‘ബിജെപി സര്‍ക്കാരിനുവേണ്ടി നിയോഗിച്ചത്’; നാനാവതി കമ്മീഷന്‍ എങ്ങനെയാണ് പക്ഷം പിടിക്കാതിരിക്കുകയെന്ന് ശ്വേത സഞ്ജീവ് ഭട്ട് 

‘ബിജെപി സര്‍ക്കാരിനുവേണ്ടി നിയോഗിച്ചത്’; നാനാവതി കമ്മീഷന്‍ എങ്ങനെയാണ് പക്ഷം പിടിക്കാതിരിക്കുകയെന്ന് ശ്വേത സഞ്ജീവ് ഭട്ട് 

Q

ഗുജറാത്ത് കലാപക്കേസ് അന്വേഷിച്ച നാനാവതി കമ്മീഷന്‍,നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണല്ലോ, ഈ സംഭവത്തെ എങ്ങനെ കാണുന്നു ?

A

അതേക്കുറിച്ച് പറയുന്നതില്‍ എനിക്ക് പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ കമ്മീഷന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. പ്രത്യേകിച്ച് സഞ്ജീവിന്റെ അഭാവത്തില്‍. ഒരു ഓഫീസറുടെ ഭാര്യയെന്ന നിലയില്‍ അത് സാധ്യമല്ല. സഞ്ജീവ് ജയിലില്‍ അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് വ്യക്തതയോടെ കാര്യങ്ങള്‍ പറയാനാകുമായിരുന്നു. എന്നാല്‍ ഒന്നു രണ്ട് കാര്യങ്ങള്‍ പറയാം. തനിക്ക് പറയാനുള്ളതെല്ലാം സഞ്ജീവ് നാനാവതി കമ്മീഷനെ ബോധിപ്പിച്ചിട്ടുണ്ട്. ധൈര്യപൂര്‍വം എല്ലാ കാര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാമതായി, കലാപത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചില കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുള്ളതായി മാധ്യമങ്ങളില്‍ കാണുന്നു. കമ്മീഷന്‍ അത്തരത്തില്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. എന്നാല്‍ വേറൊന്നുണ്ട്. നാനാവതി കമ്മീഷന് എങ്ങനെ ബിജെപി സര്‍ക്കാരിന്റെ പക്ഷം പിടിക്കാതിരിക്കാനാകും. സര്‍ക്കാരാണ് കമ്മീഷനെ നിയോഗിച്ചതും സ്‌പോണ്‍സര്‍ ചെയ്തതും സാമ്പത്തിക ചെലവുകള്‍ മുഴുവന്‍ വഹിച്ചതും.സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് കമ്മീഷനെ ചുമതലപ്പെടുത്തിയതും. അപ്പോള്‍ പക്ഷം പിടിക്കാത്ത റിപ്പോര്‍ട്ട് പ്രതീക്ഷിക്കാനാകില്ലെന്ന് ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടില്‍ ചിന്തിച്ചാല്‍ തന്നെ വ്യക്തമാണ്. ഉദാഹരണത്തിന് നിങ്ങള്‍ ഒരു സംവിധാനത്തിന്റെ ഭാഗമാണ്. ആ സംവിധാനത്തില്‍ ഒരു പ്രശ്‌നമുണ്ടാകുന്നു. അവിടുത്തെ മേധാവിക്ക് പ്രശ്‌നത്തില്‍ പങ്കുണ്ടെന്നും കരുതുക. എന്നാല്‍ അതേക്കുറിച്ച അന്വേഷിക്കാന്‍ അദ്ദേഹം തന്നെ ഒരു കമ്മീഷനെ നിയമിക്കുകയാണ്. ആ കമ്മീഷന്‍ റിപ്പോര്‍ട്ട് കൊടുക്കുന്നു. അപ്പോള്‍ എന്താണ് സംഭവിക്കുക. അതുതന്നെയാണ് ഇവിടെയുമുണ്ടായത്.

‘ബിജെപി സര്‍ക്കാരിനുവേണ്ടി നിയോഗിച്ചത്’; നാനാവതി കമ്മീഷന്‍ എങ്ങനെയാണ് പക്ഷം പിടിക്കാതിരിക്കുകയെന്ന് ശ്വേത സഞ്ജീവ് ഭട്ട് 
ശ്വേത ഭട്ട് അഭിമുഖം: ‘രാജ്യത്തെ ജനങ്ങള്‍ക്കെതിരെയുള്ള ശിക്ഷാവിധി, സഞ്ജീവിന്റെ മോചനത്തിനായി ഏതറ്റം വരെയും പോകും’ 
Q

സഞ്ജീവ് ഭട്ടിന്റെ വാദങ്ങള്‍ കള്ളമാണെന്ന് നാനാവതി കമ്മീഷന്‍ പറയുന്നു. എന്തുകൊണ്ടായിരിക്കും ഇത്തരത്തില്‍ നീരീക്ഷണങ്ങളുണ്ടാകുന്നത് ?

A

കള്ളം പറയുന്ന ആളോ, കാര്യങ്ങള്‍ മറന്നുപോയെന്ന് പറയുന്ന ആളോ ആയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നില്ല.എന്റെ ഭര്‍ത്താവ് കള്ളം പറയുന്നയാളല്ല. കള്ളം പറയുക ഭീരുക്കളാണ്. സഞ്ജീവ് ധൈര്യവാനായ ഉദ്യോഗസ്ഥനാണെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹം വളരെ സത്യസന്ധനായ പൊലീസ് ഓഫീസറാണ്. എന്തൊക്കെയാണോ കമ്മീഷന് മുന്‍പാകെ അവതരിപ്പിക്കേണ്ടിയിരുന്നത്, അദ്ദേഹം അതെല്ലാം സമഗ്രമായി ധൈര്യപൂര്‍വം നിര്‍വഹിച്ചിട്ടുണ്ട്.

Q

ഗോധ്ര സംഭവം ആസൂത്രിതമായിരുന്നില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു ?

A

അതേക്കുറിച്ച് എനിക്ക് പറയാനാവില്ല. സഞ്ജീവിനാണ് അക്കാര്യങ്ങള്‍ വിശദമാക്കാനാവുക. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ അടുത്ത് ഇല്ലല്ലോ.

Q

മുസ്ലിം വിഭാഗത്തെ രണ്ടാം തരം പൗരന്‍മാരായി മുദ്രകുത്തുന്ന പൗരത്വഭേദഗതി ബില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണല്ലോ, കേന്ദ്രസര്‍ക്കാര്‍ നടപടിയെ എങ്ങനെ വിലയിരുത്തുന്നു ?

A

രാജ്യത്ത് എല്ലാവരും തുല്യതയോടെ പരിഗണിക്കപ്പെടണമെന്നാണ് ഇന്ത്യയിലെ ഒരു പൗര എന്ന നിലയില്‍, ആഗ്രഹിക്കുന്നത്. മതം,ജാതി, വര്‍ണം, വര്‍ഗം എന്നിവയ്‌ക്കെല്ലാമുപരിയായി ഏവര്‍ക്കും തുല്യ പ്രാതിനിധ്യം ലഭ്യമാകണം. എങ്കിലേ യഥാര്‍ത്ഥത്തില്‍ ജനാധിപത്യം എന്നത് അര്‍ത്ഥവത്താകൂ. എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങളുണ്ടാണം.

Q

മുസ്ലിങ്ങള്‍ ഒഴികെയുള്ളവരെ സ്വീകരിക്കാം എന്ന നിലപാട് ശക്തമായി എതിര്‍ക്കപ്പെടേണ്ടതല്ലേ ?

A

വളരെ ദുഖകരമായ കാര്യമാണത്. ഈ രാജ്യത്ത് ജീവിക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്‍ എന്നതാണ് നമ്മുടെ ഐഡന്റിറ്റി. തുല്യത ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അവര്‍ അത് തീര്‍ച്ചയായും നിര്‍വഹിക്കേണ്ടതാണ്.

‘ബിജെപി സര്‍ക്കാരിനുവേണ്ടി നിയോഗിച്ചത്’; നാനാവതി കമ്മീഷന്‍ എങ്ങനെയാണ് പക്ഷം പിടിക്കാതിരിക്കുകയെന്ന് ശ്വേത സഞ്ജീവ് ഭട്ട് 
എന്താണ് പൗരത്വ ഭേദഗതി ബില്‍? എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?
Q

രാജ്യത്ത് തുടരെത്തുടരെ ഭരണഘടനാ വിരുദ്ധമായ നടപടികള്‍ ഉണ്ടാവുകയാണ് ? അത്തരം നടപടികളെ മതിയായ രീതിയില്‍ ചോദ്യം ചെയ്യുന്ന ശക്തമായ പ്രതിഷേധങ്ങള്‍ സാധ്യമാകുന്നില്ലെന്ന ആശങ്കയുണ്ടോ ?

A

രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നില്ല. മാധ്യമങ്ങള്‍ ചെയ്യേണ്ടത് ചെയ്യുന്നുമില്ല. ഇവിടെ എന്താണ് നടക്കുന്നതെന്ന് വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് ജനം അറിയേണ്ടത്. അപ്പോഴാണ് യഥാര്‍ത്ഥ ചിത്രം ലഭിക്കുക. എന്നാല്‍ എല്ലാം ബ്ലര്‍ ചെയ്താണ് കാണിക്കുന്നതെങ്കില്‍ ഇവിടെയെല്ലാം ശരിയായ രീതിയിലാണ് നടക്കുകയെന്ന സന്ദേശമാണ് സാധാരണക്കാരിലേക്കെത്തുക.31 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ 69 ശതമാനം എതിര്‍പക്ഷത്തുണ്ട്. അവര്‍ ഒന്നിച്ചുനില്‍ക്കുകയും സര്‍ക്കാരിനെതിരെ ശക്തമായി പൊരാടുകയും വേണം. നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളില്‍ ഇടപെടും. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് മാറിനില്‍ക്കാനാകില്ല. അത്തരത്തില്‍ അനീതികള്‍ക്കെതിരെ ശബ്ദിച്ചയാളാണ് സഞ്ജീവ്. ഒരു ഓഫീസര്‍ അയാളുടെ സര്‍വീസും ജീവിതവും കുടുംബവുമെല്ലാം ത്യാഗപ്പെടുത്തുകയായിരുന്നു. 15 മാസവും 6 ദിവസവുമായി അദ്ദേഹം ജയിലിലാണ്. കെട്ടിച്ചമയ്ക്കപ്പെട്ട കേസിലാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചത്. 30 വര്‍ഷം പഴക്കമുള്ളതാണ് കേസ്, അദ്ദേഹത്തിനെതിരെ യാതൊരു തെളിവുമില്ല. അദ്ദേഹത്തിന്റെ അധികാര പരിധിയിലെ സംഭവമല്ല. അങ്ങനെയൊരാളെ സഞ്ജീവ് അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ കസ്റ്റഡിയില്‍ വെയ്ക്കുകയോ ചെയ്തിട്ടില്ല. ഒരു കസ്റ്റഡി മരണ കേസിന് ആധാരമായി ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടോ പൊലീസ് റിപ്പോര്‍ട്ടോ മജിസ്‌ട്രേട്ട് റിപ്പോര്‍ട്ടോ ഇല്ല. ധൃതിപിടിച്ചുള്ളതായിരുന്നു വിചാരണ. തെറ്റായ വഴിയിലൂടെയാണ് കേസ് നടത്തിയത്.സാക്ഷികളെ ഹാജരാക്കാന്‍ പോലും ഞങ്ങളെ അനുവദിച്ചില്ല. എന്തെല്ലാമാണ് നടന്നത് ?

Q

രാജ്യത്ത് ഭയാന്തരീക്ഷം വര്‍ധിക്കുന്നതിലെ ആശങ്ക എത്രത്തോളമാണ് ?

A

നമ്മള്‍ ഭയത്തിന്റെ അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. ഇപ്പോള്‍ ഈ ഫോണ്‍ സംസാരം തന്നെ ടാപ്പ് ചെയ്യപ്പെടുന്നുണ്ടാകാം. എന്ത് കഴിക്കണം. എന്ത് ധരിക്കണം. എവിടെ പോകണം പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ എവിടെയെല്ലാം പോകരുത്. അത്തരത്തില്‍ ഭയപ്പെടുത്തി പലതരത്തില്‍ നമുക്കുമേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ല. ഇന്ത്യയുടെ ഭാവിമുന്നില്‍കണ്ടുള്ള പരിപാടികള്‍ സര്‍ക്കാരിനില്ല. നമ്മുടെ നല്ല വിദ്യാഭ്യാസ കേന്ദ്രങ്ങള്‍പോലും കൈവിട്ടുപോകുന്നു. ജെഎന്‍യുവില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. പൊലീസുകാര്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നത്. എന്താണ് ഇതെല്ലാം കാണിക്കുന്നത്.

നമ്മള്‍ ശരിക്കും ജീവിക്കുകയല്ല. അതിജീവിക്കുകയാണ്. അങ്ങനെയല്ലല്ലോ വേണ്ടത്. അത് സാധ്യമാകാത്ത തരത്തിലാണ് കാര്യങ്ങള്‍.
Q

ഹൈദരാബാദില്‍ യുവഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നേരെ വെടിവെച്ചതെന്നാണ് പൊലീസും സര്‍ക്കാരും പറയുന്നത്. ഈ സംഭവത്തെ എങ്ങിനെയാണ് നോക്കി കാണുന്നത് ?

A

ഏറ്റുമുട്ടല്‍ കൊലയെ ഒരുതരത്തിലും അംഗീകരിക്കാനാകില്ല. കോടതിയാണ് നീതി നല്‍കാന്‍ ബാധ്യതപ്പെട്ട ആത്യന്തിക സംവിധാനം. ഒരു ഉദ്യോഗസ്ഥന്റെ കാഴ്ചപ്പാടില്‍ നിന്ന് മാത്രം ഒരു കുറ്റകൃത്യത്തെ കാണാനാവില്ല. അയാളുടെ ശരിയായിരിക്കില്ല വേറൊരാളുടെ ശരി. അതായിരിക്കണമെന്നില്ല നിയമത്തിന് മുന്നിലെ ശരി. ഒരു കേസില്‍ കോടതിയാണ് ശരിയായ വിചാരണാ നടപടികളിലൂടെ അന്തിമമായി തീര്‍പ്പുകല്‍പ്പിക്കേണ്ടത്.

Q

പെണ്‍കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കുകയും കൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നാള്‍ക്കുനാള്‍ ഏറിവരികയാണ്. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ തടയുന്നതില്‍ നമ്മുടെ ഭരണസംവിധാനങ്ങള്‍ തുടരെ പരാജയപ്പെടുന്നത് ?

A

ധൈര്യം കാണിക്കേണ്ടയിടത്ത് പൊലീസ് അത് ചെയ്യുന്നില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതിലൂടെ വ്യക്തമാകുന്നത്. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളില്‍ അവര്‍ സംരക്ഷിക്കപ്പെടുന്നു. എന്താണ് രാജ്യത്ത് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇരകള്‍ വേട്ടയാടപ്പെടുന്നു. അവരുടെ കുടുംബത്തിന് നേര്‍ക്ക് നിരന്തരം ഉപദ്രവങ്ങളുണ്ടാകുന്നു. ഞങ്ങളുടെ കാര്യം തന്നെ നോക്കൂ. സഞ്ജീവിന്റെ നീതിക്കായി നിയമപോരാട്ടം തുടരുമ്പോള്‍ അവര്‍ കുടുംബത്തെ വേട്ടയാടുകയാണ്. 15 മാസമായി ഞങ്ങള്‍ പോരാടുകയാണ്. എന്നാല്‍ ഞങ്ങളെ അധിക്ഷേപിക്കുന്നതും ഉപദ്രവിക്കുന്നതും തുടരുകയാണ്. എന്റെ സുരക്ഷ എടുത്തുകളഞ്ഞു. വീട് തകര്‍ത്തു. ഭര്‍ത്താവിനെ കാണാന്‍ അനുവാദം നിഷേധിക്കുന്നു. ജാമ്യം നിഷേധിക്കുന്നു. ഇങ്ങനെയാണ് നടക്കുന്നതെങ്കില്‍ ഒരു വിഷയത്തില്‍ ധൈര്യമായി നിലപാടെടുക്കാന്‍ നാളെ ഒരു ഉദ്യോഗസ്ഥന്‍ തയ്യാറാകുമോ ?

Q

നേരില്‍ കാണുമ്പോള്‍ സഞ്ജീവ് എന്താണ് പറയാറുള്ളത്, അദ്ദേഹത്തിന്റെ മാനസികാവസ്ഥ എങ്ങിനെയാണ് ?

A

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ മാത്രമാണ് എനിക്ക് സഞ്ജീവിനെ കാണാന്‍ സാധിക്കാറ്. അല്ലാതെ സന്ദര്‍ശനാനുമതി ലഭിക്കാറില്ല. കാണുമ്പോള്‍ തുടര്‍ നിയമനടപടികള്‍ ചര്‍ച്ചചെയ്യാറുണ്ട്. അദ്ദേഹം ധീരനായ പൊലീസ് ഓഫീസറാണ്. പിന്നെ ഈ ഡിസംബര്‍ 21 ന് അദ്ദേഹത്തിന്റെ പിറന്നാളാണ്.

‘ബിജെപി സര്‍ക്കാരിനുവേണ്ടി നിയോഗിച്ചത്’; നാനാവതി കമ്മീഷന്‍ എങ്ങനെയാണ് പക്ഷം പിടിക്കാതിരിക്കുകയെന്ന് ശ്വേത സഞ്ജീവ് ഭട്ട് 
സഞ്ജീവ് ചെയ്ത കുറ്റം, ഗുജറാത്ത് വംശഹത്യാ ഇരകളുടെ നീതിക്കായി പോരാടിയത്; ആഞ്ഞടിച്ച് ശ്വേത ഭട്ട് 
Q

അന്ന് അദ്ദേഹത്തെ കാണാന്‍ കഴിയുമോ, അതിന് ശ്രമം നടത്തുന്നുണ്ടോ ?

A

അങ്ങനെ സാധിക്കുമെന്ന് തോന്നുന്നില്ല. അന്ന് കോടതിയില്‍ ഹാജരാക്കുന്നുണ്ടെങ്കിലല്ലേ കാണാന്‍ കഴിയൂ. അല്ലാതെ എനിക്ക് സന്ദര്‍ശിക്കാന്‍ അനുമതി കിട്ടാറില്ല. സാഹചര്യങ്ങള്‍ പ്രതികൂലമാണല്ലോ. അതിനിടിയില്‍ കാണാന്‍ കഴിയുകയെന്നത് വലിയ ബുദ്ധിമുട്ടാണ്.

കഴിഞ്ഞ തവണയും ജന്‍മദിനത്തിന് അദ്ദേഹം ഒപ്പമുണ്ടായില്ല. 2018 സെപ്റ്റംബര്‍ 28 നാണ് അറസ്റ്റ് ചെയ്യുന്നത്. 35 വര്‍ഷം രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ് നീതികേടുകള്‍ക്കെതിരെ നിലകൊണ്ടതിന് ഇത്തരമൊരു ദുരനുഭവമെന്ന് ഓര്‍ക്കണം.

പിന്നെ കേരളസമൂഹം വലിയ പിന്‍തുണയാണ് എനിക്ക് തന്നത്. അവിടുത്തെ മാധ്യമങ്ങളും ഒപ്പമുണ്ടെന്നതില്‍ സന്തോഷമുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in