'30 വർഷങ്ങൾക്ക് ശേഷവും മണിച്ചിത്രത്താഴിനെ ആഘോഷിച്ച് പ്രേക്ഷകർ' ; കേരളീയം ചലച്ചിത്രമേളയിൽ അധിക ഷോകൾ ഏർപ്പെടുത്തി ചലച്ചിത്ര അക്കാദമി

'30 വർഷങ്ങൾക്ക് ശേഷവും മണിച്ചിത്രത്താഴിനെ ആഘോഷിച്ച് പ്രേക്ഷകർ' ; കേരളീയം ചലച്ചിത്രമേളയിൽ അധിക ഷോകൾ ഏർപ്പെടുത്തി ചലച്ചിത്ര അക്കാദമി

റിലീസ് ചെയ്ത് 30 വർഷങ്ങൾക്ക് ശേഷവും തിയറ്ററിൽ ആളെ നിറച്ച് മണിച്ചിത്രത്താഴ്. തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ കേരളീയം 2023-നോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി സം​ഘടിപ്പിച്ച ചലച്ചിത്രമേളയിൽ കഴിഞ്ഞദിവസം പ്രദർശിപ്പിച്ച മണിച്ചിത്രത്താഴിന് വലിയ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. മലയാള ക്ലാസിക് ചിത്രങ്ങളുടെ പ്രദർശനത്തിന്റെ ഭാ​ഗമായി ആയിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. കൈരളി തിയേറ്ററിൽ വൈകീട്ട് ഏഴരയുടെ പ്രദർശനം കാണാൻ മണിക്കൂറുകൾക്ക് മുന്നേതന്നെ തിരക്ക് ആരംഭിച്ചിരുന്നു. തിരക്ക് വർധിച്ചതോടെ രണ്ട് അധിക ഷോകളും ചിത്രത്തിനായി ഏർപ്പെടുത്തി.

30 വര്‍ഷം മുന്‍പുള്ള സിനിമ വലിയ സ്ക്രീനില്‍ കണ്ട് ആസ്വദിക്കുന്നതിനുവേണ്ടി എത്തിയ ആള്‍ക്കൂട്ടം സിനിമ എന്ന മാധ്യമത്തോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തെയാണ് കാണിക്കുന്നതെന്നും കേരളീയം പരിപാടി ജനങ്ങള്‍ ഏറ്റെടുത്തതിന്‍റെ സൂചന കൂടിയാണിതെന്നും മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു. മേളയുടെ മൂന്നാം ദിവസമായ ഇന്നലെ വൈകിട്ട് 7.30ന് പ്രദര്‍ശിപ്പിച്ച മണിച്ചിത്രത്താഴിന് മൂന്ന് മണി മുതല്‍ ക്യൂ രൂപപ്പെട്ടുതുടങ്ങിയിരുന്നു. 443 സീറ്റുള്ള കൈരളി നിറഞ്ഞതോടെ അരമണിക്കൂര്‍ നേരത്തെ പ്രദര്‍ശനം തുടങ്ങി. നിരവധിപേര്‍ നിലത്തിരുന്നാണ് സിനിമ കണ്ടത്. ഇതേസമയം പുറത്ത് ആയിരത്തിലധികംപേര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തീയേറ്റര്‍ കോമ്പൗണ്ടില്‍ അറുന്നൂറോളം പേര്‍ ക്യൂ നില്‍ക്കുന്നുമുണ്ടായിരുന്നു. ഗേറ്റിനുപുറത്ത് മഴ വകവെക്കാതെ ആയിരത്തോളംപേര്‍ അക്ഷമരായി കാത്തുനിന്നു. ഈ സാഹചര്യത്തില്‍ പരമാവധിപേരെ സിനിമ കാണിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൂന്ന് അധിക പ്രദര്‍ശനങ്ങള്‍ കൂടി നടത്താന്‍ ചലച്ചിത്ര അക്കാദമിയോട് നിര്‍ദേശിക്കുകയായിരുന്നു.

തിരക്കിനെത്തുടർന്ന് 9 മണിക്ക് നിളയിലും 9.30ന് ശ്രീയിലും തുടര്‍ന്ന് കൈരളിയിലുമായി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. അങ്ങനെ ഒരു സിനിമയുടെ നാല് പ്രദര്‍ശനങ്ങള്‍ ഒരു ദിവസം നടന്ന ചലച്ചിത്രോത്സവമായി കേരളീയം മാറി. ഫാസിലിന്റെ സംവിധാനത്തിൽ 1993ൽ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് മലയാളത്തിലെ ലക്ഷണമൊത്ത സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായാണ് വിലയിരുത്തപ്പെടുന്നത്. നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി അരങ്ങേറുന്ന വിപുലമായ പരിപാടികളാണ് കേരളീയം 2023. കേരളീയത്തിനോട് അനുബന്ധിച്ചു നടത്തുന്ന ഫിലിം ഫെസ്റ്റിവലിൽ 100 മലയാള സിനിമകൾ പ്രദർശിപ്പിയ്ക്കും. പ്രേക്ഷക പ്രീതി നേടിയ പഴയ സിനിമകൾ തീയറ്ററിൽ കാണാനുള്ള അവസരമാണ് ഇതുവഴി സിനിമ പ്രേമികൾക്ക് ലഭിക്കുന്നത്. എലിപ്പത്തായം, മെെ ഡിയർ കുട്ടിച്ചാത്തൻ, ചെമ്മിൻ, ​ഗോഡ്ഫാദർ, ഒരു വടക്കൻ വീര​ഗാഥ, കുമ്മാട്ടി, മണിച്ചിത്രത്താഴ് തുടങ്ങി നിരവധി ചിത്രങ്ങളാണ് നവംബർ 1 മുതൽ 7 വരെ മേളയിൽ പ്രദർശിപ്പിക്കുക. നടൻ മമ്മൂട്ടി, മോഹൻലാൽ, കമൽ‌ഹാസൻ തുടങ്ങി നിരവധിപ്പേർ മേളയ്ക്ക് ആശംസകൾ നേർന്നു.

Related Stories

No stories found.
logo
The Cue
www.thecue.in