേറെ സിനിമാ പ്രവര്‍ത്തകരുമായി പലതവണ ഫോണിലും വാട്‌സ് ആപ്പിലുമായി സംസാരിച്ചിട്ടുണ്ട്. കൊച്ചിയിലെ ഒരു ഫിലിം പ്രമോഷന്‍ ഏജന്‍സിയില്‍ ക്രിയേറ്റിവ് ഹെഡ് ആയിരുന്ന റിന്‍സി സിനിമാ പ്രമോഷന് വേണ്ടിയല്ലാതെ ലഹരി ഇടപാടുകള്‍ക്കായി സിനിമാ പ്രവര്‍ത്തകരുമായി സംസാരിച്ചിട്ടുണ്ടോ ഇടപാട് നടത്തിയിട്ടുണ്ടോ എന്ന കാര്യം കൂടി അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൊച്ചി പാലച്ചുവടിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് 22 ഗ്രാം എം.ഡി.എം.എയുമായി സുഹൃത്തിനൊപ്പം കോഴിക്കോട് സ്വദേശിയായ റിന്‍സി മുംതാസിനെ ഡാന്‍സാഫ് സംഘം പിടികൂടുന്നത്.

സിനിമാ പ്രമോഷന്റെ മറവില്‍ രാസലഹരി കച്ചവടമെന്ന് സംശയം; എം.ഡി.എം.എ കേസില്‍ റിന്‍സിയുടെ സിനിമാബന്ധം അന്വേഷണ പരിധിയില്‍
സിനിമാ പ്രമോഷന്റെ മറവില്‍ ലഹരി വില്‍പന; അന്വേഷണം സിനിമയിലേക്കും നീളും

പാലച്ചുവടുള്ള ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ളാറ്റില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു റിന്‍സി മുംതാസ്. ഈ ഫ്‌ളാറ്റ് എം.ഡി.എം എ ഉള്‍പ്പെടെയുള്ള രാസലഹരിയുടെ വില്‍പ്പനക്കായി റിന്‍സി താവളമാക്കിയിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ലഹരി കേസിന് പിന്നാലെ റിന്‍സിയെ ക്രിയേറ്റിവ് ഹെഡ് സ്ഥാനത്ത് നിന്ന് ഫിലിം പ്രമോഷന്‍ കമ്പനിയായ ഒബ്‌സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്റ് നീക്കിയിരുന്നു. റിന്‍സി മുംതാസ് സ്ഥിരം ജീവനക്കാരിയല്ലെന്നും പ്രമോഷന്‍ ചെയ്യുന്ന സിനിമക്ക് അനുസരിച്ച് റിന്‍സിക്ക് പ്രതിഫലം നല്‍കുകയായിരുന്നു ചെയ്തിരുന്നതെന്നും ലഹരി ഇടപാട് നടത്തിയ ഫ്‌ളാറ്റുമായി നിലവിലെ കേസുമായി ഒബ്‌സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്‌റിന് ബന്ധമില്ലെന്നും ഉടമ സെബാന്‍ വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിച്ചിരുന്നു. മാര്‍ക്കോ, ആടുജീവിതം, കാട്ടാളന്‍ എന്നീ സിനിമകളുടെ പ്രമോഷനും മാര്‍ക്കറ്റിംഗും നേതൃത്വം നല്കിയിരുന്നത് റിന്‍സിയായിരുന്നുവെന്ന് ഇവര്‍ സോഷ്യല്‍ മീഡിയയിലുടെ അവകാശപ്പെട്ടിരുന്നു. 22.55 ഗ്രാം എം.ഡി.എം.എയുമായി റിന്‍സിയെയും കോഴിക്കോട് സ്വദേശി യാസര്‍ അറാഫത്തിനെയും രഹസ്യവിവരത്തെ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു.

സിനിമാ പ്രമോഷന്റെ മറവില്‍ രാസലഹരി കച്ചവടമെന്ന് സംശയം; എം.ഡി.എം.എ കേസില്‍ റിന്‍സിയുടെ സിനിമാബന്ധം അന്വേഷണ പരിധിയില്‍
ക്രിയേറ്റിവ് ഹെഡ് സ്ഥാനത്ത് നിന്ന് എംഡിഎംഎ കേസിലെ പ്രതിയെ നീക്കി, ഒബ്സ്ക്യൂറ എന്റർടെയിൻമെന്റിന്റെ വിശദീകരണം

മാര്‍ക്കറ്റിംഗിന് വേണ്ടിയുള്ള കോളുകളോ, ലഹരിഇടപാടുകളോ

സമീപദിവസങ്ങളില്‍ റിന്‍സി മുംതാസ് ഫോണില്‍ സംസാരിച്ചിരുന്ന അഭിനേതാക്കള്‍ ഉള്‍പ്പെടെ ചലച്ചിത്ര പ്രവര്‍ത്തകരുമായി അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു. സിനിമയില്‍ നിന്നുള്ള 30ലേറെ പേരുമായി റിന്‍സി ഫോണില്‍ അടുത്ത കാലത്ത് സംസാരിച്ചിട്ടുണ്ട്, റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണിത്. ചിലരുമായുള്ള ഫോണ്‍ സംഭാഷണം റിന്‍സിയുടെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. സുഹൃത്ത് യാസര്‍ അറാഫത്തിന്റെ സഹായത്തോടെയാണ് റിന്‍സി എം.ഡിഎംഎ വില്‍പ്പന നടത്തിയതെന്നാണ് കണ്ടെത്തല്‍. ഇരുവരുടെയും ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരികയാണ്.

ലഹരി ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരണങ്ങളും കണക്കുകളും വാട്‌സ്ആപ് ചാറ്റില്‍

സിനിമാ മേഖലയില്‍ ഉള്‍പ്പെടെയുള്ളവരുമായി ലഹരി കൈമാറ്റം നടത്തിയത് സംബന്ധിച്ച ചാറ്റുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഗൂഗിള്‍ പേയും ക്രിപ്‌റ്റോ കറന്‍സിയും ഉള്‍പ്പെടെ ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. യാസര്‍ അറാഫത്തിനെയും റിന്‍സിയെയും കൂടുതല്‍ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. കൊച്ചിയിലെത്തി സിനിമയുടെ മാര്‍ക്കറ്റിംഗും പ്രമോഷനും ഏറ്റെടുത്ത് നിര്‍വഹിക്കുന്ന കമ്പനിയില്‍ കണ്ടന്റ് റൈറ്ററായും പ്രമോഷന്‍ കോര്‍ഡിനേറ്ററായും ജോലി ചെയ്തിരുന്ന റിന്‍സി സിനിമയില്‍ നിന്ന് ലഭിച്ച ബന്ധങ്ങളെ ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചതായാണ് സംശയം. പാലച്ചുവടുള്ള ഫ്‌ളാറ്റ് കേന്ദ്രീകരിച്ചും ലഹരി ഇടപാടുകളും ലഹരി പാര്‍ട്ടിയും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ഒബ്‌സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്റിന്റെ വിശദീകരണം

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് 22 ഗ്രാം എം.ഡി.എം.എയുമായി സുഹൃത്തിനൊപ്പം പിടിയിലായ റിന്‍സി മുതാംസിനെ മാര്‍ക്കറ്റിംഗ് ആന്‍ഡ് ക്രിയേറ്റിവ് ഹെഡ് സ്ഥാനത്ത് നിന്ന് നീക്കി ഫിലിം പ്രമോഷന്‍ കമ്പനിയായ ഒബ്‌സ്‌ക്യൂറ എന്റര്‌ടെയിന്‍മെന്റ്. മാര്‍ക്കോ, കാട്ടാളന്‍, ആടുജീവിതം എന്നീ സിനിമകളുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രമോഷന്‍ കൈകാര്യം ചെയ്തിരുന്നയാളാണ് റിന്‌സി മുംതാസ്. ഉണ്ണി മുകുന്ദന്റെ പേഴ്‌സണല്‍ മാനേജരാണ് റിന്‍സി മുംതാസ് എന്ന പ്രചരണം വ്യാജമാണെന്നും ആരെയും മാനേജരായി നിയമിച്ചിട്ടില്ലെന്നും വ്യക്തമാക്കി താരം തന്നെ രംഗത്ത് വന്നിരുന്നു. ജൂലൈ ഒമ്പതിനാണ് കാക്കനാട് പാലച്ചുവടിലുള്ള ഫ്‌ളാറ്റില്‍ നിന്ന് റിന്‍സിയെയും സുഹൃത്ത് യാസിര്‍ അറാഫത്തിനെയും 22.55 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്. യാസര്‍ അറാഫത്തിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് സംഘം ഇരുവരില്‍ നിന്നും രാസലഹരി പിടികൂടുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ റിന്‍സി മുംതാസ് മലയാളത്തിലെ മുന്‍നിര സിനിമകളുടെ മാര്‍ക്കറ്റിംഗ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ മാനേജരല്ല, പ്രചാരണം വ്യാജം

നടന്‍ ഉണ്ണി മുകുന്ദനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം റിന്‍സി മുംതാസ് മുമ്പ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് മുന്‍നിര്‍ത്തി ഇവര്‍ ഉണ്ണിയുടെ പേഴ്‌സണല്‍ മാനേജരാണെന്ന രീതിയില്‍ പ്രചരണമുണ്ടായിരുന്നു. ഇത് വ്യാജമാണെന്നും ഉണ്ണിയെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്‌സണല്‍ മാനേജര്‍ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദന്റെ പിതാവും ഉണ്ണി മുകുന്ദന്‍ ഫിലിംസ് സാരഥിയുമായ എം. മുകുന്ദന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഉണ്ണിയുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും, പ്രൊഫഷണല്‍ കാര്യങ്ങളും അദ്ദേഹം നേരിട്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ UMF വഴിയോ ആണ് കൈകാര്യം ചെയ്യുന്നത്. തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടര്‍ന്നാല്‍ കര്‍ശനമായ നിയമനടപടികള്‍ക്ക് വിധേയമാകുമെന്നും മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in