യുഎപിഎ പിന്‍വലിക്കില്ലെന്നാവര്‍ത്തിച്ച് പൊലീസ്; സിപിഐഎമ്മും ആഭ്യന്തരവകുപ്പും രണ്ട് തട്ടില്‍

യുഎപിഎ പിന്‍വലിക്കില്ലെന്നാവര്‍ത്തിച്ച് പൊലീസ്; സിപിഐഎമ്മും ആഭ്യന്തരവകുപ്പും രണ്ട് തട്ടില്‍

കോഴിക്കോട് പന്തീരാങ്കാവില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ പാര്‍ട്ടിയും ആഭ്യന്തരവകുപ്പും രണ്ട് തട്ടില്‍. അറസ്റ്റിലായ അലന്‍ ശുഹൈബും താഹ ഫസലിനും മേല്‍ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് പൊലീസ്. സിപിഐഎം കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ പ്രതിഷേധത്തേത്തുടര്‍ന്ന് യുഎപിഎ ചുമത്തരുതെന്ന് സര്‍ക്കാര്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചെങ്കിലും പൊലീസ് ചെവിക്കൊള്ളുന്നില്ലെന്നാണ് ലഭ്യമായ വിവരം. അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്താന്‍ തക്കതായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് പൊലീസിന്റെ വാദം.

സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പുനപരിശോധിക്കണമെന്ന ആവശ്യവുമായി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്തെത്തിയിട്ടുണ്ട്. യുഎപിഎ കരിനിയമം എന്നതില്‍ പാര്‍ട്ടിക്ക് സംശയമില്ല. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ വ്യക്തമായ നിലപാട് എടുക്കുമെന്നും എംഎ ബേബി പറഞ്ഞു. യുഎപിഎ ചുമത്തിയതിനെതിരെ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം കെ ടി കുഞ്ഞിക്കണ്ണനും പരസ്യമായി രൂക്ഷ പ്രതികരണം നടത്തി. യുഎപിഎ ചുമത്തുന്നത് പാര്‍ട്ടിയുടെ നയമല്ലെന്നും തിരുത്തരണമെന്നും കെ ടി കുഞ്ഞിക്കണ്ണന്‍ ആവശ്യപ്പെട്ടു.

യുഎപിഎ പിന്‍വലിക്കില്ലെന്നാവര്‍ത്തിച്ച് പൊലീസ്; സിപിഐഎമ്മും ആഭ്യന്തരവകുപ്പും രണ്ട് തട്ടില്‍
പൊലീസ് കെട്ടിച്ചമച്ച കേസെന്ന് അലനും താഹയും; യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി

സമഗ്ര അന്വേഷണം നടത്താതെ പൊലീസ് യുഎപിഎ ചുമത്തിയത് അംഗീകരിക്കാനാകില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രാവിലെ പ്രതികരിച്ചിരുന്നു. അലന്‍ ശുഹൈബിന്റെ മാതാപിതാക്കള്‍ പി മോഹനന്റേയും കെ അജിതയുടേയും ഒപ്പം മുഖ്യമന്ത്രിയെ കാണുകയുണ്ടായി. തുടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് വിശദീകരണം തേടിയിരുന്നു. വിഷയം പരിശോധിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടതുപ്രകാരമാണ് ഉത്തരമേഖലാ ഐജി അശോക് യാദവ് പന്തീരാങ്കാവ് സ്റ്റേഷനില്‍ നേരിട്ടെത്തിയത്. എന്നാല്‍ സ്‌റ്റേഷനിലെത്തിയ ഐജി യുഎപിഎ ചുമത്തിയതിനെ ന്യായീകരിക്കുകയാണുണ്ടായത്. യുഎപിഎ ചുമത്താന്‍ തക്കവിധത്തില്‍ വ്യക്തമായ തെളിവുണ്ടെന്ന് ഐജി പറഞ്ഞു. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ കിട്ടിയിട്ടുണ്ട്. കേസ് അന്വേഷണം നിലവില്‍ പ്രാഥമിക ഘട്ടത്തിലാണ്. മാവോയിസ്റ്റ് ബന്ധം വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഐജി പ്രതികരിച്ചു.

യുഎപിഎ പിന്‍വലിക്കില്ലെന്നാവര്‍ത്തിച്ച് പൊലീസ്; സിപിഐഎമ്മും ആഭ്യന്തരവകുപ്പും രണ്ട് തട്ടില്‍
‘മണിവാസകത്തിന്റേത് കസ്റ്റഡികൊലപാതകം’; മരിക്കുന്നതിന് മുമ്പ് ക്രൂരപീഡനത്തിന് ഇരയായെന്ന് സിപിഐ

സിപിഐഎം ബ്രാഞ്ച് അംഗവും സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അലന്‍ ശുഹൈബ് അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രാദേശിക പാര്‍ട്ടി നേതൃത്വം പന്തീരാങ്കാവ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. അലന്റെ അമ്മ സബിതയുടെ മാതാവ് സാവിത്രി ടീച്ചര്‍ സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. പൊതുപ്രവര്‍ത്തനത്തിന് വേണ്ടി കല്ലായിയില്‍ നിന്ന് മാറി മാനാരിപ്പാടത്തെ ചേരിയോട് ചേര്‍ന്ന് വീടുവെച്ച സാവിത്രി ടീച്ചറോട് പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തിന് വൈകാരികമായ അടുപ്പമുളളതും പൊലീസിനെതിരെ പ്രതിഷേധം ശക്തമാകാന്‍ കാരണമാണ്. അലന്റെ അച്ഛന്‍ ശുഐബ് കുറ്റിച്ചിറ ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അംഗത്വം ഉപേക്ഷിച്ചെങ്കിലും ശുഹൈബ് സിപിഐഎം അനുഭാവിയാണ്. സബിത കെഎസ്ടിഎയുടെ സജീവ പ്രവര്‍ത്തകയും കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമാണ്. ബാലസംഘം മുതല്‍ പാര്‍ട്ടിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്ന അലന്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ തന്നെ സിപിഐഎം അംഗത്വം നേടിയിരുന്നു. 19 വയസാണ് ഇപ്പോള്‍ റിമാന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന അലന്‍ ശുഹൈബിന്റെ പ്രായം.

യുഎപിഎ പിന്‍വലിക്കില്ലെന്നാവര്‍ത്തിച്ച് പൊലീസ്; സിപിഐഎമ്മും ആഭ്യന്തരവകുപ്പും രണ്ട് തട്ടില്‍
‘ഇത് എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല’; യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in