പ്രതിവര്‍ഷം അഞ്ച് ലക്ഷം നിരപരാധികളെ കൊല്ലുന്നുണ്ട് അമേരിക്കയുടെ ഉപരോധങ്ങള്‍

പ്രതിവര്‍ഷം അഞ്ച് ലക്ഷം നിരപരാധികളെ കൊല്ലുന്നുണ്ട് അമേരിക്കയുടെ ഉപരോധങ്ങള്‍
Published on

യുദ്ധമേഖലകളിലോ അനുനിമിഷം ഞെരിഞ്ഞമര്‍ത്തപ്പെടുന്ന രാജ്യങ്ങളിലോ താമസിക്കാത്തവര്‍ നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളില്‍ വിചിത്രമായി ഒന്നുമില്ലെന്ന മട്ടില്‍ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. പലര്‍ക്കും അവരുടെ ജീവിതയാഥാര്‍ത്ഥ്യത്തില്‍ പെട്ടതല്ല യുദ്ധം. അവരില്‍ പലരും യുദ്ധത്തെക്കുറിച്ച് വായിക്കുമ്പോള്‍ ആഗ്രഹിക്കുന്നത് ആയുധങ്ങള്‍ മൂലമോ ഉപരോധങ്ങള്‍ മൂലമോ ഉണ്ടാകുന്ന മനുഷ്യ ദുരിതത്തെക്കുറിച്ച് എന്തെങ്കിലും കേള്‍ക്കുന്നത് തന്നെ അവസാനിപ്പിക്കാനാണ്. ബോംബും ബാങ്കും (ആയുധങ്ങളും ധനകാര്യ സ്ഥാപനങ്ങളും) ഭൂഗോളത്തിനെതിരായൊരു യുദ്ധം അഴിച്ചുവിടുമ്പോള്‍ പണ്ഡിതരായ അക്കാദമിക് വിദഗ്ദ്ധരും പ്രസന്നമായ സംസാരശൈലിയുള്ള നയതന്ത്രജ്ഞരും നിശബ്ദരാണ്. 1945 ഓഗസ്റ്റ് 6ന് ജപ്പാനിലെ ഹിരോഷിമയില്‍ ആണവബോംബ് വര്‍ഷിക്കാന്‍ അംഗീകാരം നല്‍കിയ ശേഷം യുഎസ് പ്രസിഡന്റ് ഹാരി എസ്. ട്രൂമാന്‍ റേഡിയോയിലൂടെ ഇങ്ങനെ പ്രഖ്യാപിച്ചു: 'ജപ്പാന്‍ ഇപ്പോള്‍ ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കുന്നില്ലെങ്കില്‍, വായുവില്‍ നിന്ന് നാശത്തിന്റെ ഒരു മഴ അവര്‍ക്ക് പ്രതീക്ഷിക്കാം. ഈ ഭൂമിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള നാശത്തിന്റെ മഴ'.

ഹിരോഷിമ ഒരു സൈനിക താവളമാണെന്ന വ്യാജ ആരോപണം ഉയര്‍ത്തി ട്രൂമാന്‍ ആ ഭയാനകമായ ആണവായുധത്തിന്റെ ഉപയോഗത്തെ ന്യായീകരിച്ചു. എന്നിട്ടും 'ലിറ്റില്‍ ബോയ്' എന്നറിയപ്പെടുന്ന തന്റെ ബോംബ് ഒട്ടനവധി സാധാരണക്കാരുടെ ജീവനെടുത്ത കാര്യം അദ്ദേഹം പരാമര്‍ശിച്ചില്ല. ഹിരോഷിമ നഗരത്തെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പങ്കുവെക്കുന്ന സിറ്റി ഓഫ് ഹിരോഷിമയുടെ അഭിപ്രായത്തില്‍, 'അണുബോംബാക്രമണത്തില്‍ മരിച്ചവരുടെ കൃത്യമായ എണ്ണം ഇപ്പോഴും അജ്ഞാതമാണ്. റേഡിയേഷന്‍ വിഷബാധയുടെ രൂക്ഷമായ ഫലങ്ങള്‍ ഏറെക്കുറെ കുറഞ്ഞശേഷം 1945 ഡിസംബര്‍ അവസാനത്തോടെ മരിച്ചവരുടെ എണ്ണം കണക്കാക്കിയപ്പോള്‍ ഏകദേശം 140,000 ആയിരുന്നു അത്. അക്കാലത്ത് ഹിരോഷിമയിലെ ആകെ ജനസംഖ്യ 350,000 ആയിരുന്നു, അതായത് സ്‌ഫോടനം നടന്ന് അഞ്ച് മാസത്തിനുള്ളില്‍ നഗരത്തിലെ ജനസംഖ്യയുടെ 40% പേര്‍ മരിച്ചു. ഒരു 'നാശത്തിന്റെ മഴ' അവര്‍ക്ക് മേല്‍ പെയ്തിരുന്നു.

പ്രതിവര്‍ഷം അഞ്ച് ലക്ഷം നിരപരാധികളെ കൊല്ലുന്നുണ്ട് അമേരിക്കയുടെ ഉപരോധങ്ങള്‍
അവധി അനുവദിക്കേണ്ടത് നിയമസഭ; രാഹുല്‍ മാങ്കൂട്ടത്തിലിനും കോണ്‍ഗ്രസിനും മുന്നിലുള്ള കടമ്പകള്‍

ദി ലാന്‍സെറ്റ് എന്ന ആരോഗ്യ-വൈദ്യശാസ്ത്ര മേഖലകളിലെ ഏറ്റവും മികച്ച മാസികകളിലൊന്നില്‍ ഫ്രാന്‍സിസ്‌കോ റോഡ്രിഗസ്, സില്‍വിയോ റെന്‍ഡോണ്‍, മാര്‍ക്ക് വീസ്‌ബ്രോട്ട് എന്നിവരുടെ ഒരു ലേഖനം വളരെ ശാസ്ത്രീയമായൊരു തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ചു: 'അന്താരാഷ്ട്ര ഉപരോധങ്ങളുടെ ഫലമായുള്ള മരണനിരക്കിന്റെ പ്രായം തിരിച്ചുള്ള പഠനം: ഒരു ക്രോസ്-നാഷണല്‍ പാനല്‍ ഡാറ്റ വിശകലനം'. പ്രധാനമായും അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്രസഭ (യുഎന്‍) എന്നിവ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളുടെ ആഘാതം പഠിച്ചവരാണ് ഈ പണ്ഡിതന്മാര്‍. ഈ നടപടികളെ പലപ്പോഴും 'സാര്‍വദേശീയ ഉപരോധങ്ങള്‍' എന്ന് വിളിക്കുന്നുണ്ടെങ്കിലും, വാസ്തവത്തില്‍ അവയില്‍ സാര്‍വദേശീയമായി ഒന്നുമില്ല. മിക്ക ഉപരോധങ്ങളും യുഎന്‍ ചാര്‍ട്ടറിന്റെ പരിധിക്ക് പുറത്താണ് നടത്തുന്നത്. അതിന്റെ അഞ്ചാം അദ്ധ്യായം അത്തരം നടപടികള്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിലൂടെ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്ന് ഊന്നിപ്പറയുന്നുണ്ട്. ഇത് മിക്കപ്പോഴും പാലിക്കപ്പെടാറില്ല. കൂടാതെ ശക്തമായ രാജ്യങ്ങള്‍ - പ്രധാനമായും യുണൈറ്റഡ് സ്റ്റേറ്റ്‌സും യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങളും - മനുഷ്യ മാന്യതയുടെ യുക്തികള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്തവിധം നിയമവിരുദ്ധവും ഏകപക്ഷീയവുമായ ഉപരോധങ്ങള്‍ രാജ്യങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു.

ആഗോള ഉപരോധങ്ങളെ സംബന്ധിച്ച കണക്കുകള്‍ നോക്കിയാല്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, യുഎന്‍ എന്നിവര്‍ ലോകത്തിലെ 25% രാജ്യങ്ങളെയും ഉപരോധിച്ചിട്ടുണ്ടെന്ന് കാണാം. ഇതില്‍ 40 ശതമാനം രാജ്യങ്ങള്‍ക്കും മേല്‍ അമേരിക്ക തന്നെയാണ് ഉപരോധം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെ അനുമതിയില്ലാത്ത ഏകപക്ഷീയമായ ഉപരോധങ്ങളാണ് ഇവ. 1960കളില്‍, ലോകത്തിലെ 8% രാജ്യങ്ങള്‍ മാത്രമേ ഉപരോധത്തിന് വിധേയമായിരുന്നുള്ളൂ. ശക്തമായ നോര്‍ത്ത് അറ്റ്‌ലാന്റിക് രാജ്യങ്ങള്‍ക്ക് വെടിയുണ്ടകള്‍ പോലും പ്രയോഗിക്കാതെ യുദ്ധങ്ങള്‍ നടത്തുന്നത് സാധാരണമായി മാറിയിരിക്കുന്നുവെന്ന് ഈ ഉപരോധങ്ങളുടെ പെരുപ്പം തെളിയിക്കുന്നു. 1919ല്‍ ലീഗ് ഓഫ് നേഷന്‍സിന്റെ രൂപീകരണ സമയത്ത് യുഎസ് പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ പറഞ്ഞതുപോലെ, ഉപരോധങ്ങള്‍ യുദ്ധത്തേക്കാള്‍ അതിശക്തമാണ്.

സിബിഎസ് ടെലിവിഷന്‍ പരിപാടിയായ '60 മിനിറ്റ്‌സ്'ല്‍, പത്രപ്രവര്‍ത്തക ലെസ്ലി സ്റ്റാള്‍ ഞെട്ടിപ്പിക്കുന്ന ഈ പഠനത്തെക്കുറിച്ച് ആല്‍ബ്രൈറ്റിനോട് ചോദിക്കുന്നുണ്ട്, 'അരലക്ഷം കുട്ടികള്‍ മരിച്ചുവെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. അതായത്, ഹിരോഷിമയില്‍ മരിച്ചതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍. അത്രയും വലിയ വില കൊടുക്കേണ്ടതുണ്ടായിരുന്നോ?'. ഇതൊരു സത്യസന്ധമായ ചോദ്യമായിരുന്നു.

വില്‍സന്റെ പ്രസ്താവനയുടെ ഏറ്റവും ക്രൂരമായ രൂപം പുറത്തുവന്നത് 1990കളില്‍ ഇറാഖിനെതിരായ യുഎസ് ഉപരോധങ്ങളെക്കുറിച്ച് യുഎന്നിലെ യുഎസ് അംബാസഡറായിരുന്ന മഡലീന്‍ ആല്‍ബ്രൈറ്റ് നടത്തിയ പ്രസ്താവനയിലൂടെയാണ്. ഇറാഖിലേക്ക് പോയി ഡാറ്റ വിശകലനം ചെയ്ത സെന്റര്‍ ഫോര്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റൈറ്റ്സിലെ വിശിഷ്ടരായ വ്യക്തികള്‍ അടങ്ങിയ വിദഗ്ദ്ധരുടെ ഒരു സംഘം 1990 മുതല്‍ 1996 വരെ ഉപരോധങ്ങള്‍ അഞ്ച് വയസ്സിന് താഴെയുള്ള അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ അധികമായി മരിക്കാന്‍ കാരണമായി എന്ന് കണ്ടെത്തി. ലളിതമായി പറഞ്ഞാല്‍, ജപ്പാനില്‍ വര്‍ഷിക്കപ്പെട്ട രണ്ട് അണുബോംബുകളാലും പഴയ യുഗോസ്ലാവിയയിലെ വംശീയ ഉന്മൂലനത്തിന്റെ കാലത്തും കൊല്ലപ്പെട്ട കുട്ടികളുടെ ആകെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഉപരോധങ്ങളുടെ ഫലമായി മരിച്ച ഇറാഖി കുട്ടികളുടെ എണ്ണം. സിബിഎസ് ടെലിവിഷന്‍ പരിപാടിയായ '60 മിനിറ്റ്‌സ്'ല്‍, പത്രപ്രവര്‍ത്തക ലെസ്ലി സ്റ്റാള്‍ ഞെട്ടിപ്പിക്കുന്ന ഈ പഠനത്തെക്കുറിച്ച് ആല്‍ബ്രൈറ്റിനോട് ചോദിക്കുന്നുണ്ട്, 'അരലക്ഷം കുട്ടികള്‍ മരിച്ചുവെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. അതായത്, ഹിരോഷിമയില്‍ മരിച്ചതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍. അത്രയും വലിയ വില കൊടുക്കേണ്ടതുണ്ടായിരുന്നോ?'. ഇതൊരു സത്യസന്ധമായ ചോദ്യമായിരുന്നു. മറുപടിയായി ആല്‍ബ്രൈറ്റിന് പലതും പറയാന്‍ അവസരമുണ്ടായിരുന്നു: റിപ്പോര്‍ട്ട് പഠിക്കാന്‍ ഇതുവരെ സമയം ലഭിച്ചിട്ടില്ലെന്ന് അവള്‍ക്ക് പറയാമായിരുന്നു, അല്ലെങ്കില്‍ സദ്ദാം ഹുസൈന്റെ നയങ്ങളില്‍ കുറ്റം ചുമത്താമായിരുന്നു. പകരം, അവര്‍ പറഞ്ഞത് ഇങ്ങനെയാണ്, 'ഇത് വളരെ കഠിനമായൊരു ഒരു തിരഞ്ഞെടുപ്പാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അതിന് കൊടുക്കേണ്ടിവന്ന വിലയ്ക്കനുസരിച്ച് ഫലമുണ്ടായെന്നാണ് എന്റെ വിശ്വാസം'.

പ്രതിവര്‍ഷം അഞ്ച് ലക്ഷം നിരപരാധികളെ കൊല്ലുന്നുണ്ട് അമേരിക്കയുടെ ഉപരോധങ്ങള്‍
'കോണ്‍ഗ്രസ് സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന പാര്‍ട്ടി', രാഹുല്‍ രാജിവെക്കില്ല; സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച് സണ്ണി ജോസഫ്

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അരദശലക്ഷം കുട്ടികളെ കൊന്നത് മൂല്യവത്തായിരുന്നു എന്ന്. ഉപരോധങ്ങള്‍ മൂലം സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടില്ല. പകരം, മറ്റൊരു ഏഴ് വര്‍ഷത്തേക്ക് ജനങ്ങള്‍ അതിന്റെ ദുരിതമനുഭവിച്ചു. ഒടുവില്‍, യു എസിന്റെ ഭീമാകാരവും നിയമവിരുദ്ധവുമായ അധിനിവേശത്തിലൂടെയാണ് ഇറാഖി സര്‍ക്കാരിനെ അട്ടിമറിക്കുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം ഇല്ലാത്തതിനാലാണ് അതിനെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ചത്. ആല്‍ബ്രൈറ്റ് തന്റെ പ്രസ്താവനയെപ്പറ്റി നിരാശയോടെ പിന്നീട് ഇങ്ങനെ പറഞ്ഞിരുന്നു, 'ഞാന്‍ അതില്‍ ഖേദിക്കുന്നുവെന്ന് 5,000 തവണ പറഞ്ഞിട്ടുണ്ട്. അതൊരു മണ്ടന്‍ പ്രസ്താവനയായിരുന്നു. ഞാന്‍ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു'. പക്ഷേ അവര്‍ അങ്ങനെ പറഞ്ഞു, അത് അതിന്റെ അടയാളം സ്ഥാപിക്കുകയും ചെയ്തു.

ഉപരോധങ്ങളിലൂടെ ദുരിതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ക്ക് അവര്‍ എന്താണ് ചെയ്യുന്നതെന്ന് നന്നായി അറിയാം. തന്റെ പ്രസ്താവന 'മണ്ടത്തരമാണെന്ന്' ആല്‍ബ്രൈറ്റ് പറഞ്ഞു, പക്ഷേ നയം തെറ്റാണെന്ന് അവര്‍ പറഞ്ഞില്ല. 2019 ല്‍, അസോസിയേറ്റഡ് പ്രസ്സിന്റെ മാറ്റ് ലീ വെനിസ്വേലയില്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് ചോദിച്ചു, അതിന് അദ്ദേഹം മറുപടി നല്‍കി, 'എപ്പോഴും കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്... (വെനസ്വേലയെ) വരിഞ്ഞ് മുറുക്കിക്കൊണ്ടിരിക്കുകയാണ്. ഓരോ മണിക്കൂറിലും മാനുഷിക പ്രതിസന്ധി കനപ്പെട്ടുവരികയാണ്.... വെനസ്വേലന്‍ ജനത അനുഭവിക്കുന്ന വര്‍ദ്ധിച്ചുവരുന്ന വേദനയും കഷ്ടപ്പാടും നിങ്ങള്‍ക്ക് കാണാന്‍ കഴിയും'. പോംപിയോയുടെ പ്രസ്താവന പ്രതീകാത്മകവും ശരിയുമാണ്: നിയമവിരുദ്ധമായ ഉപരോധങ്ങള്‍ വേദനയും ദുരിതവും സൃഷ്ടിക്കുന്നു.

വെനസ്വേലയ്ക്കെതിരായ ഉപരോധങ്ങള്‍ 2017 ജനുവരി മുതല്‍ 2024 ഡിസംബര്‍ വരെ അവരുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 213% നഷ്ടത്തിലേക്ക് നയിച്ചുവെന്ന് ഞങ്ങളുടെ ഒരു വസ്തുതാ വിശകലനം ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത് ഓരോ ദിവസവും 226 ബില്യണ്‍ ഡോളറിന്റെ അല്ലെങ്കില്‍ 77 മില്യണ്‍ ഡോളറിന്റെ നഷ്ടം അവര്‍ക്ക് നേരിടേണ്ടി വരുന്നതായി കണക്കാക്കാം.

അപ്പോള്‍, അന്താരാഷ്ട്ര ഉപരോധങ്ങളെക്കുറിച്ചുള്ള ദി ലാന്‍സെറ്റിന്റെ പുതിയ പഠനം എന്താണ് കാണിക്കുന്നത്?

  1. 1971 മുതല്‍ 2021 വരെ, ഏകപക്ഷീയമായ ഉപരോധങ്ങള്‍ പ്രതിവര്‍ഷം 564,258 ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ട്.

  2. ഉപരോധങ്ങള്‍ മൂലം മരിക്കുന്ന ആളുകളുടെ എണ്ണം ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണത്തേക്കാള്‍ (പ്രതിവര്‍ഷം 106,000 മരണങ്ങള്‍) കൂടുതലാണ്. ചില കണക്കുകള്‍ പറയുന്നത്, സിവിലിയന്‍ മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള യുദ്ധങ്ങളിലെ ആകെ മരണസംഖ്യയ്ക്ക് സമാനമാണതെന്നാണ് (പ്രതിവര്‍ഷം ഏകദേശം അര ദശലക്ഷം മരണങ്ങള്‍)

  3. നമ്മളെല്ലാം ധരിക്കുന്നത് പോലെ തന്നെ, ഏറ്റവും ദുര്‍ബലരായ ജനസംഖ്യാ ഗ്രൂപ്പുകള്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളും പ്രായമായവരുമാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണങ്ങള്‍ 1970-2021 കാലയളവില്‍ ഉപരോധങ്ങള്‍ മൂലമുണ്ടായ മൊത്തം മരണങ്ങളുടെ 51 ശതമാനമാണ്.

  4. യുണൈറ്റഡ് സ്റ്റേറ്റ്‌സും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഏകപക്ഷീയമായ ഉപരോധങ്ങള്‍ യുഎന്‍ ഉപരോധങ്ങളേക്കാള്‍ മാരകമാണ്. യുഎസ് ഉപരോധങ്ങള്‍ മൂലമുള്ള മരണനിരക്ക് പ്രതീക്ഷിക്കപ്പെടുന്നതിലും എത്രയോ അധികമാണെന്ന് കാണാനാകും. കാരണം, യുഎസ്എ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അടിച്ചേല്‍പ്പിക്കുന്ന ഏകപക്ഷീയമായ ഉപരോധങ്ങള്‍ അത് ലക്ഷ്യം വെക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്യുന്നത്.

  5. അന്താരാഷ്ട്ര ബാങ്കിംഗ് ഇടപാടുകളിലും ആഗോള കരുതല്‍ കറന്‍സിയായും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ് യുഎസ് ഡോളറും യൂറോയും. അതു തന്നെയാണ് യൂറോപ്യന്‍ യൂണിയന്റെ പിന്തുണയോട് കൂടിയ യുഎസ് ഉപരോധങ്ങള്‍ ഇത്രയേറെ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കാന്‍ കാരണം. ഇതിനാല്‍ തന്നെ രാജ്യാതിര്‍ത്തികള്‍ക്കിതരമായി ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍, പ്രത്യേകിച്ച് യുഎസിന് സാധിക്കും. അവരതാണ് ചെയ്യുന്നത്.

  6. ഉപരോധങ്ങള്‍ നീണ്ടുപോകുന്നതോടെ മരണനിരക്കും ഉയരുന്നുവെന്നും ദീര്‍ഘകാലമായുള്ള ഉപരോധങ്ങള്‍ ഓരോന്നും മനുഷ്യജീവിതങ്ങള്‍ക്ക് മേല്‍ ഏല്‍പ്പിക്കുന്ന ആഘാതം കൂടുതല്‍ കനത്തതാണെന്നും ആ വിശകലനം കാണിക്കുന്നുണ്ട്.

ഈ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ ജീവനുകള്‍ അപഹരിക്കാന്‍ കാരണമാകുന്നുവെന്ന തെളിവുകള്‍ തന്നെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാനുള്ള മതിയായ കാരണമാണെന്ന് പഠനം നിഗമനത്തിലെത്തുന്നുണ്ട്.

2025 മാര്‍ച്ചില്‍, 'ഇംപീരിയലിസ്റ്റ് വാര്‍ ആന്‍ഡ് ഫെമിനിസ്റ്റ് റെസിസ്റ്റന്‍സ് ഇന്‍ ദി ഗ്ലോബല്‍ സൗത്ത്' എന്ന പേരില്‍ ഒരു ഡോസിയര്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമായും വെനസ്വേലയുടെ കാര്യമാണ് അതില്‍ പരിശോധിക്കപ്പെട്ടത്. ഉപരോധങ്ങളുടെ ആഘാതത്തെക്കുറിച്ചും ആക്രമണത്തിനിരയായ ഒരു സമൂഹം സ്ത്രീകളുടെ ജോലിയാല്‍ എങ്ങനെ ഒരുമിച്ച് നിര്‍ത്തപ്പെടുന്നു എന്നതും അതില്‍ വിവരിച്ചിരുന്നു. 'വിനാശത്തിന്റെ മഴ' എങ്ങനെ അനുഭവപ്പെടുന്നുവെന്ന് അവര്‍ക്കറിയാം. അതിനെതിരെ തങ്ങളുടെ സമൂഹങ്ങളെ ശക്തിപ്പെടുത്താന്‍ അവര്‍ പോരാടുകയാണ്. വെനസ്വേലയ്ക്കെതിരായ ഉപരോധങ്ങള്‍ 2017 ജനുവരി മുതല്‍ 2024 ഡിസംബര്‍ വരെ അവരുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 213% നഷ്ടത്തിലേക്ക് നയിച്ചുവെന്ന് ഞങ്ങളുടെ ഒരു വസ്തുതാ വിശകലനം ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത് ഓരോ ദിവസവും 226 ബില്യണ്‍ ഡോളറിന്റെ അല്ലെങ്കില്‍ 77 മില്യണ്‍ ഡോളറിന്റെ നഷ്ടം അവര്‍ക്ക് നേരിടേണ്ടി വരുന്നതായി കണക്കാക്കാം.

1995ല്‍- ഇറാഖിനെതിരായ ഉപരോധത്തിന്റെ കാലത്ത്, അതായത് 2003-ല്‍ അമേരിക്ക ആ രാജ്യം നിയമവിരുദ്ധമായി ആക്രമിക്കുന്നതിന് മുമ്പ്, സാദി യൂസഫ് (1934-2021) 'അമേരിക്ക, അമേരിക്ക' എന്ന പേരില്‍ ഒരു ഉജ്ജ്വലമായൊരു കവിത എഴുതി. അത് അവസാനിക്കുന്നത് ഇങ്ങനെയാണ്.

അമേരിക്ക, ഞങ്ങള്‍ ബന്ദികളല്ല,

നിങ്ങളുടെ സൈനികര്‍ ദൈവത്തിന്റെ സൈനികരല്ല...

ഞങ്ങള്‍ ദരിദ്രരാണ്, മുങ്ങിമരിച്ച ദൈവങ്ങളുടെ ഭൂമിയാണ് ഞങ്ങളുടേത്,

കാളകളുടെ ദൈവങ്ങള്‍,

അഗ്‌നിദേവന്മാര്‍,

കളിമണ്ണും രക്തവും ഒരു ഗാനത്തില്‍ ഇഴചേര്‍ന്ന ദുഃഖങ്ങളുടെ ദേവന്മാര്‍...

ഞങ്ങള്‍ ദരിദ്രരാണ്, ഞങ്ങളൂടേത് ദരിദ്രരുടെ ദൈവം,

കര്‍ഷകരുടെ വാരിയെല്ലുകളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്,

വിശപ്പുള്ളത്

ഒപ്പം തിളക്കമുള്ളത്,

കൂടാതെ, ശിരസ്സ് ഉയര്‍ത്തിപ്പിടിക്കുന്നത്..

അമേരിക്ക, ഞങ്ങള്‍ മരിച്ചവരാണ്.

നിങ്ങളുടെ സൈനികര്‍ വരട്ടെ.

ആരാണോ ഒരു മനുഷ്യനെ കൊല്ലുന്നത്

അയാള്‍ തന്നെ അവനെ ഉയിര്‍പ്പിക്കട്ടെ.

പ്രിയപ്പെട്ട മഹതി, ഞങ്ങളാണ് മുങ്ങിപ്പോയവര്‍

അതെ, ഞങ്ങള്‍ മുങ്ങിത്താഴ്ത്തപ്പെട്ടവരാണ്.

ജലം പ്രവഹിക്കട്ടെ.

(ട്രൈക്കോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചില്‍ നിന്നുള്ള 2025 ലെ മുപ്പത്തി ഒന്നാമത്തെ ന്യൂസ് ലെറ്ററിന്റെ പരിഭാഷ)

Related Stories

No stories found.
logo
The Cue
www.thecue.in