അവധി അനുവദിക്കേണ്ടത് നിയമസഭ; രാഹുല്‍ മാങ്കൂട്ടത്തിലിനും കോണ്‍ഗ്രസിനും മുന്നിലുള്ള കടമ്പകള്‍

അവധി അനുവദിക്കേണ്ടത് നിയമസഭ; രാഹുല്‍ മാങ്കൂട്ടത്തിലിനും കോണ്‍ഗ്രസിനും മുന്നിലുള്ള കടമ്പകള്‍
Published on

ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന നിലപാട്. ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ രാജിവെക്കുന്ന പാരമ്പര്യമോ സമ്പ്രദായമോ കേരള രാഷ്ട്രീയത്തില്‍ ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രാജി ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മുന്‍ കെപിസിസി പ്രസിഡന്റുമാരും കേരളത്തില്‍ നിന്നുള്ള വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കുന്നു. സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വവും ഉണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് അറിയിക്കുന്നത്. രാഹുല്‍ സഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാതെ അവധിയെടുക്കട്ടെ എന്നാണ് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് പാര്‍ട്ടി അംഗത്വം സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും എന്നാല്‍ എംഎല്‍എ ആയി തുടരുകയും ചെയ്യുകയെന്ന വളരെ അപൂര്‍വ്വമായ ഒരു സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിയമസഭാംഗത്തിന് അവധിയെടുക്കണമെങ്കിലും ചില കടമ്പകളുണ്ട്.

നിയമസഭാംഗത്തിന് അവധി എടുക്കണമെങ്കില്‍

നിയമസഭാംഗങ്ങളുടെ അവധി സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ റൂള്‍സ് ഓഫ് പ്രൊസീജ്യേഴ്‌സ് അഥവാ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളില്‍ നല്‍കിയിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 190ലെ നാലാം വകുപ്പ് അനുസരിച്ചാണ് സ്പീക്കര്‍ക്ക് അവധിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയില്‍ അവധി എത്ര ദിവസത്തേക്കാണെന്നും തുടങ്ങുന്ന ദിവസവും അവസാനിക്കുന്ന ദിവസവും വ്യക്തമായി നല്‍കണം. അവധിക്കുള്ള കാരണവും വ്യക്തമാക്കേണ്ടതുണ്ട്. കൂടാതെ ഒരുതവണ എടുക്കുന്ന അവധി 60 ദിവസത്തില്‍ കൂടുതലാകരുതെന്നും നിയമം പറയുന്നു. എന്നാല്‍ അപേക്ഷ നല്‍കിയതുകൊണ്ട് മാത്രം അവധി ലഭിക്കില്ല. ചട്ടം അനുസരിച്ച് അവധി അനുവദിക്കേണ്ടത് നിയമസഭയാണ്. സ്പീക്കര്‍ അംഗത്തിന്റെ അവധിയപേക്ഷ സഭയില്‍ വായിക്കും. ലീവ് അനുവദിക്കുന്നതില്‍ സഭക്ക് എതിര്‍പ്പില്ലല്ലോ എന്ന് ചോദിക്കും. ആരും എതിര്‍ത്തില്ലെങ്കില്‍ അനുമതി നല്‍കും. എന്നാല്‍ ആരെങ്കിലും എതിര്‍ക്കുകയാണെങ്കില്‍ സ്പീക്കര്‍ സഭയുടെ അഭിപ്രായം ആരായുകയും ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുകയും ചെയ്യും. ഈ ചട്ടം അനുസരിച്ച് സഭയില്‍ മറ്റു ചര്‍ച്ചകളൊന്നും ഉണ്ടാകുന്നതല്ല. അവധി ലഭിച്ച ദിവസങ്ങള്‍ക്കിടയില്‍ അംഗം സഭയില്‍ ഹാജരാകുകയാണെങ്കില്‍ അന്ന് മുതലുള്ള അവധി റദ്ദാകുകയും ചെയ്യും.

60 ദിവസത്തിന് മേല്‍ ഹാജരായില്ലെങ്കില്‍ നിയമസഭാംഗത്വത്തില്‍ നിന്ന് പുറത്താക്കാനാകും. 60 ദിവസം അസംബ്ലി സിറ്റിംഗുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി സ്ഥാനത്തു നിന്ന് നീക്കം ചെയ്യാം. പാര്‍ട്ടി അംഗത്വം ഇല്ലാതായാലും സഭാംഗത്വത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയോ രാജിവെക്കുകയോ ചെയ്തില്ലെങ്കില്‍ അംഗത്തിന് നിയമസഭയില്‍ ഇരിക്കുന്നതിന് തടസ്സമില്ലെന്ന് മുന്‍ നിയമസഭാ സെക്രട്ടറിയും നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) മുന്‍ വിസിയുമായ ഡോ.എന്‍.കെ.ജയകുമാര്‍ പറയുന്നു.

ഡോ.എന്‍.കെ.ജയകുമാര്‍
ഡോ.എന്‍.കെ.ജയകുമാര്‍

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്താലും നിയമസഭയില്‍ പങ്കെടുക്കാന്‍ പറ്റില്ല എന്നില്ല. നിയമസഭാംഗം എന്നത് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിലൂടെയാണ് ആകുന്നത്. എന്തെങ്കിലും അയോഗ്യത വരികയോ രാജിവെക്കുകയോ ചെയ്താലേ ഹാജരാകാതിരിക്കാന്‍ കഴിയൂ. പാര്‍ട്ടിയില്‍ നിന്ന് നീക്ക് ചെയ്തു എന്നതിലൂടെ അയോഗ്യത വരുന്നില്ല. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത കാര്യവും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന കാര്യവും പാര്‍ലമെന്ററി പാര്‍ട്ടിക്ക് സ്പീക്കറെ അറിയിക്കാം. അംഗം പല കമ്മിറ്റികളില്‍ അംഗമായിരിക്കുമല്ലോ? ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് സമയം അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങളുണ്ട്. അതുകൊണ്ട് അക്കാര്യങ്ങള്‍ സ്പീക്കറെ അറിയിക്കേണ്ടതുണ്ട്. സഭയില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കിലോ രാജി വെച്ചില്ലെങ്കിലോ നിയമസഭാംഗം എന്ന നിലയിലുള്ള പ്രിവിലേജുകള്‍ തുടരും. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്താല്‍ പാര്‍ട്ടി മെംബര്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ ലഭിക്കില്ല. അത് അംഗവും പാര്‍ട്ടിയും തമ്മിലുള്ള കാര്യമാണ്.

ഡോ.എന്‍.കെ.ജയകുമാര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ അവധിക്കായി അപേക്ഷിക്കുകയാണെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കേണ്ടി വരും. പാര്‍ട്ടി സസ്‌പെന്‍ഷന്‍ ഒരു കാരണമായി അവതരിപ്പിക്കാന്‍ കഴിയില്ല. ആരോഗ്യ കാരണങ്ങള്‍ അവതരിപ്പിക്കാന്‍ സാങ്കേതികമായി കഴിഞ്ഞാലും ജനങ്ങള്‍ക്ക് മുന്നില്‍ അത് ന്യായീകരിക്കാന്‍ കഴിയില്ല. സമ്മേളന കാലയളവില്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്ന കാരണവും പറയാനാകില്ല. എന്നാല്‍ ഇവയ്‌ക്കെല്ലാം ഉപരിയായി ഉയരുന്ന മറ്റൊരു വലിയ ധാര്‍മിക പ്രശ്‌നം ഇതിന് പിന്നിലുണ്ട്. ഒരു എംഎല്‍എ തുടര്‍ച്ചയായി നിയമസഭയില്‍ ഹാജരാകുന്നില്ല എന്നത് അയാള്‍ പ്രതിനിധീകരിക്കുന്ന നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരോട് ചെയ്യുന്ന അനീതിയാണെന്ന് പറയേണ്ടി വരും. വോട്ടര്‍മാരോട് കാട്ടുന്ന അനാദരവായിരിക്കും അത്. എംഎല്‍എ എന്ന നിലയില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുകയും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ പ്രതിനിധീകരിക്കാന്‍ സഭയില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകും? രാഹുലിന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിയമപരമായി തടസ്സമില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇല്ലാത്തതിനാല്‍ മറ്റൊരു ബ്ലോക്കില്‍ ഏകനായി ഇരിക്കേണ്ടി വരുമെന്ന ഗതികേട് കൂടിയുണ്ട്. രാഹുല്‍ സഭയില്‍ എത്തിയാല്‍ ഭരണപക്ഷത്തു നിന്നുണ്ടാകാന്‍ ഇടയുള്ള എതിര്‍പ്പുകള്‍ വേറെ.

സഭയിലെ ഹാജര്‍ പുസ്തകത്തില്‍ ഒപ്പുവെക്കാത്ത അംഗങ്ങളെ വിട്ടു നില്‍ക്കുന്നു എന്ന തരത്തിലാണ് കണക്കാക്കുക. നേരിട്ടോ ഇല്‌ക്ട്രോണിക് ഒപ്പ് മുഖേനയോ ഹാജര്‍ ചേര്‍ക്കാവുന്നതാണ്. നിലവില്‍ ഒരു ദിവസമൊക്കെ ഹാജരായില്ലെങ്കിലും എംഎല്‍എമാര്‍ ഹാജര്‍ ഒപ്പിടുന്ന രീതിയുണ്ട്. സഭയില്‍ ഹാജരാകുന്നില്ല എന്ന് പ്രഖ്യാപിച്ച ശേഷം അറ്റന്‍ഡന്‍സ് ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് കണ്ടെത്താനും വലിയ ബുദ്ധിമുട്ടുണ്ടാവില്ല. ചുരുക്കത്തില്‍ മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ സസ്‌പെന്‍ഷന്‍ ചികിത്സ കൂടുതല്‍ കുഴപ്പങ്ങളിലേക്കും സങ്കീര്‍ണ്ണതകളിലേക്കു നയിക്കാനായിരിക്കും സാധ്യത.

Related Stories

No stories found.
logo
The Cue
www.thecue.in