വിദ്യാർത്ഥി സംഘടനകളില്ലാത്ത കെ.ആർ നാരായണൻ സമരം

വിദ്യാർത്ഥി സംഘടനകളില്ലാത്ത കെ.ആർ നാരായണൻ സമരം
Summary

ജാതീയ വിവേചനവും സംവരണ അട്ടിമറിയും ഉന്നയിച്ചുള്ള കെ. ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം കേരളത്തിലെ മുഖ്യധാരാ വിദ്യാര്‍ത്ഥി സംഘടനകളോ യുവജനസംഘടനകളോ കണ്ട മട്ടില്ല.

ഡയറക്ടര്‍ ശങ്കര്‍ മോഹനും ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമെതിരെ ജാതിവിവേചനമുള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ. ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചിട്ട് പതിനഞ്ചു ദിവസങ്ങള്‍ പിന്നിടുകയാണ്. ജാതീയ വിവേചനവും സംവരണ അട്ടിമറിയും ഉന്നയിച്ചുള്ള സമരത്തെ കേരളത്തിലെ മുഖ്യധാരാ വിദ്യാര്‍ത്ഥി സംഘടനകളോ യുവജനസംഘടനകളോ കണ്ട മട്ടില്ല.

ഐഎഫ്എകെ മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് സമരം പൊതുധാരയുടെ ശ്രദ്ധയിലെത്തിയത്. ചലച്ചിത്ര മേഖലയില്‍ നിന്നടക്കമുള്ളവര്‍ ടാഗോറിലെ സമരവേദിയിലെത്തിയും ഡബ്ല്യൂ.സി.സി. പ്രതിനിധികള്‍ പിന്നീട് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയും സമരത്തിന് ഐക്യദാര്‍ഡ്യമറിയിച്ചിരുന്നു. സിപിഐ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫ് കഴിഞ്ഞ ദിവസം സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ഗുരുതര ജാതി വിവേചനവും പ്രവേശനത്തിലെ സംവരണ അട്ടിമറിയും ഉന്നയിച്ച് രണ്ടാഴ്ചയിലേറെയായി സമരം നടത്തുന്നു.

കെ. ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
കെ. ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

എന്തുകൊണ്ടാണ് യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഏറ്റെടുക്കാനാകാത്തത്?

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നത് അവാസ്തവമാണെന്നും, എസ്.എഫ്.ഐ. വിദ്യാര്‍ഥികള്‍ സമരം ആരംഭിക്കുന്നതിനു മുമ്പേ ബന്ധപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ രണ്ടോ മൂന്നോ വട്ടം ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി എസ്എഫ്‌ഐ ചര്‍ച്ച നടത്തിയിട്ടുണ്ട്. സംഘടനയുടെ കോട്ടയം ജില്ലാ സെക്രട്ടറി നിരന്തരം അവിടെ പോവുകയും അവരെ കാണുകയും ചെയ്യുന്നുണ്ടെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ദ ക്യു വിനോട് പറഞ്ഞു.

ജാതി വിവേചനം നേരിട്ടെന്ന് ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ പരസ്യമായി പറഞ്ഞിട്ടും സര്‍ക്കാര്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനെ സംരക്ഷിക്കുകയാണെന്ന വിമര്‍ശമുയര്‍ന്നിരുന്നു. ഇവിടെ എസ്.എഫ്.ഐ യും ഡി.വൈ.എഫ്.ഐ യുമൊക്കെയുണ്ടല്ലോ. ഇവരൊക്കെ എന്ത് കരുതിയാണ് മിണ്ടാതിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ഐ.എഫ്.എഫ്.കെ വേദിയില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തുകൊണ്ട് സംവിധായകന്‍ ആഷിക് അബു ചോദിച്ചിരുന്നു. സര്‍ക്കാരെത്രകാലം ഇവരെ സംരക്ഷിക്കുമെന്ന് ഞങ്ങള്‍ക്കറിയണം. ഈ കുട്ടികള്‍ക്കൊപ്പം ഞങ്ങളെല്ലാവരുമുണ്ട്, ഇവരിനി എവിടെ സമരം നടത്തിയാലും ഞങ്ങള്‍ അവിടെയുണ്ടാകുമെന്നാണ് ആഷിഖ് അബു പറഞ്ഞത്.

ഐ.എഫ്.എഫ്.കെ വേദിയില്‍ നടത്തിയ സമരം
ഐ.എഫ്.എഫ്.കെ വേദിയില്‍ നടത്തിയ സമരം

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തൊട്ടുപിന്നാലെ നടന്ന തളിപ്പറമ്പിലെ റീജനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടകനായത് അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു. സംവരണ അട്ടിമറിയും ജാതി വിവേചനവും നടന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനെ ഉദ്ഘാടകനാക്കിയതില്‍ പ്രതിഷേധിച്ച് ഐഎഫ്എഫ്‌കെയില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമളിലൊന്നായ ഫ്രീഡം ഫൈറ്റ് തളിപ്പറമ്പിലെ മേളയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. നോര്‍മല്‍ എന്ന സിനിമയുടെ സംവിധായകന്‍ പ്രതീഷും ടീമും, ബാക്കി വന്നവര്‍ എന്ന സിനിമയുടെ അംഗങ്ങള്‍ അടൂര്‍ ഉദ്ഘാടകനായ ഫെസ്റ്റിവലില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിയിച്ചു.

ഈ ഘട്ടത്തിലും കേരളത്തിലെ ഒരു കാമ്പസിലെ ജാതീയ വിവേചനത്തിനെതിരെയും ഡയറക്ടറുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയത്തിനെതിരെയും കൃത്യമായ നിലപാടെടുക്കാന്‍ യുവജന സംഘടനകളോ വിദ്യാര്‍ത്ഥി സംഘടനകളോ തയ്യാറായിട്ടില്ല.

എസ്.എഫ്.ഐയുടെ മറുപടി

കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ജാതിവിവേചനവും സംവരണ അട്ടിമറിയുമെല്ലാം പുറത്ത് വന്നിട്ടും എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്ന് സമരങ്ങള്‍ ഒന്നുമില്ലാതിരുന്നതിനെക്കുറിച്ച് ദ ക്യു ആര്‍ഷോയോട് ചോദിച്ചു, എസ്. എഫ്. ഐയുടെ അഖിലേന്ത്യ സമ്മേളനമായിരുന്നു, അതുകൊണ്ട് നേതാക്കളൊന്നും കേരളത്തിലില്ലാതിരുന്നതുകൊണ്ടാണ് സമരങ്ങളൊന്നും സംഘടിപ്പിക്കാന്‍ കഴിയാഞ്ഞത് എന്നായിരുന്നു ആര്‍ഷോയുടെ മറുപടി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ സ്ഥാനത്തു നിന്ന് മാറ്റുക എന്നതാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യമെന്നും, ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ മുഴുവന്‍ ഡയറക്ടറുമായി ബന്ധപ്പെട്ടതാണെന്നുമായിരുന്നു, ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എടുത്ത നിലപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക് ആര്‍ഷോ നല്‍കിയ മറുപടി. തളിപ്പറമ്പില്‍ വച്ച് നടക്കുന്ന ഹാപ്പിനെസ്സ് ചലചിത്രോത്സവത്തില്‍ അടൂര്‍ ഉദ്ഘാടകനായതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നം അവിടെയുള്ളത് മാത്രമാണ് അതാണ് അഡ്രസ് ചെയ്യപ്പെടേണ്ടത് എന്നും, പൂര്‍ണ്ണമായും കുട്ടികളുടെ സമരത്തോടൊപ്പമുണ്ട് എന്നും ആര്‍ഷോ മറുപടി പറഞ്ഞു.

എസ്.എഫ്.ഐ യുടെ അഖിലേന്ത്യ സമ്മേളനം നടക്കുന്നതിനാല്‍ സംഭവിച്ച കാലതാമസം മാത്രമാണ്, സജീവമായി തന്നെ വിഷയത്തില്‍ ഇടപെടാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു ദ ക്യു വിനോട് പറഞ്ഞു.

എന്താണ് കെ.എസ്.യു നിലപാട് ?

വിദ്യാര്‍ത്ഥികളുടെ സമരം രാഷ്ട്രീയവത്കരിച്ചു എന്നൊരു ആരോപണം വേണ്ട എന്ന് കരുതിയാണ് സമരം ഏറ്റെടുക്കാതിരുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ പറയുന്നു. സമരം ഏറ്റെടുക്കാനുള്ള സന്നദ്ധത കുട്ടികളെ അറിയിച്ചിരുന്നു. അവരുടെ അഭിപ്രായത്തിനനുസരിച്ച് സമരം മുന്നോട്ട് കൊണ്ടുപോകാമെന്നും ഉറപ്പു നല്‍കിയിരുന്നു. അടുത്ത ദിവസം തന്നെ വിദ്യാര്‍ത്ഥികളെ കാണാന്‍ പോകുമെന്നും അലോഷ്യസ് ദ ക്യു വിനോട് പറഞ്ഞു.

ഈ വിഷയത്തില്‍ കൃത്യമായി സര്‍ക്കാര്‍ അടൂര്‍ ഗോപാലകൃഷ്ണനെയും, ഡയറക്ടര്‍ ശങ്കര്‍ മോഹനെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ദളിത് വിദ്യാര്‍ത്ഥിയായ ശരത്തിന്റെ വിഷയത്തിലും സ്റ്റാഫിന്റെ വിഷയത്തിലും കൃത്യമായി കാര്യങ്ങള്‍ ഞങ്ങള്‍ അന്വേഷിച്ചറിഞ്ഞിട്ടുണ്ട്. ഒന്നുകില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കൃത്യമായ ഇടപെടല്‍ നടത്തുകയും ശങ്കര്‍ മോഹനെ മാറ്റുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കുകയും ചെയ്യണം. അദ്ദേഹം നേരിട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ശങ്കര്‍ മോഹനെ സംരക്ഷിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കമ്മീഷനെ നിയമിച്ചിട്ടുണ്ട് എന്നാല്‍ അത് കൃത്യമായ നടപടികളിലേക്ക് പോകുന്നില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുമായി ആലോചിച്ച് കെ.എസ്.യു സമരം ഏറ്റെടുക്കും.

അലോഷി, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്

ശുചീകരണ തൊഴിലാളികളായ അഞ്ചു സ്ത്രീകളെ വളരെ രൂക്ഷമായ ജാതി വിവേചനങ്ങള്‍ക്ക് വിധേയരാക്കിയെന്നും, വീട്ടുജോലി ചെയ്യിപ്പിച്ചെന്നുമുള്ള ആരോപണം നിലനില്‍ക്കുന്ന ഡയറക്ടറെ, 'അദ്ദേഹം കുലീന കുടുംബത്തില്‍ ജനിച്ച ആളായതുകൊണ്ട് അങ്ങനെ ചെയ്യില്ല' എന്ന് പറഞ്ഞ് ന്യായീകരിച്ച, കൃത്യമായ തുറന്നു പറച്ചിലുകളും, തെളിവുകളുമുണ്ടായിട്ടും, ജാതി വിവേചനം കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെയാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാന്‍ അക്കാദമി ക്ഷണിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് സര്‍ക്കാരിനും ചലച്ചിത്ര അക്കാദമിക്കും വിദ്യാര്‍ഥികള്‍ എഴുതിയ തുറന്ന കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ശങ്കര്‍ മോഹന്‍ കുലീനനാണെങ്കില്‍ അയാള്‍ കാണിച്ച മനുഷത്വ വിരുദ്ധമായ ചെയ്തികളെയും ഭീഷണികളെയും വിരട്ടലുകളെയും മറികടന്ന് പുറം ലോകത്തോട് പറയാന്‍ ധൈര്യം കാണിച്ച ആ 5 സ്ത്രീകള്‍ ആരാണ്? സംവരണ ലംഘനം അടക്കം ശങ്കര്‍ മോഹന്‍ പ്രവര്‍ത്തിച്ച ജാതീയതയെ തുറന്ന് കാട്ടിയ വിദ്യാര്‍ഥികള്‍ ആരാണ്? ശങ്കര്‍ മോഹന്റെ വീട്ടില്‍ അടിമപ്പണിയില്‍ മനസ് മടുത്ത് ജനിപ്പിച്ച അച്ഛനെയും അമ്മയെയും ശപിച്ചിട്ടുണ്ട് എന്ന് ജീവനക്കാരി കരഞ്ഞു പറയുമ്പോള്‍, അവരുടെ കണ്ണീര് കേവലം നിലനില്‍പിന് വേണ്ടി മാത്രമുള്ള നുണകളാണ് എന്ന് പറഞ്ഞയാളാണ് ഈ ഉദ്ഘാടകന്‍!

വിദ്യാര്‍ഥികള്‍ എഴുതിയ കത്തില്‍ നിന്ന്

ഇതിനു മുമ്പ് സമരത്തിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ദ ക്യു ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിന് മറുപടിയായി വിദ്യാര്‍ഥികള്‍ അടൂരിന് മറ്റൊരു തുറന്ന കത്ത് എഴുതിയിരുന്നു. തങ്ങള്‍ പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് പറയുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ പറയാനുള്ളത് കേട്ടിരുന്നോ എന്നാണ് ആ കത്തില്‍ ചോദിക്കുന്നത്. ആരോടും ചര്‍ച്ച ചെയ്യാതെ സമരത്തിലുള്ളവര്‍ പറയുന്നത് പച്ചക്കള്ളമാണെന്ന നിഗമനത്തിലേക്ക് എങ്ങനെയെത്തിയെന്നും വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.

ആരോപണ വിധേയനായ ശങ്കര്‍ മോഹനെ 'കുലീന കുടുംബത്തില്‍ ജനിച്ചയാള്‍' എന്നും വിശേഷിപ്പിച്ചു കണ്ടു. എങ്ങനെയാണ് സാര്‍ ഒരാളുടെ കുടുംബ പശ്ചാത്തലം അയാള്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാക്കുന്നത്? എന്ത് കൊണ്ടാണ് താങ്കള്‍ ഈ വ്യക്തിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? സംവരണലംഘനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ് എന്ന് താങ്കള്‍ പറഞ്ഞുവല്ലോ, പിന്നെ എങ്ങനെയാണ് 2022 ബാച്ചിലെ ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍ സീറ്റിലും ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് മാത്രം അഡ്മിഷന്‍ ലഭിച്ചത്?

അടൂര്‍ ഗോപാലകൃഷ്ണന് വിദ്യാര്‍ഥികള്‍ എഴുതിയ കത്തില്‍ നിന്ന്

തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദ ക്യു വിനോട് പറഞ്ഞത്:

ചില ആളുകള്‍ക്ക് അവരുടെ തന്നെ കുഴപ്പങ്ങള്‍ കാരണം പുറത്താകുമെന്ന പേടി കൊണ്ടാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. അതില്‍ വിദ്യാര്‍ഥികളുമുണ്ട് ജീവനക്കാരുമുണ്ട്. പണിയെടുക്കാന്‍ തീരെ താല്‍പര്യമില്ലാത്ത ചില ഉദ്യോഗസ്ഥരുമുണ്ട്. ഡിസംബര്‍ ആകുമ്പോഴേക്കും അവരുടെ ടേം തീരും. അപ്പോള്‍ അതിന് മുമ്പ് ജോലി സംരക്ഷിക്കാനാണ് ഇപ്പോള്‍ ജാതി പറഞ്ഞ് ഇറങ്ങിയിരിക്കുന്നത്.

ഇതുവരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെല്ലാം നേരെ നിരന്തരം പ്രതികാര നടപടികള്‍ സ്വീകരിച്ചിട്ടുള്ള അധികൃതര്‍ക്കെതിരെയാണ് പതിനഞ്ച് ദിവസത്തോളമായി വിദ്യാര്‍ഥികള്‍ സമരം തുടരുന്നത്. ഇനി തുടരാനാകില്ലെന്ന് കരുതി പഠനം നിര്‍ത്താനടക്കം വിദ്യാര്‍ഥികള്‍ ആലോചിക്കേണ്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. സംവരണം അട്ടിമറിക്കപ്പെടുന്നതും ജാതിവിവേചനവും മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നിരിക്കുന്നത്. വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കും അനീതി നേരിടേണ്ടി വന്നവര്‍ക്കും നീതി ഉറപ്പാക്കേണ്ടതായിട്ടുണ്ട്. അതിന് വേണ്ടി വിദ്യാര്‍ഥി സംഘടനകളും യുവജനസംഘടനകളും അവര്‍ക്കൊപ്പം മുന്നിട്ടിറങ്ങേണ്ടതായിട്ടുണ്ട്.

വിദ്യാർത്ഥി സംഘടനകളില്ലാത്ത കെ.ആർ നാരായണൻ സമരം
ജാതി വിവേചനം വ്യക്തമായിട്ടും സർക്കാർ ജാതിക്കോമരങ്ങൾക്കൊപ്പം, സർക്കാരിന് തുറന്ന കത്തുമായി കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ
വിദ്യാർത്ഥി സംഘടനകളില്ലാത്ത കെ.ആർ നാരായണൻ സമരം
ഞങ്ങൾക്ക് പറയാനുള്ളത് താങ്കൾ കേട്ടിരുന്നോ; അടൂരിന് തുറന്ന കത്തുമായി കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർ‌ഥികൾ
വിദ്യാർത്ഥി സംഘടനകളില്ലാത്ത കെ.ആർ നാരായണൻ സമരം
ജാതിവിവേചനം കെട്ടിച്ചമച്ചത്; സമരം ചെയ്യുന്നത് ഇൻസ്റ്റിറ്റ്യൂട്ടിനെ നശിപ്പിക്കുന്നവർ: അടൂർ ഗോപാലകൃഷ്ണൻ

Related Stories

No stories found.
logo
The Cue
www.thecue.in