പ്രതിഭാഗത്തിന് പ്രത്യേക താത്പര്യമുണ്ടായിരിക്കും, സാക്ഷിയുടെ അഭിമുഖം സുപ്രധാനമാകുന്നത് എങ്ങനെയെന്ന് അറിയില്ല: അഭിലാഷ് മോഹനന്‍

Abhilash Mohanan

Abhilash Mohanan

Summary

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ബലാത്സംഗ കേസില്‍ ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞിരുന്നു. സിസ്റ്റര്‍ അനുപമ 2018ല്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടതില്‍ സുപ്രധാനമായി എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വിധിന്യായത്തിന് പിന്നാലെ പറഞ്ഞത്. ഇത് സുപ്രധാന തെളിവാണെന്ന് പ്രതിഭാഗം പറഞ്ഞത് എന്തെങ്കിലും ഒരു പ്രത്യേക താത്പര്യപ്രകാരമായിരിക്കും എന്നാണ് കരുതുന്നതെന്ന് അഭിലാഷ് മോഹനന്‍ ദ ക്യു'വിനോട്.

2018ലാണ് ഞാന്‍ സിസ്റ്റര്‍ അനുപമയുടെ അഭിമുഖം എടുത്തത്. സിസ്റ്റര്‍മാരുടെ സമരം എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നടക്കുന്ന സമയമായിരുന്നു അത്. ആ സമയത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത എന്ന നിലയ്ക്കാണ് ക്ലോസ് എന്‍കൗണ്ടറില്‍ ഞാന്‍ അഭിമുഖം എടുത്തത്. അവര്‍ക്ക് സമൂഹത്തോട് പറയാനുള്ള കാര്യങ്ങള്‍ പരമാവധി പറയാനുള്ള അവസരമൊരുക്കുക കൂടിയായിരുന്നു ആ അഭിമുഖത്തില്‍.

കേസിലെ അതിജീവിതയല്ല, പകരം സാക്ഷിയായ സിസ്റ്റര്‍ അനുപമയുടെ അഭിമുഖമാണ് എടുത്തത്. അത് എങ്ങനെയാണ് കോടതിയില്‍ നിര്‍ണായക തെളിവായി മാറിയതെന്ന് അറിയില്ല. സാധാരണനിലയില്‍ പ്രധാനപ്പെട്ട തെളിവായി ഒരു അഭിമുഖം വരേണ്ട കാര്യമില്ല. ഇത് സുപ്രധാന തെളിവാണെന്ന് പ്രതിഭാഗം പറഞ്ഞത് എന്തെങ്കിലും ഒരു പ്രത്യേക താത്പര്യപ്രകാരമായിരിക്കും എന്നാണ് കരുതുന്നത്. കാരണം മാധ്യമങ്ങളുടെ പിന്തുണയോടുകൂടി വന്ന ഒരു കേസ് കൂടിയാണിത്. ഞാന്‍ ചെയ്ത എല്ലാ വീഡിയോകളും പബ്ലിക്ക് ഡൊമൈനില്‍ ലഭ്യമാണ്. നിരുപാധികം സിസ്റ്റര്‍മാരുടെ സമരത്തെ പിന്തുണച്ചുകൊണ്ടുള്ള നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. പ്രതിഭാഗം പക്ഷെ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് ആലോചിക്കേണ്ട കാര്യമാണ്.

വിചാരണ വേളയില്‍ കോടതി എന്നെ വിളിപ്പിച്ചിരുന്നു. കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ട ഒരു ചോദ്യവുമല്ല എന്നോട് ചോദിച്ചത്. ഈ അഭിമുഖം നിങ്ങള്‍ എടുത്തതാണോ? ഈ അഭിമുഖം സത്യസന്ധമാണോ ഇത് ഏതെങ്കിലും തരത്തില്‍ കെട്ടിച്ചമച്ചതാണോ, എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ നടത്തിയിട്ടുണ്ടോ എന്നൊക്കെയാണ്.

ഇത് ജെനുവിന്‍ ആണ്. ഞാന്‍ എടുത്ത അഭിമുഖമാണ്. ചോദിച്ചതു പോലെ യാതൊരുവിധ മാറ്റങ്ങളും വരുത്തിയിട്ടില്ല. പിന്നെ ഏത് അഭിമുഖവും എഡിറ്റ് ചെയ്യപ്പെടും, ആ എഡിറ്റിംഗ് നടത്തിയിട്ടുണ്ട് എന്നല്ലാതെ ഞങ്ങള്‍ സംപ്രേഷണം ചെയ്ത അഭിമുഖം ഏതെങ്കിലും തരത്തില്‍ കെട്ടിച്ചമച്ചതല്ല എന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു.

കോടതി എന്നോട് ചോദിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി പറഞ്ഞിട്ടുണ്ട്. അതില്‍ പ്രോസിക്യൂട്ടറും സന്തോഷവാനായിരുന്നു. അങ്ങനെ പറയാന്‍ കാരണം, ഞാന്‍ മൊഴി കൊടുത്തതിന് ശേഷം പ്രോസിക്യൂഷന്റെ ഒപ്പം നില്‍ക്കുന്ന ഒരു വ്യക്തി എന്നെ വിളിക്കുകയും പ്രോസിക്യൂട്ടര്‍ സന്തോഷം രേഖപ്പെടുത്തിയതായി പറയുകയും ചെയ്തിരുന്നു.

<div class="paragraphs"><p>Abhilash Mohanan</p></div>
കൃത്യമായി തെളിവുകളുള്ള കേസില്‍ ഇങ്ങനൊരു വിധി അത്ഭുതപ്പെടുത്തി: എസ്. ഹരിശങ്കറിന്റെ പ്രതികരണം പൂര്‍ണരൂപം

റിപ്പോര്‍ട്ടര്‍ ടിവിക്ക് വേണ്ടി അഭിലാഷ് മോഹനന്‍ 2018 സെപ്തംബറില്‍ നടത്തിയ അഭിമുഖം

ഒരു വിഷയം വരുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എങ്ങനെയാണോ ഒരു അഭിമുഖം എടുക്കുന്നത് അതുപോലെയാണ് ഞാന്‍ എടുത്തതും സംപ്രേഷണം ചെയ്തതും. അതിനപ്പുറത്ത് ഇത് ഒരു നിര്‍ണായകമായ തെളിവായി എന്ന് മാറിയത് എങ്ങനെയാണ് എന്നത് എനിക്ക് അറിയില്ല. ഈ കേസിലെ പരാതിക്കാരിയെ ഞാന്‍ കണ്ടിട്ട് കൂടിയില്ല. ഇതില്‍ സാക്ഷിയാണ് അനുപമ. അവരുടെ അഭിമുഖവും പ്രതികരണവുമൊക്കെ ഏഷ്യാനെറ്റ് അടക്കമുള്ള മറ്റു മാധ്യമങ്ങളും എടുത്തിട്ടുണ്ടായിരുന്നു. അപ്പോള്‍ ഈ അഭിമുഖത്തെ അവര്‍ ഒരു ടൂള്‍ ആക്കുകയായിരുന്നു എന്ന് തോന്നുന്നു. അത് കൂടുതല്‍ വ്യക്തത വരേണ്ട കാര്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in