

അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിന് ശേഷം കേരളത്തില്‍ മറ്റൊരു ആള്‍ക്കൂട്ട കൊലപാതകം കൂടി നടന്നിരിക്കുന്നു. വാളയാറില്‍ കൊല ചെയ്യപ്പെട്ടത് ഛത്തീസ്ഗഡ്, ബിലാസ്പൂര്‍ സ്വദേശി രാമനാരായണ്‍ ഭയ്യാര്‍. വാളയാര്‍ അട്ടപ്പള്ളത്ത് ജോലി തേടി എത്തിയ 31കാരനായ ഭയ്യാറിനെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചോരയൊലിപ്പിച്ച് നാല് മണിക്കൂറോളം തെരുവില്‍ കിടന്ന ഭയ്യാറിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും നേരിട്ട ശേഷമാണ് ആ യുവാവ് മരിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവിച്ചതെന്ത്?
വാളയാര്‍ അട്ടപ്പള്ളത്ത് ബുധനാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. മദ്യലഹരിയില്‍ ആയിരുന്ന രാമനാരായണ്‍ ഭയ്യാറിനെ മോഷ്ടാവാണെന്ന് ആരോപിച്ച് നാട്ടുകാരുടെ സംഘം വളഞ്ഞുവെച്ചു. ചോദ്യം ചെയ്യല്‍ മര്‍ദ്ദനമായി മാറി. ബംഗ്ലാദേശിയല്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. അടിയേറ്റ് അവശനിലയിലായ യുവാവിനോട് ബംഗ്ലാദേശില്‍ ആരെങ്കിലും ഉണ്ടോ എന്ന് അക്രമികള്‍ ചോദിക്കുന്നുണ്ട്. തന്റെ ഒരു സഹോദരി അവിടെയുണ്ടെന്ന് യുവാവ് മറുപടി പറയുന്നു. നീ ബംഗ്ലാദേശിയാണോ എന്ന് ആള്‍ക്കൂട്ടം അയാളോട് ചോദിച്ചു. വളരെ നിര്‍ജ്ജീവമായി അതേ എന്ന് അയാള്‍ മറുപടി പറയുമ്പോള്‍ ആള്‍ക്കൂട്ടം വീണ്ടും അടിക്കാന്‍ ആരംഭിച്ചു. മര്‍ദ്ദനത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോഷ്ടാവെന്ന് ആരോപിച്ച് തടഞ്ഞുവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. യുവാവിന്റെ കയ്യില്‍ മോഷണവസ്തുക്കള്‍ ഒന്നും ഇല്ലാതിരുന്നിട്ടും നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് കസ്റ്റഡിയില്‍ എടുത്ത പത്ത് പേരില്‍ അഞ്ചു പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
യുവാവ് ഒരു മാസമായി പ്രദേശത്ത് തന്നെയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ ഒരാഴ്ച മുന്‍പാണ് എത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മുഖത്തും ശരീരത്തിലും വടികൊണ്ട് അടിച്ചത് അടക്കമുള്ള പാടുകളുണ്ട്. സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതിന്റെ അടയാളങ്ങളാണ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയത്.ഇയാളുടെ മരണ കാരണം എന്താണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളു.
കേരളത്തില്‍ ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആള്‍ക്കൂട്ടക്കൊല അട്ടപ്പാടി സ്വദേശി മധുവിന്റേതാണ്. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദ്ദനത്തിനും ഇരയായി മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. കടയില്‍ നിന്ന് അരിയും ഭക്ഷ്യവസ്തുക്കളും മോഷ്ടിച്ചെന്നായിരുന്നു ആരോപണം. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധു ചിണ്ടക്കിയൂരില്‍ നിന്നും മാറി വനത്തിനുള്ളിലെ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്. അവിടെയെത്തിയ ആള്‍ക്കൂട്ടം ഉടുമുണ്ട് ഊരി കൈകള്‍ ചേര്‍ത്തുകെട്ടി മുക്കാലിയില്‍ എത്തിക്കുകയായിരുന്നു. ഗുഹയില്‍ മധു ഉപയോഗിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ചാക്കും തലയിലേറ്റിച്ചിരുന്നു. മുക്കാലിയിലെത്തി മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി. പോലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ഛര്‍ദിച്ചു. ഇതോടെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മധു മരിച്ചിരുന്നു.
കൊല്ലപ്പെട്ട് തൊണ്ണൂറാം ദിവസമായിരുന്നു കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. പതിനാറ് പ്രതികളാണ് കേസിലുള്ളത്. മധുവിന്റെ ശരീരത്തിലുണ്ടായിരുന്ന 15 മുറിവുകള്‍ മരണത്തിന് കാരണമായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 11,640 പേജുകളുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. എട്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിസിടിവി ക്യാമറകള്‍, അഞ്ച് വാഹനങ്ങള്‍, 165 പേരുടെ മൊഴികള്‍ എന്നിവയാണ് കുറ്റപത്രത്തില്‍ തെളിവുകളായി സമര്‍പ്പിച്ചിരുന്നത്.
മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരിയില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീവ്, മണ്ണമ്പറ്റയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ദീഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. കൊലപാതകക്കുറ്റവും പട്ടിക വര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.